ഹിന്ദുക്കളുടേത് ബഹുദൈവാരാധനയോ?
തീർച്ചയായും ശ്രദ്ധയോടെ ഇത് നിങ്ങൾ വായിക്കുക. ഇന്നത്തെ കാലത്ത് എന്നല്ല, എല്ലാ കാലത്തും പ്രസക്തമാണിത്.
ഹിന്ദുമതത്തിന്റെ ആരാധനാ സങ്കല്പങ്ങളോട് വിയോജിപ്പ് വരുന്നവരുടെ പ്രധാന പ്രശ്നം അവർക്ക് ആഴത്തിലുള്ള ചിന്താ ശേഷിയോ ഭാവനാശക്തിയോ ഇല്ലാതെ വെറും മേൽപ്പുറത്തു മേയുന്നവരാണ് എന്നതാണ്. പ്രധാനമായും ബഹുദൈവാരാധന എന്ന രീതിയിൽ വരുന്ന വിഭിന്നങ്ങളായ അനേക ദേവതാ ഉപാസനകളും ആചരണങ്ങളും ആണ് പലർക്കും മനസ്സിലാവാത്തത്.
എളുപ്പവഴിയിലും എണ്ണം കൊണ്ടും ലോകത്തെ സ്വാധീനിക്കാൻ കഴിഞ്ഞ ക്രിസ്തുമതത്തിലേയും ഇസ്ലാം മതത്തിലേയും കേട്ടുപരിചയിച്ച ഏക ദൈവ വിശ്വാസം അതിനേക്കാൾ മുമ്പേ അതിനേക്കാളും സൂക്ഷ്മാർത്ഥത്തിൽ ഹിന്ദുമതം വളരെ ഭംഗിയായി പറഞ്ഞിട്ടുണ്ടെങ്കിലും ബൗദ്ധികമായ പരിവേഷത്തിനകത്ത് ഒതുങ്ങിക്കൂടിയ ബ്രഹ്മ സങ്കല്പം വെറും സാധാരണയിലപ്പുറം ചിന്തിക്കാൻ കഴിയാത്ത, ഇന്ദ്രിയ നിയന്ത്രണമില്ലാത്ത ലോക ജനതയ്ക്ക് എങ്ങനെ ഉൾക്കൊള്ളാനാവും?
അവർ നോക്കിയപ്പോൾ ഈ മതത്തിൽ ഒരുപാട് ദൈവങ്ങൾ! ഇതുതന്നെയാണ് നിരീശ്വര വാദിയുടെയും പ്രശ്നം. ഒന്നിനെയും അവർ ഉൾക്കൊള്ളുന്നില്ലെങ്കിലും ഏക ദൈവ വാദം പിന്നെയും അവൻ സഹിക്കും. ബഹു ദൈവ വാദം അവരുടെ വൈകാരിക ബുദ്ധിക്ക് ഒരിക്കലും ദഹിക്കില്ല. അതവരെ പഠിപ്പിക്കാനും ആവില്ല.
ശരിക്കും എന്താണ് ഹിന്ദുമതത്തിലെ ബഹു ദേവതാ കാര്യം എന്നറിയാമോ? ഇവയെല്ലാം മന്ത്രമൂർത്തികളാണ് എന്നതാണ് രഹസ്യം. എന്താണ് മന്ത്രമൂർത്തി?
പ്രാർത്ഥന അല്ലെങ്കിൽ അപേക്ഷയുടെ വ്യാവഹാരിക പദങ്ങൾ മാത്രമേ മറ്റു മതങ്ങൾക്കറിയൂ. മന്ത്രം, അതിന്റെ ശക്തി, ഊർജ്ജ പ്രസരണം, അതിലടങ്ങിയിരിക്കുന്ന പ്രാകൃതീയ നിഗൂഢതകൾ ഇവയെല്ലാം ഭാരത മണ്ണിൽ മാത്രമേ, ഇവിടുത്തെ തപഃ ശുദ്ധ അന്തക്കരണമുള്ള, അല്പം പോലും കളങ്കമില്ലാത്ത ഋഷി മനസ്സുകളിൽ മാത്രമേ തെളിഞ്ഞിട്ടുള്ളൂ. അതുകൊണ്ടാണ് മറ്റൊരു മതത്തിലും മന്ത്രം എന്നത് കണ്ടെത്തിയിട്ടേയില്ലാത്തത്.
ഓരോ മന്ത്രവും വ്യത്യസ്തങ്ങളായ അനേകം അക്ഷരങ്ങൾ ചേർന്നതാണ്. ഈ അക്ഷരകൂട്ടങ്ങൾ കണ്ടെത്തിയ ആളാണ് ഋഷി. അയാൾ കണ്ടെത്തിയ ആ 'മന്ത്ര'ത്തിന്റെ നാഥനായി അയാൾ ഒരു 'ദേവത'യെ കൽപ്പിച്ചിട്ടുണ്ട്. അതാണ് "മന്ത്രമൂർത്തി". ഒന്നുകിൽ അതയാൾക്ക് വെളിപ്പെട്ടിട്ടുണ്ട്. അല്ലെങ്കിൽ അയാൾ കല്പിച്ചിട്ടുണ്ട്. മന്ത്രത്തിലെ ഓരോ അക്ഷരങ്ങളുമാണ് ആ ദേവതയുടെ അവയവങ്ങൾ. അതിനെ മന്ത്രാവയവം എന്ന് വിളിക്കുന്നു. അങ്ങനെ ഒരു മന്ത്രത്തിന് ഋഷി, ദേവത, ഛന്ദസ്സ് എന്ന മൂന്നു അനിവാര്യ ഘടകങ്ങളുണ്ട്. ഈ മന്ത്രത്തെ ഏതൊരുവൻ ഉപാസിക്കുന്നുവോ അതിലെ ദേവത അവന് ആഗ്രഹിക്കുന്ന ഫലങ്ങൾ കൊടുക്കുന്നു.
ഇങ്ങനെ പറഞ്ഞാലും നിങ്ങൾക്ക് പെട്ടെന്ന് മനസ്സിലാകില്ല.അതിന് വേറൊരു ഉദാഹരണം പറയാം. അക്ഷരവും , വാക്കും അർത്ഥവും പോലെ എന്ന്. അതായത്, കുറച്ചു അക്ഷരങ്ങൾ കൊണ്ട് കുറച്ചു വാക്കുകളും കുറച്ചു വാക്കുകൾ കൊണ്ട് അനേക അർത്ഥങ്ങളും സൃഷ്ടിക്കുന്ന പ്രതിഭാസം പോലെയാണ് ഇതെന്ന് ഉദാഹരിക്കാം. അതായത് ഭാരതത്തിന് അപ്പോഴും ശബ്ദ പ്രസക്തിയും വൈവിധ്യവുമായിരുന്നു വിഷയം. ലോകത്തിലെമ്പാടും അനേകം പദാർത്ഥങ്ങൾക്ക് അഥവാ രൂപങ്ങൾക്ക് നാമങ്ങൾ വന്നപോലെ ഇവിടെ അനേകം നാമങ്ങൾ അഥവാ മന്ത്രങ്ങൾക്ക് അനേകം രൂപങ്ങൾ കൽപ്പിക്കപ്പെട്ടു. ഓരോ മന്ത്രങ്ങളും വാക്കുകളിൽ വ്യത്യാസപ്പെട്ടിരിക്കുന്നതു പോലെ തന്നെ ദേവതാ രൂപങ്ങളിലും വ്യത്യാസപ്പെടും.
അങ്ങനെ "ഓം" എന്ന ഏക അക്ഷരത്തിന് പരബ്രഹ്മം എന്ന നിരാകാരത്വം കൽപ്പിക്കപ്പെട്ടെങ്കിൽ ആ പരബ്രഹ്മ മാണ് ഓം എന്ന ശബ്ദത്തിന്റെ മന്ത്രമൂർത്തി. ഈ മന്ത്രമൂർത്തിയ്ക്കാകട്ടെ, പരമ പുരുഷാർത്ഥമായ മോക്ഷം മാത്രമാണ് പ്രദാനം ചെയ്യാനുള്ള തലം . പിന്നീട് അതിൽ നിന്ന് തൊട്ടു താഴെ ഈശ്വരാദികളുടെ മന്ത്രം മുതൽ ക്ഷുദ്ര ദേവതകളുടെ മന്ത്രം വരെ ഉണ്ടാകുമ്പോൾ അതെല്ലാം ഓരോരുത്തരുടെ മനോകാമനകൾ അനുസരിച്ചുള്ള പ്രാർത്ഥനാ അഭിലാഷങ്ങളാകയാൽ അവയ്ക്കെല്ലാം ഓരോ മന്ത്രമൂർത്തികൾ സംജാതമാകുന്നു. ഇങ്ങനെ നമുക്ക് ലഭിച്ച 72 കോടി മഹാമന്ത്രങ്ങൾക്കും അവയുടെ ഉപമന്ത്രങ്ങൾക്കും അത്രകോടി ദേവതകൾ/ മന്ത്രമൂർത്തികൾ നിലനിന്നേ പറ്റൂ. അവയാണ്, പിന്നീട്, പ്രധാനപ്പെട്ടതിനെ ഒക്കെ, വിഗ്രഹരൂപത്തിലൊക്കെ ആരാധിച്ചു തുടങ്ങിയത്.
ഇനി അതിനെ നമുക്ക് നമ്മുടെ വ്യാവഹാരിക ലോകത്തിലേക്ക് ഒന്ന് കൊണ്ടുവരാം. ഒരു തലച്ചോറ് എന്നത് കോടാനുകോടി കോശങ്ങൾ ആണെന്ന് പറയുമ്പോൾ; ഓരോ ചിന്തകളും ഈ കോടാനുകോടി കോശങ്ങൾ അവയുടെ ഓർമ്മ പങ്കുവെച്ചിരിക്കുന്നു എന്നുപറഞ്ഞാൽ തെറ്റുണ്ടോ? അഥവാ, ഒരു ചിന്താ സ്പന്ദനത്തിനു ഒരു കോശം തീർച്ചയായും വേണം (തലച്ചോറിലെ കോശങ്ങൾ നശിക്കുമ്പോൾ ഓർമ്മ മായുന്നതും ഇതിനാലാണ്). ഇതുതന്നെയാണ് ശിരസ്സിനുള്ളിലെ സഹസ്രാര പത്മം എന്ന സർവ്വ വർണ്ണ ബീജാത്മികമായ താന്ത്രിക സങ്കൽപ്പം. കോടാനുകോടി ബീജങ്ങളടങ്ങിയ അത്രയും ഇതളുകളുള്ള താമരയാണ് സഹസ്രാര പത്മം. (അല്ലാതെ ആയിരം ഇതൾ എന്നു മാത്രമല്ല.) അത്രയും ബീജങ്ങൾ എന്നാൽ അത്രയും ചിന്താ ബീജങ്ങൾ എന്നാണ് . വാക്കുകൾ , പദങ്ങൾ അർഥങ്ങൾ എല്ലാം.....
ഓരോ ചിന്തയ്ക്കും ഓരോ കോശം എന്ന് നാം പ്രതീകാത്മകമായി പറയുന്ന നമ്മുടെ ഭൗതിക ശാസ്ത്ര രഹസ്യം തന്നെയേ ഉള്ളൂ, ഓരോ ചിന്തകൾക്കും അതിനെ സാഫല്യ രൂപമാക്കാൻ ഛന്ദസ്സിലധിഷ്ഠിതമാക്കി മന്ത്രമായി പരിണമിക്കുമ്പോൾ അതിനോരോ ദേവതയുണ്ട് എന്നു പറയുന്ന ആദ്ധ്യാത്മിക മതത്തിലും. ഓരോ ചിന്തയ്ക്ക് ഒരു കോശമെങ്കിൽ ഓരോ അക്ഷരത്തിനും ഓരോ വാക്കിനും ഒരു ദേവത. അതാണ് മന്ത്രമൂർത്തി. അങ്ങനെ ദേവതാ സങ്കൽപം ഹിന്ദുമതത്തിൽ ഈ മട്ടിലാണ് അസംഖ്യമായത്. ഇതിനെ ബഹുദൈവാരാധനാ എന്ന 'പോരായ്മ'യായി നിങ്ങൾ ആക്ഷേപിക്കുമെങ്കിൽ നമ്മുടെയെല്ലാം സംഭാഷണത്തേയും എഴുത്തുകളേയും ബഹു അക്ഷരാത്മികമായ 'വൈകല്യം' എന്ന് വിളിക്കണം! എന്തുകൊണ്ട് ഒറ്റവാക്കിൽ എല്ലാ സന്ദേശങ്ങളും നാം മനുഷ്യർക്ക് കൈമാറാൻ കഴിയുന്നില്ല?
ഇതിനെ എല്ലാത്തിലും അടങ്ങി നിൽക്കുന്ന ഏക ദൈവവുമായി കൂട്ടിക്കെട്ടേണ്ടതേയില്ല. കാരണം ഭാഷയിൽത്തന്നെ ഒറ്റ വാക്കുമാത്രമല്ല, അനേക അക്ഷരങ്ങൾ ചേർത്ത് ഓരോ വാക്കുണ്ടാക്കി ആ ഓരോ വാക്കും സ്വതന്ത്ര അസ്തിത്വത്തോടെ നിന്ന് നമ്മുടെ എല്ലാ കാര്യങ്ങളും സാധിച്ചു തരുമ്പോൾ അതിൽ ഏതെങ്കിലും ഒരു വാക്കും അക്ഷരവും മാത്രമാണ് സുപ്രധാനം എന്ന് പറയുന്നതുപോലെയേ ഉള്ളൂ സെമറ്റിക് മതങ്ങളുടെ ഏക ദൈവ വാദം. എന്നാൽ അവിടെയും ഹിന്ദുമതം വാക്കുകൾക്കെല്ലാം ആധാരമായി ഒറ്റവാക്കായ പരമ മന്ത്രമായ ഓംകാരത്തെ വരെ തന്നിരിക്കുന്നു. ഇതിലപ്പുറം പോകാൻ വയ്യ!!. ഇത്രയും സുസൂക്ഷ്മവും ഗംഭീരവുമായ ഈ മത ദർശനത്തിനെയാണ് പുരോഗമന വാദം എന്ന പേര് പറഞ്ഞുകൊണ്ട് ചവിട്ടി താഴ്ത്താൻ ശ്രമിക്കുന്നത് എന്ന് കാണുമ്പോൾ ആരിലാണ് മൂഢത എന്ന് പ്രത്യേകം പറയണോ?
അതായത് ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ എല്ലാ മന്ത്ര മൂർത്തികളും (അതായത് ബഹുദൈവങ്ങളും) മന്ത്രങ്ങളിൽ അടങ്ങുമെന്നും മന്ത്രങ്ങൾ പദങ്ങളിൽ അടങ്ങുമെന്നും പദങ്ങൾ അക്ഷരങ്ങളിൽ അടങ്ങുമെന്നും അക്ഷരങ്ങൾ ഏകാക്ഷരത്തിൽ (ഓം - ഇൽ) അടങ്ങുമെന്നുമാണ് പ്രമേയം. അതായത് ബഹു അക്ഷര ബോധവും ബഹു ദേവതാ ബോധവും കേവലം കാല്പനികങ്ങളോ അവാസ്തവികങ്ങളോ ആണെന്നർത്ഥം. എന്നാലും പല അക്ഷരങ്ങൾ കൂടിയ വാക്ക് പ്രയോഗിക്കുന്നവന് അതാത് ഫലത്തെ നൽകാൻ കഴിയുന്നതുപോലെ ഏകാക്ഷരത്തിൽ നിന്ന് വേർപെടുന്ന ബഹു അക്ഷരങ്ങളും മന്ത്രങ്ങളായിക്കൊണ്ട് ദേവതാ രൂപത്തെ പ്രാപിച്ച് അതാത് ഫലങ്ങളെ തരുന്നതായി അനുഭവപ്പെടുന്നു.
ഈ മന്ത്രമൂർത്തികളെ രേഖീയമായി പരിവർത്തനം ചെയ്യുമ്പോഴാണ് യന്ത്രങ്ങൾ ഉണ്ടാകുന്നത്. അതിന് ശരീരാകാരം നൽകുമ്പോൾ വിഗ്രഹങ്ങൾ ഉണ്ടാകുന്നു. ഇവ തമ്മിലുള്ള പാരസ്പര്യത്തിനെ 'തന്ത്രം' എന്നുവിളിക്കുന്നു. (മന്ത്രം, യന്ത്രം, തന്ത്രം) മഹാ കലുഷിതമായ ഏത് യുഗത്തും മന്ത്രോപാസന നിഷ്ഫലമാകില്ല.അല്ല!, മന്ത്രോപാസനയ്ക്കല്ലാതെ ഈ ലോകത്ത് ഒന്നിനും പരിഹാരം തരാനുമാകില്ല. അതുകൊണ്ട് കഴിയുന്നത്ര പേർ മന്ത്രങ്ങളിലേക്ക് മടങ്ങൂ, ഭാരതത്തിന്റെ അലൗകികതയെ തിരിച്ചുകൊണ്ടുവരൂ. മന്ത്രമൂർത്തികൾ പ്രസാദിക്കട്ടെ.
No comments:
Post a Comment