ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 September 2024

കേരളത്തിലെ കലകള്‍‍‍‍ - 03

കേരളത്തിലെ കലകള്‍‍‍‍

ഭാഗം - 03

കണ്യാര്‍ക്കളി 
♦️➖➖➖ॐ➖➖➖♦️
പാലക്കാട്‌ ജില്ലയിലെ അനുഷ്ഠാനനൃത്തനാടകമാണ്‌ കണ്യാര്‍ക്കളി. മേട മാസത്തില്‍ ഭഗവതിക്കാവുകളിലാണ്‌ കണ്യാര്‍ക്കളി നടക്കുന്നത്‌. ദേശത്തുകളി എന്നും ഈ കലാരൂപത്തിന്‌ പേരുണ്ട്‌. ദേവസ്തുതികളോടെ കണ്യാര്‍ക്കളി ആരഭിക്കും. ഒപ്പം നൃത്തവുമുണ്ട്‌. ഇടയ്ക്കു പൊറാട്ടുകള്‍ രംഗത്തുവരും. അമ്പലമുറ്റത്തെ കളിപ്പന്തലിലാണ്‌ കണ്യാര്‍ക്കളി നടത്തുന്നത്‌. പന്തലിന്‌ ചില പ്രത്യേകതകളുണ്ട്‌. പന്തലിന്‌ എട്ടു കാലുകള്‍. ഒമ്പതാമത്തെ നടുക്ക്‌. ആ കാലിനു ചുവട്ടില്‍ പീഠവും വാളും കുത്തുവിളക്കും വയ്ക്കും. ചെണ്ട, ചേങ്ങില, ഇലത്താളം, മദ്ദളം എന്നിവ പ്രധാന വാദ്യങ്ങള്‍. മൂന്നു ദിവസം കൊണ്ടേ കണ്യാര്‍ക്കളി പൂര്‍ത്തിയാകൂ. ക്ഷേത്രത്തിലെ വെളിച്ചപ്പാട് ആദ്യവും ശേഷം കളിയാശാനും പന്തലിൽ പ്രവേശിക്കുന്നു. ദ്രുതം, അതിദ്രുത, ഇടമട്ട് എന്നിവയാണ് പ്രധാന കലാശങ്ങൾ.

വട്ടക്കളി, പൊറാട്ടു കളി എന്നിങ്ങനെ രണ്ടു തരം കളികളുണ്ട്. ഈശ്വര പ്രീതിയ്ക്കായുള്ള അനുഷ്ഠാന കലയാണ് വട്ടക്കളി എങ്കിൽ നാടോടി നാടക അവതരണമാണ് പൊറാട്ടു കളി. വട്ടക്കളിയ്ക്ക് ഗ്രാമത്തിലെ എല്ലാ പ്രായത്തിലുമുള്ളവർ ഒന്നിച്ച് ആവേശ പൂർവ്വം പാടി, ചുവടു വെച്ച് കളിപ്പന്തലിലേയ്ക്ക് കടന്നു വരും. ഇവരെ നയിച്ചു കൊണ്ട് പള്ളിവാളും ഒറ്റച്ചിലമ്പും കയ്യിലേന്തി വെളിച്ചപ്പാടുമുണ്ടായിരിക്കും. മൂന്നു തവണ പ്രദക്ഷിണം വെച്ച് കരക്കാർ പൊറാട്ടു വേഷക്കാർക്കു വേണ്ടി കളിപ്പന്തൽ ഒഴിഞ്ഞു കൊടുക്കുന്നു.

ഒന്നാം കളി ആണ്ടിക്കൂത്ത്. ഇതിൽ ഗണപതി, സരസ്വതി സ്തുതികളും ശേഷം സുബ്രഹ്മണ്യ ഭക്തരായ ആണ്ടികൾ ഭിക്ഷാടനത്തിനായി വരുന്ന ഭാഗവും അവതരിപ്പിക്കുന്നു. രണ്ടാം ദിവസത്തെ കളി വേദാന്തം, തത്ത്വചിന്ത എന്നിവ ഉൾക്കൊള്ളിച്ച് തിരുവള്ളുവരുടെ ജ്ഞാനോപദേശങ്ങൾ അവതരിപ്പിയ്ക്കുന്നതിനാൽ വള്ളോൻ എന്ന പേരിൽ അറിയപ്പെടുന്നു. മൂന്നാം ദിവസത്തെ കളി മലമ എന്നും അറിയപ്പെടുന്നു.

ക്ഷേത്രത്തിനു മുന്നിൽ കെട്ടിയുണ്ടാക്കുന്ന ഒൻപതു കാൽ പന്തലിലാണ് കളി നടക്കുന്നത്. കുരുത്തോല, മാവില, കണിക്കൊന്ന തുടങ്ങിയവ ഉപയോഗിച്ച് പന്തൽ അലങ്കരിയ്ക്കുന്നു. പന്തലിനു മുകളിൽ 102 നിരത്തിട്ട് പരമ്പുകളിട്ട് മൂടുന്നു.

പ്രചാരത്തിലുള്ള പ്രദേശങ്ങൾ
💗●➖➖●ॐ●➖➖●💗
കുനിശ്ശേരി കുമ്മാട്ടി ഉത്സവത്തിന്റെ തലേ ദിവസം കണ്യാർകളി നടക്കാറുണ്ട്. ഈ പ്രദേശം പണ്ടു കാലത്ത് കൊങ്ങനാടിന്റെ നിരന്തരമായ ആക്രമണ ഭീഷണിയിലായിരുന്നു. കണ്യാർകളിയുടെ ഉൽഭവം ഈ പ്രദേശത്ത് അന്ന് പരിശീലിച്ചിരുന്ന ആയോധന കലകളിൽ നിന്നാണ്. ആയോധന കലകളുടെ പരിശീലനത്തിന് വീര്യം കൂട്ടുവാനും നിറം പകരുവാനും നൃത്തവും ഹാസ്യവും പരിശീലനത്തിൽ ഇടകലർത്തിയിരുന്നു. കളരിപ്പയറ്റിന്റെ ചടുല നീക്കങ്ങളും നാടോടി നൃത്തങ്ങളുടെ താളാത്മകതയും ഈ കലാരൂപത്തിൽ ഒത്തു ചേരുന്നു. മാർച്ച് - ഏപ്രിൽ മാസങ്ങളിലാണ് ക്ഷേത്രങ്ങളിലും തറകളിലും കണ്യാർകളി നടത്തുന്നത്. നൃത്തത്തിന് അകമ്പടിയായി നാടോടി പാട്ടുകളും വാദ്യോപകരണങ്ങളും ഉണ്ടാവും. പുള്ളോട് കിഴക്കഞ്ചേരി, വടക്കഞ്ചേരി , കൊന്നഞ്ചേരി, ആയക്കാട്, മംഗലം, കുഴൽമന്ദം, പെരുവെമ്പ്, ചിറ്റിലഞ്ചേരി, മേലാർക്കോട്, എത്തനൂർ, കുത്തനൂർ, ആലത്തൂർ, നെന്മാറ, പുതുക്കോട്, ഋഷിനാരദ മംഗലം, പുതിയങ്കം , കാട്ടിരി, കാവശ്ശേരി, കുനിശ്ശേരി, പ്ലാവൂർ, മഞ്ഞളൂർ, മുരിങ്ങമല, കൊടുവായൂർ, കരിപ്പോട്, മാത്തൂർ, കൊല്ലങ്കോട്, എലവഞ്ചേരി, വട്ടേക്കാട്, അയിലൂർ, തിരുവഴിയാട്, ചിറ്റൂർ, വടവന്നൂർ, തത്തമംഗലം, പല്ലശ്ശന, മുടപ്പല്ലൂർ എന്നീ ഗ്രാമങ്ങളിലാണ്‌ എല്ലാ കൊല്ലവും മുടങ്ങാതെ കളി നടത്തി വരാറുള്ളത്. ചില സ്ഥലങ്ങളിൽ കണ്യാർകളി എന്ന പേരിലല്ല, കളിയിലെ പ്രസിദ്ധ പൊറാട്ടു വേഷങ്ങളുടെ പേരിലായിരിയ്ക്കും കളി നടക്കുന്നത്.

പാലക്കാടൻ ഗ്രാമങ്ങളിൽ മീനം, മേടം മാസങ്ങളിൽ പുതിയ കൃഷി ഇറക്കുന്നതിനു മുൻപ്, ജനങ്ങൾ വിശ്രമിക്കുന്ന കാലത്താണ് ഈ കല അവതരിപ്പിക്കപ്പെടുന്നത്. ഐശ്വര്യം നിറഞ്ഞ ഒരു വർഷത്തേയ്ക്കുള്ള തങ്ങളുടെ പ്രാർത്ഥനയാണ് ഇതിലൂടെ ഇവർ ഉദ്ദേശിക്കിന്നത്. ഇതിനു തെളിവായി കളി അവസാനിക്കുന്ന സമയത്ത് പൂവാരൽ എന്ന ഒരു ചടങ്ങും നടത്തി വരുന്നു. ഈ ചടങ്ങിൽ ദേവിയെ വന്ദിക്കാനായി ഉപയോഗിക്കുന്ന അരിയും പൂവും ഭസ്മവും ഒരു വർഷക്കാലം ഈ ദേശക്കാർ സൂക്ഷിക്കുന്നു.

കളി കുമ്പിടൽ
💗●➖➖●ॐ●➖➖●💗
അവതരണത്തിനു മുൻപേ ദേശക്കാരെല്ലാം കൂടി തീരുമാനിച്ച് പരിശീലനം തുടങ്ങുന്നതിനുള്ള ദിവസം നിശ്ചയിക്കുന്നു. അഭ്യസിപ്പിക്കുന്നത് നട്ടുവനാണ്. ഭാഷാ ശുദ്ധി, മെയ്‌ വഴക്കം എന്നിവ ഈ കലാരൂപത്തിനു നിർബന്ധമാണ്. പരിശീലനം ആരംഭിക്കുന്ന ഈ ചടങ്ങാണ് കളി കുമ്പിടൽ. ഇടക്കളിയായും ഇതിനെ കരുതുന്നു. വേണ്ടത്ര പരിശീലനം നേടിയെന്ന് ഉറപ്പായാൽ പിന്നെ വേദി നിശ്ചയിക്കലായി.

അരങ്ങത്ത്
💗●➖➖●ॐ●➖➖●💗
ഒരു കണ്യാർകളി സംഘത്തിൽ 6 മുതൽ 20 വരെ കലാകാരന്മാരുണ്ടാകും. രാത്രിയിലാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്. കേളികൊട്ട് കഴിഞ്ഞാൽ താളവട്ടം എന്ന പേരിൽ അറിയപ്പെടുന്ന അരങ്ങത്ത് പ്രവേശിക്കൽ നടക്കുന്നു. വായ്ത്താരി ചൊല്ലിക്കൊണ്ട് ആശാൻ മുന്നിലും പിറകേ ശിഷ്യന്മാരുമായാണ് പ്രവേശിക്കുന്നത്. പീഠവും വാളും എടുത്താണ് അരങ്ങത്ത് പ്രവേശിയ്ക്കുന്നത്. അടുത്ത ചടങ്ങ് നമസ്കാരമാണ്. ഭൂമിയേയും വാദ്യങ്ങളേയും ദീപത്തേയും ശേഷം ആശാനേയും പ്രണമിക്കുന്നതോടെ ഒന്നാം ഘട്ടം അവസാനിക്കുന്നു. ശേഷം ശിവ പാർവതി സ്തുതിയും മറ്റു ചില ദേവീ സ്തുതികളും ചെയ്ത് ഗുരുവായൂരപ്പന്റെ കുമ്മിയടിയും കഴിഞ്ഞാലാണ് ആണ്ടിക്കൂത്ത് സമാപിക്കുന്നത്.

വേദാന്തത്തിലും ആത്മീയതയിലും ഊന്നിയുള്ള വള്ളോൻ പാട്ടുകളാണ് രണ്ടാം ദിവസം പ്രധാനം. ത്രിമൂർത്തികളെ മൂന്നു വള്ളികളായും പുരുഷാർത്ഥങ്ങളെ നാലു വള്ളികളായും സൂചിപ്പിക്കുന്നു. പ്രധാനമായും ഏഴു പേരേയാണ് അവതരിപ്പിക്കുന്നത്. തിരുവള്ളുവർ, അവിട്ടുവൻ, പൂലുവൻ, പാക്കനാർ, പറയനാർ, കവറൈ, ചക്കിലിയൻ എന്നിങ്ങനെ .അവസാന ദിവസമാണ് മലമക്കളി. ഈ ദിവസ കളിയിൽ ദേവ സ്തുതികൾ പ്രധാനമാണ്. വെളിച്ചപ്പാടുകൾ ഈ ദിവസം അരങ്ങത്ത് വരുന്നു. സ്ത്രീ വേഷങ്ങളേയും ഈ ദിവസം അരങ്ങത്ത് കാണാം. കണ്യാർകളിയിലെ അവസാന ചടങ്ങായ പൂവാരലിൽ അലങ്കരിച്ചു വെച്ചിരിക്കുന്ന പുഷ്പങ്ങളെല്ലാം പറിച്ചെടുത്ത് സ്തുതിച്ച് പീഠത്തിൽ വെച്ച് പാട്ടു കൊട്ടിലിൽ പീഠത്തെ കുടിയിരുത്തി കളിയരങ്ങ് അവസാനിക്കുന്നു.

കാലത്തിനൊത്ത് നൃത്തവും അഷ്ടകലാശവും എടുത്ത് വേഷക്കാരും വാദ്യക്കാരും ക്ഷീണിക്കുമ്പോൾ വിരസത ഒഴിവാക്കാനായി പുറാട്ടുകൾ രംഗത്ത് വരുന്നു. കൂട്ടപ്പുറാട്ടുകളായും ഒറ്റപ്പുറാട്ടുകളായും ചിട്ടപ്പെടുത്തിയ അവതരണം ഇവർ നടത്തുന്നു.


No comments:

Post a Comment