കണ്ണകി
തമിഴ് ഇതിഹാസകാവ്യമായ ചിലപ്പതികാരത്തിലെ വീരനായികയാണ് കണ്ണകി. നിരപരാധിയായ തന്റെ ഭർത്താവിനെ വധിച്ച പാണ്ട്യരാജാവിനെ പ്രതികാരമൂർത്തിയായ കണ്ണകി ശപിക്കുകയും, മുലപറിച്ചെറിഞ്ഞു കൊണ്ട് മധുര നഗരം ചുട്ടെരിക്കുകയും ചെയ്തു എന്നതാണ് കാവ്യത്തിലെ ഇതിവൃത്തം. പത്തിനിക്കടവുൾ (ഭാര്യാദൈവം) എന്ന പേരിലും കണ്ണകി അറിയപ്പെടുന്നു.
കാവേരിപ്പട്ടണത്തിലെ ഒരു ധനികവ്യാപാരിയുടെ മകനായ കോവലൻ അതിസുന്ദരിയായ കണ്ണകി എന്ന യുവതിയെ വിവാഹം ചെയ്തു. കാവേരിപൂമ്പട്ടണം എന്ന നഗരത്തിൽ ഇരുവരും സസുഖം ജീവിക്കവേ, കോവലൻ, മാധവി എന്ന നർത്തകിയെ കണ്ടുമുട്ടുകയും അവരിൽ പ്രണയാസക്തനാവുകയും ചെയ്തു. കണ്ണകിയെ മറന്ന കോവലൻ തന്റെ സ്വത്തുമുഴുവൻ മാധവിക്കുവേണ്ടി ചെലവാക്കി. ഒടുവിൽ പണമെല്ലാം നഷ്ടപ്പെട്ടപ്പോൾ കോവലൻ തന്റെ തെറ്റുമനസ്സിലാക്കി കണ്ണകിയുടെ അടുത്തേക്ക് തിരിച്ചുപോയി. അവരുടെ ആകെയുള്ള സമ്പാദ്യം കണ്ണകിയുടെ രത്നങ്ങൾ നിറച്ച ചിലമ്പുകൾ മാത്രമായിരുന്നു. കണ്ണകി സ്വമനസാലെ തന്റെ ചിലമ്പുകൾ കോവലനു നൽകി. ഈ ചിലമ്പുകൾ വിറ്റ് വ്യാപാരം നടത്തുവാൻ കോവലനും കണ്ണകിയും മധുരയ്ക്കു പോയി.
പാണ്ഡ്യരാജാവായ നെടുംചെഴിയനായിരുന്നു ആ കാലത്ത് മധുര ഭരിച്ചിരുന്നത്. ഇതേസമയത്ത് രാജ്ഞിയുടെ ഒരു ചിലമ്പ് മോഷണം പോയി. കണ്ണകിയുടെ ചിലമ്പുകളുമായി കാണാൻ വളരെ സാമ്യമുണ്ടായിരുന്ന ഈ ചിലമ്പുകളുടെ ഒരേയൊരു വ്യത്യാസം രാജ്ഞിയുടെ ചിലമ്പുകൾ മുത്തുകൾ കൊണ്ടു നിറച്ചതായിരുന്നെങ്കിൽ കണ്ണകിയുടേത് രത്നങ്ങൾ കൊണ്ട് നിറച്ചതായിരുന്നു എന്നതായിരുന്നു. ചിലമ്പുവിൽക്കാൻ ചന്തയിൽ പോയ കോവലനെ കള്ളനെന്നു ധരിച്ച് രാജാവിന്റെ ഭടന്മാർ പിടികൂടി. രാജാജ്ഞയനുസരിച്ച് കോവലന്റെ ശിരസ്സ് ഛേദിച്ചു. ഇതറിഞ്ഞ കണ്ണകി രാജാവിന്റെ മുന്നിൽ കോവലന്റെ നിരപരാധിത്വം തെളിയിക്കുവാൻ പാഞ്ഞെത്തി.
കൊട്ടാരത്തിലെത്തിയ കണ്ണകി തന്റെ ചിലമ്പുപൊട്ടിച്ചപ്പോൾ അതിൽനിന്ന് രത്നങ്ങൾ ചിതറി. രാജ്ഞിയുടെ ഒരു ചിലമ്പുപൊട്ടിച്ചപ്പോൾ അതിൽനിന്ന് മുത്തുകളും ചിതറി. തങ്ങളുടെ തെറ്റുമനസ്സിലാക്കിയ രാജാവും രാജ്ഞിയും പശ്ചാത്താപം കൊണ്ടു മരിച്ചു. ഇതിൽ മതിവരാതെ കണ്ണകി തന്റെ ഒരു മുല പറിച്ചെറിഞ്ഞ് മധുരയിലേക്ക് വലിച്ചെറിഞ്ഞ് നഗരം മുഴുവൻ വെന്തു വെണ്ണീറാവട്ടെ എന്നു ശപിച്ചു. കണ്ണകിയുടെ പാതിവൃത്യത്താൽ ഈ ശാപം സത്യമായി.
തീയിൽ വെന്ത മധുരയിൽ കനത്ത ആൾനാശവും ധനനഷ്ടവുമുണ്ടായി. നഗരദേവതയായ മധുര മീനാക്ഷിയുടെ അപേക്ഷയനുസരിച്ച്, കണ്ണകി തന്റെ ശാപം പിൻവലിച്ചു. കണ്ണകിക്ക് മോക്ഷം ലഭിച്ചു. ഈ കഥ ഇളങ്കോ അടികൾ ചിലപ്പതികാരം എന്ന മഹാകാവ്യമായി എഴുതി. കഥയിലെ ഒരു വൈരുദ്ധ്യം, കോവലന്റെ രഹസ്യകാമുകിയായ മാധവിയെയും കണ്ണകിയെപ്പോലെ പരിശുദ്ധയായ ഒരു സ്ത്രീയായി കാണിക്കുന്നു എന്നതാണ്. മണിമേഖല എന്ന കൃതിയും കണ്ണകിയെ പ്രകീർത്തിച്ച് എഴുതിയതാണ്.
കേരളീയ സംസ്കാരത്തിൽ കണ്ണകിക്ക് വലിയ പ്രാധാന്യം ഉണ്ട്. ചരിത്രപരവും സാംസ്കാരികവുമായ തലങ്ങളിൽ അവ ദർശിക്കാവുന്നതാണ്. കണ്ണകിയുടെ ക്ഷേത്രം ചേരൻ ചെങ്കുട്ടുവൻ പ്രതിഷ്ഠിച്ചു എന്നു പറയുന്നത് കൊടുങ്ങല്ലൂർ ആണ്. മധുര മീനാക്ഷിയുടെ അപേക്ഷപ്രകാരം മോക്ഷപ്രാപ്തിക്കായി കൊടുങ്ങല്ലൂരിൽ എത്തിയ കണ്ണകി വടക്കേ നടയിൽ വച്ചു പരാശക്തിയിൽ ലയിച്ചതായി കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ഐതീഹ്യമാലയിൽ പറയുന്നു. ഇതേ കണ്ണകി തന്നെയാണ് പരിസര പ്രദേശങ്ങളായ കൊരട്ടി എന്നിവടങ്ങളിലെ ക്രിസ്തീയ ദേവാലയങ്ങളിലേയും ആരാധനാ മൂർത്തി. ആറ്റുകാൽ പൊങ്കാലയുമായും കണ്ണകിയെ ബന്ധപ്പെടുത്തി ഐതീഹ്യമുണ്ട്.
കണ്ണകിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ : കണ്ണകി അഥവാ കണ്ണകി അമ്മൻ പാതിവൃത്യത്തിന്റെ ദേവതയായി തമിഴ്നാട്ടിൽ ആരാധിക്കപ്പെടുന്നു. ഭർത്താവിന്റെ വഴിവിട്ട പെരുമാറ്റത്തിനുശേഷവും ഭർത്താവിനോടുള്ള അകമഴിഞ്ഞ ആരാധനയുടെ പേരിൽ കണ്ണകി ആരാധിക്കപ്പെടുന്നു. പതിനി എന്ന ദേവതയായി സിംഹള പുരോഹിതർ കണ്ണകിയെ ശ്രീലങ്കയിൽ ആരാധിക്കുന്നു. ശ്രീലങ്കൻ തമിഴർ കണ്ണകി അമ്മൻ എന്ന പേരിലും കണ്ണകിയെ ആരാധിക്കുന്നു. എങ്കിലും സമൂഹത്തിന്റെ ഒരു വിഭാഗം ജനങ്ങൾ കണ്ണകിയുടെ ഭർത്താവിനോടുള്ള വിധേയത്വം അടിച്ചമർത്തപ്പെടുന്ന സ്ത്രീത്വത്തിന്റെ ഒരു പ്രതീകമായി കാണുന്നു. തമിഴ്നാട്ടിലെ മുൻ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ഭരണകാലത്ത് മദ്രാസിലെ കണ്ണകി പ്രതിമ 2001 ഡിസംബറിൽ നീക്കം ചെയ്തിരുന്നു. ജൂൺ 3, 2006-ൽ കരുണാനിധി ഈ പ്രതിമ പുന:സ്ഥാപിച്ചു.
No comments:
Post a Comment