വിദ്യയുടെ ദേവത
അക്ഷരങ്ങൾ കൊണ്ടൊരു മഹാക്ഷേത്രം. അതിനുള്ളിൽ കടഞ്ഞെടുത്ത മൗനത്തിന്റെ തിടമ്പ്. അറിവും അക്ഷരവും ആയുധവും ആ പൂജാവിഗ്രഹത്തിൽ സങ്കല്പിക്കുന്നു.
അറിവ് നമുക്ക് പർവ്വതമാകുന്നു.
കുടജാദ്രി. അറിവ് നമുക്ക് പ്രവാഹമാകുന്നു. സൗപർണിക. രാത്രികൾക്ക് അക്ഷരനക്ഷത്രങ്ങൾ ഒളി പകരുമ്പോൾ നവരാത്രിയാകുന്നു.
അറിവ് ആയുധമായി സങ്കല്പിച്ച് ദുർഗാഷ്ടമി. രാത്രികളെ ഗ്രസിച്ചിരുന്ന ഇരുളകലുമ്പോൾ വിദ്യാരംഭത്തിന്റെ വിജയദശമി.
വിദ്യയുടെ ദേവതയെ ഇപ്രകാരം ആരാധിക്കുന്ന ഒരുത്സവം ഒരുപക്ഷേ ലോകത്തൊരിടത്തും കാണില്ല. ജ്ഞാനവിജ്ഞാനങ്ങളുടെ അധിദേവതാണ് സരസ്വതി. ദേവി ഇരിക്കുന്നതാകട്ടെ ലോലമായ വെള്ളത്താമരയിലും. എന്നിട്ടും ജലനിരപ്പ് നിശ്ചലമാണ്. മുല്ലപ്പൂവ്, ചന്ദ്രൻ, മഞ്ഞ്, മുത്തുമാല എന്നിവപോലെ വെൺമയാർന്ന ദേവതയാണ് സരസ്വതി. സദാ വീണ വായിച്ചുകൊണ്ടിരിക്കുന്നു. ത്രിമൂർത്തികളായ ബ്രഹ്മാവ് വിഷ്ണു, മഹേശ്വരൻ എന്നിവർ ദേവിയെ പൂജിച്ചുകൊണ്ടിരിക്കുന്നു.
സരസ്വതിയെപ്പറ്റിയുള്ള വർണ്ണനകൾ അക്ഷരങ്ങൾക്കും ചേരുന്നവയാണ്. ഋഷിമാർ അക്ഷരരൂപിണിയും നാദരൂപിണിയുമായ ദേവിയെ വർണ്ണിക്കുങ്കോൾ പലപ്പോഴും വാചാലരാകുന്നു. അരയന്നത്തിന്റെ പുറത്തിരിക്കുന്നവളും ശിവന്റെ ശരീരത്തിലെ ഭസ്മം, മുത്തുമാല, ചന്ദ്രൻ, മുല്ലപ്പൂവ് എന്നിവയുടെ നിറത്തിലുള്ള ശരീരശോഭയോടു കൂടിയവളും മന്ദസ്മിതം തൂകുന്ന മുഖത്തോടുകൂടിയവളും ശിരസിൽ ചന്ദ്രക്കലയെ വഹിക്കുന്നവളും പുസ്തകം, വീണ, അമൃതകുംഭം, രുദ്രാക്ഷമാല എന്നിവ നാലു കൈകളിലും ധരിച്ചിരിക്കുന്നവളുമായ സരസ്വതി ആശ്രയിക്കുന്ന ഭക്തരുടെ സകല അഭീഷ്ടങ്ങളും സാധിച്ചുകൊടുക്കുന്നു. ദേവിയുടെ കൈകളിൽ ജപവടിയും രണ്ടു താമരപ്പൂക്കളും പുസ്തകവുമുണ്ട്. നെറ്റിയിൽ മൂന്നാംകണ്ണുണ്ട്. തടിച്ചുയർന്ന സ്തനങ്ങൾ സംഗീതവും സാഹിത്യവുമാണ് വാഗ്ദേവതയാണെങ്കിലും സർവ്വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്നു.
പാശവും അങ്കുശവും വീണയും പുസ്തകവും ധരിച്ചു സന്തുഷ്ടയായി വിളങ്ങുന്ന സരസ്വതി ദേവി തന്റെ നാവിൽ വസിക്കട്ടെ എന്നാണ് കവികൾ പ്രാർത്ഥിക്കുന്നത്.
ഇരിക്കുന്ന കൊമ്പു മുറിക്കാൻ മാത്രം മന്ദബുദ്ധിയായ ആട്ടിടയനെ വിശ്വമഹാകവിയായ കാളിദാസനാക്കിയതും ദേവീകടാക്ഷമാണ്. ദുഷ്ടന്മാർ വരം ചോദിക്കാനൊരുങ്ങവേ നാവിൽ കുടികൊണ്ട് ലോകഗതിവിഗതികളെ മാറ്റിമറിക്കുന്നതും സരസ്വതി തന്നെയാണ്. ദേവിയുടെ ഹസ്തങ്ങൾ വരദാദയ മുദ്രകളാണ്. ഒരേസമയം വരം നൽകുകയും അഭയം നൽകുകയും ചെയ്യുന്നു.
നാദരൂപിണിയായിരിക്കുമ്പോഴും ദേവി മൂകാംബികയാണ്.
No comments:
Post a Comment