നകുലൻ
പാണ്ഡുവിന്റെയും മാദ്രിയുടേയും പുത്രനാണ് നകുലൻ. പഞ്ച പാണ്ഡവരിൽ ഏറ്റവും ഇളയവരിൽ ഒരാൾ. നകുലനും ഇരട്ട സഹോദരനായ സഹദേവനും മാദ്രിക്ക് അശ്വിനീ ദേവന്മാരിൽ ജനിച്ചവരാണ്. നകുലനും സഹദേവനും പശുക്കളേയും കുതിരകളേയും പരിപാലിക്കുന്നതിൽ പ്രത്യേക കഴിവുള്ളരാണ്. വളരെ ആകർഷണീയനായാണ് നകുലനെ വിവരിക്കുന്നത്. ആരെയും ആകർഷിക്കുന്ന സൗന്ദര്യത്തിന് ഉടമയായിരുന്നു നകുലൻ. 'മഹാപ്രസ്ഥാന'ത്തിൽ യുധിഷ്ഠിരനെ അനുഗമിച്ച നകുലൻ പഞ്ചാലിക്കും സഹദേവനും ശേഷം സ്വർഗപ്രാപ്തനായി എന്നാണു കഥ.
ഉപനയനം നടത്തിയത് കശ്യപ മുനിയായിരുന്നു. ചെറുപ്പത്തിൽ അസ്ത്രവിദ്യ അഭ്യസിപ്പിച്ചത് രാജർഷിയായ ശുകനാണ്. പാണ്ഡു അന്തരിച്ചപ്പോൾ മക്കളെ കുന്തിയുടെ സംരക്ഷണയിലാക്കിയിട്ട് മാദ്രി പാണ്ഡുവിന്റെ ചിതയിൽ ചാടി മരിച്ചു. പിന്നീട് ഹസ്തിനപുരത്തിലെത്തിയ ആ കുടുംബം ഭീഷ്മാചാര്യരുടെയും ധൃതരാഷ്ട്രരുടെയും സംരക്ഷണയിൽ അവിടെ നിവസിച്ചു. പാണ്ഡവരും കൗരവരും ധനുർവേദം ദ്രോണാചാര്യരിൽനിന്ന് അഭ്യസിച്ചു. യുദ്ധവൈദഗ്ദ്ധ്യംമൂലം നകുലൻ അതിരഥി എന്ന പേരിൽക്കൂടി അറിയപ്പെട്ടു. അരക്കില്ലം വെന്തപ്പോൾ ഗുഹയിലൂടെ രക്ഷപെട്ട പാണ്ഡവർ ഗംഗാതീരത്തെത്തിയപ്പോൾ തളർന്നുവീണുപോയ നകുലനെയും സഹദേവനെയും ഭീമൻ തോളിലേറ്റിക്കൊണ്ടാണ് പിന്നീട് മുന്നോട്ടുനീങ്ങിയത്. പാഞ്ചാലീ സ്വയംവരത്തിനുശേഷം പാണ്ഡവർ ഹസ്തിനപുരം ആസ്ഥാനമാക്കി നിവസിക്കുകയും പാഞ്ചാലിയിൽ നകുലന് ശതാനീകൻ എന്നൊരു പുത്രനുണ്ടാവുകയും ചെയ്തു (മഹാഭാരതം ആദിപർവം). പില്ക്കാലത്ത് വിവാഹംചെയ്ത ചേദിരാജപുത്രിയായ കരേണുമതിയിൽ നകുലന് നരമിത്രൻ എന്നൊരു പുത്രൻകൂടി ജനിച്ചു.
യുദ്ധവീരനായ നകുലൻ ധർമപുത്രരുടെ നിർദ്ദേശമനുസരിച്ച് പശ്ചിമദേശരാജാക്കന്മാരെ ജയിച്ച് അവരിൽനിന്നു ലഭിച്ച വമ്പിച്ച സമ്പത്ത് പതിനായിരം ഒട്ടകങ്ങളുടെ പുറത്തുകയറ്റി ഹസ്തിനപുരത്തേക്കു കൊണ്ടുവന്നു (മഹാഭാരതം സഭാപർവം-അധ്യായം 32). ചൂതുകളിയിൽ തോറ്റ് വനത്തിൽ പോകേണ്ടിവന്ന യുധിഷ്ഠിരനെ നകുലൻ നിഴൽപോലെ പിന്തുടർന്നിരുന്നു.
എന്തു വിലകൊടുത്തും കുടുംബത്തെ സംരക്ഷിക്കുന്നതിൽ ഇദ്ദേഹം ജാഗരൂകനായിരുന്നു. വനത്തിൽക്കഴിഞ്ഞ കാലത്ത് ആക്രമണകാരികളായ ക്ഷേമങ്കരൻ, മഹാമഹൻ, സുരഥൻ എന്നിവർ നകുലന്റെ ശരങ്ങൾക്കിരയായി. രണ്ടുവട്ടം ഇദ്ദേഹം മരണംവരിച്ചശേഷം പുനർജന്മം നേടിയതായി പരാമർശിക്കുന്നുണ്ട്. ദ്വൈതവനത്തിൽവച്ചായിരുന്നു ആദ്യ സംഭവം. വെള്ളം കോരാൻ സരസ്സിലിറങ്ങിയപ്പോൾ ഒരു കൊക്കിന്റെ രൂപത്തിൽ വന്ന ധർമദേവന്റെ നിർദ്ദേശം സ്വീകരിക്കാത്തതിനാൽ മൃതനായെങ്കിലും അപ്പോൾ അവിടെയെത്തിയ ധർമപുത്രരുടെ അഭ്യർഥനയാൽ പുനർജന്മം ലഭിച്ചു. യക്ഷപ്രശ്നത്തിൽവച്ചും ഈ സംഭവത്തിന്റെ മറ്റൊരുതരത്തിലുള്ള ആവർത്തനം കാണാം. വിരാടനഗരത്തിൽ യാജ്ഞികൻ എന്ന പേരിൽ ഒരു അശ്വപാലകനായിട്ടാണ് നകുലൻ അജ്ഞാതവാസം നയിച്ചത്. അജ്ഞാതവാസത്തിന്റെ അന്തിമഘട്ടത്തിൽ വിരാടനെ രക്ഷിക്കാൻ ത്രിഗർത്തനോടു നടത്തിയ യുദ്ധത്തിൽ നകുലൻ മുൻപന്തിയിലുണ്ടായിരുന്നു.
കുരുക്ഷേത്രയുദ്ധത്തിൽ
ഒന്നാം ദിവസം നകുലൻ ദുശ്ശാസനനുമായി ദ്വന്ദ്വയുദ്ധം നടത്തി. പിന്നീടുള്ള ദിവസങ്ങളിൽ ശല്യർ, ശകുനി, വികർണൻ, ദുര്യോധനൻ, ദ്രോണർ, വൃഷസേനൻ തുടങ്ങിയവരുമായി നേരിട്ട് യുദ്ധം നടത്തി. വികർണനെയും ശകുനിയെയും തോല്പിക്കാനും അംഗരാജാവിനെ വധിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. ശല്യരും ദുര്യോധനനുമായുള്ള ഏറ്റുമുട്ടലിൽ മുറിവേറ്റെങ്കിലും ഇദ്ദേഹം തോൽവി സമ്മതിച്ചില്ല. യുധിഷ്ഠിരന്റെ നിർദ്ദേശപ്രകാരം സേനാനായകത്വം ഏറ്റെടുക്കാനും നകുലൻ മടിച്ചില്ല. കർണ്ണനോടു തോറ്റെങ്കിലും കർണപുത്രന്മാരായ ചിത്രസേനൻ, സത്യസേനൻ, സുഷേണൻ എന്നിവരെ വധിക്കാൻ നകുലനു കഴിഞ്ഞു. യുദ്ധം കഴിഞ്ഞപ്പോൾ ഇദ്ദേഹത്തിനു വസിക്കാൻ ധൃതരാഷ്ട്രപുത്രനായ ദുർമർഷന്റെ കൊട്ടാരം ധർമപുത്രർ വിട്ടുകൊടുത്തു. പരാക്രമശാലിയായ ഒരു പോരാളി എന്ന നിലയിൽ നകുലൻ അനശ്വരമായ യശസ്സ് നേടി. 'മഹാപ്രസ്ഥാന'ത്തിൽ യുധിഷ്ഠിരനെ അനുഗമിച്ച നകുലൻ പഞ്ചാലിക്കും സഹദേവനും ശേഷം സ്വർഗപ്രാപ്തനായി എന്നാണു കഥ.
മഹാബലിപുരത്തുള്ള നകുല-സഹദേവ ക്ഷേത്രം പ്രസിദ്ധമാണ്.
No comments:
Post a Comment