യോഗസൂത്രം 3
ശ്രീ പതഞ്ജലി മഹര്‍ഷി രചിച്ച യോഗസൂത്രം മൂന്നാമത്തെ അദ്ധ്യായമായ വിഭൂതിപാദം
ദേശബന്ധശ്ചിത്തസ്യ ധാരണാ 1
ചിത്തത്തിനെ ഒരു സ്ഥാനത്ത് (ശരീരത്തിനകത്തോ പുറത്തോ) ഉറപ്പിച്ചുനിര്‍ത്തുന്നതാണ് ധാരണാ എന്ന യോഗാംഗം. നാഭീചക്രം, ഹൃദയകമലം എന്നീ സ്ഥാനങ്ങള്‍ ശരീരത്തിനകത്തും ആകാശം, ആദിത്യമണ്ഡലം എന്നീ സ്ഥാനങ്ങള്‍ ശരീരത്തിനു പുറത്തും ചിത്തത്തെ സ്ഥിരമായി നിര്‍ത്താന്‍ ഉചിതമായവയാണ്.
തത്ര പ്രത്യയൈകതാനതാ ധ്യാനം 2
അവിടെ – ധ്യേയവസ്തുവില്‍ – ചിത്തത്തെ സ്ഥിരതയോടും ഏകാഗ്രതയോടും കൂടി നിലനിര്‍ത്തലാണ് ധ്യാനം.
തദേവാര്ഥമാത്രനിര്ഭാസം സ്വരൂപശൂന്യം ഇവ സമാധിഃ 3
ആ ധ്യാനം തന്നെ ധ്യേയവസ്തുവില്‍ തികച്ചും ഏകാഗ്രപ്പെട്ട് അതില്‍ നിന്നും വേറിട്ട് ഒരു സ്വരൂപമില്ലാതാകുന്നതാണ് സമാധി. ധ്യാനത്തിന്റെ അഭ്യാസത്തില്‍ ഏകാഗ്രത കൂടിക്കൂടി വന്ന് ചിത്തം ക്രമേണ ലയിച്ച് ലയിച്ച് ചിത്തത്തിന്റെ സത്തതന്നെ ഇല്ലാതായി ധ്യേയവസ്തു മാത്രമായിത്തീരുമ്പോഴുള്ള അവസ്ഥയ്ക്കു സമാധിയെന്നു പറയുന്നു.
ത്രയം ഏകത്ര സംയമഃ 4
മേല്പറഞ്ഞ ധാരണാ, ധ്യാനം, സമാധി ഇവ മൂന്നും ഒരിടത്ത് ഒരേ ധ്യേയവസ്തുവില്‍ കൂടിച്ചേരുന്നതിനെ സംയമം എന്നു പറയുന്നു.
തജ്ജയാത് പ്രജ്ഞാലോകഃ 5
അത് -സംയമം- സിദ്ധിച്ചാല്‍ ബുദ്ധിയ്ക്ക് അലൗകികത ഉണ്ടാകുന്നു. ഇതിനെ അദ്ധ്യാത്മപ്രസാദമെന്ന് ഒന്നാമധ്യായത്തില്‍ നാല്‍പ്പത്തിയേഴാം സൂത്രത്തില്‍ പരാമര്‍ശിച്ചിരുന്നു.
തസ്യ ഭൂമിഷു വിനിയോഗഃ 6
സംയമത്തിനെ വിവിധസ്ഥാനങ്ങളില്‍ വിനിയോഗിക്കേണ്ടതാണ്. ആദ്യം സ്ഥൂലപദാര്ഥങ്ങളില് സംയമത്തെ സാധിച്ചശേഷം ക്രമേണ സൂക്ഷ്മവസ്തുക്കളിലും അഭ്യസിക്കേണ്ടതാണ്.
ത്രയം അന്തരംഗം പൂര്‍വ്വേഭ്യഃ 7
ഈ മൂന്നും – ധ്യാനധാരണാസമാധികള് – ആദ്യത്തെ അഞ്ചെണ്ണത്തെ യമനിയമാസനപ്രാണായമപ്രത്യാഹാരങ്ങളെ അപേക്ഷിച്ച് അന്തരംഗസാധനകളാകുന്നു. അവയഞ്ചും ബഹിരംഗസാധനകളാകുന്നു.
തദപി ബഹിരംഗം നിര്‍ബീജസ്യ 8
എന്നാല്‍ നിര്ബീജസമാധിതെ അപേക്ഷിച്ച് ഇവ മൂന്നും ബഹിരംഗസാധനകളാകുന്നു. നിര്ബീജസമാധിക്ക് വൃത്തികളുടെ സമ്പൂര്‍ണ്ണനിരാസം അത്യന്താപേക്ഷിതമാണ്. ധ്യാനധാരണാസമാധികള്ക്ക് വൃത്തികളുടെ ചേര്ച്ചയുള്ളതിനാല് ഇവയ്ക്കൊന്നും നിര്ബീജസമാധിയുടെ അന്തരംഗസാധനകളാകാന് സാധ്യമല്ല. സംയമം കാലക്രമേണ നിര്ബീജസമാധിക്കു കാരണമായിത്തീരുന്നതിനാല് ഇവയെ അതിന്റെ ബഹിരംഗസാധനകളാണെന്നു പറയാം.
വ്യുത്ഥാനനിരോധസംസ്കാരയോരഭിഭവപ്രാദുര്ഭാവൌ
നിരോധക്ഷണചിത്താന്വയോ നിരോധപരിണാമഃ 9
വ്യുത്ഥാനനിരോധസംസ്കാരങ്ങള് (വിക്ഷേപവൃത്തികളും അവയെ നിരോധിക്കുന്ന വൃത്തികളും) യഥാക്രമം ലയിക്കുകയും ഉദ്ഭവിക്കുകയും ചെയ്യുമ്പോള്‍ നിരോധമുണ്ടാകുന്ന മാത്രയില്‍ ചിത്തം നിരോധാവസ്ഥയിലാകുന്നതാണ് നിരോധപരിണാമം.
തസ്യ പ്രശാന്തവാഹിതാ സംസ്കാരാത് 10
അതിന്റെ (നിരോധപരിണാമത്തിന്റെ) നിരന്തരാഭ്യാസത്തിലൂടെ ചിത്തവൃത്തിപ്രവഹത്തിന് ശാന്തത കൈവരുന്നു.
സര്വ്വാര്ഥതൈകാഗ്രതയോഃ ക്ഷയോദയൌ ചിത്തസ്യ സമാധിപരിണാമഃ 11
സര്വ്വാര്ഥതയ്ക്കു (ചിത്തത്തിന്റെ സ്വാഭാവിക വൃത്തിയായ വിഷയചിന്തനത്തിനു) ക്ഷയവും, ഏകാഗ്രത (ധ്യേയവസ്തുവിന്റെ നിരന്തരവും ഏകാഗ്രവുമായ ചിന്തനം) ഉദിക്കുകയും ഉണ്ടായിക്കൊണ്ടിരിക്കുന്നുവെങ്കില്‍ അതിനെ സമാധി പരിണാമം എന്നു പറയുന്നു. അതായത് ചിത്തം സ്വാഭാവികമായ വിക്ഷിപ്താവസ്ഥയില്‍ നിന്ന് ഏകാഗ്രതാവസ്ഥയിലേക്ക് കടക്കുമ്പോള്‍ എന്തൊരു പരിണാമമുണ്ടാകുന്നുവോ അതാണ് സമാധി പരിണാമം.
തതഃ പുനഃ ശാന്തോദിതൌ തുല്യപ്രത്യയൌ
ചിത്തസ്യൈകാഗ്രതാപരിണാമഃ 12
അനന്തരം വീണ്ടും വീണ്ടും ശമിച്ചും ഉദിച്ചുമിരിക്കുന്ന ചിത്തവിക്ഷേപങ്ങള്‍ തുല്യപ്രത്യയങ്ങളായിത്തീരുന്നതാണ് ഏകാഗ്രതാപരിണാമം. ക്ഷയിച്ച വിക്ഷിപ്താവസ്ഥയും ഉദിച്ച ഏകാഗ്രതാവസ്ഥയും ഒന്നായിത്തീരുന്നതിനെയാണ് തുല്യപ്രത്യയ ങ്ങളെന്നതു കൊണ്ടുദ്ദേശിച്ചത്. സംപ്രജ്ഞാതയോഗത്തിന്റെ പ്രഥമാവസ്ഥയാണ് സമാധിപരിണാമം. അതില്‍ ഉദിച്ചതും അസ്തമച്ചതുമായ രണ്ടു വൃത്തികള്‍ക്ക് അന്യോന്യവൈരുദ്ധ്മുണ്ട്, എന്നാല്‍ ഈ ഭേദം ഏകാഗ്രതാപരിണാമത്തിലില്ല. ഏകാഗ്രതാപരിണാമത്തിനെ തന്നെയാണ് പ്രഥമപാദത്തില്‍ നിര്വിചാരസമാധിയെന്നു പരാമര്‍ശിച്ചിരുന്നത്.
ഏതേന ഭൂതേന്ദ്രിയേഷു ധര്‍മ്മലക്ഷണാവസ്ഥാപരിണാമാ വ്യാഖ്യാതാഃ 13
ഇത്രയും പറഞ്ഞതുകൊണ്ട് പഞ്ചഭൂതങ്ങളിലും ഇന്ദ്രിയങ്ങളിലുമുള്ള ധര്മ്മപരിണാമവും, ലക്ഷണപരിണാമവും, അവസ്ഥാപരിണാമവും വ്യാഖ്യാതങ്ങളായി.
ധര്‍മ്മപരിണാമം: ഒരു വസ്തുവില്‍ ഒരു ധര്‍മ്മത്തിന്റെ ലയവും മറ്റൊരു ധര്‍മ്മത്തിന്റെ ഉദയവും കാണുന്ന തിനെയാണ് ധര്മ്മപരിണാമമെന്നു പറയുന്നത്.
ലക്ഷണപരിണാമം: ധര്മ്മപരിണാമത്തോട് മിക്കവാറും തുല്യമാണിതെന്നു പറയാം. അല്ലെങ്കില്‍ അതില്‍ അന്തര്ഗതമാണെന്നും പറയാം. ഉദാ: മണ്ണു കുടത്തിന്റെ പൂര്വ്വലക്ഷണപരിണാമവും കുടം മണ്ണിന്റെ ഭാവിലക്ഷണപരിണാമവുമാണ്. ഇതേരീതിയില്‍ മറ്റുള്ളവയെയും കണ്ടുകൊള്ളണം.
അവസ്ഥാപരിണാമം: ഒരു വസ്തുവില്‍ ഭാവിലക്ഷണധര്മ്മങ്ങള് കുറെശ്ശെയായി പ്രകാശിക്കുകയും ക്രമേണ വര്ത്തമാനലക്ഷണധര്മ്മങ്ങള് തീരെ മറഞ്ഞു ഭാവിലക്ഷണധര്മ്മം പൂര്‍ണ്ണമായി പ്രകാശിക്കുകയും ചെയ്യുന്നാതാണ് അവസ്ഥാപരിണാമം. ഉദാ: പതിനൊന്നാമത്തെ സൂത്രത്തില്‍ വര്‍ണ്ണിച്ച ചിത്തസ്വരൂപമായ ധര്‍മ്മിയുടെ സര്വ്വാര്ഥതാ ധര്‍മ്മം ക്രമേണ ചുരുങ്ങിച്ചുരുങ്ങി ഏകാഗ്രതാധര്മ്മമായിത്തീരുന്നതും, ഏകാഗ്രതാ ധര്‍മ്മം ക്രമേണ ചുരുങ്ങിച്ചുരുങ്ങി സര്വ്വാര്ഥതാ ധര്മ്മമായിത്തീരുന്നതും അവസ്ഥാപരിണാമത്തിനുദാഹരണമാണ്.
ഒമ്പതു മുതല്‍ പന്ത്രണ്ടു വരെയുള്ള സൂത്രങ്ങളില്‍ ഈ മൂന്നു പരിണാമങ്ങളെയും വര്‍ണ്ണിച്ചിട്ടുണ്ട്. എന്നാല്‍ ഈ സൂത്രം കൊണ്ട് പ്രസ്തുത മൂന്നു പരിണാമങ്ങള്‍ ലോകത്തിലുള്ള സമസ്തവസ്തുക്കളിലും സംഭവിക്കുമെന്നു പറയുന്നു. കാരണം ലോകത്തിലുള്ള എല്ലാ വസ്തുക്കളും പരിണാമസ്വഭാവമുള്ള ത്രിഗുണങ്ങളോടു കൂടിയവയാണ്. അതിനാല്‍ ഓരോ വസ്തുവിന്റെയും പരിണാമം അനിവാര്യമാണ്. അതിനാല്‍ പഞ്ചഭൂതങ്ങളിലും, തന്റെ ഇന്ദ്രിയങ്ങളിലുമുള്ള ധര്മ്മലക്ഷണാവസ്ഥാപരിണാമങ്ങളെ ഒരു സാധകന് തിരിച്ചറിയേണ്ടതാണ്.
ശാന്തോദിതാവ്യപദേശ്യധര്‍മ്മാനുപാതീ ധര്‍മ്മീ 14
ശാന്തം, ഉദിതം, അവ്യപദേശ്യം എന്നീ അവസ്ഥാത്രയങ്ങളിലുള്ള ധര്‍മ്മങ്ങളെ അവലംബിച്ചുനില്ക്കുന്നതാണ് ധര്‍മ്മീ. ദ്രവ്യത്തില്‍ എപ്പോഴും വര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അനേകതരത്തിലുള്ള ശക്തികളെയാണ് ധര്‍മ്മങ്ങളെന്നു പറയുന്നത്. അവയ്ക്കവലംബമായ ദ്രവ്യത്തെ ധര്മ്മിയെന്നു പറയുന്നു. ഒരു ധര്‍മ്മിയില്‍ അനേകധര്മ്മങ്ങളുണ്ടാവാം. സന്ദര്‍ഭത്തിനൊത്ത് ഓരോ ധര്‍മ്മങ്ങള്‍ പ്രകാശിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നുവെന്നുമാത്രം. ഇത്തരത്തിലുള്ള എല്ലാ ധര്‍മ്മങ്ങള്‍ക്കും കൂടി അവ്യപദേശ്യം, ഉദിതം, ശാന്തം എന്നീ വകഭേദങ്ങള്‍ കല്പിക്കപ്പെട്ടിരിക്കുന്നു.
അവ്യവപദേശ്യം: വസ്തുവിലുള്ളതാണെങ്കിലും പ്രകടമാതിരിക്കുന്നിടത്തോളം ബോധിക്കാന്‍ സാധിക്കാത്ത ധര്‍മ്മം അവ്യപദേശ്യം. ഉദാ: വെള്ളത്തില്‍ നുര, മണ്ണില്‍ പാത്രം, സ്വര്‍ണ്ണത്തില്‍ ആഭരണം.
ഉദിതം: വസ്തുവിലുള്ളതും എന്നാല്‍ പ്രകടമല്ലാതിരുന്നതുമായ ധര്‍മ്മം പ്രകടമായിത്തീരുമ്പോള് അതിനെ ഉദിതമെന്നു പറയുന്നു. വെള്ളം നുരയായും, മണ്ണു പാത്രമായും തീരുന്നത് ഇതിനുദാഹരണമാണ്.
ശാന്തം: പ്രകടമായ ധര്‍മ്മം വീണ്ടും ധര്‍മ്മിയില്‍ തന്നെ ലയിച്ചു മറഞ്ഞു കഴിയുമ്പോള്‍ അതിനെ ശാന്തമെന്നു പറയുന്നു. നുര വെള്ളവും, മണ്ണു കുടമായും മാറുന്നത് ഇതിനുദാഹരണമാണ്.
ക്രമാന്യത്വം പരിണാമാന്യത്വേ ഹേതുഃ 15
ക്രമീകരണഭേദം പരിണാമഭേദത്തിനു കാരണമാകുന്നു. ഉദാ: പഞ്ഞി കൊണ്ട് വസ്ത്രം, കയര്‍, തിരി എന്നീ വ്യത്യസ്ത വസ്തുക്കളുണ്ടാക്കാം. ഇതിനു കാരണം ക്രമീകരണത്തിലുള്ള ഭേദമാണ്. ഇങ്ങിനെ, ക്രമീകരണത്തിലുള്ള ഭേദം കൊണ്ട് ഒരു വസ്തുവിന്റെ പരിണാമത്തിനു ഭേദം സംഭവിക്കുന്നു.
പരിണാമത്രയസംയമാദ് അതീതാനാഗതജ്ഞാനം 16
മേല്പറഞ്ഞ മൂന്നു പരിണമങ്ങളുടെ സംയമത്തില്നിന്ന് കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ പരിണാമങ്ങളെക്കുറിച്ചുള്ള അറിവുണ്ടാകുന്നു. ധാരണാധ്യാനസമാധികള്‍ മൂന്നും കൂടിച്ചേര്‍ന്ന സംസ്കാരത്തെയാണ് സംയമമെന്നു പറയുന്നത്. ഈ സൂത്രപ്രകാരം ഒരു ജീവിതത്തിന്റെ വര്‍ത്തമാനകാലത്തിലുള്ള സംയമംകൊണ്ട് ഭൂതഭാവിജീവിതങ്ങളുടെ സ്വരൂപത്തെ അറിയാറാവുമെന്നു കരുതാം.
ശബ്ദാര്ഥപ്രത്യയാനാം ഇതരേതരാധ്യാസാത് സംകരഃ
തത്പ്രവിഭാഗസംയമാത് സര്‍വ്വഭൂതരുതജ്ഞാനം 17
പൊതുവെയുള്ള അധ്യാസം കാരണം വേര്‍തിരിച്ചറിയാനാകാത്ത വിധത്തില്‍ സംകരമായിരിക്കുന്ന ശബ്ദം, അര്‍ഥം, ജ്ഞാനം ഇവയുടെ വേര്‍തിരിച്ചുള്ള സംയമം കൊണ്ട് സര്‍വ്വപ്രാണികളുടെയും ശബ്ദാര്ഥപരിജ്ഞാനമുണ്ടാകുന്നു.
സംസ്കാരസാക്ഷാത്കരണാത് പൂര്‍വ്വജാതിജ്ഞാനം 18
സംസ്കാരങ്ങളെ (ജന്മജന്മാന്തരങ്ങളിലായി ആര്‍ജ്ജിച്ചു വെച്ചിട്ടുള്ള വാസനാസഞ്ചയത്തെ) സംയമത്തിലൂടെ കണ്ടറിയാന്‍ സാധിക്കുന്നതു കാരണം പൂര്വ്വജന്മസ്മരണയുണ്ടാകുന്നു.
പ്രത്യയസ്യ പരചിത്തജ്ഞാനം 19
പ്രത്യയത്തിന്റെ (ആത്മജ്ഞാനത്തിന്റെ) പരിപൂര്‍ണ്ണാവസ്ഥ വന്നുകഴിഞ്ഞാല്‍ അന്യന്മാരുടെ മനസ്സിലെ ചിന്തകളെ അറിയാന്‍ കഴിയുന്നു. ഇവിടെ പ്രത്യയശബ്ദത്തിന്റെ അര്‍ഥം എന്താണ് എന്നത് ഒരു വിവാദവിഷയമാണ്. അന്യരുടെ ശരീരത്തിലെ ഏതെങ്കിലും ഒരു അടയാളത്തെയാണ് പ്രത്യയശബ്ദം കൊണ്ടുദ്ദേശിക്കുന്നതെന്നും അതിന്റെ സംയമഫലമായി പരചിത്തജ്ഞാനമുണ്ടാകുമെന്നുമാണ് ഭോജവൃത്തിയിലും വിവേകാനന്ദസ്വാമികളുടെ വ്യാഖ്യാനത്തിലും പറഞ്ഞിരിക്കുന്നത്.
ന ച തത് സാലംബനം,തസ്യാവിഷയീഭൂതത്വാത് 20
അത് (യോഗിക്കുണ്ടാകുന്ന പരചിത്തജ്ഞാനം) സ്വരൂപമാത്രമാണ്. അല്ലാതെ പരചിത്തത്തിന്റെ അപ്പോഴപ്പോഴുള്ള വിചാരങ്ങളെക്കുറിച്ചുള്ള ജ്ഞാനമല്ല യോഗിക്കുണ്ടാകുന്നത്. എന്തെന്നാല്‍ അവ യോഗിയുടെ സംയമത്തിനു വിഷയമല്ല.
കായരൂപസംയമാത് തദ്ഗ്രാഹ്യശക്തിസ്തംഭേ
ചക്ഷുഃപ്രകാശാസംപ്രയോഗേന്തര്ധാനം 21
ശരീരത്തിന്റെ രൂപത്തിലുള്ള സംയമം കാരണം ശരീരത്തിന്റെ ഗ്രാഹ്യശക്തി സ്തംഭിക്കുകയും മറ്റാരുടെയും കണ്ണുകള്‍ യോഗിയുടെ ശരീരവുമായി ബന്ധപ്പെടാതാകുകയും ചെയ്യുമ്പോള്‍ യോതി അന്യദൃഷ്ടിയ്ക്കവിഷയനായിത്തീരുന്നു. ഇതാണ് അന്തര്‍ധാനം. “ഏതേന ശബ്ദാദ്യന്തര്ധാനമുക്തം” എന്ന ഒരു സൂത്രം ഇവിടെ ചില യോഗസൂത്രഗ്രന്ഥങ്ങളില് കണ്ടുവരുന്നു. യോഗി സ്വശരീരത്തിന്റെ രൂപത്തില്‍ സംയമം സാധിക്കുമ്പോള്‍ ദൃഷ്ട്യഗോചരനാകുന്നതു പോലെ തന്റെ ശബ്ദം, സ്പര്‍ശം എന്നിവയില്‍ സംയമം സാധിച്ചാല്‍ യോഗിയുടെ ശബ്ദസ്പര്‍ശാദികള്‍ അന്യര്‍ക്ക് ബോധിക്കുവാന്‍ കഴിയാതെ വരും എന്നും ഇരുപത്തിയൊന്നാം സൂത്രത്തില്‍ നിന്നു മനസ്സിലാക്കേണ്ടതാണ്.
സോപക്രമം നിരുപക്രമം ച കര്‍മ്മ തത്സംയമാദ്
അപരാന്തജ്ഞാനം,അരിഷ്ടേഭ്യോ വാ 22
കര്‍മ്മം ഫലം അനുഭവിക്കാന്‍ തുടങ്ങിയതെന്നും, ഫലം അനുഭവിക്കാന്‍ തുടങ്ങാത്തതെന്നും രണ്ടു വിധത്തിലാണ്. അതിന്റെ സംയമഫലമായി അരിഷ്ടലക്ഷണങ്ങള് ഹേതുവായിട്ടോ യോഗിക്ക് മരണത്തെക്കുറിച്ചുള്ള അറിവുണ്ടാകുന്നു. മരണം എപ്പോള്‍ എവിടെ വെച്ച് ഏതുരൂപത്തില്‍ സംഭവിക്കുമെന്നു യോഗിയ്ക്ക് സംയമത്തിലൂടെ കൃത്യമായറിയാന്‍ കഴിയും. എന്നാല്‍ സ്വപ്നദര്ശനാദി അരിഷ്ടലക്ഷണങ്ങളിലൂടെ ലഭിക്കുന്ന അറിവ് പ്രത്യക്ഷമല്ല, അനുമാനം മാത്രമാണ്.
മൈത്ര്യാദിഷു ബലാനി 23
മൈത്രി തുടങ്ങിയ ഭാവങ്ങളില്‍ സംയമസിദ്ധിയുണ്ടായാല് ആ ഭാവങ്ങള്‍ ബലവത്തരങ്ങളാകുന്നു.
ബലേഷു ഹസ്തിബലാദീനി 24
ബലങ്ങളില്‍ സംയമസിദ്ധിയുണ്ടായല് ആന, തുടങ്ങിയവയുടെ ബലം സിദ്ധിക്കുന്നു.
പ്രവൃത്ത്യാലോകന്യാസാത് സൂക്ഷ്മവ്യവഹിതവിപ്രകൃഷ്ടജ്ഞാനം 25
ജ്യോതിസ്സില് സംയമത്തെ പ്രാപിച്ചാല്‍ സൂക്ഷ്മവിഷയങ്ങളുടെയും, അദൃശ്യവിഷയങ്ങളുടെയും വിശേഷജ്ഞാനമുണ്ടാകുന്നു.
ഭുവനജ്ഞാനം സൂര്യേ സംയമാത് 26
ആദിത്യങ്കലുള്ള സംയമം ഹേതുവായി ലോകത്തിന്റെ മുഴുവന്‍ അറിവുണ്ടാകുന്നു.
ചന്ദ്രേ താരാവ്യൂഹജ്ഞാനം 27
ചന്ദ്രങ്കലുള്ള സംയമത്താല്‍ എല്ലാ നക്ഷത്രമണ്ഡലങ്ങളേയും കുറിച്ചുള്ള അറിവുണ്ടാകുന്നു.
ധ്രുവേ തദ്ഗതിജ്ഞാനം 28
ധ്രുവനക്ഷത്രത്തില്‍ സംയമം സാധിച്ചാല്‍ അതിന്റെ ഗതികളെക്കുറിച്ചുള്ള അറിവുണ്ടാകുന്നു.
നാഭിചക്രേ കായവ്യൂഹജ്ഞാനം 29
നാഭിചക്രത്തിലുള്ള സംയമം കൊണ്ട് ശരീരസ്ഥിതിയുടെ പൂര്‍ണ്ണമായ അറിവുണ്ടാകുന്നു. നാഭിയാണ് ശരീരത്തിന്റെ കേന്ദ്രസ്ഥാനം. അവിടെ ശരീരത്തിലെ സകലനാഡികളും ഒത്തുചേരുന്നു. അതുകൊണ്ട് അതില്‍ സംയമമുണ്ടാകുമ്പോള് ശരീര ത്തിന്റെ പൂര്ണ്ണജ്ഞാനമുണ്ടാകുന്നു.
കണ്ഠകൂപേ ക്ഷുത്പിപാസാനിവൃത്തിഃ 30
കണ്ഠകൂപത്തില്‍ സംയമം സാധിക്കുന്നതുകാരണം വിശപ്പും ദാഹവും ഇല്ലാതായിത്തീരുന്നു. നാവിന്റെ കീഴ്ഭാഗത്ത് ഏറ്റവും സൂക്ഷ്മമായ ഒരു തന്തു (നാര്) ഉണ്ട്. അതിന്റെ അടിയില്‍ കണ്ഠവും, അതിനടിയില്‍ കണ്ഠകൂപവും (കൂപം = കുഴി) സ്ഥിതി ചെയ്യുന്നു.
കൂര്മനാഡ്യാം സ്ഥൈര്യം 31
കൂര്മ്മനാഡിയില് സംയമം സാധിക്കുന്നതുകൊണ്ട് സ്ഥിരതയുണ്ടാകുന്നു. മുന്‍പറഞ്ഞ കണ്ഠകൂപത്തിനു താഴെ കൂര്മ്മാകൃതിയല് ഒരു നാഡിയുണ്ട്. അതാണ് കൂര്മ്മനാഡി.
മൂര്ധജ്യോതിഷി സിദ്ധദര്‍ശനം 32
മൂര്‍ദ്ധാവിലുള്ള ജ്യോതിസ്സില് സംയമം സാധിച്ചാല്‍ സിദ്ധപുരുഷന്മാരുടെ ദര്‍ശനം ലഭിക്കുന്നു. ശിരകപാലത്തിന്റെ മദ്ധത്തില്‍ അതിസൂക്ഷ്മമായ ഒരു ദ്വാരമുണ്ട്. അതിനെ ബ്രഹ്മരന്ധ്രമെന്നു പറയുന്നു. അവിടെയുള്ള പ്രകാശമയമായ ജ്യോതിസ്സില് സംയമിക്കുന്ന കാര്യമാണീ സൂത്രത്തില്‍ പറഞ്ഞിരിക്കുന്നത്.
പ്രാതിഭാദ് വാ സര്‍വ്വം 33
അല്ലെങ്കില്‍ പ്രതിഭാജ്ഞാനമുണ്ടായിക്കഴിഞ്ഞാല് ഒന്നിന്റെയും സംയമം കൂടാതെ തന്നെ എല്ലാറ്റിന്റെയും അറിവുണ്ടായിത്തീരുന്നു. ഇതിനെക്കുറിച്ച് മുപ്പത്തിയാറാം സൂത്രത്തില്‍ വര്‍ണ്ണിക്കുന്നുണ്ട്.
ഹൃദയേ ചിത്തസംവിത് 34
ഹൃദയത്തില്‍ സംയമം സാധിച്ചുകഴിഞ്ഞാല്‍ ചിത്തത്തിന്റെ സ്വരൂപജ്ഞാനം സംഭവിക്കുന്നു.
സത്ത്വപുരുഷയോരത്യന്താസംകീര്ണയോഃ പ്രത്യയാവിശേഷോ ഭോഗഃപരാര്ഥത്വാത് സ്വാര്ഥസംയമാത് പുരുഷജ്ഞാനം 35
അത്യന്തം ഭിന്നങ്ങളായ പ്രകൃതിപുരുഷന്മാര്‍ക്ക് (ബുദ്ധിയ്ക്കും ജീവനും) പ്രതീതിഭേദമില്ലായ്മയാണ് ഭോഗമെന്നു പറയുന്നത്. ഇവ പരാര്ഥങ്ങളാണ് (ഭോഗങ്ങള്‍ പ്രകൃതിസമ്പത്താണ്. എന്നാലും പുരുഷനുവേണ്ടിയുള്ളവയായതിനാലവയെ പരാര്ഥങ്ങളെന്നു പറയുന്നു). അതില്‍നിന്നു ഭിന്നമായ സ്വാര്ഥവൃത്തിയില് സംയമം സാധിച്ചാല്‍ പുരുഷജ്ഞാനമുണ്ടാകുന്നു. പ്രകൃതിയുടെ വൃത്തികളില്നിന്നു പുരുഷചൈതന്യത്തെ വേറെയായിക്കാണുന്നുവെങ്കില് ആ പൗരുഷേയവൃത്തി പുരുഷന്നുവേണ്ടിതന്നെയുള്ളതായതിനാല് സ്വാര്‍ഥമാണ്. ഈ സ്വാര്ഥവൃത്തിയില് സംയമത്തെച്ചെയ്താല് പുരുഷനെ അറിയാറാവും.
തതഃ പ്രാതിഭശ്രാവണവേദനാദര്ശാസ്വാദവാര്ത്താ ജായന്തേ 36
അതു ഹേതുവായിട്ട് (പുരുഷജ്ഞാനം അഥവാ സ്വാര്ഥവൃത്തിയിലുള്ള സംയമം ഹേതുവായിട്ട്) പ്രാതിഭം, ശ്രാവണം, വേദനം, ആദര്‍ശം, ആസ്വാദം, വാര്‍ത്താ എന്നിങ്ങനെ ആറു സിദ്ധികളുണ്ടാകുന്നു. പ്രാതിഭസിദ്ധി മുപ്പത്തിമൂന്നാം സൂത്രത്തില്‍ പറഞ്ഞിരുന്നു. ഇതുണ്ടായാല്‍ ത്രികാലങ്ങളിലെയും, ദൂരദേശസ്ഥിതങ്ങളായ കാര്യങ്ങളുടെയും, അതിസൂക്ഷ്മവസ്തുക്കളുടെയും അറിവുണ്ടാകുന്നു. ദിവ്യങ്ങളായ ശബ്ദങ്ങളെ കേള്‍ക്കാന്‍ സാധിക്കുന്നതാണ് ശ്രാവണസിദ്ധി. ദിവ്യങ്ങളയ സ്പര്‍ശങ്ങളെ അനുഭവിക്കലാണ് വേദനം എന്ന സിദ്ധി. ആദര്‍ശമെന്നത് ദിവ്യവസ്തുക്കളുടെയും ദിവ്യന്മാരായ ആളുകളുടെയും ദര്‍ശനമാണ്. ദിവ്യരസങ്ങളുടെ ആസ്വാദനമാണ് ആസ്വാദമെന്ന സിദ്ധി. ദിവ്യഗന്ധങ്ങളുടെ ആഘ്രാണമാണ് വാര്‍ത്തയെന്ന സിദ്ധി.
തേ സമാധാവുപസര്ഗാ വ്യുത്ഥാനേ സിദ്ധയഃ 37
ഇവ ആറും വ്യുത്ഥാനദശയില്‍ – സാധാരണജീവിതത്തില്‍ – സിദ്ധികളാണെങ്കിലും, സമാധിയില്‍ വിഘ്നങ്ങളാണ്. അതിനാല്‍ ഈ ആറു സിദ്ധികളും സാധകനു യാദൃച്ഛികമായി അനുഭവപ്പെടുകയാണെങ്കില്തന്നെ അവയെ പരിത്യജിക്കേണ്ടതാണ്.
ബന്ധകാരണശൈഥില്യാത് പ്രചാരസംവേദനാച്ച ചിത്തസ്യ പരശരീരാവേശഃ 38
ബന്ധകാരണമായ കര്‍മ്മം ക്ഷയിച്ചതുകൊണ്ടും ചിത്തത്തിന്റെ സൂക്ഷ്മഗതികളെക്കുറിച്ചുള്ള അറിവു കൊണ്ടും യോഗിക്ക് മറ്റൊരു ശരീത്തില്‍ പ്രവേശിക്കുവാന്‍ സാധിക്കുന്നു. കര്മ്മഫലമനുഭവിക്കുവാനായിട്ടാണ് ചിത്തം ഒരു ശരീരത്തില്‍ തന്നെ പറ്റിപ്പിടിച്ചു നില്‍ക്കുന്നത്. സമാധിയുടെ അഭ്യാസത്തിലൂടെ ചിത്തത്തിന്റെ ബന്ധനത്തിനു കാരണമായ കര്‍മ്മം ശിഥിലമായാല്‍ ചിത്തം ശരീരത്തിനകത്തും പുറത്തും സഞ്ചരിക്കുവാന്‍ തുടങ്ങും. ഇതിനെ സൂക്ഷമായി അറിയുന്ന യോഗിക്ക് ചിത്തത്തെ ഏതു ശരീരത്തിലും പ്രവേശിപ്പിക്കുവാന്‍ കഴിയും. ഇതാണ് പരകായപ്രവേശമെന്ന സിദ്ധി.
ഉദാനജയാജ്ജലപങ്കകണ്ടകാദിഷ്വസംഗ ഉത്ക്രാന്തിശ്ച 39
ഉദാനവായുവിന്റെ ജയം ഹേതുവായി ജലം, ചെളി, മുള്ള് മുതലായവയില്‍ സ്പര്ശമില്ലാതിരിക്കുവാനും ഭൂമിയില്‍ സ്പര്‍ശിക്കാതെ ആകാശത്തിലുയര്‍ന്നു നില്ക്കുവാനും യോഗിയുടെ ശരീരത്തിനു കഴിയുന്നു.
സമാനജയാത് പ്രജ്വലനം 40
സംയമത്തിലൂടെ സമാനവായുവിനെ ജയിച്ചാല്‍ യോഗിയുടെ ശരീരം അത്യന്തം തേജോമയമായിത്തീരുന്നു.
ശ്രോത്രാകാശയോഃ സംബന്ധസംയമാദ് ദിവ്യം ശ്രോത്രം 41
ശ്രോത്രേന്ദ്രിയവും ആകാശവുമായുള്ള സംബന്ധത്തിലുള്ള സംയമത്തിന്റെ ഫലമായി യോഗിയുടെ ശ്രോത്രേന്ദ്രിയം ദിവ്യശക്തിയുള്ളതായിത്തീരുന്നു. അതായത് സൂക്ഷ്മശബ്ദഗ്രഹണശക്തിയുള്ളതായിത്തീരുന്നു. അതു മാത്രമല്ല, ദൂരദേശത്തുള്ള ശബ്ദങ്ങളെയും യഥേഷ്ടം കേള്‍ക്കുവാന്‍ സാധിക്കുന്നു.
കായാകാശയോഃ ബന്ധസംയമാല്
ലഘുതൂലസമാപത്തേശ്ചാകാശഗമനം 42
ശരീരവും ആകാശവുമായുള്ള പരസ്പരസംബന്ധത്തില്സംയമം സാധിക്കുന്നതിന്റെ ഫലമായി യോഗി കനം കുറഞ്ഞ പഞ്ഞി, മുതലായവയെപ്പോലെ ലാഘവം ഉള്ളവനായി ആകാശത്തില്‍ കൂടി യഥേഷ്ടം സഞ്ചരിക്കുവാന്‍ ശക്തനാകുന്നു.
ബഹിരകല്പിതാ വൃത്തിര്മഹാവിദേഹാ തതഃ പ്രകാശാവരണക്ഷയഃ 43
ചിത്തവൃത്തി ശരീരത്തിനു പുറത്ത് യഥാര്‍ഥമായി നില്ക്കുന്ന സിദ്ധിയാണ് മഹാവിദേഹാ. ഇത് സാധിച്ചാല്‍ ജ്ഞാനപ്രകാശത്തിന്റെ ആവരണം നീങ്ങുന്നു. മനസ്സ് ശരീരത്തെ വിട്ട് പുറത്ത് നില്‍ക്കുന്നതിനെ വിദേഹധാരണയെന്നു പറയുന്നു. ഇത് കല്പിച്ച് (ഭാവനചെയ്ത്) അഭ്യസിക്കുന്നതാണ് കല്പിതവിദേഹ ധാരണാ. അഭ്യസിച്ചഭ്യസിച്ച് മനസ്സ് യഥാര്‍ഥമായി ശരീരത്തെ വിട്ട് നില്‍ക്കുന്നതാണ് അകല്പിത വിദേഹധാരണാ. ഇതിനെ മഹാവിദേഹ എന്നും പറയുന്നു.
സ്ഥൂലസ്വരൂപസൂക്ഷ്മാന്വയാര്ഥവത്ത്വസംയമാദ്ഭൂതജയഃ 44
സ്ഥൂലം, സ്വരൂപം, സൂക്ഷ്മം, അന്വയം, അര്‍ഥം എന്നീ അഞ്ചവസ്ഥകളില്‍ സംയമം ചെയ്യുന്നതുകൊണ്ട് യോഗിയ്ക്ക് പഞ്ചഭൂതങ്ങളെ ജയിക്കാന്‍ സാധിക്കുന്നു. പഞ്ചഭൂതങ്ങള്‍ക്ക് മേല്പറഞ്ഞ പ്രകാരം അഞ്ചവ സ്ഥകളുണ്ട്.
സ്ഥൂലാവസ്ഥ: ഇന്ദ്രിയങ്ങളാല്‍ അറിയപ്പെടുന്ന അവസ്ഥയാണിത്. ആ നിലയ്ക്ക് പഞ്ചഭൂതങ്ങളുടെ സ്ഥൂലാവസ്ഥയാണ് ശബ്ദസ്പര്‍ശരൂപരസഗന്ധങ്ങള്‍.
സ്വരൂപാവസ്ഥ: ഭൂതങ്ങളുടെ ലക്ഷണങ്ങള്‍ അവയുടെ സ്വരൂപാവസ്ഥയെന്നു പറയപ്പെടുന്നു. ആകൃതി ഭൂമിയുടെ ലക്ഷണമാണ്. അതിനാല്‍ അത് ഭൂമിയുടെ സ്വരൂപാവസ്ഥയാണ്.
സൂക്ഷ്മാവസ്ഥ: ഭൂതങ്ങളുടെ കാരണസ്വരൂപങ്ങളെ സൂക്ഷ്മഭൂതങ്ങളെന്നും തന്മാത്രകളെന്നും പറയുന്നു. ഉദാ: ഗന്ധതന്മാത്രയാണ് ഭൂമിയുടെ സൂക്ഷ്മാവസ്ഥ.
അന്വയാവസ്ഥ: ത്രിഗുണങ്ങളുടെ ധര്‍മ്മങ്ങളായ പ്രകാശം, ക്രിയ, സ്ഥിതി അതത് ഭൂതങ്ങളില്‍ കാണുന്നതാണ് അവയുടെ അന്വയാവസ്ഥ.
അര്ഥവത്വാവസ്ഥ: പഞ്ചഭൂതങ്ങളുടെ പ്രയോജനം പുരുഷനെ ഭോഗവും അപവര്ഗ്ഗവുമാണ്. ഈ പ്രയോജനങ്ങള്‍ അതത് ഭൂതങ്ങളില്‍ കാണുന്നതാണ് അവയുടെ അര്ഥവത്വാവസ്ഥ.
പഞ്ചഭൂതങ്ങളുടെ മേല്പറഞ്ഞ അഞ്ചവസ്ഥകളില്‍ സംയമം സാധിച്ച യോഗിയ്ക്ക് അവയെ പൂര്‍ണ്ണമായി നിയന്ത്രിക്കുവാന്‍ കഴിയും.
തതോണിമാദിപ്രാദുര്ഭാവഃ കായസംപത്
തദ്ധര്മ്മാനഭിഘാതശ്ച 45
അനന്തരം (ഭൂതജയത്തിനുശേഷം) അണിമാദി അഷ്ടൈശ്വര്യസിദ്ധിയുണ്ടാകുന്നു. പിന്നീട് കായസമ്പത്ത്, ഭൂതധര്‍മ്മപ്രതിബന്ധമില്ലായ്മ എന്നീ സിദ്ധികളുമുണ്ടാകുന്നു.
അണിമ: ശരീരത്തെ അത്യന്തം സൂക്ഷ്മമാക്കാനുള്ള കഴിവ്.
ലഘിമ: ശരീരത്തെ അത്യന്തം കനം കുറഞ്ഞതാക്കാനുള്ള കഴിവ്.
മഹിമ: ശരീരത്തെ ഏറ്റവും വലുതാക്കാനുള്ള കഴിവ്.
ഗരിമ: ശരീരത്തെ അത്യന്തം കനമുള്ളതാക്കാനുള്ള കഴിവ്.
പ്രാപ്തി: സങ്കല്പം കൊണ്ട് മാത്രം ഏതൊരു വസ്തുവും പ്രാപിക്കുവാനുള്ള കഴിവ്.
പ്രാകാമ്യം: പദാര്‍ഥങ്ങളെക്കൂടാതെ തന്നെ അവയെ സംബന്ധിച്ച ആഗ്രഹങ്ങള്‍ നിറവേറ്റാനുള്ള കഴിവ്.
ഈശിത്വം: ഭൂതഭൗതികപദാര്‍ഥങ്ങളെ നാനാസ്വരൂപത്തില്‍ ഉത്പാദിപ്പിക്കാനും, നിലനിര്‍ത്താനും, ശാസിക്കാനുമുള്ള കഴിവ്.
വശിത്വം: ഭൂതഭൗതികപദാര്‍ഥങ്ങളെ വശത്താക്കാനുള്ള കഴിവ്.
കായസമ്പത്ത്: ഈ സിദ്ധിയെക്കുറിച്ച് അടുത്ത സൂത്രത്തില്‍ വിവരിക്കുന്നുണ്ട്.
ധര്‍മ്മാനഭിഘാതം: ഭൂതങ്ങളോ അവയുടെ ധര്‍മ്മങ്ങളോ തനിയ്ക്ക് ഒരു പ്രകാരത്തിലും തടസ്സമാവാതിരിക്കലാണ് ഈ സിദ്ധി. ഇത് സിദ്ധിച്ച യോഗിയ്ക്ക് ഭൂമിയ്ക്കുള്ളിലോ, ജലാന്തര്‍ഭാഗത്തോ, അഗ്നിയിലോ എവിടെ വേണമെങ്കിലും പ്രവേശിക്കാനോ താമസിക്കുവാനോ തടസ്സമുണ്ടാവില്ല.
രൂപലാവണ്യബലവജ്രസംഹനനത്വാനി കായസംപത് 46
രൂപം, ലാവണ്യം, ബലം, വജ്രസമാനമായ ദാര്‍ഢ്യം ഇവയാണ് കായസമ്പത്ത്. ഇത് സിദ്ദിച്ച യോഗിയ്ക്ക് ഈ നാലിനെയും സദാ നിലനിര്‍ത്തുവാന്‍ സാധിക്കുന്നു.
ഗ്രഹണസ്വരൂപാസ്മിതാന്വയാര്ഥവത്ത്വസംയമാദ് ഇന്ദ്രിയജയഃ 47
ഗ്രഹണം, സ്വരൂപം, അസ്മിത, അന്വയം, അര്‍ഥവത്വം എന്നീ (മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും) അഞ്ചവസ്ഥകളിലുള്ള സംയമം കൊണ്ട് യോഗി മനസ്സടക്കമുള്ള ഇന്ദ്രിയങ്ങളുടെ മേല്‍ വിജയം കൈവരിക്കുന്നു.
ഗ്രഹണം: ഇന്ദ്രിയം ഒരു വിഷയത്തെ ഗ്രഹിക്കുന്ന സമയത്ത് ഇന്ദ്രിയവും മനസ്സും ഏതൊരു വൃത്തിയുടെ ആകൃതിയിലാണോ നില്‍ക്കുന്നത് അതാണ് ഗ്രഹണാവസ്ഥ.
സ്വരൂപം: വിഷയസംബന്ധമില്ലാത്ത സമയത്തെ മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും സ്വാഭാവികമായുള്ള അവസ്ഥയാണിത്.
അസ്മിതാ: മനസ്സോടു ചേര്‍ന്ന ഇന്ദ്രിയങ്ങളുടെ സൂക്ഷ്മസ്വരൂപമാണിത്.
അന്വയം: ത്രിഗുണങ്ങളുടെ ധര്‍മ്മങ്ങളായ പ്രകാശം, ക്രിയ, സ്ഥിതി എന്നിവ മനസ്സോടു കൂടിയ ഇന്ദ്രിയങ്ങളില്‍ വികസിക്കുന്ന അവസ്ഥയാണിത്.
അര്‍ഥവത്വം: മനസ്സോടു ചേര്‍ന്ന ഇന്ദ്രിയങ്ങളും അവ പുരുഷന്റെ ഭോഗത്തിനും അപവര്ഗ്ഗത്തിനുമുള്ള ഉപകരണങ്ങളാണ്. ഇത് അവയുടെ അര്ഥവത്വാവസ്ഥയാണ്.
മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും ഈ അഞ്ചവസ്ഥകളിലും സംയമം സാധിക്കുന്ന യോഗിക്കു മനസ്സിനെയും ഇന്ദ്രിയങ്ങളെയും യഥേഷ്ടം നിയന്ത്രിക്കാന്‍ കഴിയുന്നു.
തതോ മനോജവിത്വം വികരണഭാവഃ
പ്രധാനജയശ്ച 48
മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും വിജയത്തില്‍ നിന്ന് മനോജവിത്വം, വികരണഭാവം, പ്രധാനജയം എന്നീ സിദ്ധികളുണ്ടാകുന്നു.
മനോജവിത്വം: മനസ്സിന്റെ വേഗത്തിനു തുല്യമായ വേഗത്തില്‍ സ്ഥൂലശരീരത്തോടെ സഞ്ചരിക്കുവാനുള്ള കഴിവ്.
വികരണഭാവം: സ്ഥൂലശരീരത്തിന്റെ സഹായം കൂടാതെ വിദൂരത്തിലുള്ള വസ്തുക്കളെ പ്രത്യക്ഷമായി കാണുവാനുള്ള കഴിവ്.
പ്രധാനജയം: പ്രകൃതിയെ പൂര്‍ണ്ണമായി നിയന്ത്രിക്കുവാനുള്ള സിദ്ധി.
സത്ത്വപുരുഷാന്യതാഖ്യാതിമാത്രസ്യ സര്‍വ്വഭാവാധിഷ്ഠാതൃത്വം സര്വ്വജ്ഞാതൃത്വം ച 49
പ്രകൃതിപുരുഷന്മാരുടെ വിവേകജ്ഞാനം പൂര്‍ണ്ണമായും സിദ്ധിച്ച യോഗിക്ക് സര്‍വ്വശക്തിത്വവും, സര്‍വ്വജ്ഞത്വവും കൈവരുന്നു. പ്രകൃതിപുരുഷന്മാരെ വേര്‍തിരിച്ചു കാണുന്ന വൃത്തിയാണ് അന്യതാഖ്യാതി അഥവാ വിവേകജ്ഞാനം.
തദ്വൈരാഗ്യാദപി ദോഷബീജക്ഷയേ കൈവല്യം 50
മേല്പറഞ്ഞ സിദ്ധികള്‍ പ്രാപ്തമായിട്ടും അവയില്‍ രമിക്കാതെ വൈരാഗ്യം സമ്പൂര്ണ്ണമായിത്തീരുന്നുവെങ്കില് ദോഷബീജങ്ങള് നശിച്ച് കൈവല്യപ്രാപ്തിയുണ്ടാകുന്നു.
സ്ഥാന്യുപനിമന്ത്രണേ സംഗസ്മയാകരണം പുനഃ
അനിഷ്ടപ്രസംഗാത് 51
ഉന്നതസ്ഥാനത്തിരിക്കുന്നവരുടെ (ഇന്ദ്രാദി ദേവന്മാരുടെ) സൗഹാര്ദ്ദപൂര്വ്വമുള്ള ക്ഷണനം ഉണ്ടായാലും യോഗി അത് സ്വീകരിക്കുകയോ, അതാഗ്രഹിക്കുകയോ, അതിലഭിമാനിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍ അത്തരം പ്രലോഭനങ്ങള്‍ തന്റെ യോഗസിദ്ധിക്ക് അനിഷ്ടപ്രദങ്ങളാണ്.
ക്ഷണതത്ക്രമയോഃ സംയമാദവിവേകജം ജ്ഞാനം 52
ക്ഷണത്തിന്റെയും ക്ഷണക്രമത്തിന്റെയും സ്വരൂപത്തില്‍ സംയമം സാധിക്കുന്ന യോഗിക്ക് വിവേകജന്യമായ വിശേഷജ്ഞാനമുണ്ടാകുന്നു. കാലതിന്റെ ഏറ്റവും ചെറിയ മാത്രയാണ് ക്ഷണം. രണ്ട് ക്ഷണങ്ങള്‍ക്കിടയില്‍ മറ്റൊന്നിനും ഇടയില്ലാത്ത വിധം അവ ഇടതൂര്‍ന്നു നില്ക്കുന്നു. ഇതിനെ ക്ഷണക്രമമെന്നു പറയുന്നു.
ജാതിലക്ഷണദേശൈരന്യതാനവച്ഛേദാത് തുല്യയോസ്തതഃ പ്രതിപത്തിഃ 53
ജാതി, ലക്ഷണം, ദേശം എന്നിവകൊണ്ട് വസ്തുക്കളിലുള്ള വൈവിധ്യം നീങ്ങി എല്ല വസ്തുക്കളിലും തുല്യഭാവവും തുല്യപ്രതിപത്തിയും വിവേകജ്ഞാനം കൊണ്ട് യോഗിക്കുണ്ടാകുന്നു.
താരകം സര്വ്വവിഷയം സര്വ്വഥാവിഷയം അക്രമം ചേതി വിവേകജംജ്ഞാനം 54
സംസാരസാഗരത്തില്‍ നിന്നും ജീവനെ സമുദ്ധരിക്കുന്നതും, എല്ലാ വിഷയങ്ങളെക്കുറിച്ചും എല്ലാ പ്രകാരത്തിലുമുള്ള ക്രമനിയമത്തോടുകൂടിയല്ലാത്ത അറിവാണ് വിവേകജനിതജ്ഞാനം. പ്രഥമപാദത്തില്‍ പതിന്നാറാം സൂത്രത്തില്‍ പരവൈരാഗ്യത്തിന് കാരണമായി പറഞ്ഞിരിക്കുന്ന വിവേകഖ്യാതി തന്നെയാണ് ഈ വിവേകജജ്ഞാനം.
സത്ത്വപുരുഷയോഃ ശുദ്ധിസാമ്യേ കൈവല്യം ഇതി 55
പ്രകൃതിപുരുഷന്മാര്‍ക്ക് ശുദ്ധിയും അഭേദവും സിദ്ധമാകുമ്പോള്‍ കൈവല്യപ്രാപ്തിയുണ്ടാകുന്നു
ഇതി പതഞ്ജലിവിരചിതേ യോഗസൂത്രേ തൃതീയോ വിഭൂതിപാദഃ
No comments:
Post a Comment