സിഗരിയ
സിഗരിയ ശ്രീലങ്കയിൽ സ്ഥിതി ചെയ്യുന്ന ഒരു ചരിത്രസ്മാരകമാണ്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളിൽ സ്ഥാനം പിടിച്ചിട്ടുള്ള ഇത് 400-ഓളം മീറ്റർ ഉയരമുള്ള ഒരു കൂറ്റൻ പാറക്കു മുകളിൽ നാലേക്കറോളം വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന രാജകൊട്ടാരത്തിന്റേയും ബുദ്ധവിഹാരത്തിന്റേയും ചരിത്രാവശിഷ്ടങ്ങളാണ്.
ചുറ്റുവട്ടത്തിലെ സമതലത്തിൽ അത് ഏറെ അകലെ എല്ലാവശത്തുനിന്നും കാണാറാകും വിധം ഉയർന്നുനിൽക്കുന്നു. ചുറ്റുമുള്ള പൊതുവേ പരന്ന ഭൂമിയിൽ ഉയർന്നുനിൽക്കുന്ന ഒരു കുന്നിലാണ് അതിന്റെ ഇരിപ്പ്. സമുദ്രനിരപ്പിൽ നിന്ന് 370 മീറ്റർ ഉയർന്നു നിൽക്കുന്ന ഈ പാറയുടെ മുകൾഭാഗം, പലയിടങ്ങളിലും പാദം കവിഞ്ഞു നിൽക്കുന്നു. അതിന്റെ ആകൃതി വർത്തുളവും, പരന്ന മേൽഭാഗം ദീർഘവശങ്ങളിലേക്ക് രണ്ടറ്റത്തും അല്പം ചരിഞ്ഞുമാണ്.ഏറെ സാങ്കേതികമികവുകാട്ടുന്ന പ്രകൃതിജലസംഭരണസംവിധാനങ്ങളും, ചരിത്രാവശിഷ്ടങ്ങളും ഇവിടം ഒരു ജനപ്രിയമായ ഒരു വിനോദസഞ്ചാരകേന്ദ്രമാക്കുന്നു.
മദ്ധ്യശ്രീലങ്കയിൽ മാതലെ ജില്ലയിലാണ് സിഗിരിയ സ്ഥിതിചെയ്യുന്നത്
1831-ല്‍ ജോനാഥന്‍ ഫോബ്സ് എന്ന ബ്രിട്ടിഷ് പട്ടാളക്കാരനാണ് കാടുമൂടികിടന്ന ഈ രാജകൊട്ടാരം കണ്ടെത്തിയത്. ശ്രീലങ്കയിലെ പുരാതന ചരിത്രരേഖയായ മഹാവംശത്തിന്‍റെ വിവരണം അനുസരിച്ച്, കശ്യപരാജാവ് ധാതുസേനരാജാവിന്റെ മകനായിരുന്നു. ധാതുസേനന് രാജ്ഞിയിയുണ്ടായ മകൻ മോഗല്ലണ്ണന് (Mogallana ) അവകാശപ്പെട്ട രാജ്യം സ്വന്തമാക്കാനായി കശ്യപൻ ധാതുസേനനെ കൊന്നു. കശ്യപനെ ഭയന്ന് ഇന്ത്യയിലേക്ക് ഓടിപ്പോയ മൊഗല്ലണ്ണൻ, പ്രതികാരം ചെയ്യുമെന്ന് ശപഥമെടുത്തു. തിരികെ വന്ന് തനിക്കവകാശപ്പെട്ട രാജ്യം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിൽ, മൊഗല്ലണ്ണൻ ഇന്ത്യയിൽ സൈനികശക്തി സംഭരിക്കാൻ തുടങ്ങി. സഹോദരന്റെ തിരിച്ചുവരവിനെയും പ്രതികാരത്തേയും ഭയന്ന കശ്യപൻ, തലസ്ഥാനമായ അനുരാധപുരം ഉപേക്ഷിച്ച് സുരക്ഷാസ്ഥാനമായി കണ്ടെത്തിയ സ്ഥലത്ത് നിർമ്മിച്ചതാണ് ഈ കൊട്ടാരസമുച്ചയം എന്നാണ് മഹാവംശത്തിലെ ഭാഷ്യം. ക്രി.വ. 477 മുതൽ 495 വരെയുള്ള കശ്യപന്റെ വാഴ്ചക്കാലത്ത് ഇവിടം കോട്ട-കൊത്തളങ്ങൾ ചേർന്ന ഒരു നഗരസമുച്ചയമായി മാറി. പാറയുടെ ഉച്ചിയിലും ചുറ്റുവട്ടങ്ങളിലും ഇന്ന് കാണുന്ന പ്രതിരോധസംവിധാനങ്ങളും, കൊട്ടാരങ്ങളും, ആരാമങ്ങളും എല്ലാം അക്കാലത്തെ നിർമ്മിതികളാണ്.
പാറയുടെ പരന്ന ഉപരിതലത്തിന്റെ മേൽഭാഗത്തെ പഴയ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ, സിംഹകവാടം (lion gate) കണ്ണാടിമതിൽ (mirror wall) ചുവർചിത്രങ്ങൾ എന്നിവ ചേർന്ന മദ്ധ്യഭാഗത്തെ മട്ടുപ്പാവ്, കീഴ്ഭാഗത്തെ ചരിവിനോട് പറ്റിച്ചേർന്നിരിക്കുന്ന താഴത്തെ കൊട്ടാരം, കിടങ്ങുകൾ, പാറയുടെ ചുവടിൽ ഭാഗത്ത് തുടങ്ങി ഏറെ അകലെവരെ നീളുന്ന മതിലുകളും ഉദ്യാനങ്ങളും എല്ലാം ചേർന്നതാണ് സിഗിരിയയിലെ സമുച്ചയം.
ഇവിടം ഒരു കൊട്ടാരവും കോട്ടയും ആയിരുന്നു. രാജകൊട്ടാരസമുച്ചയം 3 നിലകളിലായാണ് ഒറ്റപ്പാറക്കു മുകളിൽ നിലനിന്നിരുന്നത്. കാലപ്പഴക്കത്തിനുശേഷവും കൊട്ടരസമുച്ചയും അതിന്റെ നിർമ്മാതാക്കളുടെ സർഗ്ഗശേഷിക്കും സാഹസികതക്കും സാങ്കേതികമികവിനും തെളിവായി നിൽക്കുന്നു. മുകളിലെ കൊട്ടാരത്തോട് ചേർന്ന് പാറയിൽ കൊത്തിയെടുത്തിരിക്കുന്ന വെള്ളത്തൊട്ടികൾക്ക് (cisterns) ഇപ്പോഴും ജലം ശേഖരിക്കാനുള്ള ക്ഷമതയുണ്ട്. താഴത്തെ കൊട്ടാരത്തിനു ചുറ്റുമുള്ള കിടങ്ങുകളും ഭിത്തികളും ഇന്നും അസാമാന്യദൃശ്യമാണ്.
സിഗിരിയയുടെ കിഴക്കുഭാഗത്തുള്ള അലിഗല ശിലാഗൃഹം (Aligala Rock Shelter) തരുന്ന സൂചന പിന്തുടർന്ന്, 5000 വർഷം മുൻപ് മദ്ധ്യശിലായുഗത്തിൽ ഈ പ്രദേശത്ത് ജനവാസം ഉണ്ടായിരുന്നുവെന്ന് അനുമാനിക്കപ്പെടുന്നു. സിഗിരിയയുടെ പടിഞ്ഞാറും വടക്കും പാറകൾ നിറഞ്ഞ് കാണപ്പെടുന്ന മലയടിവാരം ബി.സി.ഇ. 300 മുതൽ ബുദധസന്യാസിമാരുടെ വിഹാരമായിരുന്നു. അക്കാലത്ത് ഇവിടത്തെ ശിലയിൽ അനേകം ആവാസസ്ഥാനങ്ങൾ രൂപപ്പെട്ടു. വലിയപാറകൾക്കുതാഴെ, കൊത്തിയുണ്ടാക്കിയ പ്രവേശനദ്വാരങ്ങളുള്ള ഗുഹകളായിരുന്നു അവ. അത്തരം ആവാസസ്ഥാനങ്ങളിൽ പലതിന്റേയും പ്രവേശനദ്വാരങ്ങളിൽ, അവ ഭിക്ഷുസംഘങ്ങളുടെ ഉപയോഗത്തിനായി ദാനം ചെയ്യപ്പെട്ടവയാണെന്ന് രേഖപ്പെടുത്തപ്പെടുത്തിയിരിക്കുന്നത് കാണാം. അവയുടെ കാലം ക്രി.മു. മൂന്നാം നൂറ്റാണ്ടിനും, ക്രി.വ. ഒന്നാം നൂറ്റാണ്ടിനും ഇടയ്ക്കാണ്.
ക്രി.വ. 495-ൽ കശ്യപരാജാവിന്റെ പരാജയത്തെ തുടർന്ന് ബുദ്ധവിഹാരകേന്ദ്രമായി മാറിയ സിഗിരിയ 13-14 നൂറ്റാണ്ടുകൾ വരെ ആങ്ങനെ തുടർന്നു. തുടർന്നുള്ള കുറേക്കാലത്തേക്ക് സിഗിരിയയെ സംബന്ധിച്ച രേഖകൾ ലഭ്യമല്ല. പതിനേഴാം നൂറ്റാണ്ടിൽ കാന്ടിയിലെ രാജാവ് അതിനെ ഒരു സൈനികകേന്ദ്രമായി ഉപയോഗിച്ചു. ബ്രിട്ടീഷ് ശക്തിക്കു മുൻപിൽ കാന്ടി രാജ്യത്തിന്റെ പതനത്തെ തുടർന്ന് സിഗിരിയ വീണ്ടും വിസ്മരിക്കപ്പെട്ടു. പത്തൊൻപതാം നൂറ്റാണ്ടിൽ ശ്രീലങ്ക ബ്രിട്ടീഷ് ഭരണത്തിൽ കീഴായിരുന്നപ്പോൾ സിഗിരിയ പുരാവൃത്താന്വേഷികളുടേയും ചരിത്രകാരന്മാരുടേയും ശ്രദ്ധ ആകർഷിച്ചു. 1853-ൽ പുരാവസ്തുഗവേഷകരായ ആഡവും ബെയ്ലിയുമാണ് സിഗരിയയുടെ ചരിത്രം പഠനവിധേയമാക്കിയത് 1890-കളിൽ സിഗിരിയയിലെ അവശിഷ്ടങ്ങളുടെ ശാസ്ത്രീയപഠനം ചെറിയതോതിൽ തുടങ്ങി.
സിഗിരിയായുടെ പ്രശസ്തിക്ക് ഒരു മുഖ്യകാരണം അവിടെ പാറയുടെ പ്രതലത്തിൽ വരച്ചിട്ടുള്ള ചുവർ ചിത്രങ്ങളാണ്. സിഗിരിയയിലെ കണ്ണാടിമതിലിൽ പൂർവകാലസന്ദർശകർ അവശേഷിപ്പിച്ചുപോയ കുറിപ്പുകൾ നൽകുന്ന സൂചന അനുസരിച്ച് ഒരു കാലത്ത് ഇവിടെ അഞ്ഞൂറോളം ചിത്രങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അവശേഷിക്കുന്നത് മുപ്പതിൽ താഴെ എണ്ണം മാത്രമാണ്. ഒന്നര സഹസ്രാബ്ദത്തിനു ശേഷവും സൗന്ദര്യവും വർണ്ണപ്പകിട്ടും നിലനിർത്തുന്ന ഈ ചിത്രങ്ങളിൽ പ്രധാനമായും സ്ത്രീ രൂപങ്ങളാണ്.
അസാമാന്യ സൗന്ദര്യമുള്ള ഈ രൂപങ്ങളെ കഴുത്തിലും കാതിലും, കയ്യിലും അണിഞ്ഞിട്ടുള്ള ആഭരണങ്ങളും പുഷ്പങ്ങളും കൂടുതൽ ആകർഷകമാക്കുന്നു. ചിത്രങ്ങളിൽ മിക്കവയിലും ഒന്നോ രണ്ടോ രൂപങ്ങളാണുള്ളത്.
No comments:
Post a Comment