മരണാനന്തരം ബലിയിടുന്നതെന്തിന്?
മരിച്ച വ്യക്തിയെ ഉദ്ദേശിച്ചു ചെയ്യുന്ന കർമമാണ് ബലി അഥവാ ശ്രാദ്ധം. ഒരാൾ മരിച്ചാൽ മൃതദേഹം കിടത്തുന്നതിനും ചിട്ടയുണ്ട്. നിലത്തു പുൽപ്പായ വിരിച്ചു ദർഭ നിരത്തി അതിനു പുറത്തു വേണം കിടത്താൻ. നല്ലെണ്ണയൊഴിച്ചു കത്തിച്ച നിലവിളക്ക് തലയ്ക്കൽ വയ്ക്കണം. തെക്കോട്ടു തലവച്ചു വേണം മൃതദേഹം കിടത്താൻ. വായ്ക്കരി ഇടുംമുൻപ് മൃതദേഹത്തെ കുളിപ്പിച്ചിരിക്കണം. ആദ്യം ശുദ്ധജലംകൊണ്ടും പിന്നീട് ഗംഗാതീർഥം കിട്ടുമെങ്കിൽ അതുകൊണ്ടും ശുദ്ധി ചെയ്ത് ശുദ്ധമായ വസ്ത്രങ്ങളും ഭസ്മം, ചന്ദനം എന്നിവയും ധരിപ്പിച്ച്, പൂമാല ചാർത്തിച്ചു കിടത്തണം. കിഴക്കുദിക്കിന് അഭിമുഖമായി നിലവിളക്ക് കത്തിച്ചു വയ്ക്കണം.
സംസ്കരിക്കുന്ന സമയത്താണു പിതൃകർമങ്ങൾ നടത്തേണ്ടത്. ഇതിനെ അന്ത്യയാഗം എന്നു പറയുന്നു. അഗ്നികുണ്ഡത്തിൽ മൃതശരീരം വയ്ക്കുന്നത് വേദമന്ത്രോച്ചാരണങ്ങളോടെ ആയിരിക്കണം. സന്ധ്യയ്ക്കു മുമ്പു സംസ്കരിക്കുന്നതാണ് ഉത്തമം. അപ്പോൾതന്നെ ബലികർമങ്ങൾ തുടങ്ങണം. സന്ധ്യയ്ക്കു ശേഷമാണെങ്കിൽ പിറ്റേദിവസം മുതൽ ബലികർമം തുടങ്ങണം. 16 ദിവസം നിത്യബലി നടത്തണം. മക്കളില്ലാത്ത ദമ്പതികൾക്ക് ഗരുഢപുരാണപ്രകാരം കർമം ചെയ്യാമെന്ന് കാണുന്നുണ്ട്. മരണത്തിന്റെ 41–ാം ദിവസമാണ് അസ്ഥിനിമജ്ജനമെന്ന ചടങ്ങും ശ്രാദ്ധകർമങ്ങളും നടത്തേണ്ടത്. ഒരു വര്ഷം വരെ മാസബലി ഇടേണ്ടതാണ്. നക്ഷത്രമോ തിഥിയോ നോക്കി ഇതു ചെയ്യാം. വാർഷിക ശ്രാദ്ധദിവസം വിപുലമായ ബലി നടത്താം. മരിച്ചയാളിന്റെ ആത്മാവ് ഒരു വർഷം വരെ ഗൃഹാന്തരീക്ഷത്തിൽത്തന്നെ ഉണ്ടാവുകയും ഒരു വർഷം തികയുന്ന ദിവസം ശ്രാദ്ധത്തിലൂടെ വിഷ്ണു പാദത്തിലേക്കോ പിതൃലോകത്തിലേക്കോ എത്തിച്ചേരുകയും ചെയ്യും. ഇങ്ങനെ ഒരു വ്യാഴവട്ടക്കാലം- 12 വർഷം- ചെയ്തശേഷം ഒരു നാരായണബലി നടത്തി ആത്മാവിനു മോക്ഷം നൽകണം.
അപമൃത്യുവിന് നാരായണബലി
എല്ലാ മരണങ്ങൾക്കും നാരായണബലി നടത്തേണ്ടതാണ്. പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള പിതൃദോഷ പരിഹാരത്തിൽ പ്രധാനമാണ് നാരായണബലി. പക്ഷേ ബ്രാഹ്മണർ മാത്രമേ ഈ ബലി നടത്താറുള്ളൂ. മറ്റുള്ളവർക്ക് നടത്താറില്ല. ഇതു നടത്തുന്ന ചില ബ്രാഹ്മണർ തിരുവനന്തപുരത്തുണ്ട്. 21 തലമുറയുടെ അംശമാണ് ഒരു മനുഷ്യശരീരം. നാരായണബലി നടത്തിയാൽ അവർക്കെല്ലാം മോക്ഷപ്രാപ്തി ലഭിക്കും. ഇതിനു പുറമെ 21 തലമുറയുടെ ഗുരുനാഥന്മാരെയും ആവാഹിച്ചു നാരായണബലി നടത്തുന്നു. അപമൃത്യുവിനിരയായവർക്കു വേണ്ടിയാണ് പലപ്പോഴും നാരായണബലി നടത്തുന്നത്.
വിഷ്ണുവിനു പ്രാധാന്യം
മരിച്ച ആത്മാവിനു മോക്ഷം നൽകേണ്ടത് വിഷ്ണുവാണ്. അതുകൊണ്ട് വിഷ്ണുവിന്റെ പ്രധാന ക്ഷേത്രങ്ങളിൽ ബലിയിടുന്നതാണ് ഉത്തമം. ഇന്നു പല ക്ഷേത്രങ്ങളിലും ബലി ആചരിക്കുന്നുണ്ട്. അതായത് മനുഷ്യശരീരത്തിൽ 10 പ്രാണനുണ്ട്. ഇവയ്ക്കോരോന്നിനും ഓരോ കർമവുമുണ്ട്. ഇവ ഒരുമിക്കുമ്പോഴാണ് മനുഷ്യൻ ജീവിക്കുന്നത്. അവയിൽ പ്രധാനമായ പഞ്ചപ്രാണൻ (പ്രാണ, അപാന, ഉദാന, സമാന, വ്യാന) ചേർന്നതാണ് സൂക്ഷ്മശരീരം. ശരീരം മരിക്കുമ്പോൾ ജീവൻ സ്ഥൂല ശരീരത്തെവിട്ട് സൂക്ഷ്മ ശരീരമവലംബിച്ച് പ്രേതാവസ്ഥയെ പ്രാപിക്കുന്നു. ആ അവസ്ഥയിൽ ജീവന് സ്ഥൂല ശരീരമില്ലെങ്കിലും ഗൃഹാദികളിലും ബന്ധുജനങ്ങളിലും മറ്റുമുള്ള കർമബന്ധങ്ങൾ വിട്ടൊഴിയുന്നില്ല എന്നാണ് സങ്കൽപം. അവരുടെ കർമവാസനകളും നിലനിൽക്കുന്നു.
അപ്പോൾ ജീവിച്ചിരിക്കുന്നവരിൽനിന്ന് ആത്മാക്കൾ പലതും പ്രതീക്ഷിക്കുന്നു. സൂക്ഷ്മശരീരമാകയാൽ അതിനു സ്ഥൂലശരീരികളുടെ മേൽ നിഗ്രഹാനുഗ്രഹ ശക്തിയുണ്ട്. മരിച്ചവന്റെ ശരീരം കർമം ചെയ്യുന്നവരുടെ കർമത്തെ ആശ്രയിച്ചു ചലിക്കുന്നെന്നാണ് പ്രമാണം. കർമാധികാരികളായ പിൻമുറക്കാർ യഥാവിധി ചെയ്യുന്ന കർമങ്ങൾ കൊണ്ടാണ് ആത്മാക്കൾക്കു മേൽഗതി ഉണ്ടാകുന്നത്. മരിച്ചുപോയ പിതൃക്കൾക്ക് അവരുടെ പുണ്യമനുസരിച്ച് നിഗ്രഹാനുഗ്രഹ ശക്തിയുണ്ടെങ്കിലും സ്വയം കർമം ചെയ്യാനുള്ള സ്ഥൂലശരീരമില്ല. അതിനാൽ അവരുടെ ജീവകലകൾ വഹിക്കുന്ന ആത്മസ്വരൂപികളായ മക്കൾ സുകൃതകർമങ്ങൾ ചെയ്ത് അവരിലേക്ക് എത്തിക്കുന്നു.
മനുഷ്യശരീരത്തിൽനിന്ന് ഒൻപതു പ്രാണൻ വിട്ടു പോകുമ്പോഴാണ് മരണമുണ്ടാകുന്നത്. ബാക്കിയുള്ള ഒരു പ്രാണൻ- ധനജ്ഞയനെന്നു പേരുള്ളത്- ശരീരം വിട്ടു പോകുന്നില്ല. അതിനെ ബഹുമാനിച്ചു കൊണ്ടാണ് നമ്മൾ മരിച്ച ശരീരത്തെ ദഹിപ്പിക്കുന്നത്. ശരീരം ദഹിക്കുമ്പോൾ പൊക്കിൾ കൊടിയിലൂടെ പുറത്തുകടക്കുന്ന പ്രാണൻ അന്തരീക്ഷത്തിൽത്തന്നെ നിൽക്കും. ഈ പ്രാണൻ ചെയ്ത നന്മയും തിന്മയും അന്തരീക്ഷത്തിലുണ്ടാവും. ഇതാണ് ആത്മാവിന്റെ സാമീപ്യമായി അനുഭവപ്പെടുന്നത്.
മരണാനന്തര കർമങ്ങള് ചിട്ടയോടെ ചെയ്ത് നാരായണബലി നടത്തി ഈ പ്രാണനെ വിഷ്ണുവിൽ ലയിപ്പിക്കുന്നു. ഈ ക്രിയ ചെയ്തില്ലെങ്കിൽ പരേതാത്മാക്കൾ കോപാകുലരാകുകയും പൈശാചിക ഭാവത്തിലായി ജീവിച്ചിരിക്കുന്നവരെ ശല്യം ചെയ്യുകയും ചെയ്യും. ഇത് സന്താനപരമ്പരകളെ ബാധിക്കുന്നു. കുടുംബത്തിൽ സന്താനമില്ലാത്ത അവസ്ഥ, സന്താനത്തിന് മനോവൈകല്യവും മഹാരോഗങ്ങളും, കുടുംബഐശ്വര്യക്ഷയം തുടങ്ങിയവ സംഭവിക്കാം. വിഷ്ണുവാണ് ആത്മാവിനു മോക്ഷപ്രാപ്തി നൽകേണ്ടത്. അതിനാൽ വിഷ്ണുവിനു കൂടുതൽ പ്രാധാന്യം നൽകുന്നു.
പിതൃദോഷത്തിനു കാരണം?
ദോഷങ്ങളിൽ ഏറ്റവും വലുത് പിതൃദോഷമാണ്. പ്രശ്നമാർഗ്ഗം 17–ാം അധ്യായം അനുസരിച്ച് വിവാഹത്തിന്റെ മുഖ്യഉദ്ദേശ്യം തന്നെ സന്താനോൽപാദനമാണ്. സന്താനത്തിൽകൂടി മാത്രമേ പിതൃപ്രീതി സാധ്യമാകൂ. തിലഹവനാദികൾ പിതൃപ്രീതികരമാണ്. അതു ചെയ്യേണ്ടത് സന്താനമാണ്. പിതൃപ്രീതി നേടിയില്ലെങ്കിൽ പിതൃദോഷം സംഭവിക്കും.
മാതാപിതാക്കളെ ശരിയായി സംരക്ഷിക്കാതിരിക്കുക, അവരെ ആദരിക്കാതിരിക്കുക, ക്രൂരമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുക. മറ്റുള്ളവരുടെ വാക്കുകൾ കേട്ട് രക്ഷിതാക്കളെ ശ്രദ്ധിക്കാതിരിക്കുക, രക്ഷിതാക്കളെ തള്ളിപ്പറയുക തുടങ്ങിയവ പിതൃദോഷം വരുത്തും. ജാതകര് ചെയ്യുന്ന മോശംപ്രവൃത്തികൾ മൂലം പരേതാത്മാക്കൾക്കു ശാന്തി ലഭിക്കാതെ വരും. പരേതാത്മാക്കളെ സാക്ഷി നിർത്തി സ്വത്തുതർക്കം നടത്തുന്നതും പിതൃദോഷത്തിനു കാരണമാകും. ആഗ്രഹപൂർത്തീകരണം സാധിക്കാതെ മരിക്കുന്നതും ജീവിച്ചിരിക്കുന്നവരുടെ ദ്രോഹം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യുന്നതും വലിയതരം പിതൃദോഷമുണ്ടാക്കും. പണച്ചെലവ് ഒഴിവാക്കാൻ പരേതാത്മാവിന് ശ്രാദ്ധം നടത്താതിരിക്കുന്നതും പിതൃദോഷത്തിനു കാരണമാകും.
ഉറ്റബന്ധുക്കൾ മാത്രമല്ല അധ്യാപകർ, സുഹൃത്തുക്കൾ, ഉപദേശകർ, മാതൃകാപുരുഷന്മാർ എന്നിങ്ങനെ നമ്മുടെ വളർച്ചയ്ക്കും ഉന്നതിക്കും സഹായിച്ചവരെല്ലാം പിതൃക്കളായി കണക്കാക്കണം. ഇവരോടുള്ള ബഹുമാനവും കടപ്പാടും നിലനിർത്തുന്ന പ്രവൃത്തികളും സൽക്കർമങ്ങളും ചെയ്യാതിരുന്നാൽ പിതൃദോഷം ഉണ്ടാകും. ആത്മാവിനു ശാന്തി ലഭിക്കാതെ വരുമ്പോഴാണ് പിതൃദോഷം ഉണ്ടാകുന്നത്.
മരണാനന്തര ചടങ്ങിൽ കാക്കയുടെ പ്രാധാന്യം?
പുരാണ കഥയനുസരിച്ച് ബ്രഹ്മാവിൽനിന്നു വരം കിട്ടിയ മഹിരാവണൻ എന്ന അസുരൻ യമധർമനെ ആക്രമിച്ചു. അസുരനെ തോൽപിക്കാനാവാതെ യമധർമൻ ഒരു കാക്കയുടെ രൂപത്തിൽ രക്ഷപ്പെട്ടു. അങ്ങനെ, തന്നെ രക്ഷിച്ച കാക്കയ്ക്ക് ബലികർമത്തിൽ പ്രാധാന്യം കൊടുത്ത് യമധർമൻ പ്രത്യുപകാരം ചെയ്തു. അന്നുമുതലാണ് ബലിച്ചോറ് കാക്ക കഴിച്ചാൽ പിതൃക്കൾ തൃപ്തരായതായി കരുതുന്നത്. പിതൃക്കളെന്ന സങ്കൽപത്തിലാണ് കാക്കയ്ക്കു ശ്രാദ്ധത്തിൽ പ്രസക്തി. ബലിച്ചോറ് കാക്കയെടുക്കാത്ത പക്ഷം ഒഴുക്കുവെള്ളത്തിൽ ഒഴുക്കാം.
എള്ളിന്റെ പ്രാധാന്യം?
കാക്കയ്ക്കും എള്ളിനും നിറം കറുപ്പാണ്. ഇത് ഇരുട്ടിന്റെ പ്രതീകമാണ്. ഇരുട്ടിൽനിന്ന് വെളിച്ചമാകുന്ന പുനർജന്മത്തിലേക്കുള്ള യാത്രയാണ് ഇതു സൂചിപ്പിക്കുന്നത്. എള്ള് വെള്ളത്തിൽ നൽകിയാല് പിതൃക്കൾക്കും അഗ്നിയിൽ ദേവതകൾക്കും തൃപ്തിയടയും, ഇതിൽ അടങ്ങിയിരിക്കുന്ന എണ്ണ പ്രാണനാണ്. മനസ്സാ വാചാ കർമണാ ചെയ്യുന്ന സർവപാപങ്ങളും നശിപ്പിക്കാൻ എള്ളിനു കഴിയും. കറുത്ത എള്ളാണ് പിതൃകർമത്തിനുത്തമം.
ദർഭയുടെ പ്രാധാന്യം?
സൃഷ്ടി, സ്ഥിതി, സംഹാര മൂർത്തികൾ ദർഭയിൽ കുടികൊള്ളുന്നു. മൂലഭാഗത്തു ബ്രഹ്മാവും മധ്യത്തിൽ വിഷ്ണുവും തുമ്പിൽ പരമശിവനും കുടികൊള്ളുന്നു. മൂന്നു ദർഭ കൂട്ടിക്കെട്ടുന്നതിനു വളരെ പ്രാധാന്യമുണ്ട്. സൂര്യമണ്ഡലം, സേവാമണ്ഡലം, അഗ്നിമണ്ഡലം എന്നിവയുടെ ചേർച്ചയാണത്. ത്രിമൂർത്തി സാന്നിധ്യം ഉള്ളതുകൊണ്ട് ഇത് ഒരിക്കലും അശുദ്ധമാകുകയില്ല.
പവിത്രത്തിന്റെ പ്രാധാന്യം?
ദർഭ കൊണ്ടുള്ള മോതിരമാണ് പവിത്രം. ഇതു ധരിക്കുന്നതുകൊണ്ട് ആയുസ്സ്, ശക്തി, ഈശ്വരാധീനം, സമൃദ്ധി എന്നിവ ലഭിക്കുന്നു.
കൂർച്ചമെന്നാലെന്ത്?
മൂന്നു ദർഭ കൂട്ടികെട്ടുന്നതാണ് കൂർച്ചം. ഇവ ഓരോന്നും സൂര്യമണ്ഡലം, സേവാമണ്ഡലം, അഗ്നിമണ്ഡലം എന്ന് കൽപിച്ചിരിക്കുന്നു.
ബലിയുടെ വ്രതനിഷ്ഠ?
തലേന്ന് ഒരിക്കൽ ഇരിക്കണം. ഒരുനേരം ഭക്ഷണം. രാത്രി ഭക്ഷണം പാടില്ല. പഴവർഗങ്ങൾ കഴിക്കാം. ലഹരി പാടില്ല. ബ്രഹ്മചര്യം പാലിക്കണം. പുറത്തുനിന്ന് ആഹാരം പാടില്ല. അശുദ്ധിയുള്ളവരെ സ്പർശിക്കരുത്. പകലുറക്കം പാടില്ല. ബലിയിട്ട ശേഷമേ ക്ഷേത്രദർശനം പാടുള്ളൂ.
പിതൃകടം മുടക്കരുത് എന്നു പറയുന്നതെന്തുകൊണ്ട്?
വെളുത്തവാവിന്റെ പിറ്റേദിവസം മുതൽ കറുത്തവാവു വരെയുള്ള ദിവസം പിതൃക്കളാണ് നമ്മെ നോക്കുന്നത്. അതുകൊണ്ട് എല്ലാ മാസവും കറുത്തവാവിന് അഞ്ചു ദിവസം മുൻപു മുതൽ പിതൃപ്രീതികരമായ കാര്യങ്ങൾ ചെയ്യേണ്ടതാണ്. ദേവകർമത്തെക്കാൾ ശ്രദ്ധാപൂർവം പിതൃകർമം ചെയ്യണം. കർക്കടകമാസത്തിലെ കറുത്തവാവില് ചന്ദ്രൻ സ്വക്ഷേത്രമായ കർക്കടകമാസത്തിൽ സൂര്യനോടൊത്ത് ഒരേ അക്ഷാംശത്തിലും രേഖാംശത്തിലുമാണെന്ന സവിശേഷത ഉണ്ട്. ദക്ഷിണായനം തുടങ്ങുന്നതും ഒരു ചാന്ദ്രമാസത്തിൽ 28 ദിവസമുണ്ട്. വെളുത്തപക്ഷം പിതൃക്കൾക്ക് രാത്രിയും കറുത്തപക്ഷം പകലുമാണ്. മനുഷ്യന്റെ മരണാനന്തര ഗതി ചന്ദ്രലോകത്തേക്കാണെന്ന് ഉപനിഷത്തുകൾ വ്യക്തമാക്കുന്നു.
ചന്ദ്രന്റെ, ഭൂമിക്ക് അഭിമുഖമല്ലാത്ത ഭാഗത്താണ് പിതൃവാസം. അമാവാസി ദിവസം ചന്ദ്രൻ ഭൂമിയുടെയും സൂര്യന്റെയും ഇടയിലാണല്ലോ. അപ്പോൾ പിതൃക്കൾ സൂര്യരശ്മിയേറ്റു നിർവൃതിയടയുന്നു എന്നു കൂർമ്മപുരാണം പറയുന്നു. പിതൃക്കളുടെ മധ്യാഹ്നം നമ്മുടെ അമാവാസിയിലായതിനാൽ ഇവർക്കു നൽകുന്ന ബലിയും മറ്റും ദേവസാന്നിദ്ധ്യത്തെ സന്തുഷ്ടമാക്കുന്ന ദിവസമാണ് അമാവാസികൾ, പ്രത്യേകിച്ച് കർക്കടക അമാവാസി. മേടം കഴിഞ്ഞ് നാലാം മാസമാണ്. കർക്കടകം, കലിയുഗരാശിയുമാണ്. കേരളത്തിൽ ബലിക്ക് പ്രാധാന്യമുള്ള ക്ഷേത്രങ്ങൾ വയനാട്ടിലെ തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം, മലപ്പുറം നാവാമുകുന്ദക്ഷേത്രം, ആലുവ മണപ്പുറം ശിവക്ഷേത്രം, ചേലാമറ്റം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം, തിരുവല്ലം പരശുരാമക്ഷേത്രം (തിരുവനന്തപുരം) എന്നിവയാണ്.
ത്രിമൂർത്തി സാന്നിധ്യവും വേദവ്യാസപ്രതിഷ്ഠയുമുള്ള ക്ഷേത്രമാണ് തിരുവല്ലം. ഇവിടെ ക്ഷേത്രത്തിനുള്ളിൽത്തന്നെയാണ് ബലിയിടുന്നത്. തിലഹോമം നടത്തുന്നതും ക്ഷേത്രത്തിനുള്ളിൽത്തന്നെയാണ്. വർഷത്തിൽ എല്ലാ ദിവസവും ഇവിടെ ബലിയിടൽ നടക്കുന്നുണ്ട്. പത്മനാഭസ്വാമിയോടൊപ്പം ശംഖുമുഖത്ത് ആറാട്ടിനു പോകുന്നു എന്ന പ്രത്യേകതയും തിരുവല്ലത്തെ പരശുരാമനുണ്ട്.
No comments:
Post a Comment