ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 September 2024

കേരളത്തിലെ കലകള്‍‍‍‍ - 15

കേരളത്തിലെ കലകള്‍‍‍‍

ഭാഗം - 15

തുള്ളൽ
♦️➖➖➖ॐ➖➖➖♦️
കേരളത്തിൽ പ്രചാരത്തിലുള്ള ഒരു ജനകീയ കലാരൂപമാണ് തുള്ളൽ. പതിനെട്ടാം നൂറ്റാണ്ടിൽ കവി കുഞ്ചൻ നമ്പ്യാരാണ് തുള്ളൽ പ്രസ്ത്ഥാനത്തിനു രൂപം നൽകിയത്. സാധാരണക്കാരന്റെ കഥകളി എന്നറിയപ്പെടുന്ന തുള്ളൽ കലാരൂപം, അതിന്റെ നർമ്മത്തിൽ പൊതിഞ്ഞ സാമൂഹിക വിശകലനവും, വിമർശനങ്ങളും കൊണ്ട് അമ്പലമുറ്റത്തും സാംസ്കാരിക വേദികളിലും ഒരേ പോലെ ശ്രദ്ധിക്കപ്പെട്ടു. 

വളരെ രസകരമായ ഒരു ചരിത്രമുണ്ട് തുള്ളൽ പ്രസ്ഥാനത്തിന്. നമ്പ്യാർ അമ്പലപ്പുഴയിൽ താമസിക്കുന്ന കാലത്ത്‌ ക്ഷേത്രത്തിൽ കൂത്തു പറഞ്ഞിരുന്ന ചാക്യാരെ തോൽപ്പിക്കാൻ ഒറ്റ രാത്രികൊണ്ട്‌ എഴുതി സംവിധാനം ചെയ്തതാണ് തുള്ളൽ എന്ന കലാരൂപമെന്ന് പറയപ്പെടുന്നു. നമ്പ്യാർക്ക് മുൻപേ തുള്ളലുണ്ടായിരുന്നു എന്നും വാദം ഉണ്ട്. കണിയാന്മാരും വേലന്മാരുമാണ് അതു നടത്തിപ്പോന്നിരുന്നത്. കണിയാന്മാരുടെ കോലം തുളളലില്‍ ഇന്നും ഓട്ടന്‍തുള്ളലിന്‍റെ ജനകരൂപം കാണാം. എന്ത് തന്നെയായാലും, തുള്ളലിന്‌ ഇന്ന്‌ സുപരിചിതമായിട്ടുള്ള വ്യവസ്ഥാപിത രൂപം നൽകി അതിനെ ഒരു കലാ പ്രസ്ഥാനമാക്കിയത്‌ കുഞ്ചന്‍ നമ്പ്യാര്‍ തന്നെയാണ്‌. വരേണ്യ കലാരൂപങ്ങളായ കൂടിയാട്ടം, കൂത്ത്‌, കഥകളി, കൃഷ്ണനാട്ടം തുടങ്ങിയവയിൽ നിന്നും, ഗ്രാമീണകലാരൂപങ്ങളായ  പടയണി, കോലം തുള്ളൽ മുതലായവയിൽ നിന്നും രസജനകങ്ങളായ പല അംശങ്ങളും സ്വീകരിച്ച്‌, ഒരു ജനകീയ കലാരൂപം സൃഷ്ടിക്കുകയാണ് നമ്പ്യാർ ചെയ്തത്. 

തുള്ളൽ മൂന്ന് വിധമുണ്ട് - ഓട്ടൻതുളളൽ, ശീതങ്കൻ തുളളൽ, പറയൻ തുളളൽ. 

ഓട്ടൻതുള്ളൽ 
💗●➖➖●ॐ●➖➖●💗
'ഓട്ടന്‍' എന്ന വാക്കിന് ഓടിക്കുന്നവന്‍ എന്ന അര്‍ത്ഥമാണ്. വളരെ വിസ്തരിച്ചുള്ള വേഷവിധാനമാണ് ഓട്ടൻ തുള്ളലിലുള്ളത്. കറുത്ത ഉറുമാൽ കൊണ്ട് കൊണ്ട കെട്ടി, മനോഹരമായ വട്ടമുടി ശിരസ്സില്‍ വയ്ക്കും. മുഖത്തു പച്ച തേയ്ക്കുകയും, കണ്ണും പുരികവും വാലുനീട്ടി എഴുതുകയും, കണ്ണു ചുമക്കുന്നതിന് ചൂണ്ടപ്പൂവിടുകയും ചെയ്യും. കടകകങ്കണങ്ങളും നെഞ്ചുപലകയും പ്രത്യേകമുണ്ട്. കച്ചയും കെച്ചയും രണ്ടു കാലിലുമണിയും. 'അമ്പലപ്പുഴക്കോണകം' കൊണ്ടുള്ള ഉടയാടയാണ് ധരിക്കുന്നത്.

ശീതങ്കന്‍ തുള്ളല്‍
💗●➖➖●ॐ●➖➖●💗
സാധാരണ ഉച്ച കഴിഞ്ഞാണ് ശീതങ്കന്‍ തുളളല്‍ നടത്തുന്നത്. എന്നാൽ, മുഖത്തു തേപ്പും മിനുക്കും ഉണ്ടാവില്ല. വെളുത്ത വസ്ത്രംകൊണ്ടു തലയില്‍ "കൊണ്ട' കെട്ടി  അതിൽ കറുത്ത ഉറുമാല് കെട്ടുകയും, കണ്ണെഴുതുകയും, വെളുത്ത പൊട്ടുതൊടുകയും ചെയ്യും. മാറിലും കുരുത്തോലകൊണ്ടുള്ള മാല ചാര്‍ത്തുന്നു. പാമ്പിന്‍റെ ആകൃതിയിലാണ് ഈ മാല കൊരുക്കുന്നത്. ചിലമ്പും കെച്ചയും രണ്ടു കാലിലും കെട്ടുന്നു. കടകം കുരുത്തോലകൊണ്ടാണുണ്ടാക്കുന്നത്.

പറയന്‍തുള്ളല്‍
💗●➖➖●ॐ●➖➖●💗
പറയൻതുള്ളൽ വേഷത്തിന് സര്‍പ്പത്തിമുടി പ്രത്യേകമുണ്ട്. ചെമന്ന പട്ടും തൊങ്ങലും ചാര്‍ത്തുന്നു. ചിലമ്പ് ഒറ്റക്കാലില്‍ മാത്രമേ പാടുള്ളൂ. അതു വലത്തെക്കാലിലായിരിക്കും. കെച്ചമണിയും അതേ കാലില്‍ മാത്രമാണ് കെട്ടുന്നത്. കഴുത്തില്‍ മാല ചാര്‍ത്തുകയും, ചന്ദനം പൂശുകയും ചെയ്യും, എന്നാൽ മുഖത്തു തേപ്പും മിനുക്കുമില്ല, കണ്ണെഴുതുക മാത്രമേ ചെയ്യൂ. കാലത്താണ് പറയന്‍തുള്ളല്‍ നടത്തുന്നത്. ഒറ്റക്കാലിലേ നൃത്തമുളളൂ. അതു മിക്കവാറും മുറിയടന്തതാളത്തിലായിരിക്കും.

മൂന്ന് തുള്ളലിലും ചടങ്ങുകൾ ഏതാണ്ടൊരുപോലെയാണ്. ഒരു ചെറിയ മദ്ദളവും കൈമണിയുമാണ് മേളം. മറ്റു കേരളീയ നടനകലകള്‍ക്കെന്നപോലെ, തുള്ളലിന് പ്രത്യേക അരങ്ങു വേണമെന്നില്ല. പായോ, പനമ്പോ താഴെ വിരിച്ച് അതിന്മേലാണ് സാധാരണ തുള്ളുക പതിവ്. മേളക്കാര്‍ നടന്‍റെ പിന്നില്‍ നില്‍ക്കുന്നു. ഇവരാണ് നടന്‍ പാടിക്കൊടുക്കുന്നത് ഏറ്റു പാടേണ്ടത്. നടന്‍ പാടുകയും ആടുകയും ചെയ്യണം.
കഥകളിയിലെപ്പോലെ വിസ്തരിച്ചു കൈമുദ്ര കാണിക്കുന്ന പതിവ് തുള്ളലില്ല. പാട്ടിലെ പ്രധാനപ്പെട്ട ചില പദങ്ങള്‍ മാത്രമേ ആംഗ്യം കൊണ്ട് അഭിനയിക്കേണ്ടതുള്ളൂ. മേളക്കാര്‍ ഏറ്റുപാടുമ്പോള്‍ ഏതെങ്കിലും മുദ്ര പിടിച്ചുകൊണ്ട് നടന്‍ താളത്തിനൊപ്പിച്ചു നൃത്തം ചെയ്യണം. കഥകളിയുടേതിന് സാമ്യമുളള ഉടുത്തുകെട്ടാണ് തുളളലിനും ഉപയോ​ഗിക്കുന്നത്. 

ഒരു ജാതിനാമമാണ് പറയൻ. ശീതങ്കൻ ഐശ്വരായാർത്ഥത്തിലുള്ളതും പുലയജാതിക്കാർ ഉപയോഗിച്ചിരുന്നതുമായ ഒരു പേരാണ്‌. ഇവ തമ്മിൽ വേഷക്രമത്തിലും ഗതിയിലും വ്യത്യാസമുണ്ട്‌. ഓട്ടനിൽ തരംഗിണീവൃത്തത്തിനും, പറയനിൽ മല്ലികക്കും, സീതങ്കനിൽ കാകളിക്കും പ്രാധാന്യമുണ്ട്‌. ഓട്ടനിലെ ഗതി താരതമ്യേന കൂടുതൽ ചടുലമാണ്‌. ഓട്ടൻതുള്ളലിലെ വേഷക്രമം കഥകളിയുടെതിനോട്‌` വളരെ സാമ്യമുണ്ട്. 

തുള്ളലിലെ നൃത്തക്രമം
💗●➖➖●ॐ●➖➖●💗
തുള്ളലിൽ ആംഗിക-വാചിക-ആഹാര്യ- സാത്വികാഭിനയങ്ങൾ ഉണ്ട്. നാട്യവിധിപ്രകാരവും, ഹസ്തലക്ഷണദീപിക അനുസരിച്ചുമുള്ളതാണ്‌ ഹസ്തമുദ്രാപ്രകടനം. നിയമാനുസൃത മുദ്രകൾക്കു പുറമേ 'സാമ്യക്കൈകളും' ഉപയോഗിക്കാറുണ്ട്‌. മുഖത്തെ ഭാവാഭിനയം, രംഗചലനം, താളം ചവിട്ട്‌ എന്നിവയ്ക്ക് വളരെ പ്രാധാന്യമുണ്ട്‌. ഗണപതി, പടിവട്ടം, കലാശം, മൂന്നാറങ്ങ്‌ എന്നീ പ്രാരംഭ ചടങ്ങുകൾക്കു ശേഷം കഥ പാടിത്തുള്ളി മംഗളം ചൊല്ലി തുള്ളൽ നൃത്തം കലാശിപ്പിക്കുകയാണ്  പതിവ്‌. 

തുള്ളലിലെ ഭാഷ
💗●➖➖●ॐ●➖➖●💗
വളരെ ലളിതമാണ് തുള്ളലിലെ ഭാഷ. ഭാഷയുടെ പുരോഗതിക്കും, സംസ്കൃതത്തിന്റെ അമിതമായ പ്രാമാണ്യത്തിനും ഒരു പരിധി വരെ അറുതി വരുത്തുവാൻ നമ്പ്യാരുടെ തുള്ളൽ പ്രസ്ഥാനത്തിലൂടെ കഴിഞ്ഞു. ഇതിലെ ഭാഷ ലളിതമാണെങ്കിലും ഊർജ്ജ്വസ്വലമാണ്. സന്ദർഭത്തിന്നനുസരിച്ച്‌ ഭാഷാരീതിയിലും വ്യത്യാസം അദ്ദേഹം വരുത്തി. അതുപോലെ തന്നെ ദീർഘമായ വർണ്ണനകളും, വിശദീകരണങ്ങളും കാണാം. ഉപകഥകളും, ഉപാഖ്യാനങ്ങളും കാണാവുന്നതാണ്‌. ഹാസ്യരസമാണ്‌ തുള്ളലിന്റെ പ്രത്യേകത. ഇതിലെല്ലാമുപരി ഇതിൽ എടുത്തുപറയേണ്ടത്‌ സാമൂഹ്യനിരൂപണമാണ്‌. സമൂഹത്തിന്റെ ജീർണ്ണതകളെയും, പുഴുക്കുത്തുകളെയും തുള്ളലിലൂടെ അതിനിശിതമായി നമ്പ്യാർ വിമർശിച്ചു. 
 


No comments:

Post a Comment