ശൂലിനീ ദേവി
ദുർഗ്ഗയുടെ ഒരു ഉഗ്രരൂപമാണ് ശൂലിനീദേവി. ഹിമാചൽപ്രദേശിൽ ദുർഗ്ഗാഭഗവതി ശൂലിനീരൂപത്തിൽ പ്രത്യക്ഷപ്പെട്ടു എന്നാണ് ഐതിഹ്യം. കിഴക്കെ ഇന്ത്യയില്‍ യുദ്ധദേവതയായിട്ടാണ് ശൂലിനി ആരാധിക്കപ്പെടുന്നത് . നരസിംഹത്തിന്റെ കോപം ശമിപ്പിക്കാൻ ശിവൻ ശരഭരൂപത്തിൽ അവതാരമെടുത്തപ്പോൾ ശരഭത്തിന്റെ ഒരു ചിറക് ശൂലിനിദേവി ആയിരുന്നു.
ശൂലിനിക്ക് കറുത്തനിറമാണ്. ആയുധങ്ങളോടുകൂടിയ എട്ട് കൈകൾ ഉണ്ട്. ദേവിയുടെ പ്രധാന ആയുധം ത്രിശൂലമാണ്. ഗദകൾ ധരിച്ച നാല് സേവകര്‍ ദേവിയുടെകൂടെ ഉണ്ട്.
ശത്രുജയത്തിനും ഐശ്വര്യപ്രാപ്തിക്കും വേണ്ടിയാണ് ശൂലിനിദേവിയെ ആരാധിക്കുന്നത്. പിതൃദോഷം ഉള്ളവര്‍ ശൂലിനിയെ ഉപാസിച്ചാൽ അവരുടെ ദോഷം നശിക്കും. ഭക്തസങ്കടങ്ങള് നശിപ്പിക്കുന്ന ഉഗ്രമൂർത്തിയാണ് ശൂലിനിദേവി. ഹിരണ്യകശിപുവിനെ വധിക്കുന്നതിന് വേണ്ടി മഹാവിഷ്ണു നരസിംഹരൂപം എടുത്തു. നരസിംഹരൂപിയായ വിഷ്ണു ഹിരണ്യകശിപുവിനെ കൊട്ടാരത്തിന്റെ പടികളിൽ കിടത്തി വധിച്ചു. അതിനുശേഷം ഹിരണ്യകശിപുവിന്റെ രക്തം കുടിക്കാൻ തുടങ്ങി. നരസിംഹത്തിന്റെ ക്രോധാവേശം എന്നിട്ടും അടങ്ങിയില്ല. നരസിംഹത്തിന്റെ ക്രോധം ശമിപ്പിക്കാൻ ദേവന്മാര് ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോൾ പരമശിവൻ സിംഹം, പക്ഷി, മനുഷ്യൻ എന്നീ രൂപങ്ങള്‍ കൂടിചേർന്ന ശരഭരൂപം കൈക്കൊണ്ടു. ശരഭത്തിന്റെ ഒരു ചിറക് ശൂലിനിയും മറ്റൊരു ചിറക് പ്രത്യംഗിരയും ആയിരുന്നു.
ശൂലിനീകല്പം, ശാരദാതിലകം തുടങ്ങിയ അനേകം തന്ത്രഗ്രന്ഥങ്ങളില് ശൂലിനി മന്ത്രസാധനയെകുറിച്ച് വിവരിച്ചിട്ടുണ്ട്. ശത്രുനാശത്തിന് ശൂലിനീഹോമം ചെയ്യുന്നത് വളരെ ഫലപ്രദമാണ്.
No comments:
Post a Comment