ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 July 2023

നാഗമാഹാത്മ്യം - 41

നാഗമാഹാത്മ്യം...

ഭാഗം: 41

49. വാസുകി
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
അഷ്ടനാഗങ്ങളിലെ വിശേഷപ്പെട്ട ഒരു സർപ്പമാണ് വാസുകി. വാസു എന്നാൽ രത്നം എന്നാണ്. ഫണത്തിൽ രത്നം ശോഭിക്കുന്നതുകൊണ്ട് വാസുകി എന്ന പേര് അർത്ഥവത്താണ്. അനന്തനെ പോലെ തന്നെ അന്തമില്ലാത്തത് ശക്തിയും, ബലവും , ശോഭയും, ശേഷിയുമുള്ള ഉഗ്രസർപ്പമാണിത്. പക്ഷെ സത്യനാഗമാണ് . നാഗലോകത്തു നാഗരാജനായി വസിക്കുന്ന വാസുകി ധർമ്മതല്പരനും സത്യവാദിയുമാണ്. മാതാവായ കദ്രു തന്റെ ശാഠ്യമേറിയ പന്തയത്തിൽ ജയിച്ച് വിനതയെ ദാസിയാക്കാൻ വേണ്ടി ഉച്ചൈശ്രവസ്സിന്റെ വാലിൻ രോമമായി ഇരിക്കാൻ കല്പിച്ചപ്പോൾ അതിനെ എതിർത്ത് അസത്യം കാട്ടുകയില്ലാന്നു ശഠിച്ചു . അമ്മ ശപിച്ചിട്ടും ധർമ്മത്തിൽ നിന്നും സത്യത്തിൽ നിന്നും പിൻമാറിയില്ല. വാസുകിയുടെ സന്താനങ്ങളും ആ വംശത്തിൽ ജനിച്ച ചില സർപ്പങ്ങളും സർപസത്രത്തിൽ വെന്തുപോയവരിൽ ഉൾപ്പെടുന്നുണ്ട്.

വാസുകിയുടെ സവിശേഷതകളെ പറ്റി പറയാനാണങ്കിൽ ധാരാളമുണ്ട്. പാലാഴി മഥനത്തിന് ചെല്ലാനായി ഗരുഡൻ ചെന്നു വളിച്ചപ്പോൾ അത് അത്യാവശ്യമെങ്കിൽ എന്നെ എടുത്തു കൊണ്ടു പോയ്ക്കൊള്ളാൻ പറഞ്ഞു. ഗരുഡൻ വാസുകിയുടെ മദ്ധ്യത്തിൽ കൊത്തി പൊങ്ങി. അതാ ഭൂമിയിൽ കിടന്നിഴയുന്നു. പിന്നെ രണ്ടു മൂന്നായി ചുരുട്ടി കൊത്തികൊണ്ടു പൊങ്ങി . അപ്പോഴും തഥൈവാ. ഒരു തരത്തിലും പൊക്കാൻ വയ്യാതെ നിരാശനായി. അപ്പോൾ തോന്നി ഇതു അനന്തൻ തന്നെയല്ലേ ? വാസുകിയെ കൊണ്ടു പോകാനായില്ല. പിന്നെ ശ്രീ പരമേശ്വരന്റെ ആജ്ഞ പ്രകാരം പാതാളത്തിലേക്കു നീട്ടിയ വിരലിൽ മോതിരപ്രായത്തിലെത്തി. പാലാഴികടയാൻ സഹായിച്ചു. വാസുകിയെ മന്ദരത്തിൽ ബന്ധിച്ച് ദേവാസുരൻമാർ വാൽ തലകളെ പിടിച്ചാണ് കടഞ്ഞത്. വാസുകിയില്ലായിരുന്നെങ്കിൽ ഒന്നു ആലോചിച്ചു നോക്കിയേ. അമൃതമഥനത്തിലെ പ്രധാന പങ്കുവഹിച്ചത് വാസുകിയാണ്.അമ്മയുടെ അധർമ്മത്തിൽ പരിതപിച്ച വസുകി മാതാവിൽ നിന്നും അകന്നു. മറ്റു നാഗങ്ങളുമായി മാതൃശാപത്തിൽ നിന്നും നാഗങ്ങളെ രക്ഷിക്കാൻ കിണഞ്ഞു പരിശ്രമിച്ചു. പിതാവിന്റെ ആജ്ഞ ശിരസ്സാ വഹിച്ചിരുന്നു . നാഗങ്ങളുടെ പൊതുരക്ഷയ്ക്കായ് തന്റെ സഹോദരി ജരല്ക്കാരുവിനെ താപസനായ ജരല്ക്കാരു എന്നു പോരുള്ള ആളിന് വിവാഹം കഴിച്ചുകൊടുത്തു. ഭർത്താവുപേക്ഷിച്ചു പോയ സഹോദരിയേയും പുത്രനേയും പരിപാലിക്കുന്നതിൽ ശ്രദ്ധേയനായിരുന്നു. സർപ്പസത്രമൊഴിവാക്കാൻ തന്റെ ഭാഗിനേയനായ ആസ്തികനെ സത്രം നടത്തുന്ന സഭയിലേയ്ക്കയച്ച് സത്രം മതിയാക്കിച്ച് നാഗരക്ഷ ചെയ്തു. എല്ലാവരും കൂടി വാസുകിയെ നാഗരാജാവായി അഭിഷേകം ചെയ്തു. സരസ്വതീ നദീതീരത്തുള്ള നാഗധന തീർത്ഥത്തിൽ വച്ചാണ് അഭിഷേകം നടത്തിയതെന്നാണ് . ത്രിപുരദഹനത്തിൽ ശിവന്റെ വില്ലിന്റെ ഞാണായി പ്രവർത്തിച്ചിട്ടുണ്ട്. ശിവഭഗവാന്റെ ആഭൂഷണമായി ശോഭിക്കുന്ന വാസുകി അദ്ദേഹത്തിന്റെ ആജ്ഞാനുവർത്തിയാണ്.

ഒരിക്കൽ വായുദേവനും, വാസുകിയും തമ്മിൽ ശക്തിപരീക്ഷണം നടന്നു. വായുദേവൻ പറഞ്ഞു സർവ്വശരീരികളുടേയും പ്രാണൻ നിലനിർത്തുന്നത് ഞാനാണ്. ഞാനില്ലെങ്കിൽ എല്ലാ ജീവികളും നിർജ്ജീവികളായി തീരും . അതുകൊണ്ട് എനിക്കാണ് ശ്രേഷ്ഠത. എനിക്കാണ് യോഗ്യത കൂടുതൽ.

വാസുകി കാര്യം ശരിയാണെങ്കിലും നീ എനിക്കു ഭക്ഷണമാണ്. അതിനാൽ നിന്നെക്കാൾ ശ്രേഷ്ഠതയും യോഗ്യതയും എനിക്കാണ്. രണ്ടുപേരും തമ്മിൽ മത്സരമായി. ഇതറിഞ്ഞ ദേവകൾ പറഞ്ഞു. നിങ്ങൾ തമ്മിലുള്ള മത്സരം തീർത്തു തരാം. എങ്ങിനെയെന്നു പറയാം . മഹാമേരു എന്ന ഹേമാദ്രി 1008 കൊടുമുടിയും , മന്ദരം, മേരുമന്ദരം, ശുപാർശ്വം , കുമുദം എന്നീ നാലു ഊന്നു പർവ്വതങ്ങളുമുള്ളതാണ്. ഹരിഹരവിരിഞ്ചാദികളുടെ വാസസ്ഥാനവുമായ കൊടുമുടികളെ (വാസുകിയുടെ) നിന്റെ ഫണങ്ങളാലും ദേഹത്താലും അമർത്തി നിർത്തുക. വായുദേവൻ തന്റെ ശക്തിയാൽ ഒരു ശിഖരത്തെയെങ്കിലും അടിച്ചു മറിച്ചാൽ വായു തന്നെ യോഗ്യൻ. പറഞ്ഞ പോലെ വാസുകി തന്റെ ഫണത്താലും ദേഹത്താലും മേരുവിന്റെ 1008 കൊടുമുടികളേയും അമർത്തി ചലനമില്ലാതെ നിർത്തി . വായുദേവൻ ഒരു കുഹരത്തിൽ ഒളിച്ചിരുന്നു. കുറെ നേരം കഴിഞ്ഞപ്പോൾ വാസുകി വായുദേവൻ തോറ്റുപോയി എന്നു വിചാരിച്ച് ഒരു ഫണമുയർത്തി വായുദേവൻ എവിടെ എന്നു നോക്കി. ആ സമയം വായുദേവൻ ആ ഫണത്തിനു താഴെയുള്ള ശിഖരത്തെ അടിച്ചുമാറ്റി സമുദ്രമദ്ധ്യത്തിലുള്ള ത്രികുടപർവ്വതത്തിൽ ഇട്ടു. വാസുകി തോറ്റു. ശ്രേഷ്ഠനായ വാസുകി വരുണസഭയിലിരുന്നു. വരുണനെ ഉപാസിക്കുന്നു . നാഗരാജാവായി വാഴ്ത്തപ്പെടുന്ന ഈ നാഗവും , അനന്തമൂർത്തിയും ഒരു പോലെതന്നെ ഭൂലോകത്തെ ജനങ്ങളുടെ ഭക്തജനകോടികളുടെ ആരാധ്യദേവനാണ്.

വാസുകി പാതാളത്തിൽ നാഗലോകത്ത് രാജാവായി വാണുകൊണ്ട് നാഗങ്ങളുടെ മൊത്തം നൻമയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നു. ആർക്കും ഉപദ്രവമോ ദോഷമോ ചെയ്യാതെ നൻമമാത്രം കാംക്ഷിക്കുന്ന ഉത്തമ സർപ്പമാണ് , സത്യനാഗമാണ് വാസുകി. ഭൂമിയിൽ പല സ്ഥലത്തും പൂജ ഏറ്റുവാങ്ങി ഭക്തർക്കനുഗ്രഹം ചൊരിയുന്നുണ്ട്.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment