ഭാഗം: 19
28. രുരു പ്രമദ്വര
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഭൃഗു മഹർഷിക്ക് പത്നിയായ പൂലോമയിൽ ജനിച്ച പുത്രനാണ് ച്യവനമഹർഷി. അദ്ദേഹത്തിന്റെ (ച്യവന്റെ) സുതനായ പ്രമതിക്ക് ഘൃതാചി എന്ന അപ്സരസ്സിൽ ഒരു പുത്രനുണ്ടായി. അതാണ് രുരു. അദ്ദേഹം ഭക്തപ്രവരനും തപോനിധിയുമായി വളർന്നു . അക്കാലത്ത് ച്യവനഋഷിയുടെ വംശപരമ്പരയിൽ പെട്ട വിശ്വാസുവിന്റെ ബീജം കൊണ്ട് സുന്ദരികളിൽ സുന്ദരിയായ ദേനാരി മേനക ഒരു കന്യാരത്നത്തിനു ജൻമം നല്കി. ആ ശിശുവിനെ ഒരു മുനിയുടെ ആശ്രമസമീപത്ത് പൃഥിയിൽ ഉപേക്ഷിച്ച് മേനക പോയി. ആ തപോധനൻ ആ ശിശുവിനെ എടുത്തു വളർത്തി. അദ്ദേഹത്തിന്റെ നാമം സ്ഥൂലകേശൻ എന്നായിരുന്നു. അദ്ദേഹം ശ്രേഷ്ഠയായ ആ ശിശുവിന് പ്രമദ്വര എന്ന നാമമരുളി. ആ കുമാരി മഹാസുന്ദരിയും സൽസ്വഭാവിയുമായി വളർന്നു വന്നു. ഒരിക്കൽ രുരുമുനി ആ സുന്ദരിയെ കാണാൻ ഇടയായി . അദ്ദേഹത്തിന് പ്രഥമവീക്ഷണത്തിൽ തന്നെ അവളിൽ മനസ്സു ചെന്നു. അവളിൽ അനുരാഗവിവശനായ മുനി പിതാവിനെ വിവരമറിയിച്ചു. താതൻ പ്രമദ്വരയുടെ വളർത്തച്ഛനോടു കാര്യങ്ങൾ പറഞ്ഞു. അദ്ദേഹം അവളെ രുരുവിന് വിവാഹം കഴിച്ചു കൊടുക്കാൻ സമ്മതിച്ചു. താമസിയാതെ വിവാഹമുഹൂർത്തവും നിശ്ചയിച്ചു. എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ വിവാഹം അടുത്ത നാളിൽ അവൾ തോഴിമാരോടൊത്ത് കളിച്ചു നടന്നിരുന്ന സമയം ഒരു സർപ്പത്തെ അറിയാതെ ചവിട്ടുന്നതിന്നിടയായി. ആ സർപ്പം കാലശക്ത്യാൽ അവളെ കടിക്കുകയും അവൾ മരിക്കുകയും ചെയ്തു. ഇതറിഞ്ഞ രുരുവിന് ദുഃഖം സഹിക്കാനായില്ല. അദ്ദേഹം അതിനു പ്രതിവിധി അന്വേഷിച്ച് അവളെ ജീവിപ്പിക്കാൻ ശ്രമിക്കവേ ഒരു ദേവദൂതനെ കണ്ടുമുട്ടി . അദ്ദേഹം രുരുവിനോടു പറഞ്ഞു നിന്റെ ആയുസ്സിന്റെ പാതി അവൾക്ക് നല്കാൻ തയ്യാറാണെങ്കിൽ അവൾ ജീവിക്കും. നിനക്കും പകുതിയായുസ്സ് ഭാര്യയ്ക്കും പകുതിയായുസ്സ് ലഭിക്കും. അങ്ങനെ കുറച്ച് കാലമെങ്കിലും നിങ്ങൾക്ക് സുഖമായി ജീവിക്കാൻ സാധിക്കും.
ദേവദൂതൻ ധർമ്മരാജാവിനോടു സങ്കടമുണർത്തി. അദ്ദേഹം പറഞ്ഞു. രുരുവിന്റെ ഭാര്യയായ പ്രമദ്വര രുരുവിന്റെ അർദ്ധായുസ്സാൽ ജീവിക്കും. ധർമ്മരാജാവിന്റെ ഇച്ഛാനുസരണം പ്രമദ്വരജീവിക്കുകയും (പുനർജ്ജനിക്കയും) രുരു വിവാഹം കഴിക്കയും ചെയ്തു . എന്നാൽ പ്രമദ്വരയുടെ ജീവനപഹരിച്ച വിഷസർപ്പത്തോടും സർപ്പകുലത്തോടും അവർക്ക് കഠിനമായ കോപവും പകയുമുണ്ടായി. അവയെ കൊന്നൊടുക്കു മെന്ന വ്രതം സ്വീകരിച്ചു. അന്നു മുതൽ കണ്ണിൽ കാണുന്ന സർപ്പങ്ങളെയെല്ലാം തല്ലി കൊന്നു തുടങ്ങി.
അങ്ങനെയിരിക്കെ ഒരു ദിവസം രുരു ഒരു ചേരയെ ഹിംസിക്കാനൊരുങ്ങി. ആ ചേര ഒരു മഹർഷിയുടെ ശാപം നിമിത്തം ചേര രൂപം ധരിക്കേണ്ടിവന്ന ബ്രാഹ്മണനായിരുന്നു. ചേര ചോദിച്ചു. നിങ്ങൾ എന്തിനെന്നെ ഹിംസിക്കുന്നു. ഞാൻ നിങ്ങൾക്ക് ഒരു ദോഷവും ചെയ്യുന്നില്ല . ലാഭത്തിലും സുഖാനുഭവത്തിലും ഞങ്ങളും സർപ്പങ്ങളും (ചേരയും പാമ്പും) ഒരു പോലെയല്ല. എന്നാൽ നാശത്തിലും ദുഃഖത്തിലും രണ്ടു കൂട്ടരും ഒരു പോലെയാണ്. രുരു പറഞ്ഞു ഒരിക്കൽ എന്റെ പ്രാണപ്രിയയെ സർപ്പം കടിച്ചു. അന്നു മുതൽ അഹിവർഗ്ഗത്തോടു എനിക്കു ഇഷ്ടമില്ലന്നു തന്നെയല്ല അവയെ കൊല്ലുമെന്ന ദൃഢവ്രതവുമുണ്ട്.
ചേര പറഞ്ഞു ഞാൻ അത്തരം സർപ്പമല്ല. സർപ്പരൂപത്തിലുള്ള ഒരു ബ്രാഹ്മണനാണ്. എന്റെ പേർ സഹസ്രപാത്. ഞാൻ ബാല്യകാലത്ത് പുല്ലു കൊണ്ട് ഒരു സർപ്പരൂപമുണ്ടാക്കി കാണിച്ചു കൂട്ടുകാരനായ മുനിയെ ഭയപ്പെടുത്തി. അപ്പോൾ അദ്ദേഹമെന്ന ശപിച്ചു . നീ വിഷമില്ലാത്ത പാമ്പായിതീരട്ടെ. അതുകൊണ്ടാണ് ഈ രൂപം പ്രാപിച്ചത്. കളിയായിട്ടാണെങ്കിലും സർപ്പരൂപം കണ്ടു ശപിച്ച ശാപം മാറിയില്ല.
ഒരു കാലത്ത് രുരുവിനെ കാണുമ്പോൾ നീ പൂർവ്വസ്ഥിതിയിലായി തീരുമെന്ന് അദ്ദേഹം ശാപമോക്ഷം നല്കി. ഇതാ ഇപ്പോൾ അങ്ങയുടെ അനുഗ്രഹത്താൽ പൂർവ്വരൂപം കിട്ടി എന്നു പറഞ്ഞു കൊണ്ട് ജനമേജയ രാജാവ് സർപ്പസത്രം നടത്തിയതും വേദവേദാംഗ പാരംഗതനും തപോവീര്യബലമുള്ള വനുമായ ആസ്തികൻ എന്ന ബ്രാഹ്മണൻ സർപ്പസത്രമൊഴിപ്പിച്ച് അഹികുലത്തെ രക്ഷിച്ച കാര്യവും പറഞ്ഞു . ഇതുകേട്ട രുരുവിന് സർപ്പസത്രത്തെപറ്റിയും ആസ്തീകൻ അതെങ്ങനെ തടഞ്ഞു എന്നും വിശദമായി കേൾക്കാൻ അഭിരുചിയുണ്ടായി. ബ്രഹ്മർഷിമാർ പറഞ്ഞ് അങ്ങേയ്ക്കെല്ലാം അറിയാൻ സാധിക്കുമെന്നു പറഞ്ഞു. ബ്രാഹ്മണൻ അന്തർദ്ധാനം ചെയ്തു.
തുടരും...
ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ
മഹാബലായ നാഗാധിപതയേ നമഃ
No comments:
Post a Comment