ഉപനിഷത്തുകള്‍
ആര്ഷഭാരതവിജ്ഞാനശാഖയുടെ അടിസ്ഥാന ശിലകളാണ് ഉപനിഷത്തുകള്‍. ലോകവൈജ്ഞാനികശാഖയുടെ ചൂഡാമണികളുമാണവ. മാനവരാശിക്ക് കണ്ടെത്താനാവുന്ന ഏറ്റവും ഉന്നതിയുടെ ദര്‍ശനങ്ങളാണ്.
ഇന്ത്യന്‍ ഫിലോസഫിയെന്ന് ലോകോത്തരമായും വേദാന്ത ദര്‍ശനമെന്ന് ഭാരതിയരും പരിഗണിച്ചുവരുന്ന ഈ ജ്ഞാനപേടകങ്ങളുടെ ഉത്ഭവം വേദങ്ങളാണ്. അതുകൊണ്ടുതന്നെ അവയെ വേദാന്തമെന്നു പറയുന്നു. ഉപ-നി- സത് എന്നീ മൂന്നു പദങ്ങള്‍ കൂടിച്ചേര്‍ന്നതാണ് ഉപനിഷത്തെന്ന വാക്യം. സത് എന്നാല്‍ ശാശ്വതമായ ബ്രഹ്മം. ഉപനിഷത് എന്ന വാക്കിന്റെ അര്‍ത്ഥം ബ്രഹ്മസ്വരൂപത്തോട് ഏറ്റവും അടുത്തുനില്ക്കുന്നതെന്നാണ്. മനുഷ്യനെ ബ്രഹ്മത്തോട് അടുപ്പിക്കുന്ന അതിപാവനവും എന്നാല്‍ ഗുഹ്യവുമായ വിജ്ഞാനമാണ് ഉപനിഷത്തുകളില്‍ ഗര്ഭിതമായിരിക്കുന്നത്.
വേദങ്ങളുടെ അവസാനഭാഗമായ ഉപനിഷത്തുകളെ മുന്‍നിര്‍ത്തി സ്വതന്ത്രമായ അനേകം ഉപനിഷത്തുകള്‍ വേറെയും ദര്‍ശിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ ആയിരത്തിലധികം ഉപനിഷത്തുകള്‍ ഉണ്ടായിരുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇന്ന് അവ ലഭ്യമല്ല. എന്നിരുന്നാലും മലയാളഭാഷയില്പോലും നൂറിലധികം ഉപനിഷത്തുകള്‍ വ്യാഖ്യനം നിര്‍വഹിക്കപ്പെട്ട് പ്രസിദ്ധീകൃതങ്ങളായിട്ടുണ്ട്.
വളരെ പ്രധാനപ്പെട്ടതെന്ന് പണ്ഡിതലോകം അംഗീകരിച്ചിരിക്കുന്ന ഉപനിഷത്തുകള്‍ പത്തെണ്ണമാണ്. അവ-
ഈശ കേന കഠ പ്രശ്ന
മുണ്ഡ മാണ്ഡൂക്യ തിത്തരീ
ഐതരേയോപി ഛാന്ദോഗ്യം
ബൃഹദാരണ്യകമുച്യതേ.
ഈശാവാസ്യം, കേനം, കഠം, പ്രശ്നം, മുണ്ഡം, മാണ്ഡൂക്യം, തൈത്തരീയം, ഐതരേയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം എന്നിവകളാണവ.
ഋഗ്വേദത്തില്‍ നിന്ന് ഐതരേയോപനിഷത്തും, കൃഷ്ണ ജുര്വേദത്തില്നിന്ന് ബൃഹദാരണ്യകം, ഈശാവാസ്യം എന്നിവയും ശുക്ലയജുര്വേദത്തില്നിന്ന് കഠം, തൈത്തരീയം എന്നീ ഉപനിഷത്തുകളും, സാമവേദത്തില്‍നിന്ന് ഛാന്ദോഗ്യം, കേനം എന്നിവയും, അഥര്‍വവേദത്തില്‍നിന്ന് മുണ്ഡം, മാണ്ഡൂക്യം, പ്രശ്നം എന്നീ ഉപനിഷത്തുകളും നമുക്കു ലഭിച്ചു.
ബൃഹദാരണ്യകോപനിഷത്തില്‍ ‘അഹം ബ്രഹ്മാസ്മി’ എന്നും ഛാന്ദോഗ്യോപനിഷത്തില്‍ ‘തത്ത്വമസി’ എന്നും ഐതരേയോപനിഷത്തില്‍ ‘പ്രജ്ഞാനം ബ്രഹ്മ’ എന്നും മാണ്ഡൂക്യോപനിഷത്തില്‍ ‘അയം ആത്മാ ബ്രഹ്മ’ എന്നും മുണ്ഡകോപനിഷത്തില്‍ ‘വേദം വിശ്വം ഇദം വരിഷ്ടം’ എന്നും തൈത്തിരീയോപനിഷത്തില്‍ ‘വിദ്യയാ അമൃതമശ്നുതേ’എന്നുമുള്ള മഹാവാക്യങ്ങള്‍ കാണപ്പെടുന്നു. ഏതൊരു മനുഷ്യരാശിയും പ്രത്യാശിക്കുന്ന ആത്മശാന്തി സത്യവും ശിവവും നിര്‍മ്മലവുമായ ഉപനിഷത്തുകള്‍ പ്രദാനം ചെയ്യുന്നുവെന്നതാണ് ഉപനിഷത്തുകളുടെ മഹത്വം.
ഉപനിഷത്തുകൾ ആത്മാവിന്റെ മഹത്വത്തെ പ്രഘോഷണം ചെയ്യുന്നു..ഓരോ വ്യക്തിയോടും അവനിലുളള ചൈതന്യസത്തയെ ചൂണ്ടിക്കാട്ടുന്നു..
ReplyDelete