ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 September 2024

കേരളത്തിലെ കലകള്‍‍‍‍ - 04

കേരളത്തിലെ കലകള്‍‍‍‍

ഭാഗം - 04

കുട്ടിച്ചാത്തന്‍ കളം
♦️➖➖➖ॐ➖➖➖♦️
മധ്യകേരളത്തിലുള്ള ഒരു അനുഷ്ഠാനകലയാണ്‌ കുട്ടിച്ചാത്തന്‍ കളം. ഇതിന്‌ കുട്ടിച്ചാത്തനാട്ടം എന്നും പേരുണ്ട്‌. ആദ്യം വര്‍ണപ്പൊടികൊണ്ടു കുട്ടിച്ചാത്തൻ്റെ കളംവരയ്ക്കും. അതിനുശേഷം ഒരാള്‍ കുട്ടിച്ചാത്തനായി മാറുന്നത്‌ സങ്കല്‌പിച്ചു നൃത്തം ചെയ്യും. കൈയില്‍ വാള്‍ ഉണ്ടായിരിക്കും. തുള്ളുന്ന ആള്‍ക്ക്‌ പ്രത്യേക ഉടയാടകളും ആഭരണങ്ങളുമുണ്ട്‌. ചെണ്ടയാണു പ്രധാന വാദ്യം. നൃത്തത്തിനിടെ തുള്ളുന്ന ആള്‍ കോഴിയെ അറുത്തു ചോരകുടിക്കുന്ന പതിവുണ്ട്‌.

കുട്ടിച്ചാത്തന്‍ ഐതിഹ്യം
💗●➖➖●ॐ●➖➖●💗
ശിവനും പാര്‍വ്വതിയും വള്ളുവനും വള്ളുവത്തിയുമായി വേഷം മാറിയപ്പോള്‍ അവര്‍ക്കുണ്ടായ പുത്രനാണ്‌ കുട്ടിച്ചാത്തന്‍. മക്കളില്ലാത്ത കാളകാട്ടില്ലത്തെ നമ്പൂതിരിക്ക് ദൈവദത്തമായി ഈ കുട്ടിച്ചാത്തനെ മകനായി ലഭിച്ചു. അതോടെ കാളകാട്ടില്ലത്തെത്തിയ കുട്ടിച്ചാത്തന്‍ ബ്രാഹ്മണാചാരങ്ങള്‍ക്ക് വിരുദ്ധമായ ശീലങ്ങള്‍ അനുവര്‍ത്തിക്കാന്‍ തുടങ്ങി. പഠിപ്പില്‍ അസാമാന്യമായ ബുദ്ധി പ്രകടിപ്പിച്ചെങ്കിലും ഗുരുവിനെ അനുസരിക്കാന്‍ തയ്യാറായില്ല. തന്നെ അനുസരിക്കാതിരുന്ന ഗുരുനാഥന്‍ കുട്ടിച്ചാത്തനെ ശാസിക്കുകയും അടിക്കുകയും ചെയ്തു. ചാത്തന്‍ ഗുരുവിനെ വെട്ടിക്കൊന്ന് പഠിപ്പുമതിയാക്കി സ്ഥലം വിട്ടു.

തുടര്‍ന്ന് കാളകാട്ടില്ലത്തെ കന്നുകാലികളെ മേയ്ക്കുന്ന ചാത്തന്‍ ഒരു കാളയെ അറുത്ത് ചോരകുടിച്ചു. നമ്പൂതിരി കോപാകുലനായി ചാത്തനെ ശിക്ഷിച്ചു. ഇത് ഇല്ലത്തെ അമ്മയുടെ ഏഷണി നിമിത്തമാണെന്ന് വിചാരിച്ച ചാത്തന്‍ അമ്മയുടെ മാറിലേക്ക് കല്ലെറിഞ്ഞു. ഇതില്‍ രോഷാകുലനായ നമ്പൂതിരി ചാത്തനെ വെട്ടിക്കൊന്നു. പക്ഷെ ചാത്തന്‍ ചത്തില്ല. വാശി കൂടിയ നമ്പൂതിരി ബ്രാഹ്മണരെ വരുത്തി ഹോമകുണ്ഡം തിര്‍ത്തു. വീണ്ടും ചാത്തനെ വെട്ടി 390 കഷ്ണങ്ങളാക്കി 21 ഹോമകുണ്ഡങ്ങളില്‍ ഹോമിച്ചു. ഈ ഹോമകുണ്ഡങ്ങളില്‍ നിന്ന് അനേകം ചാത്തന്‍മാരുണ്ടായി. അഗ്നിനൃത്തം വെച്ച് ചാത്തന്‍ കാളകാട്ടില്ലവും, സമീപത്തെ ബ്രാഹ്മണ ഇല്ലങ്ങളും ചുട്ടുകരിച്ചു. ഉപദ്രവകാരിയായി നാട്ടിന്‍ നടന്ന ചാത്തനെ അടക്കാന്‍, കോലം കെട്ടി പൂജിക്കാന്‍ തീരുമാനിച്ചു. അങ്ങനെ കുട്ടിച്ചാത്തനെ തെയ്യമാക്കി ആരാധിച്ചു വരാന്‍ തുടങ്ങി.


No comments:

Post a Comment