ഗണപതിയുടെ മൂന്നാം കണ്ണിന്റെ പൊരുൾ
പുരികങ്ങൾക്കു മധ്യേ മൂന്നാം കണ്ണ് പല ഗണപതി രൂപങ്ങളിലും കാണാം. ഒരു ആത്മീയഅന്വേഷകൻ എത്തിച്ചേരുന്ന പരമമായ സ്വാതന്ത്ര്യഭാവത്തെ ഇത് പ്രതിനിധീകരിക്കുന്നു. ഭൂതം ഭാവി വർത്തമാനം എന്നീ കാലവിഭാഗങ്ങൾക്ക് അതീതമായ സ്വാതന്ത്രബോധതലത്തിലെത്തിയ ആളാണ് ആ മനുഷ്യൻ. അപ്രകാരമുള്ള ഒരാൾ ജീവിതത്തിൽ അനശ്വരത കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. എല്ലാറ്റിലും വിളങ്ങുന്ന ആ ഒന്ന് ആയിക്കഴിഞ്ഞിരിക്കുന്നു. അങ്ങനെ മണ്ണിൽ അന്തർലീനമായിരിക്കുന്ന ജീവൻ ഏറ്റവും താഴ്ന്ന ജന്തുക്കളിൽ തുടിക്കുകയും പടി പടിയായി ബോധാവസ്ഥയിലേക്ക് പരിണമിച്ചുയരുകയും ബോധസത്തയുടെ പരമോന്നത തലത്തിൽ എത്തുകയും ചെയ്യുന്ന പ്രതിഭാസത്തിന്റെ മനോഹരവും അത്യുജ്ജലവുമായ ഒരു പ്രതീകമാണ് ഗണപതിയുടെ രൂപം. എല്ലാ വിഘ്നങ്ങളെയും അകറ്റുന്ന ദൈവീക ശക്തി ഈ രൂപത്തെ അറിയുന്നതിലൂടെ നമ്മിലുണരുന്നു.
താഴ്ന്ന ജന്തുക്കളിൽ പരിണാമത്തിലൂടെ ബോധശക്തി അവയറിയാതെ ഉണർന്നുണർന്നു വരുന്നു. മനുഷ്യനതിനെ ബോധപൂർവം വികസിപ്പിച്ചു സ്വാതന്ത്ര്യത്തിലേക്ക് സ്വയം ഉയരണം. അതിനുള്ള മാർഗ്ഗം ഗണപതിയുടെ രൂപം കാട്ടിത്തരുന്നു. സ്വാതന്ത്ര്യമെന്ന ലക്ഷ്യവും ആ രൂപം തന്നെ വെളിവാക്കുന്നു. അപ്രകാരം ഒരേ സമയം തന്നെ ഗണപതി മാർഗ്ഗവും ലക്ഷ്യവുമാകുന്നു. അതാണ് ഗണപതിയുടെ മൂലാധാരത്തിന്റെ അതിദേവതയും സഹസ്രാരപദ്മത്തിലെ പരബ്രഹ്മചൈതന്യമായും ഒരേ സമയം തന്നെ ഗണിക്കുന്നത്.
ഗണപതി പ്രതിനിധാനം ചെയ്യുന്ന ഈ രണ്ടു തത്വങ്ങളും പ്രകടമാക്കുന്ന രണ്ടു ക്ഷേത്രങ്ങൾ തമിഴ്നാട്ടിലുണ്ട്. അഗസ്ത്യമഹർഷി സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്ന തിരുവാവൂരിലെ മൂലാധാരക്ഷേത്രം ഗണപതിയുടെ ഒരു പ്രധാന ക്ഷേത്രമാണ്. തിരുച്ചിയിൽ കുന്നിൻ മുകളിലുള്ള ഉച്ചിപ്പിള്ളയാർ സഹസ്രാരപദ്മത്തിലെ പരമാത്മചൈതന്യത്തിന്റെ പ്രതീകമാണ്.
No comments:
Post a Comment