ആദിഗുരുവിന് ആത്മപ്രണാമം
ശിവന് എന്നു നാം വിളിക്കുന്ന ആ ശൂന്യതയ്ക്ക്, ആ ഊര്‍ജ്ജത്തിന്, നാം ഒരു രൂപം നല്‍കിയിട്ടുണ്ട്. ആ രൂപവും, അദ്ദേഹത്തെക്കുറിച്ച് ഒട്ടും മനസ്സിലാക്കാന്‍ കഴിയാത്തവിധമാണ് നമ്മുടെ പാരമ്പര്യത്തില്‍ സൃഷ്ടിച്ചിട്ടുള്ളത്. ഒട്ടും ഇഷ്ടപ്പെടാത്തവിധം കഴുത്തില്‍ ഒരു പാമ്പിനെ ചുറ്റിയിട്ടുണ്ട്. ഏറ്റവും അപരിഷ്കൃത രീതിയില്‍, സങ്കല്പ്പിക്കാന് പോലും കഴിയാത്ത വിധത്തില്‍, തലയോട്ടികൊണ്ടുള്ള ഒരു ഹാരം അണിഞ്ഞിരിക്കുന്നു. അതേസമയം അദ്ദേഹത്തില്‍ നിന്നും അകലാന്‍ മനസ്സുവരാത്തവിധം ശക്തമായ ഒരു തേജസ്സ് അദ്ദേഹത്തിനുണ്ട്. നമ്മെ നിസ്സഹായരാക്കുന്ന വിധത്തില്‍ ഒരു ആകര്‍ഷണവും ശക്തമായ വികര്‍ഷണവും അദ്ദേഹത്തിനുണ്ട്.
യോഗസംസ്കാരത്തില്‍ ശിവന് ഒരു ദൈവമായിട്ടല്ല അറിയപ്പെടുന്നത്. ആദ്യത്തെ ഗുരു അഥവാ ആദിഗുരുവാണ് അദ്ദേഹം, അതുപോലെ തന്നെ ആദ്യത്തെ യോഗി അഥവാ ആദിയോഗിയും. സാക്ഷാത്കാരം സിദ്ധിച്ച അദ്ദേഹം ഹര്ഷോന്മത്തനായി പര്‍വ്വതത്തിലുടനീളം നൃത്തം ചെയ്തു നടക്കുകയോ നിശ്ചലനായി തനിയേ ഒരിടത്തിരിക്കുകയോ ചെയ്തു. അദ്ദേഹം എപ്പോഴും നിശ്ചലനായിരിക്കുകയോ, അല്ലെങ്കില്‍ അനുസ്യൂതം ഭ്രാന്തമായി നൃത്തം വയ്ക്കുകയോ ചെയ്യുമായിരുന്നു. അദ്ദേഹത്തെ ദര്‍ശിച്ച ദേവന്മാരെല്ലാം അദ്ദേഹത്തിന് എന്തോ സംഭവിക്കുന്നതായി മനസ്സിലാക്കി.. പക്ഷേ അത് എന്തെന്ന് അവര്‍ക്ക് അറിവുണ്ടായിരുന്നില്ല. പെട്ടെന്ന് സ്വര്‍ഗ്ഗം വളരെ മോശപ്പെട്ട സ്ഥലമായി അവര്‍ക്കു തോന്നി, കാരണം ഇയാള്‍ അത്രക്കും പരമാനന്ദത്തിൽ ആണ് ! എന്തോ ഒന്ന് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല എന്നവര്‍ക്ക് തോന്നാന്‍ തുടങ്ങി. ഒടുവില്‍ അതിനുള്ള മാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കാന്‍ അദ്ദേഹം തയ്യാറായി. അങ്ങനെ അദ്ദേഹത്തിന്റെ മുന്നിലിരുന്നവര്‍ക്ക് അവരുടെ പാകതയ്ക്കനുസരിച്ച് വിവിധതരം യോഗാമാര്‍ഗ്ഗങ്ങള്‍ അദ്ദേഹം വെളിവാക്കി.
ആദ്യമായി ശിവന് ഉപദേശം കൊടുത്തത് പത്നി പാര്വ്വതിക്കാണെന്ന് പറയപ്പെടുന്നു. ഒരു പ്രത്യേക ആത്മൈക്യത്തോടെയാണത്രെ അത് ഉപദേശിക്കപ്പെട്ടത്. വളരെ വിശദമായും സൗമ്യമായും ശിവന് യോഗാമാര്‍ഗ്ഗങ്ങള്‍ ദേവിക്കു വെളിപ്പെടുത്തി. എന്താണോ നല്കപ്പെട്ടത് അതു സ്വീകരിക്കാന്‍ യാതൊരു എതിര്‍പ്പുമില്ലാതെ (resistence) ദേവി പൂര്‍ണ്ണമായും സന്നദ്ധയായിരുന്നു. രണ്ടാമത് ഉപദേശങ്ങള്‍ നല്‍കിയത് സപ്തഋഷിമാര്‍ക്കായിരുന്നു. സൃഷ്ടിയുടെ അടിസ്ഥാന ശാസ്ത്രത്തെക്കുറിച്ചായിരുന്നു അത്, 'നിങ്ങള്‍ എന്ന ഈ സൃഷ്ടി ഖണ്ഡത്തെ, അതിന്റെ പരമമായ സാധ്യതയിലേക്ക് എങ്ങനെ നയിക്കാം' എന്നതിനെക്കുറിച്ചായിരുന്നു.. സപ്തഋഷിമാരില്‍ അഗസ്ത്യമുനിയാണ് യോഗ ദക്ഷിണഭാരതത്തിനു സമര്‍പ്പിച്ചത്. ഇതൊരു നിഗൂഢവിദ്യയായിട്ടല്ല, എങ്ങിനെ നില്‍ക്കണം, നടക്കണം, ഇരിക്കണം, ഭക്ഷണം കഴിക്കണം എന്ന രീതിയിലുള്ള ഒരു ദിനചര്യയായിട്ടാണ് ഈ സാധന മനുഷ്യരാശിക്കു കൈമാറിയിരിക്കുന്നത്.
No comments:
Post a Comment