ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 January 2017

കന്നിമൂല

കന്നിമൂല…

വാസ്തുശാസ്ത്രമനുസരിച്ച് ഗൃഹം നിര്‍മ്മിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈശാനകോണ്‍ താഴ്‌ന്നും കന്നിമൂല ഉയര്‍ന്നും നില്‍ക്കുന്ന ഭൂമിയില്‍ വീട് വെക്കുക എന്നതാണ്, ഇതിനെ യഥാക്രമം ധാന്യവീഥി,ഭൂതവീഥി എന്നാണ് പറയുന്നത്, ( ധാന്യ വീഥിയെ ഭാഗ്യവീഥി എന്നും പറയാറുണ്ട്‌)
വടക്ക് കിഴക്ക് മൂല ( ഈശാനകോണ്‍) താഴ്ന്നും തെക്ക്പടിഞ്ഞാറെമൂല (കന്നിമൂല) ഉയര്‍ന്നും ഇരിക്കുന്ന ഭൂമി ധാന്യവീഥി. ഇത്തരം ഭൂമിയില്‍ ഗൃഹം നിര്‍മ്മിച്ച്‌ താമസിച്ചാല്‍ ധനാഭിവൃദ്ധി, വംശവൃദ്ധി, സര്‍വ്വ ഐശ്വര്യാഭിവൃദ്ധി, എന്നിവയോടെ തലമുറകളോളം കാലം ആ വംശം നിലനില്‍ക്കും എന്ന് വാസ്തുശാസ്ത്രം അര്‍ത്ഥശങ്കക്കിടയില്ലാതെ പറയുന്നു.
തെക്ക് പടിഞ്ഞാറ് വശം താഴ്ന്ന് വടക്ക് കിഴക്ക് ഭാഗം ഉയര്‍ന്നഭൂമിയാണ് ഭൂതവീഥി. ഇത്തരം ഭൂമിയില്‍ വസിക്കുന്നത് സകലവിധ നാശങ്ങള്‍ക്കും രോഗങ്ങള്‍ക്കും,ധനനാശത്തിനും കുടുംബ കലഹത്തിനും വഴിതെളിക്കും. എന്നാണ് വാസ്തുശാസ്ത്രമതം

കന്നിമൂലയെ കുറിച്ചാണ് ഇവിടെ പ്രദിപാദിക്കുന്നത്.

എട്ട് ദിക്കുകളിലും ഏറ്റവും ശക്തിയേറിയ ദിക്കായാണ് കന്നിമൂലയെ വാസ്തു ശാസ്ത്രത്തില്‍ കണക്കാക്കുന്നത് . മറ്റ് ഏഴ് ദിക്കുകള്‍ക്കും ദേവന്മാരെ നിശ്ചയിച്ച വാസ്തു ശാസ്ത്രം എന്തുകൊണ്ടാകും കന്നിമൂലക്ക് മാത്രം ഒരസുരനെ അധിപനായി നിശ്ചയിച്ചത്? അത് കൊണ്ട് തന്നെ മറ്റ് ദിക്കുകളില്‍ നിന്ന് കന്നിമൂലക്ക് പ്രാധാന്യം വര്‍ദ്ധിക്കുന്നു, കന്നിമൂല ഉയര്‍ന്നാലും,താഴ്ന്നാലും ഗുണമായാലും ദോഷമായാലും ഫലം വളരെപ്പെട്ടെന്ന് അനുഭവയോഗ്യമാകും. അതുകൊണ്ട് തന്നെ ഈ ദിക്ക് താഴ്ന്നു കിടക്കുന്നതും മലിനമായിരിക്കുന്നതും നല്ലതല്ല എന്ന് അറിഞ്ഞിരിക്കുക. കുളമോ, കിണറോ, അഴുക്കുചാലുകളോ, കക്കൂസ് ടാങ്കുകളോ, മറ്റ് കുഴികളോ ഒന്നും തന്നെ ഈ ദിക്കില്‍ വരാന്‍ പാടില്ല, പ്രത്യേകിച്ച് കന്നിമൂലയില്‍ ശൌചാലയം പണിയരുത് എന്നുതന്നെയാണ് ശാസ്ത്രം പറയുന്നത് ഇതിന് കാരണം ഭൂമിയുടെ പ്രദക്ഷിണ വീഥി അനുസരിച്ചു തെക്കുപടിഞ്ഞാറേ മൂലയിൽ നിന്നു വടക്കു കിഴക്കേ മൂലയിലേക്കാണ് (ഈശാനകോൺ) ഊർജത്തിന്റെ പ്രവാഹം ഉണ്ടാകുന്നത്. കന്നിമൂലയിലെ ശൗചാലയം ഈ ഊർജത്തെ മലിനമാക്കും എന്നുള്ളത് കൊണ്ട് തന്നെയാണ് വാസ്തു ശാസ്ത്രം ഈ ദിക്കിന് ഇത്രയേറെ പ്രാധാന്യം കല്‍പ്പിചിട്ടുള്ളത് എന്നകാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാകേണ്ടാതില്ല.

കന്നിമൂലയ്ക്ക് നേരത്തെ പറഞ്ഞ പോലെ മലീമസമായാല്‍ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം.
ഗൃഹത്തില്‍ വസിക്കുന്നവരുടെ മാന്യത, ധനം, ഉയര്‍ച്ച എന്നിവയ്ക്കു ദോഷമുണ്ടാക്കുകയും, മദ്യം, മയക്കുമരുന്ന്, ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെടുകയും, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ കലഹം മൂത്ത് കുടുംബത്തകര്‍ച്ചയുണ്ടാകുകയും, കര്‍മ്മ മേഖല ക്രമേണ നശിക്കുകയും ചെയ്യും എന്നകാര്യത്തില്‍ സംശയമില്ല. വളരെ പ്രധാനപ്പെട്ട ദോഷം, ആ വീട്ടിലെ സന്താനങ്ങള്‍ക്ക് ഗതിയില്ലാതെ വരിക എന്നതാണ്. കുട്ടികള്‍ എത്ര വിദ്യാഭ്യാസം ഉണ്ടായാലും, തൊഴില്‍ ലഭിക്കാതിരിക്കുക, വഴിതെറ്റുക എന്നിവയാണ്.

ഈ പ്രപഞ്ചത്തിലെ ഗുണപരമായ രണ്ട് ഊര്‍ജ്ജങ്ങളില്‍ ഒന്ന് കിഴക്കു നിന്നും തുടങ്ങി പടിഞ്ഞാറ് ദിക്കില്‍ അവസാനിക്കുന്നു. മറ്റൊന്ന് വടക്കുനിന്നും തുടങ്ങി തെക്ക് ദിക്കില്‍ അവസാനിക്കുന്നു. അങ്ങിനെ വരുമ്പോള്‍ രണ്ടു ഊര്‍ജ്ജങ്ങളുടേയും സന്ധി പടിഞ്ഞാറും തെക്കും ആകുന്നു. ഈ രണ്ടു ദിക്കിന്റേയും മൂലയാണ് കന്നിമൂല. ഇതില്‍ നിന്നും കന്നിമൂലയുടെ പ്രാധാന്യവും പ്രത്യേകതയും, ദോഷവശങ്ങളും മനസ്സിലായിക്കാണുമല്ലോ?.

ഇനി നമുക്ക് വിരാട് പുരുഷനായ വാസ്തുപുരുഷന്റെ ശയനസ്ഥിതി എങ്ങിനെ എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാം, വാസ്തുപുരുഷന്‍ വടക്കുകിഴക്ക് തലയും (മീനം) തെക്ക് പടിഞ്ഞാറ് കാലുമായാണ് (കന്നി) ശയിക്കുന്നത് അതുകൊണ്ട് തന്നെ കന്നിമൂലയ്ക്കുണ്ടാകുന്ന ദോഷങ്ങള്‍ വീട്ടിലുള്ളവര്‍ക്ക് കാലുവേദന വാതസംബന്ധിയായ അസുഖങ്ങളും മറ്റ് ദുരിദങ്ങളും സമ്മാനിക്കുന്നു.

ഗൃഹനിര്‍മ്മാണം ആരംഭിക്കുന്നത് തന്നെ കന്നിമൂലയില്‍ നിന്നും ആണ് . വിധിപ്രകാരം ആദ്യം കുറ്റിഅടിക്കേണ്ടതും, ശിലപാകേണ്ടതും കന്നിരാശിയില്‍ ആവണം എന്നും പറയപ്പെടുന്നു, ഇക്കാര്യത്തില്‍ ചില അഭിപ്രായഭിന്നതകള്‍ ഉണ്ട്. ബ്രഹ്മപദത്തിന്റെ കന്നിയില്‍ കുറ്റിവയ്ക്കാം എന്ന് വാസ്തു ശാസ്ത്രഗ്രന്ഥത്തില്‍ കാണുണ്ട് . അതായിരിക്കാം കന്നിയിലെ കുറ്റിയടി പ്രാധാന്യമര്‍ഹിക്കുന്നത്. എന്തുതന്നെയായാലും യാതൊരു കാരണവശാലും വീടുകളില്‍ കന്നിരാശിയില്‍ കിണര്‍ കുഴിക്കാന്‍ പാടില്ല. കന്നിമൂല തുറന്നു കിടക്കരുത്. അതിര്‍ത്തിയില്‍ മതില്‍ കെട്ടി സംരക്ഷിക്കണം സന്താനങ്ങളുടെ രക്ഷയോര്‍ത്തെങ്കിലും കന്നി രാശി സംരക്ഷിച്ച് ജീവിതയാനത്തെ പ്രപഞ്ചതാളത്തിലാക്കി ആയുരാരോഗ്യ സൌഖ്യത്തോടെ സ്വസ്ഥമായ ഒരു കുടുംബ ജീവിതത്തിന് അടിത്തറ പാകുന്നതാകട്ടെ നമ്മുടെ ഗൃഹാരംഭ പ്രവര്‍ത്തനങ്ങള്‍.
ഇനി അഥവാ ഇരിക്കുന്ന ഭൂമി ധാന്യവീഥി (ഭാഗ്യവീഥി) അല്ല എങ്കില്‍പോലും അറിവുള്ള ഒരു വാസ്തു വിദഗ്ധന്റെ സഹായത്താല്‍ ഭൂമിയില്‍ ധാന്യവീഥി ലക്ഷണങ്ങള്‍ സൃഷ്ട്ടിച്ച് ധാന്യവീഥിയില്‍ ഗൃഹം നിര്‍മ്മിച്ച്‌ വസിക്കുന്നതിന്റെ ഗുണഫലങ്ങള്‍ നേടി എടുക്കാവുന്നതാണ് എന്നും അറിയുക…

No comments:

Post a Comment