പ്രാണ ശക്തികളും അവയുടെ ധർമ്മങ്ങളും
പ്രാണന് എന്നതിനെ ജീവശക്തി എന്ന് വിശേഷിപ്പിക്കാം നമ്മുടെ ശരീരത്തിൽ കുടികൊള്ളുന്ന ദൈവീക ശക്തിയാണ് പ്രാണൻ. നമ്മെ ജീവിപ്പിക്കുന്ന നിലനിർത്തുന്ന നയിക്കുന്ന നിയന്ത്രിക്കുന്ന ശക്തി വിശേഷം പ്രാണനാണ്.
ഒരു ഓഫീസിൽ വിവിധ ജോലികൾ ചെയ്യാൻ മാനേജർ, ക്ലർക്ക്, അക്കൗണ്ടന്റ്, പ്യൂൺ, സെക്യൂരിറ്റി എന്നിവർ ഉള്ളതുപോലെ, അവർ തങ്ങളിൽ നിക്ഷിപ്തമായ ചുമതലകൾ കൃത്യമായി നിറവേറ്റുന്നതു പോലെ നമ്മുടെ ശരീരത്തിൽ നടക്കുന്ന കോടാനുകോടി ജൈവ - രാസ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നയിക്കുന്ന ഏകോപിപ്പിക്കുന്ന ആരോഗ്യവത്താക്കുന്ന സൂഷ്മ ശക്തികളാണ് പ്രാണനുകൾ.
ഒരു ദേഹം പ്രാണനോട് ചേരുമ്പോള്‍ അതിന്ന് ജീവന് വെയ്ക്കുന്നു. എപ്പോള്‍ പ്രാണന് ദേഹം വിട്ടുപോകുന്നുവോ അപ്പോള്‍ ആ ദേഹം മൃതമാകുന്നു. അതുകൊണ്ട് ശരീരത്തെ ചലിപ്പിക്കുന്ന ഒരു ശക്തി വിശേഷമാണ് പ്രാണന് എന്ന് പറയാം. ഈ പ്രക്രിയ ജനനം മുതല്‍ മരണം വരെ നാമറിയാതെ തന്നെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
പ്രാണനെ അതിന്റെ പ്രവര്‍ത്തനം അനുസരിച്ച് അഞ്ചായി തരം തിരിച്ചിട്ടുണ്ട്. അതിനെയാണ് പഞ്ചപ്രാണന്‍ എന്ന് പറയുന്നത്. കൂടാതെ അഞ്ച് ഉപ പ്രാണൻ കൂടിയുണ്ട്.
1. പ്രാണൻ
പഞ്ച പ്രാണനിൽ ആദ്യത്തേതാണ് പ്രാണൻ.
നമ്മുടെ ശരീരത്തിന്റെ ഹൃദയ ഭാഗത്ത്, സൂഷ്മ ശരീരത്തിൽ അനാഹത ചക്രത്തിലിരുന്ന് നെഞ്ചിന്റെ ഭാഗത്തുള്ള സർവ്വനാഡീ ഞരമ്പുകളേയും, അംഗങ്ങളേയും, വിശിഷ്യ ശ്വാസകോശം, ഹൃദയം എന്നീ അവയവങ്ങൾക്കും ചൈതന്യം പകരുന്നതും , പ്രവർത്തിപ്പിക്കുന്നതും ഈ പ്രാണ ശക്തിയാണ്.
2. അപാനൻ
പഞ്ച പ്രാണനിൽ രണ്ടാമത്തേതായ അപാനൻ പ്രാണൻ കുടികൊള്ളുന്നത് മൂലാധാര ചക്രസ്ഥാനമായ ഗുദ ഭാഗത്താണ്. അത് ചെറുകുടലിന്റെ പ്രവർത്തനത്തെ നിയന്ത്രിച്ച് ശരീരത്തിലേയ്ക്ക് പോഷകങ്ങളെ വലിച്ചെടുക്കുകയും, വൻകുടലിനെ സ്വാധീനിച്ച് മലമൂത്ര വിസർജ്ജനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. നമ്മുടെ ദേഹത്തിലുള്ള അനാവശ്യമായ അഥവാ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള വസ്തുക്കളെ പുറത്തേക്ക് വിസര്‍ജ്ജനം ചെയ്യിക്കുകയാണ് അപാനന്‍ ചെയ്യുന്നത്. മലം, മൂത്രം, വിയര്‍പ്പ് മുതലായ പലതും പുറത്തേക്ക് അയയ്ക്കുന്ന ഒരു യന്ത്രമാണ് അപാനന്‍ എന്നര്‍ത്ഥം.
3. സമാനൻ
മൂന്നാമത്തെ പ്രാണൻ ആണ് സമാനൻ. ഭക്ഷണത്തിന്റെ ദഹന പ്രക്രിയയെ സ്വാധീനിക്കുന്ന ഈ പ്രാണ ശക്തി അധിവസിക്കുന്നത് സൂര്യചക്രത്തിന്റെ മണിപൂരക ചക്രത്തിന്റെ സ്ഥാനമായ നാഭി പ്രദേശത്താണ്. ഈ പ്രാണനാണ് ജഠരാഗ്നിയെ ജ്വലിപ്പിച്ച് ഭക്ഷണത്തെ ദഹിപ്പിക്കുന്നത്.
നാം കഴിക്കുന്ന ഭക്ഷണ സാധനങ്ങളെല്ലാം ദേഹത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുന്നത് സമാനൻ ആണ്. ദഹനേന്ദ്രിയ വ്യവസ്ഥ നിയന്ത്രിക്കുന്നതും സമാനനാണ്.
4. ഉദാനൻ
നമ്മുടെ ശരീരത്തിൽ കഴുത്തിൽ തൊണ്ടക്കുഴിയുടെ ഭാഗത്തുള്ള വിശുദ്ധി ചക്രത്തിൽ നിലകൊള്ളുന്ന ഈ പ്രാണശക്തി കണ്ണ്, മൂക്ക്, വായ്, ചെവി, ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങളുടെ പ്രവർത്തനങ്ങളെ കാര്യക്ഷമമായി നിയന്ത്രിക്കുകയും, നിർവഹിക്കുകയും ചെയ്യുന്നു.
ഉദാനന്റെ പ്രവൃത്തി ദേഹത്തിന് ചേരാത്ത എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെ പുറത്താക്കുക എന്നതാണ്. എന്തെങ്കിലും അപാകമായി അരുതാത്തതായി കഴിച്ചാല്‍ ദേഹത്തിന് അത് പറ്റുകയില്ല. അതിനെ പുറത്തു കളയണമെങ്കില്‍ ഉദാനന്റെ പ്രവർത്തനം കൂടിയേ തീരൂ. കൂടാതെ ഉദാനൻ വേറൊരു കൃത്യം കൂടി നിർവ്വഹിക്കുന്നു. മരണ സമയത്ത് പ്രാണൻ ദേഹത്തില്‍ നിന്നും പോകാന്‍ കൂട്ടാക്കാതെ അവിടെ പിടിയും വലിയും നടത്തും. ആ അവസരത്തില്‍ ഒരു അമ്പയറെപ്പോലെ സാഹചര്യത്തെ ശാന്തമാക്കുന്നത് ഉദാനൻ ആണ്. അങ്ങനെ പ്രാണന് സമാധാനത്തോടെ ശരീരം വിട്ടുപോകുന്നു. തന്മൂലം ശാന്തമായ ഒരു മരണം ദേഹത്തിന് കൈവരുന്നു.
5. വ്യാനൻ
ശരീരത്തിൽ നടക്കുന്ന രക്തചംക്രമണ വ്യവസ്ഥയെ കൃത്യമായി നിർവഹിക്കുക, ശരീരത്തിന് സ്പർശന ശക്തി നൽകുക, കൈകാലുകളുടെ പ്രവർത്തനങ്ങൾക്ക് ചേതന നൽകുക എന്നീ ചുമതലകൾ വ്യാനൻ നിർവഹിക്കുന്നു. വ്യാനൻ ശരീരമാകെ വ്യാപിച്ച് നിൽക്കുന്ന പ്രാണ ചൈതന്യമാണ്.
ശരീരത്തിലെ രക്തധമനിയിലെ രക്ത ചംക്രമണം നിയന്ത്രിക്കുന്നത് വ്യാനൻ ആണ്. ഈ പ്രാണന്റെ അനാസ്ഥമൂലമാണ് രക്തം കട്ടപിടിക്കുന്നതും ഹൃദയം വികസിക്കുന്നതും. ആധുനിക വൈദ്യശാസ്ത്രത്തിന് ചിന്തിക്കാന്‍ കൂടി വയ്യാത്ത വിധത്തിലാണ് വ്യാനന്‍ പ്രവര്‍ത്തിക്കുന്നത്.
ഈ പഞ്ചപ്രാണന്മാരാണ് ആധുനിക വൈദ്യശാസ്ത്രം (medical science) പറയുന്ന പൂർണ്ണ ഫിസിയോളജി ശാസ്ത്രം. ഇത് എത്രയോ നൂറ്റാണ്ടുകൾക്ക് മുമ്പ് നമ്മുടെ ഋഷിവര്യന്മാര്‍ക്ക് ബോദ്ധ്യപ്പെടുകയും ഹൈന്ദവ ആദ്ധ്യാത്മിക ശാസ്ത്രങ്ങളില്‍ അതിനെയെല്ലാം കുറിച്ചുള്ള പ്രത്യേക പരാമര്‍ശം ഉണ്ടായിട്ടുള്ളതുമാണ് എന്നുള്ളത് സനാതന സംസ്ക്കാരം അത്രമാത്രം ശാസ്ത്രീയ അടിത്തറയോടുകൂടിയതാണെന്ന് ബോധ്യപ്പെടുത്തുന്നു.
ഈ പറഞ്ഞ പഞ്ചപ്രാണന്മാരുടെ കൃത്യമായ ക്രിയ ഒരു ദേഹത്തില്‍ ഉണ്ടാകുമ്പോള്‍ ആ ദേഹം സമ്പൂര്‍ണ്ണ ആരോഗ്യത്തോട് കൂടിയതായിത്തീരുന്നു. എന്നാല്‍ ഈ പഞ്ചപ്രാണന്മാര് എപ്പോഴാണോ ഉദാസീനരാകുന്നത് അപ്പോഴാണ് നമുക്ക്, ആരോഗ്യം നഷ്ടപ്പെടുന്നത്.
പഞ്ചപ്രാണന്മാർക്ക് പുറമെ അഞ്ച് ഉപ പ്രാണന്മാർകൂടിയുണ്ട്.
6. നാഗൻ
ഉപപ്രാണനായ നാഗൻ ഭക്ഷണത്തോടൊപ്പം അകത്ത് കടന്ന് ഏമ്പക്കത്തിലൂടെ പുറത്ത് വന്ന് ശരീരത്തിൽ നടത്തുന്ന ദഹനക്രിയയയെ സഹായിക്കുന്ന ശക്തിയാണ്.
7. കൃകരൻ
ഈ ഉപപ്രാണ വായു മൂക്കിൽ സ്ഥിതി ചെയ്യുന്നു. അനാവശ്യമായ സൂഷ്മ കണങ്ങളെ മൂക്കിലൂടെ ശരീരത്തിൽ കടക്കാൻ അനുവദിക്കാതെ തടയുകയും, അവയെ തുമ്മലിലൂടെ പുറം തള്ളി ശ്വാസോച്ഛാസ പ്രക്രിയയെ എളുപ്പമുള്ളതാക്കുന്നു.
8. ദേവദത്തൻ
കോട്ടുവാ നൽകി ശരീരത്തിന് വിശ്രമത്തിന്റെ ആവശ്യകതയെ ഓർമ്മിപ്പിക്കുന്ന ഉപപ്രാണശക്തിയാണിത്.
9. കൂർമ്മൻ
നയന രക്ഷയാണ് പ്രധാന ചുമതല. രാവും പകലുമില്ലാതെ നടക്കുന്ന കണ്ണിന്റെ ഇമവെട്ടൽ ഈ പ്രാണന്റെ നിയന്ത്രണത്തിലാണ്.
10. ധനജ്ഞയൻ
മരണസമയത്ത് പഞ്ചപ്രാണനുകളും, ഉപപ്രാണനുകളിൽ നാലെണ്ണവും ശരീരത്തെ വിട്ടു പോയ ശേഷവും ധനജ്ഞയ പ്രാണൻ അൽപ സമയം ശരീരത്തിൽ തങ്ങി അതിന്റെ ചൂടാറാതെ സൂക്ഷിക്കുന്നു. ശേഷം സ്ഥൂല ശരീരത്തിൽ നിന്നും സൂഷ്മ ശരീരത്തെ, അഥവാ ആത്മാവിനെ വേർപ്പെടുത്തി സൂഷ്മ ലോകത്തേയ്ക്ക് നയിക്കുന്നതും ഈ പ്രാണനാണ്.
ചുരുക്കത്തിൽ നമ്മുക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങളെല്ലാം തന്നെ ഒരു തരത്തിൽ പറഞ്ഞാൽ പ്രാണന്റെ ഏറ്റക്കുറച്ചിലുകൾ മൂലമാണെന്ന് പറയാം. പ്രാണശക്തികൾ ശരിയായി, സമതുലിതമായി പ്രവർത്തിക്കുമ്പോഴാണ് പൂർണ ആരോഗ്യം ലഭിക്കുന്നതെന്ന് സ്പഷ്ടം. പ്രാണായാമ പരിശീലനത്തിലൂടെ പ്രാണശക്തികൾ ശരിയായി പ്രവർത്തിക്കുകയും സമ്പൂർണ ആരോഗ്യം സിദ്ധിക്കുകയും ചെയ്യുമെന്ന് യോഗിമാർ പറയുന്നു.
No comments:
Post a Comment