ഭാഗം - 20
അയ്യപ്പൻ തീയാട്ട്
♦️➖➖➖ॐ➖➖➖♦️
ഭഗവതി തിയ്യാട്ടിന് (കാളി തിയാട്ടിന്) സമാനമായ ഒരു അനുഷ്ഠാന കലയാണ് അയ്യപ്പൻ തീയ്യാട്ട്. അയ്യപ്പൻകാവുകളിലും കൊട്ടാരങ്ങളിലും ബ്രാഹ്മണാലയങ്ങളിലും തീയാടി നമ്പ്യാൻമാർ നടത്തുന്ന അനുഷ്ഠാനകലയാണിത്. അയ്യപ്പന്റെ അവതാരരൂപങ്ങളാണ് തീയാട്ട് കളത്തിനുള്ളിൽ വരയ്ക്കുന്നത്. അഞ്ചടി, മൂന്നടി തുടങ്ങിയ മേളത്തിലുള്ള താളങ്ങളാണ് തീയ്യാടിനും ഉപയോഗിക്കുന്നത്. വെള്ളക്കോടി മുണ്ടുകൊണ്ട് തറ്റുടുത്ത് അതിന് മുകളിൽ ചുവന്ന പട്ട് ചുറ്റി, നെറ്റിമേൽ ചന്ദനവും ഭസ്മവും കുങ്കുമവും പൂശി, കഴുത്തിൽ തുളസിമാലകളുമണിഞ്ഞാണ് തീയാട്ട് അവതരിപ്പിക്കുന്നയാൾ രംഗത്തെത്തുന്നത്. കഥ പറഞ്ഞ് കഴിഞ്ഞതിനു ശേഷം രംഗം വിടുന്നതിന് മുമ്പ് തുടർന്ന് ഗണികേശ്വരന്റെ വേഷം കെട്ടി പ്രത്യക്ഷപ്പെട്ട് കൂത്ത് നടത്തും. കൂത്ത് കഴിയുന്നതോടെ വെളിച്ചപ്പാട് കളം മായ്ക്കും. അയ്യപ്പൻ തീയാട്ട് ഒരേസമയം ദൈവത്തോടുള്ള പ്രാർത്ഥനയും ജീവിതത്തിൻറെ പ്രശ്നങ്ങൾ കഥകളിലൂടെയും, പാട്ടുകളിലൂടെയും നടത്തുന്ന അവതരണവുമാണ്.
അതിപ്രാചീനമായ ഈ അനുഷ്ഠാനത്തെപ്പറ്റി കേരളോൽപ്പത്തിയിൽ പരാമർശമുണ്ട്. ദൈവാട്ടം അഥവാ ദൈവമായിട്ടാടൽ എന്നത് തെയ്യാട്ട് ആയി എന്നും അതിൽ നിന്നാണ് തീയാട്ട് എന്ന പദം ഉണ്ടായതെന്നുമാണ് പ്രബലമായ മതം. പന്തം (തീ) ഉഴിച്ചിലിന് പ്രാധാന്യമുള്ളത് ആയതിനാലാണ് തീയാട്ട് എന്ന പേരു വന്നത് എന്നും അഭിപ്രായമുണ്ട്.
No comments:
Post a Comment