യോഗയുടെ ഗുണങ്ങള്
ഭാഗം - 10
വിവിധ യോഗാസനമുറകൾ
12. പാദ ശീർഷാസനം
ചെയ്യുന്ന വിധം
ഇരുകാലുകളും മൂന്നടി അകലത്തിലായി വയ്ക്കുക. കൈകൾ പുറകിലേക്ക് വലിച്ചു പിടിക്കുക. വലത്തേക്കാൽ വലതു വശത്തേക്ക് തിരിച്ചിട്ട് ശ്വാസം വിട്ടു കൊണ്ട് സാവധാനം തല കാലിന്റെ മുന്നിലായി നെറ്റി തറയിൽ സ്പർശിക്കുക. വലതുകാൽ മുട്ട് ഈ സമയം 90°യിലായിരിക്കണം. ശ്വാസം എടുത്തു കൊണ്ട് സാവധാനം ഉയർന്ന് പൂർവ്വസ്ഥിതിയിലാകുക. ഇടതുവശത്തേക്ക് ആവർത്തിക്കുക.
പ്രയോജനങ്ങൾ
തലച്ചോറിലേക്കുള്ള രകതത്തിന്റെ ഒഴുക്ക് കൂട്ടുന്നു. തലവേദന, മൈഗ്രേൻ തുടങ്ങിയ അസുഖങ്ങൾ മാറാൻ ഫലപ്രദമായ ആസനമാണിത്. കാഴ്ചശകതി വർദ്ധിക്കുന്നു. കാലുകൾക്ക് പേശീബലം വർദ്ധിക്കുന്നു. നട്ടെല്ലു സംബന്ധമായ അസുഖങ്ങളെ കുറയ്ക്കുന്നു.
13. നടരാജാസനം
ചെയ്യുന്ന വിധം
ഇരു കൈകളും ശരീരത്തിനോട് ചേർത്തു വയ്ച്ച് കാലുകൾ പരസ്പരം ചേർത്തു വയ്ച്ച് നിവർന്നു നിൽക്കുക. വലതുകൈ ചിൻമുദ്രയിൽ വയ്ച്ച് മുന്നിലേക്ക് നീട്ടി പിടിക്കുക. വലതു ചെവി കൈയ്യോട് ചേർന്നു വരത്തക്കവിധം അരക്കെട്ട് മുന്നോട് വളക്കുക. ഈ സ്ഥിതിയിൽ ഇടതുകാൽ പുറകിലേക്ക് ഉയർത്തി ഇടതു കൈ കൊണ്ട് കാൽക്കുഴയിൽ പിടിച്ചിട്ട് ഏകദേശം കൈയുടെ നിലയിൽത്തന്നെ ഉയർത്തുക. ഇപ്പോൾ വലതുകാലിൽ പൂർണമായും ശരീരം താങ്ങി ഭൂമിക്ക് സമാന്തരമായി ചിൻമുദ്രയിലുള്ള വലതു കൈയിലേക്ക് ദൃഷ്ടി ഉറപ്പിക്കുക. തുടർന്ന് കൈകളും കാലും താഴ്ത്തി പൂർവ്വസ്ഥിതിയിലാവുക. ഇടതു കാൽ തറയിൽ ഉറപ്പിച്ച് ആവർത്തിച്ച് ചെയ്യുക.
പ്രയോജനങ്ങൾ
കഴുത്തുഭാഗത്തെ നട്ടെല്ലുസംബന്ധമായ സ്പൊണ്ടെലൈറ്റിസ് അസുഖമുള്ളവർക്ക് വളരെ വേഗം രോഗം സുഖപ്പെടുന്നു. ശരീരത്തിന്റെ സംതുലനാവസ്ഥയെ മെച്ചപ്പെടുത്തുന്നു.
14. ഗരുഡാസനം
ചെയ്യുന്ന വിധം
ഇരുകാലുകളും നിലത്ത് ഉറപ്പിച്ച് കൈകൾ ശരീരത്തോട് ചേർത്തു വയ്ച്ച് കാലുകൾ പരസ്പരം ചേർത്ത് വയ്ച്ച് നട്ടെല്ല് നിവർത്തി നിൽക്കുക. വലത്തേ കാൽ മുട്ട് കുറച്ച് മടക്കി, ഇടത്തേ കാൽ മുന്നിലൂടെ വലത്തേ കാലിനെ ചുറ്റി പാദം മുന്നിലെത്തിക്കുക. ഇരു കൈകളും ശരീരത്തിന്റെ മുന്നിലായി മുട്ടുകൾ വളച്ച് മുകളിലേക്ക് വയ്ക്കുക. ഇപ്പോൾ തോൾമുതൽ കൈമുട്ടുവരെ ഭൂമിക്ക് സമാന്തരമായും, മുട്ടിൽ നിന്നും മുകളിലേക്ക് ഹസ്തം ഉയർന്നും നിൽക്കണം. ഇടതു കൈയുടെ ഭുജം വലതുകൈയ്യെ ചുറ്റി ഹസ്തങ്ങൾ പരസ്പരം ചേർത്ത് കൂപ്പി മൂക്കിനു മുൻപിലായി നിർത്തണം. കൈകളും കാലുകളും പിണഞ്ഞിരിക്കുന്ന ഈ അവസ്ഥയാണ് ഗരുഡാസനം. ശ്വാസഗതി സാധാരണ രീതിയിൽ മാത്രം. കാലുകളും കൈകളും പരസ്പരം മാറ്റി ആവർത്തിക്കുക.
പ്രയോജനങ്ങൾ
ഗരുഡാസനം ശരീരത്തിന്റെ സംതുലനാവസ്ഥയെ പുഷ്ടിപ്പെടുത്തുന്ന ആസനങ്ങളിലൊന്നാണ്. പ്രമേഹരോഗികളിൽ. അമിതമായ പ്രമേഹനിലയെ ക്രമപ്പെടുത്തുന്നു
15. ഗജാനനാസനം
ചെയ്യുന്ന വിധം
ഇരുകാലുകളും മൂന്നടി അകലത്തിലായി വയ്ച്ച് കൈകൾ ശരീരത്തോട് ചേർത്തു വയ്ച്ച് നിവർന്നു നിൽക്കുക. ശ്വാസം ഉള്ളിലേക്കെടുത്ത് കൈൾ ഇരു വശങ്ങളിലൂടെ ഉയർത്തി കഴിയുന്നത്ര പിന്നിലേക്ക് വളയുക. ശ്വാസം വിട്ടു കൊണ്ട് കൈപ്പത്തികൾ ചേർത്ത് കൂപ്പി മുന്നിലേക്ക് അരക്കെട്ടുകൊണ്ട് വളയുക. കൈകൾ കാലുകൾക്കിടയിലൂടെ പിറകിലേക്ക് എത്തിച്ച് മുകളിലേക്ക് ലക്ഷ്യം വയ്ക്കുക, അതേസമയം തല കഴിയുന്നത്ര താഴ്ത്തി ഭൂമിയോട് എറ്റവും അടുത്തായി നിർത്തുക.അഞ്ചു നിമിഷം ഈ നിലയിൽ തുടർന്നതിനു ശേഷം പൂർവ്വസ്ഥിതിയിലേക്ക് വരിക.
പ്രയോജനങ്ങൾ
ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നു.
No comments:
Post a Comment