ബൃഹദീശ്വരക്ഷേത്രം
ബൃഹദീശ്വരക്ഷേത്രമാണ് തഞ്ചാവൂരിലെ പ്രധാന ക്ഷേത്രം. സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം. ചോളരാജാവായിരുന്ന രാജരാജേശ്വര ചോളന് സ്വപ്നത്തില്‍ നിര്‍ദ്ദേശം ലഭിച്ചതിന്റെ ഫലമായിട്ടാണ് കാവേരീനദിയില്‍ നിന്ന് ഈ മൂര്‍ത്തിയെ ഇവിടെ കൊണ്ടുവന്നത്. സ്വപ്ന നിര്‍ദ്ദേശമനുസരിച്ചു തന്നെയാണ് നാനൂറു കിലോമീറ്റര്‍ അകലെ നിന്ന് നന്ദിവിഗ്രഹം ഇവിടെ കൊണ്ടു വന്നതും. ഇവിടത്തെ നന്ദീശ്വരന് പതിനാറടി നീളമുള്ളതും പതിമൂന്നടി പൊക്കമുള്ളതും ഏഴടി വണ്ണമുള്ളതുമാണ്. ഇത് ഒറ്റക്കല്ലില്‍ തീര്‍ത്തിട്ടുള്ള ബൃഹദ്വിഗ്രഹമാണ്. ഇതിന് നാലര ടണ്‍ ഭാരമുണ്ട്. ഇതേ രൂപത്തിലാണ് നാനൂറു കിലോമീറ്റര്‍ അകലെ നിന്നു ഈ വിഗ്രഹം കൊണ്ടു വന്നത്. ബൃഹദീശ്വരക്ഷേത്രത്തിന്റെ ഉപരിശിഖരത്തിന്റെ ഉയരം ഇരുനൂറടിയാണ്. ശിഖരത്തിലുള്ള സ്വര്‍ണ്ണകലശം വച്ചിരിക്കുന്ന കല്ല് ആയിരത്തിരുനൂറു മന്ന് ഭാരമുള്ള ഒറ്റക്കല്ലാണ്. ക്ഷേത്രത്തില്‍ ബൃഹത്തായ ബൃഹദീശ്വര ലിംഗമാണുള്ളത്. തെക്കുവശത്ത് ഗണപതിക്കും വടക്കുപടിഞ്ഞാറ് സുബ്രഹ്മണ്യനും ക്ഷേത്രങ്ങളുണ്ട്. വടക്കുകിഴക്ക് ചണ്ഡീക്ഷേത്രം കാണാം. നന്ദിമണ്ഡപത്തിന് വടക്ക് പാര്‍വ്വതിയുടെ പ്രത്യേകം ക്ഷേത്രം നില്ക്കുന്നു.
തഞ്ചാവൂരിലെ മറ്റൊരു തീര്‍ത്ഥം അമൃതവാപിയെന്ന തടാകമാണ്. അതിന്റെ തീരത്തായിരുന്നു പരാശരമഹര്‍ഷിയുടെ ആശ്രമം. പട്ടണത്തില്‍ വിഷ്ണുഭഗവാന്, ശ്രീരാജഗോപാലന്, ശ്രീരാമന്, നരസിംഹമൂര്‍ത്തി, കാമാക്ഷീദേവി ഇവരുടെ ക്ഷേത്രങ്ങളും കാണാവുന്നതാണ്.
തഞ്ചാവൂരിലെ സരസ്വതീ – ഭവനമെന്ന പുസ്തകശാല (ലൈബ്രറി) വളരെ പ്രസിദ്ധമാണ്. ഇതില്‍ ഇരുപത്തയ്യായിരം പ്രാചീനസംസ്കൃത പുസ്തകങ്ങളുണ്ട്. ഇതു പരാശരന്റെ വാസഭൂമിയായിരുന്നെന്നു പറഞ്ഞല്ലോ. അതിനും മുമ്പ് ഇതു തഞ്ച് എന്നു പേരുള്ള ഒരസുരന്റെ വിഹാരസ്ഥലമായിരുന്നു. ദേവാസുരയുദ്ധത്തില്‍ ഭഗവാന് തഞ്ചനെ വധിച്ചു. മരണാവസരത്തില്‍ അയാള്‍ വരം ചോദിച്ചു ഈ സ്ഥലം തന്റെ പേരിലറിയപ്പെടണമെന്ന്. അതിനാലാണ് ഈ സ്ഥലത്തിനു തഞ്ചാവൂരെന്നു പേരുണ്ടായത്. തമിഴിലുള്ള സ്ഥലപുരാണകഥ ഇങ്ങനെയാണ്.
തഞ്ചാവൂറില് മറ്റ് അനേകം ക്ഷേത്രങ്ങുളും ഉണ്ട്. തിരുവാഡിയിലെ പഞ്ചനദീശ്വരമെന്ന് ക്ഷേത്രമാണ് പ്രധാമായുള്ളത്. ഇതു സ്വയംഭൂലിംഗമായി വിശ്വസിച്ചുവരുന്നു. തഞ്ചാവൂര്‍ സ്റ്റേഷനില്‍ നിന്ന് പത്തുകിലോമീറ്റര്‍ അകലെ കാവേരി നദിയുടെഇടതുകരയില് ഉള്ള സ്ഥലമാണ് തിരുവാഡി. സൂര്യവംശരാജാവായ സുരഥന് ഈ ക്ഷേത്രം പണി കഴിപ്പിച്ചു. ഉള്ളില്‍ ധര്മ്മസംവര്ദ്ധിനീ ദേവി (പാര്‍വ്വതി)യുടെ ക്ഷേത്രമുണ്ട്. മഹാത്മാവായ ത്യാഗരാജന് സ്വജീവിതത്തിന്റെ അധികകാലവും ഇവിടെയാണു നയിച്ചത്. ഇവിടെ സൂര്യപുഷ്കരിണി, ഗംഗാതീര്‍ത്ഥം, അമൃതനാഡി അല്ലെങ്കില്‍ ചന്ദ്രപുഷ്കരിണി, പാലാന്ദ, നന്ദിതീര്ത്ഥം ഇങ്ങനെ അഞ്ചുപാവനമായ തീര്ത്ഥങ്ങള്കൂടി ഉള്ളതായി കരുതുന്നു. ഇവ നന്ദിയുടെ (നന്ദികേശ്വരന്റെ) അഭിഷേകത്തിന് ആവിര്ഭവിച്ചവയാണെന്നു പുരാണങ്ങള്‍ പറയുന്നു.
No comments:
Post a Comment