ഭാഗം: 64
68. നാമമാഹാത്മ്യം തുടർച്ച
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
പത്മപുരാണത്തിൽ രാമനാമമഹിമയെ പറ്റി ഒരു പ്രതിപാദ്യമുണ്ട്. ഒരിക്കൽ ശ്രീഗണപതി കുട്ടിത്തം കാട്ടി നടക്കുന്ന കാലം ചില വിഢിത്തങ്ങളും കാട്ടിയിരുന്നു. ഐശ്വര്യമത്തനായി ചിലപ്പോൾ ഗണേശൻ ഋഷിമുനിമാരുടെ ആശ്രമത്തിൽ കയറി അവരുടെ കർമ്മാദികൾക്ക് വിഘ്നം വരുത്തുകയും അവരെ ദുഃഖിപ്പിക്കുകയും ചെയ്തിരുന്നു . അതായത് ആശ്രമങ്ങളെ നശിപ്പിക്കുക, യജ്ഞങ്ങൾ മുടക്കുക , ആരാധനയ്ക്ക് തടസ്സം നില്ക്കുക തുടങ്ങി പല കാര്യങ്ങൾ ചെയ്ത് അവരെ കഷ്ടത്തിലാഴ്ത്തിയിരുന്നു. പല വിധക്ലേശങ്ങൾ സഹിച്ചു കൊണ്ട് അവർ ഗണേശനെ അതിൽ നിന്നും പിൻതിരിപ്പി ക്കാൻ ശ്രമിച്ചു വരവേ അതു കൂടുകയല്ലാതെ കുറഞ്ഞില്ല. അവർ ആകെ കുഴങ്ങി. ഒടുവിൽ അവർ ഭഗവാൻ ശിവശങ്കരനെ അഭയം പ്രാപിച്ചുസങ്കടമുണർത്തിച്ചു. അവിടുത്തെ പുത്രന്റെ വികൃതികൾ കൂടുന്നു. ഞങ്ങൾക്ക് അതു തടയാൻ കഴിയുന്നില്ല. അങ്ങു തന്നെ ഉപദേശിച്ചു അടക്കിനിർത്തണം. ഒട്ടും ഉപേക്ഷ വിചാരിക്കരുത്. ഇതുകേട്ട ശിവശങ്കരന് വളരെ വ്യസനമുണ്ടായി. തന്റെ മകൻ ഇങ്ങനെയായാൽ അവനെ പറ്റി ലോകം എന്തു പറയും? അതു തനിക്കും കൂടി മോശമല്ലേ ? എന്നു വിചാരിച്ച് ഉണ്ണിയെ വിളിച്ച് പറഞ്ഞു, ഉണ്ണീ! ഋഷീശ്വരൻമാരെ ഉപദ്രവിക്കുന്നതും കഷ്ടത്തിലാഴ്ത്തുന്നതും ഉണ്ണിക്കു ഭൂഷണമല്ല . അവർ ആദരണീയരാണ്. അവരെ നമ്മളും വന്ദിക്കേണ്ടവരാണ്. അവരെ നാം സഹായിക്കുകയേ പാടുള്ളൂ. ഈ ഉപദേശങ്ങളൊന്നും തന്നെ ഗണപതിയെ തടഞ്ഞു നിർത്താനായില്ല. ശിവൻ ദുഃഖിതനായി.അദ്ദേഹത്തിനു വ്യസനം അടക്കാനായില്ല. തന്റെ പുത്രന്റെ വികൃതിത്വം അന്യരെ കഷ്ടപ്പെടുത്തുന്നതായാൽ ഏതൊരു പിതാവിനാണ് വ്യസനമുണ്ടാകാതിരിക്കുക. എന്തു ചെയ്താണ് കുമാരനെ അടക്കിയിരുത്തുക എന്ന് തല പുകഞ്ഞാലാചിച്ചു. ഒരെത്തും പിടിയും കിട്ടിയില്ല. ഒടുവിൽ ഒരുപായം തോന്നി. രാമനെ അഭയം പ്രാപിക്കുക. എല്ലാവരേയും പാലിക്കുന്നവനല്ലേ? രാമനെ സ്തുതിച്ചു പ്രസാദിപ്പിച്ചു. രാമൻ പ്രത്യക്ഷനായി. വന്ദിച്ചു ചോദിച്ചു. അങ്ങ് എന്നെ സ്മരിച്ചുവോ ? എന്താണാവോ കാര്യം? അരുളി ചെയ്താൽ നന്നാ യിരുന്നു. ശിവൻ ഓർത്തു. എന്തൊരു വിനയം , എന്തൊരു ശോഭ, കാര്യഗൗരവം. ആരുണ്ട് ഇതുപോലൊരു ദേവൻ. ശിവൻ വിനയപൂർവ്വം രാമനെ വന്ദിച്ചു പറഞ്ഞു. പ്രഭോ! നമ്മുടെ ഗണേശന്റെ വികൃതി മുനിമാരെ പീഡിപ്പിക്കുന്നു. അവരെല്ലാം എന്റെടുക്കൽ പരാതി പറയുന്നു. ആരു വിചാരിച്ചിട്ടും അവനെ തടുക്കാനാകുന്നില്ല . അങ്ങു ദയവായി ഒരു പോംവഴി കണ്ടുപിടിക്കണം. അങ്ങേയ്ക്കല്ലാതെ ഗണേശനെ നിർത്താനാവില്ല. അതും ജനങ്ങളും ഋഷിമുനികളും ഗണേശനെ നിന്ദിക്കാതിരിക്കത്തക്ക വണ്ണമുള്ള എന്തെങ്കിലും പരിഹാരമാർഗ്ഗമു ണ്ടാക്കേണ്ടിയിരിക്കുന്നു.
രാമൻ പ്രസന്നനായി. ശിവന്റെ അഭ്യർത്ഥന മാനിച്ചു അരുളി ചെയ്തു. ഗണേശൻ നിത്യവും രാമനാമം ജപിക്കട്ടെ എല്ലാം മംഗളകരമാകും. ഒട്ടും വിഷാദം വേണ്ട അന്നു മുതൽ ഗണപതി രാമനാമം ജപിച്ചു തുടങ്ങി. ആ നാമമഹിമയാൽ ഗണേശ ന്റെ ബുദ്ധി തെളിഞ്ഞു . വികൃതികൾ മാറി. ബുദ്ധിമാനായി. സിദ്ധികൾ കൈവരിച്ചു. ഒടുവിൽ അഗ്രപൂജയ്ക്കർഹനായി ഭവിച്ചു.ഒരിക്കൽ പരമശിവൻ ആഹാരത്തിനിരുന്നു. അപ്പോൾ ദേവി പാർവ്വതിയെ കൂടി ക്ഷണിച്ചു. ദേവി പറഞ്ഞു ഞാൻ സഹസ്രനാമം ജപിക്കാൻ തുടങ്ങുകയാണ്. അതു കഴിഞ്ഞ് ആഹാരം കഴിക്കാം. ഇതുകേട്ട അദ്ദേഹം പറഞ്ഞു രാമനാമം ജപിച്ചു വന്നോളു. രാമനാമം സഹസ്രനാമത്തിനു തുല്യമാണ്. അതായത് രാമനാമജപം സഹസ്രനമാജപത്തിനു തുല്യമായ ഫലമുളവാക്കുന്നതാണ് . അതുകേട്ട ദേവി പാർവ്വതിപതിയുടെ വാക്കുമാനിച്ച് രാമനാമം ജപിച്ച് അമൃതേത്തു നിറവേറ്റി. ശിവൻ സന്തുഷ്ടനായി.
"രാമരാമേതി രാമേതി രമേ രാമേ മനോരമേ സഹസ്രനാമതത്തുല്യം രാമനാമ വരാനനേ എന്ന് സഹസ്രനാമസ്തോത്രത്തിലും പറയുന്നുണ്ട്.
പാർവ്വതിക്കും തന്റെ വാക്കിലും രാമനിലും ഉറച്ച വിശ്വാസം വന്നല്ലോ എന്നോർത്ത് ശിവൻ പ്രസന്നനായി. രാമനിൽ ദേവിക്കും ഉറച്ച ഭക്തി കണ്ട് സന്തുഷ്ടനായ ശിവൻ സ്വദേഹത്തിൽ പകുതി ഭാഗിച്ചു ദേവിക്കു നല്കി അർദ്ധനാരീശ്വരനായി വിരാജിച്ചു. കൂടാതെ രാമകഥ വിസ്തരിച്ചു പറഞ്ഞു കൊടുക്കുകയും ചെയ്തു.
തുടരും...
ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ
മഹാബലായ നാഗാധിപതയേ നമഃ
No comments:
Post a Comment