പതിനെട്ട് വിദ്യകള്‍
പൗരാണിക ഭാരതത്തില്‍ നിലവിലുണ്ടായിരുന്ന ഉന്നത വിദ്യാഭ്യാസ സമ്പ്രദായം വിശ്വപ്രസിദ്ധമായിരുന്നു. ബ്രഹ്മചര്യ കാലത്ത് സമര്‍ത്ഥനായ ഒരു വിദ്യാര്‍ത്ഥിക്ക് ആര്‍ജ്ജിക്കാനാകുന്ന ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത പതിനെട്ട് വിദ്യകളായിരുന്നു. ആ പതിനെട്ട് വിദ്യകള്‍ ഏതൊക്കെയായിരുന്നുവെന്ന് അറിയേണ്ടതാണ്.
വേദങ്ങള്‍ നാല്, ശാസ്ത്രങ്ങള്‍ ആറ്, വേദോപാംഗങ്ങള്‍ നാല്, ഉപവേദങ്ങള്‍ നാല്, അങ്ങനെ പതിനെട്ട് വിദ്യകള്‍.
വേദങ്ങള്‍:-
ഋക്, യജുസ്സ്, സാമം, അഥര്‍വം എന്നിങ്ങനെ നാല്. വേദങ്ങള്‍ക്ക് കര്‍മ്മകാണ്ഡമെന്നും ജ്ഞാനകാണ്ഡമെന്നും രണ്ടു ഭാഗങ്ങളുണ്ട്. കര്‍മ്മകാണ്ഡത്തില്‍ സംഹിത, ബ്രാഹ്മണം, ആരണ്യകം എന്നു മൂന്നു ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ‘സംഹിതാഭാഗം ബ്രഹ്മചര്യത്തെയും ബ്രാഹ്മണഭാഗം ഗാര്‍ഹസ്ഥ്യത്തെയും ഉപനിഷത്തുകള്‍ സന്ന്യാസത്തെയും പ്രതിനിധീകരിക്കുന്നവയാണെന്ന്’ പോള്‍ ഡൂസണ്‍ എന്ന ജര്‍മ്മന്‍ പണ്ഡിതന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ജ്ഞാനകാണ്ഡത്തില്‍ ഉപനിഷത്തുകള്‍ മാത്രം പെടും.
വ്യാസന്‍ ഋഗ്വേദത്തെ പൈലനും യജുര്‍വേദത്തെ ജൈമിനിക്കും സാമവേദത്തെ വൈശമ്പായനനും അഥര്‍വവേദത്തെ സുമന്തുവിനും ഉപദേശിച്ചുകൊടുത്തു.
ശാസ്ത്രങ്ങള്‍: ശിക്ഷ, വ്യാകരണം, ഛന്ദസ്സ്, നിരുക്തം, ജ്യോതിഷം, കല്‍പം എന്നിവയാണ് ആറ് ശാസ്ത്രങ്ങള്‍. ഇവയെ വേദാംഗങ്ങള്‍ എന്നും പറയുന്നു.
വേദങ്ങളിലെ അക്ഷരോച്ചാരണരീതിയെക്കുറിച്ച് പഠിപ്പിക്കുന്ന ശാസ്ത്രമാണ് ശിക്ഷ. വേദങ്ങളിലെ പദങ്ങളുടെ പ്രകൃതിപ്രത്യങ്ങളെ വേര്‍തിരിക്കുകയും അവയുടെ അര്‍ത്ഥം ഗ്രഹിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ശാസ്ത്രമാണ് വ്യാകരണം. വൃത്തമാണ് ഛന്ദസ്സ്. വേദമന്ത്രങ്ങളുടെ വൃത്തങ്ങളെക്കുറിച്ചു ഛന്ദശ്ശാസ്ത്രം പ്രതിപാദിക്കുന്നു. നിരുക്തം നാമപദങ്ങളുടെ ധാത്വര്‍ത്ഥം വിവരിച്ചുതരുന്നു. യാഗാദികര്‍മ്മങ്ങള്‍ ചെയ്യുന്നതിനുള്ള തിഥി, നക്ഷത്ര, അയനാദികളെക്കുറിച്ചുള്ള അറിവ് തരുന്ന ശാസ്ത്രമാണ് ജ്യോതിഷം. കല്‍പം യാഗാദികര്‍മ്മങ്ങള്‍ ചെയ്യേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കുന്നു.
വോദോപാംഗങ്ങള്‍:
ന്യായം, മീമാംസ, ധര്‍മ്മശാസ്ത്രം, പുരാണം എന്നിവയാണ് വേദോപാംഗങ്ങള്‍. ഏതെങ്കിലും വിഷയത്തില്‍ സംശയം വന്നാല്‍ യുക്തിയുക്തമായി ആലോചിച്ച് തീരുമാനത്തിലെത്താന്‍ സഹായിക്കുന്ന ശാസ്ത്രമാണ് ന്യായം. ഗൗതമനാണ് ന്യായകര്‍ത്താവ്.
വേദവാക്യങ്ങളില്‍ വരാവുന്ന സംശയങ്ങള്‍ ഉന്നയിച്ച് ന്യായശാസ്ത്ര ദൃഷ്ടിയില്‍ തീരുമാനം കണ്ടെത്തിയിട്ടുള്ള പ്രതിപാദനങ്ങളാണ് മീമാംസയില്‍. മീമാംസ ധര്‍മ്മമീമാംസയെന്നും ബ്രഹ്മമീമാംസയെന്നും രണ്ടുതരത്തിലുണ്ട്. യജുര്‍വേദവാക്യങ്ങളിലെ അര്‍ത്ഥം നിര്‍ണയിക്കുന്നതും ജൈമിനീവിരചിതവുമാണ് ധര്‍മ്മമീമാംസ. ഉപനിഷത്തുകളിലെ വാക്യങ്ങളിലെ അര്‍ത്ഥം നിര്‍ണയിക്കുന്നതും വ്യാസനിര്‍മ്മിതവുമാണ് ബ്രഹ്മമീമാംസ.
ധര്‍മ്മശാസ്ത്രം പണ്ഡിതവചനങ്ങളും സജ്ജനങ്ങളുടെ ആചാരങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. മനുസ്മൃതിയാണ് ആദ്യത്തെ ധര്‍മ്മശാസ്ത്രം; രണ്ടാമത് ഗീതയും.
പുരാണമെന്നാല്‍ പുരാണമൊഴിച്ചുള്ള എല്ലാ വിദ്യകളുടെയും കാതലായ ഭാഗങ്ങളെല്ലാം സരസമായും സര്‍വര്‍ക്കും ഗ്രാഹ്യമാകുംവിധവും എഴുതപ്പെട്ടിട്ടുള്ളതാണ്.
ഉപവേദങ്ങള്‍:
ആയുര്‍വേദം, ധനുര്‍വേദം, ഗാന്ധര്‍വവേദം, നാട്യശാസ്ത്രം എന്നിവയായി കരതിപ്പോരുന്നു. ഗാന്ധര്‍വം, നാട്യം എന്നീ വേദങ്ങളുടെ സ്ഥാനത്ത് തച്ചുശാസ്ത്രസംബന്ധിയായ സ്ഥാപത്യവേദത്തെയും അര്‍ത്ഥശാസ്ത്രത്തെയും ചില പണ്ഡിതന്മാര്‍ പരിഗണിച്ചുപോരുന്നു.
ഈ പതിനെട്ട് വിദ്യകളുടെയും സമഗ്രമായ പഠനം നടത്താന്‍ കഴിയുന്ന വ്യക്തി അന്നും ഇന്നും മഹാപണ്ഡിതന്‍ തന്നെ. ആധുനികയുഗത്തില്‍ മനുഷ്യന്‍ ആര്‍ജ്ജിച്ച എല്ലാ ശാസ്ത്രങ്ങളോടും ഒപ്പം നില്‍ക്കാന്‍ ഈ പതിനെട്ട് വിദ്യകള്‍ക്ക് ശക്തിയുണ്ടെന്നുള്ളതാണ് അവയുടെ മഹത്വം.
No comments:
Post a Comment