നവ കൈലാസങ്ങൾ
പേരുകേൾക്കുമ്പോൾ ഹിമാലയത്തിലാണെന്ന് തോന്നുമെങ്കിലും തമിഴ്നാട്ടിലെ പ്രമുഖ ശൈവ തീർഥാടന കേന്ദ്രങ്ങളാണ് നവകൈലാസങ്ങൾ. താമ്രപർണി അഥവാ താമരഭരണി നദി തീരത്തുള്ള ഒമ്പത് ക്ഷേത്രങ്ങളാണ് ഇവ. തിരുനെൽവേലി തൂത്തുക്കുടി ദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്നതാണ് നവകൈലാസ ക്ഷേത്രങ്ങൾ. ഈ ക്ഷേത്രങ്ങൾക്ക് പിന്നിലുള്ള ഐതിഹ്യം ശിവപാർവതി പരിണയവുമായി ബന്ധപ്പെട്ട് കിടക്കുന്നു. അഗസ്ത്യന്റെ പ്രഥമശിഷ്യനായ ഉരോമമുനീശ്വരനാണ് ഈ ക്ഷേത്രങ്ങൾ സ്ഥാപിച്ചതെന്നാണ് വിശ്വാസം.
കൈലാസത്തിൽ ശിവപാർവതീ പരിണയമുഹൂർത്തം. ക്ഷണിക്കപ്പെട്ട ദേവഗണങ്ങളാൽ കൈലാസവും പരിസരവും നിറഞ്ഞതോടെ ഭൂമിയുടെ ഭാരം തെറ്റുമെന്നറിഞ്ഞ് പരമശിവൻ അഗസ്ത്യമുനിയെ തെക്കോട്ടേക്കയച്ചു, വിന്ധ്യനപ്പുറം അഗസ്ത്യർവന്ന് നിലകൊണ്ട ഇടമാണ് അഗസ്ത്യാർകൂടം. അഗസ്ത്യന്റെ പ്രഥമശിഷ്യനായ ഉരോമമുനീശ്വരനും ഒപ്പമുണ്ടായിരുന്നു. ശിവപാർവതീപരിണയം കാണാൻ പറ്റാത്തതിന്റെ വിഷമം മുനീശ്വരൻ പറഞ്ഞു. മോക്ഷപ്രാപ്തിക്കുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. അദ്ദേഹം ശിവനെ ഭജിച്ചു. അഗസ്ത്യമുനി അതിനുള്ള മാർഗം നിർദേശിച്ചുതരുമെന്ന അരുളപ്പാടുണ്ടായി. അഗസ്ത്യമുനി ഒമ്പത് പൂക്കളെടുത്ത് താമ്രപർണി നദിയിലേക്കിട്ടു. ആ പൂക്കൾ ചെന്നുചേരുന്നിടത്ത് ശിവപാർവതീപ്രതിഷ്ഠ നടത്താൻ പറഞ്ഞു. പ്രതിഷ്ഠിക്കുന്ന ശിവചൈതന്യം കൈലാസനാഥനെന്നും പാർവതി ശിവകാമിയെന്നും അറിയപ്പെടുമെന്നൂം അരുളപ്പാടുണ്ടായി. ഒമ്പതാമത്തെ പൂ ചെന്നുചേരുന്നിടത്തുവെച്ച് നിനക്ക് ശിവപാർവതീപരിണയദർശനം കിട്ടും. മോക്ഷവും കിട്ടും. അങ്ങനെ ആ മുനീശ്വരൻ സ്ഥാപിച്ച ഒമ്പതുക്ഷേത്രങ്ങളാണ് നവകൈലാസങ്ങളെന്ന് അറിയപ്പെടുന്നത്.
പാപനാശം, ചേരൻ മഹാദേവി, കോടകനല്ലൂർ, കുന്നത്തൂർ, മുറപ്പനാട്, തെൻതിരുപ്പേരൈ, തിരുവൈകുണ്ഡം, രാജപതി, ചേർന്തമംഗലം തുടങ്ങിയവയാണ് ആ ഒമ്പത് ക്ഷേത്രങ്ങൾ. പൊതികൈമലയിലാണ് പാപനാശം സ്ഥിതി ചെയ്യുന്നത്. പാപവിനാശർ എന്ന കൈലാസനാഥനും ഉലകാംബികയും വാഴുന്ന പാപനാശത്തിൽ സൂര്യനാണ് ഗ്രഹം.
പാപവിമോചകയായ താമരഭരണിയിൽ മുങ്ങിക്കുളിച്ചാൽ എല്ലാ പാപങ്ങളും നീങ്ങുമെന്നും കണ്ണുരോഗങ്ങളും ത്വഗ്രോഗങ്ങളും മാറുമെന്നും വിശ്വാസമുണ്ട്. ചന്ദ്രനാണ് ചേരൻ മഹാദേവിലെ ഗ്രഹം. അമ്മൈനാഥരും ആവുടൈനായകിയുമാണ് ഇവിടെ പ്രതിഷ്ഠ. കോടകനല്ലൂരിൽ ചൊവ്വയാണ് ഗ്രഹം. നല്ല ആരോഗ്യവും അഴകുമാണ് ദർശനഫലം. കൈലാസനാഥരും ശിവകാമിയുമാണ് പ്രതിഷ്ഠ. ചൊവ്വാദോഷം നീങ്ങാനും കല്യാണതടസങ്ങൾ മാറാനും വിശ്വാസികൾ ഇവിടെയെത്തുന്നു. അടുത്തത് കുന്നത്തൂരാണ്. കുന്നത്തൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ വയറുവേദന, മാനസികവിഷമം, വിദ്യാതടസ്സം, കല്യാണതടസ്സം, പുത്രദോഷം എന്നിവ നീങ്ങുമെന്നാണ് വിശ്വാസം. പരമേശ്വരരും ശിവകാമിഅമ്മാളും വാഴുന്ന കുന്നത്തൂർ എന്ന ശങ്കാണിയിൽ ഗ്രഹം രാഹുവാണ്. മുറപ്പനാട് ക്ഷേത്രത്തിൽ കൈലാസനാഥനും ശിവകാമിയും വാഴുന്നു. കല്യാണതടസ്സം നീങ്ങാനും നല്ല കുടുംബം ആരോഗ്യം എന്നിവയ്ക്കുവേണ്ടി പ്രാർഥിക്കാനുമായാണ് ഭക്തർ എത്തുന്നത്. വ്യാഴഗ്രഹത്തിന്റെ സാന്നിധ്യമാണ് മുറപ്പനാട് ക്ഷേത്രത്തിലുള്ളത്.
തെൻതിരുപ്പേരൈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ ശിവജ്ഞാനമാണ് സവിശേ ഫലം. കൈലാസനാഥനും അഴകിയ പൊന്നമ്മയുമാണ് ഇവിടെ വാഴുന്നത്. ബുധൻ ഗ്രഹവും. വാത-പിത്ത രോഗങ്ങൾ മാറും. തിരുവൈകുണ്ഡം ക്ഷേത്രത്തിൽ ശനിയാണ് ഗ്രഹം. അതുകൊണ്ടുതന്നെ ശനിദോഷ നിവാരണത്തിനാണ് ഭക്തർ കൂടുതലും ഇവിടെയെത്തുന്നത്. എട്ടാമിടമാണ് രാജപതി. കൈലാസനാഥരും സൗന്ദര്യനായകി പൊന്നമ്മാൾ എന്ന ശിവകാമിയും വാഴുന്നിടം. കേതു ഗ്രഹത്തിന്റെ ആലയം. ശണ്ഠപ്രശ്നങ്ങൾ നീങ്ങും, വിഷദോഷങ്ങൾ മാറും, മരണഭയം മാറും. ചേർന്തമംഗലം ഇവിടെയാണ് രോമേശ മഹർഷിക്ക് മോക്ഷം ലഭിച്ചത്.
ക്ഷേത്രത്തിന് പൗരാണികമായൊരന്തരീക്ഷമുണ്ട്്. ജാതകവശാൽ ഒരാളുടെ ജീവിതത്തിൽ ഇരുപതുവർഷം ശുക്രദശയായിരിക്കും. അക്കാലത്ത് ഇവിടെ ദർശനംചെയ്താൽ പേരും പ്രശസ്തിയും കീർത്തിയും വർധിക്കും. കല്യാണം നടക്കാത്തവർക്ക് കല്യാണം നടക്കും. കൈലാസനാഥരും സൗന്ദര്യനായകിയും വാഴുന്ന ഇവിടം ശുക്രഗ്രഹ സാന്നിധ്യമാണ്. നല്ല വിവാഹബന്ധം കിട്ടുമെന്നും വിശ്വാസം. നിങ്ങളുടെ ശരീരമാണ് ഈ ഒമ്പതുക്ഷേത്രങ്ങൾ ഇവിടെ വലംവെക്കുമ്പോൾ നിങ്ങൾ ഈ ദേവൻമാരെയല്ല വലംവെക്കുന്നത്. നിങ്ങളെത്തന്നെയാണ്. ഭൂമിയെപ്പോലെ നിങ്ങൾ സ്വയം ഭ്രമണംചെയ്യുകയാണ്. നിങ്ങളെ നിയന്ത്രിക്കുന്ന ഗ്രഹങ്ങൾ നിങ്ങളിലുമുണ്ട്. സൂര്യൻ ആത്മാവ്, ചന്ദ്രൻ മനസ്സ്, ചൊവ്വ നിർവികാരത്വം, ബുധൻ വാക്ക്, വ്യാഴം ജ്ഞാനവും സുഖവും, ശുക്രൻ സമ്പത്തും മദനത്വവും, ശനി പ്രേഷ്വത്വം, രാഹുകേതുക്കൾ നൻമതിൻമ ഭാവങ്ങൾ എന്നിങ്ങനെയാണ്. സൂര്യചന്ദ്രൻമാരും ബുധകുജൻമാരും ഗുരുശുക്രൻമാരും ശനീശ്വരനും രാഹുകേതുക്കളുമടങ്ങുന്ന രാശിമണ്ഡലത്തിലൂടെ, ശിവപാർവതീചൈതന്യം വിളങ്ങുന്ന കൈലാസനാഥ ക്ഷേത്രങ്ങളിലൂടെയുള്ള ഈ തീർഥയാത്ര തീർഥയാത്രയിലൂടെ ആത്മായതയിലേക്കുയർത്തുന്നു.
പാപനാശത്തുനിന്നാണ് യാത്ര തുടങ്ങേണ്ടത്. അവിടെ നിന്ന് ഒന്നുമുതൽ നാലുക്ഷേത്രങ്ങളും ദർശിച്ച് വിശ്രമിച്ച് വീണ്ടും അഞ്ചുമുതൽ ഒമ്പതുക്ഷേത്രങ്ങളിൽ ദർശനം നടത്തി ഒരു ദിവസംകൊണ്ട് ഈ ഒമ്പതുക്ഷേത്രങ്ങളിലും ദർശനം നടത്താം. തിരുനെൽവേലിയാണ് ഇടത്താവളമായി തിരഞ്ഞെടുക്കാൻ പറ്റിയ സ്ഥലം.
No comments:
Post a Comment