സുന്ദരകാണ്ഡത്തിന്റെ ശക്തി
ഭാഗം :01
അധ്യാത്മരാമയണം കിളിപ്പാട്ട് എന്ന തുഞ്ചത്താചാര്യന്റെ രാമകഥയിലൂടെ മലയാളി രാമായണത്തെ സ്വന്തം കഥയാക്കി മാറ്റി. രാമകഥനം മലയാളിക്ക് പകര്‍ന്നേകുന്നത് ജീവിത പുണ്യം തന്നെയാണ്. അതിന്നും തുടരുന്നു അനസ്യൂതം. കാവ്യ കൃതിയില്‍ ഉള്ള ആദ്യത്തെ സൃഷ്ടിയാണ് വാത്മീകി രാമായണം. ഹിന്ദു മതത്തിലെ രണടാമത്തെ വലിയ ഇതിഹാസം എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. ബ്രഹ്മര്‍ഷിമാരില്‍ ഒരാളായ വാത്മീകിയുടെ ആശ്രമത്തില്‍ വന്ന നാരദനോട് , ധൈര്യം , വീര്യം ,ക്ഷമ, വിജ്ഞാനം, കാരുണ്യം, സൌന്ദര്യം , പ്രൌടി,ശമം ,ക്ഷമ, ശീലഗുണം, അജ്ജയ്യത തുടങ്ങിയ ഗുണങളോട് കൂടിയ ഏതെങ്കിലും ഒരു മനുഷ്യന്‍ ഭൂമുഖത്തുണ്ടോ എന്ന വാത്മീകിയുടെ ചോദ്യത്തിനുത്തരമായി നാരദന്‍ വിവരിച്ചു കൊടുക്കുന്നിടത്ത് നിന്നുമാണ് രാമായണം തുടങ്ങുന്നത്. തുടര്‍ന്ന്, രാമായണത്തില്‍ വസിഷ്ഠന്‍, വിശ്വാമിത്രന്‍, അഗസ്ത്യന്‍, അത്രി, സുതീക്ഷ്ണന്‍ തുടങ്ങിയ ഋഷിവൃന്ദം രാമനെ സാക്ഷാല്‍ ജഗദീശ്വരനായ വിഷ്ണുവിന്റെ അവതാരമായി കാണുന്നു. യോഗികള്‍ രാമനെ ആത്മസ്വരൂപമായി കാണുന്നു. രാമായണത്തിന്റെ പൊരുള്‍ അനുസരിച്ച് ശ്രീ രാമന്‍ മനുഷ്യ കുലത്തിലുള്ള ഉത്തമ പുരുഷനായും സീതാ ദേവിയെ ഉത്തമ സ്ത്രീയായും കരുതപ്പെടുന്നു. ഇതെല്ലാം ചിന്തിക്കുമ്പോള്‍ രാമന്‍ മാതൃകാ പുരുഷോത്തമനും സര്‍വ്വനിയാമകനായ മഹേശ്വരനും സര്‍വ്വാന്തര്യാമിയായ ആത്മാവുമൊക്കെയാണെന്നു സിദ്ധിക്കുന്നു. ഇങ്ങനെയെല്ലാമുള്ള രാമന്റെ സ്വരൂപഭാവങ്ങളും ജന്മ കര്‍മങ്ങളും ഗുണഗണങ്ങളുമാണ് രാമായണം വര്‍ണിക്കുന്നത്. അതുകൊണ്ട് രാമായണം ആസ്വദിക്കുന്നവര്‍ക്ക് മനുഷ്യത്വാദര്‍ശവും ഈശ്വര ജ്ഞാനവും ആത്മബോധവുമൊക്കെയാണ് പകര്‍ന്നു കിട്ടുന്നത്.പൗരാണിക കാലം മുതല്‍ തന്നെ ഹിന്ദുക്കള്‍ രാമായണ പാരായണത്തിന് അതീവ പ്രാധാന്യം നല്കി പോരുന്നുണ്ട്. ഏഴ് കാണ്ഡങ്ങളിലായി 24000 ശ്‌ളോകങ്ങള്‍ ആണ് വാത്മീകി രാമായണം ഉള്‍ക്കൊള്ളുന്നത്.
മനുഷ്യനെ ബാധിച്ചിരിക്കുന്ന ദുര്‍ഗുണ ദുര്‍വാസനയെ അകറ്റി അവനു ശുദ്ധിയുടെ പുണ്യം പകരുന്ന പവിത്ര സാധനയാണ് നാമകീര്‍ത്തനമെന്ന് ആചാര്യന്മാരെല്ലാം ഉദ്‌ഘോഷിക്കുന്നു. രാമായണത്തിലങ്ങോളമിങ്ങോളം ഭഗവന്നാമകീര്‍ത്തനം നിറഞ്ഞ വരികളുടെ ഒരു ഘോഷയാത്ര തന്നെ നമുക്ക് കാണാന്‍ കഴിയും. രാമായണം പാരായണം ചെയ്യുന്നവര്‍ക്ക്, തങ്ങള്‍ നാമപാരായണമല്ലേ ചെയ്യുന്നത് എന്ന പ്രതീതിയാണ് പലപ്പോഴുമുണ്ടാവുക. കാവ്യത്തിന്റെയും സംഗീതത്തിന്റെയും പുണ്യംകൂടി രാമായണം പകര്‍ന്ന് നല്‍കുന്നുണ്ട്. പുരാണ പണ്ഡിതന്‍മാര്‍ രാമായണത്തെ വിവക്ഷിക്കുന്നത് രാമന്റെ ‘അയന’ മായിട്ടാണ്. മറ്റൊരു നിഗമനം കൂടി അതില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ‘രാ’ മായണം എന്ന പുരാണ തത്വം രണ്ടും ഒരു പോലെ ശരിയാണെന്ന് അനുഭവങ്ങളിലൂടെ നമുക്ക് വ്യക്തമാകുന്നുണ്ട്. ‘അയനം’ എന്നാല്‍ സഞ്ചാരം എന്ന അര്‍ത്ഥം കല്പ്പിക്കാം. ബാലകാണ്ഡത്തില്‍ തുടങ്ങുന്ന ഭഗവാന്റെ സഞ്ചാരം പട്ടാഭിക്ഷേകത്തിലും നിലയ്ക്കുന്നില്ല. ഉത്തരരാമായണത്തിലൂടെ തന്റെ പ്രിയ അനുയായികളോടൊപ്പം സരയൂ നദിയുടെ നീലകലക്കയത്തിലലിയുമ്പോഴാണ് അതവസാനിക്കുന്നത്. അവതാരോദ്ദേശം തീര്‍ന്നു കഴിഞ്ഞൂ. അതോടെ ത്രേതായുഗത്തിനും അന്ത്യമായി.
തുടരും ....
No comments:
Post a Comment