രുക്മിണിസ്വയംവരത്തിലെ ആദ്ധ്യാത്മികതലം
പരമഗുരുവായ ഹേ ആചാര്യാ സംസാരത്തിൽ നിന്നുള്ള മോക്ഷമാണ് ഞാൻ അവിടുത്തോട് ചോദിക്കുന്നത്. മരിച്ചുകൊണ്ടിരിക്കുന്ന ഒരാൾ മോക്ഷപ്രാപ്തിക്കുവേണ്ടി എന്തൊക്കെയാണ് അനുഷ്ഠിക്കേണ്ടത്?.. പരീക്ഷിത് രാജാവിന്റെയാണ് ചോദ്യം.. സപ്തഹത്തിന്റെ അഞ്ചാം ദിവസം വൈകീട്ടാണ് രുക്മിണിസ്വയംവരം കഥവരുന്നത്... പരീക്ഷിത് രാജാവ് ഏഴാം ദിവസം മരിക്കും എന്നത് ഉറപ്പാണ്. മരിക്കാൻ പോകന്നു രാജാവിന് ഈ കല്യാണത്തിന് വല്ല താൽപര്യവും ഉണ്ടാവുമോ ??..... പിന്നെ എന്തിനാണ് ഈ കഥ പറഞ്ഞത് എന്ന ചോദ്യം ഉന്നയിച്ചേക്കാം.
മോക്ഷമാണ് ഭാഗവതത്തിലെ ഏകവിഷയം. കൂടാതെ ആ ലക്ഷ്യത്തിലേക്കുള്ള വ്യത്യസ്ഥമാർഗങ്ങളും. ഇതു മനസ്സിലാക്കണമെങ്കിൽ രുക്മിണീ സ്വയംവരത്തിന്റെ ലക്ഷ്യാർത്ഥത്തിലേക്ക് വേദാത്തിന്റെ വെളിച്ചവുമായി കടന്നുചെല്ലുക തന്നെ വേണം.
ഭീഷ്മകമഹാരാജാവിന്റെ പുത്രിയാണ് രുക്മിണി. രുക്മിണി എന്നു വെച്ചാൽ ജീവാത്മാവ് എന്നർത്ഥം. ഈ ജീവാത്മാവാണ് ഉള്ളിൽ ഇരുന്നുകൊണ്ട് ശരീരത്തേയും മനസ്സിനെയും പ്രവർത്തിപ്പിക്കുന്നത്. അതു കൊണ്ടുതന്നെ ഭീഷ്മകൻ എന്നു പറഞ്ഞാൽ അത് ശരീരത്തിന്റെ പ്രതീകമാണ്. രുക്മിണിക്ക് അഞ്ച് സഹോദരന്മാർ ഉണ്ടായിരുന്നു. ഈ സഹോദരന്മാർ പഞ്ചേന്ദ്രിയങ്ങൾ ആണ്. ജീവാത്മാവ് പൂർവ്വജന്മസംസ്ക്കാരത്തിന്റെ ഫലമായി ഈശ്വരങ്കലേക്ക് കുതിക്കുമ്പോൾ ശരീരവും ഇന്ദ്രിയങ്ങളും അവനെ പിന്നോട്ട് വലിച്ച് സംസാരജീവിതവുമായി ബന്ധിപ്പിക്കുന്നു. - രുക്മിണിക്ക് കൃഷ്ണനെ വിവാഹം കഴിക്കണമെന്ന മോഹം ഉണ്ടെന്നറിഞ്ഞപ്പോൾ സഹോദരനായ രുക്മി അതിനെ എതിർത്തു. തന്നെയുമല്ല ശിശുപാലന് രുക്മിണിയെ വിവാഹം കഴിച്ചു കൊടുക്കുവാൻ തിരുമാനിച്ചു. എന്നതിന്റെ അർത്ഥം അർത്ഥാദാരപുത്രേഷണകളിൽ കുടുക്കാൻ ശ്രമിച്ചു എന്നാണ്. ഇവിടെ ജീവാത്മാവും ശരീരവും ഇന്ദ്രിയങ്ങളും തമ്മിൽ ഒരു വടംവലി നടക്കുകയാണ്. ഈ വടംവലിയിൽ ജീവാത്മാവിന് മോചനം വേണമെങ്കിൽ ഒരു ഗുരുനാഥാൻ കൂടിയെ കഴിയൂ. ആ ഗുരുനാഥനാണ് , രുക്മിണി കൃഷ്ണന്റെ അടുത്തേക്ക് സന്ദേശവുമായി പറഞ്ഞയക്കുന്ന ബ്രാഹ്മണൻ. ശ്രേഷ്ഠനായ ഒരു ഗുരു ഒരു ശിഷ്യനെ ഈശ്വരങ്കലേക്ക് നയിക്കും. അല്ലെങ്കിൽ സാധകന്റെ ഉള്ളിലുള്ള ഈശ്വരനെ ഉണർത്തും. ഭഗവാനെ രുക്മിണിയെന്ന ജീവാത്മാവിന്റെ അടുത്തേക്ക് കൊണ്ടുവരികയാണ് ബ്രാഹ്മണൻ ചെയ്യുന്നത്. ശിഷ്യന്റെ മനഃശുദ്ധികൊണ്ടും ആചാര്യന്റെ അപാരമായ കരുണകൊണ്ടും എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് ജീവാത്മാവ് ഈശ്വരനെ പ്രാപിക്കുന്നു.—
ഇനി രുക്മിണി കൊടുത്തയച്ച സന്ദേശവും , ബലരാമൻ രുക്മിണിക്ക് കൊടുത്ത് ഉപദേശം, പിന്നെ കൃഷ്ണൻ തനിക്കുണ്ടെന്ന് പറഞ്ഞ ദോഷങ്ങളെ എതിർത്തുകൊണ്ട് രുക്മിണി പറഞ്ഞ മറുപടി കൃഷ്ണൻ ആരാണ് എന്ന് തനിക്ക് നല്ലവണ്ണം അറിയാമെന്ന് യുക്തിയുക്തം രുക്മിണി പറയുന്നുണ്ട്. താൻ ഒരു മനുഷ്യനെയല്ല നേരെമറിച്ച് ഈശ്വരനെയാണ് പ്രാപിച്ചത്. ശിശുപാലദികളൊക്കെ എല്ലും തൊലിയും മജ്ജയും മാംസവുമൊക്കെയുള്ള വെറും ജീവച്ഛവങ്ങളാണ്.
ഈശ്വരപ്രാപ്തിക്ക് മൂന്ന് പടവുകളുണ്ട്. അതിൽ ഒന്നാമത്തേതാണ് ശ്രവണം. ആ ശ്രവണമാണ് ബ്രാഹ്മണവശം കൊടുത്തയച്ച സന്ദേശത്തിൽ രുക്മിണി അടിവരയിട്ട് പറയുന്നത്. മറ്റൊരുഭാഷയിൽ പറഞ്ഞാൽ ശരിയായ ഒരു സാധകന്റെ സാധനാനുഷ്ഠാനങ്ങളാണ് ഇതിലെ പ്രതിപാദ്യവിഷയം
സജ്ജനങ്ങൾ ഭഗവാനെപ്പറ്റി പറയുന്നത് നല്ലവണ്ണം ശ്രവണം ചെയ്തിട്ടുണ്ട്. ഭഗവാന്റെ ഗുണങ്ങൾ കേട്ട് രുക്മിണിയുടെ മനസ്സ് അചുതനിൽ തന്നെയായി - അച്ചുതനെന്നു പറഞ്ഞാൽ നാശരഹിതൻ എന്നർത്ഥം. ഈ പ്രപഞ്ചത്തിൽ ജനനമോ മരണമോ ഇല്ലാത്തത് ഭഗവാന് മാത്രമാണ് - ഭക്തിയുണ്ടാവാനുള്ള ആദ്യത്തെ പടിയാണ് ശ്രവണം. ഭഗവാന്റെ ഗുണങ്ങൾ കേട്ട് കേട്ട് ദുഃഖങ്ങൾ ഒക്കെ ഇല്ലാതായി. രുക്മിണി തുടർന്ന് പറഞ്ഞു. താൻ മാത്രമല്ല ജന്മം, കർമ്മം, ശീലം ഇവ കൊണ്ടും സംസ്കാരം കൊണ്ടും ഉയർന്ന തലത്തിൽ നിൽക്കുന്ന ഏതൊരു കന്യകയും ഭഗവാനെ വരിക്കുകയുള്ളൂ. -- ഇവിടെ ശ്രദ്ധേയമായ ഒരു പദമുണ്ട്. "ധീരയായ കന്യക" ആരാണ് ധീര ?? അത്യന്തം ആകർഷ്ണീയമായ ലൗകീകപ്രലോഭനങ്ങളുടെ നടുവിൽപെട്ടാൽ പോലും ആരുടെ മനസ്സാണോ ഈശ്വരനിൽ നിന്നും അൽപം പോലും വ്യതിചലിക്കാതെയിരിക്കുന്നത് ആ ആളാണ് ധീര. അതു പുരുഷനുമാവാം, സ്ത്രീയുമാവാം -- രുക്മിണി തുടർന്നു പറഞ്ഞു. ഞാൻ സർവ്വാത്മനാ എന്നെ തന്നെ അവിടുത്തേക്ക് സമർപ്പിക്കുന്നു. എന്റെ ശരീരവും മനസ്സും എല്ലാം ഈശ്വരനുള്ളതാണ്. ശിശുപാലാദികൾ ഈ ശരീരം സ്പർശിച്ചാൽ അതു സിംഹത്തിനുള്ള ഭക്ഷണം കുറുക്കൻ തട്ടിയെടുത്തതു പോലെയിരിക്കും. പൂർവ്വജന്മത്തിൽ ഞാൻ സത്കർമ്മങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ, സാധനകൾ അനുഷ്ഠിച്ചിട്ടുണ്ടെങ്കിൽ , നിസ്വാർത്ഥമായി അന്യർക്ക് വേണ്ടി നിഷ്കാമ കർമ്മങ്ങൾ അനുഷ്ഠിച്ചിട്ടുണ്ടെങ്കിൽ, അവിടുന്ന് ഇവിടെ വന്ന് എന്നെ കൊണ്ടുപോകണം. ഇനി എന്റെ സാധനകൾ വേണ്ടതുപോലെ ആയിട്ടില്ലെങ്കിൽ ഒരു പക്ഷേ അവിടുന്ന് വരാതെയിരുന്നേക്കാം . അങ്ങനെ വരികയാണെങ്കിൽ എത്രജന്മ വേണമെങ്കിലും ഞാൻ അവിടുത്തേക്ക് വേണ്ടി വ്രതാനുഷ്ഠാനങ്ങളോട് കൂടി കാത്തിരിക്കും ഇതാണ് ആ സന്ദേശത്തിന്റെ രത്നച്ചുരുക്കം
രണ്ടാമത്തെ സോപാനം മനനമാണ്. ആദ്ധ്യാത്മീകകാര്യങ്ങൾ ഗുരുവിൽ നിന്ന് കേട്ടത് യുക്തി യുക്തം വിചാരം ചെയ്യുന്നതാണ് മനനം. കൃഷ്ണൻ രുക്മിണിയെ രാക്ഷസവിധിയനുസരിച്ച് തേരിൽ കയറ്റികൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ അതി ഭയങ്കരമായ എതിർപ്പുണ്ടായി. -- ഒരു ജീവാത്മാവ് ഈശ്വരനെ പ്രാപിക്കാൻ ശ്രമിക്കുമ്പോൾ ശരീരവും മനസ്സും എല്ലാം കൂടി ചേർന്ന് അതിനെ പിന്നോക്കം വലിക്കും. അതാണ് എല്ലാവരും എതിത്തു എന്നു പറഞ്ഞതിന്റെ അർത്ഥം --. എതിർത്തവരെയെല്ലം തോൽപ്പിച്ചിട്ട് ബലരാമൻ കൃഷ്ണനും രുക്മിണിയും സഞ്ചരിച്ചുകൊണ്ടിരുന്ന തേരിലേക്ക് ചാടിക്കയറി. രുക്മിണിയുടെ സഹോദരനായ രുക്മിയെ കൃഷ്ണൻ ബലാൽക്കാരമായി തേരിൽ പിടിച്ചുകൊട്ടിയിരുന്നു. -- ഭഗവത് സാന്നിധ്യത്തിൽ ഇന്ദ്രിയങ്ങൾ പ്രവർത്തനരഹിതമാകും എന്നാണ് ഇതിന്റെ അർത്ഥം -- നമ്മൾ ലൗകികമായി ചിന്തിക്കുമ്പോൾ ബലരാമൻ ഒരു വലിയ അനൗചിത്യം കാണിച്ചതായി തോന്നാം. കമുകീകാമുകന്മാരുടെ പ്രഥമസംഗമമാണിവിടെ . അവരുടെ തേരിലേക്കാണ് കാരണവരായ ബലരാമൻ ചാടിയത്. കാരണവർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു അനൗവിത്യമല്ലേ ഇവിടെ നടന്നത്? -- ആദ്ധ്യാത്മികതലത്തിലേ ഈ ചോദ്യത്തിന്നു മറുപടി പറയാൻ കഴിയൂ. ബലരാമൻ സംഖ്യായോഗത്തിന്റെ പരമാചാര്യനാണ്, രുക്മിണി കാമുകന്റെ കൂടെ പോകുന്ന വികാരതരളിതമായ ഒരു പെൺകുട്ടിയല്ല. ശ്രവണം നന്നായി ചെയ്തിട്ടുണ്ട്. ഇനി മനനം ചെയ്യനുള്ള തത്ത്വങ്ങളാണ് രുക്മിണിക്ക് പറഞ്ഞുകൊടുക്കേണ്ടത്. ഗുരു നേരിട്ട് ശിക്ഷ്യക്ക് വേണ്ട ആദ്ധ്യാത്മിക ഉപദേശങ്ങൾ കൊടുത്ത് അപരോക്ഷാനുഭൂതിയിലേക്ക് ശിഷ്യയെ നയിക്കുകയാണ് ചെയ്യുന്നത്.-- തേരിൽ കയറിയ ഉടനെ രുക്മിണിയുടെ സഹോദരനെ കൊട്ടിയിട്ടതിന് കൃഷ്ണനെ ശകാരിക്കുകയും കൃഷ്ണന്റെ തെറ്റിന് രുക്മിണിയെ സാന്ത്വനിപ്പിക്കുകയും ചെയ്തുകൊണ്ട് അൽപസമയം സംസാരിച്ചതിനു ശേഷം ഉപദേശം തുടങ്ങുകയായി. . രുക്മി, രുക്മിണി തുടങ്ങിയ ദ്വൈതങ്ങളെല്ലം ഉപേക്ഷിച്ച് എന്താണ് പരമതത്ത്വം എന്ന് രുക്മിണിക്ക് പറഞ്ഞുകൊടുക്കുന്ന അതി ഗംഭീരമായ ബ്രഹ്മവിദ്യയാണ് പരമഗുരുവായ ബലരാമൻ ഉപദേശിക്കുന്നത്. ആത്മാവ് ഏകവും അദ്വിതീയവുമാണ്. ഒരേ ആത്മാവാണ് എല്ലാശരീരത്തിലും ഉള്ളത്. അജ്ഞാനം കൊണ്ട് തോന്നുന്നു എന്നു മാത്രം. ( ബോധത്തിന് ബഹുവചനമില്ല . അവിടെ നാനത്വം ഇല്ലേ ഇല്ല. പലതുണ്ടെന്ന് തോന്നുന്നത് അജ്ഞാനം കൊണ്ടു മാത്രമാണ്. ) ദേഹത്തിന് ജന്മ്നാശങ്ങൾ ഉണ്ട് കാരണം അതു പഞ്ചഭൂതനിർമ്മിതമാണ്. വാസ്തവത്തിൽ ആത്മാവിന് ശരീരം, മനസ്സ്, ബുദ്ധി, ഇന്ദ്രിയങ്ങൾ തുടങ്ങിയവുമായി യതൊരു ബന്ധവുമില്ല. ആത്മാവിനു ദേഹബന്ധമില്ലാത്തതുകൊണ്ട് . ജന്മാദിഭാവങ്ങളുമില്ല. ആത്മാവിന്റെ പരമാർത്ഥസ്വരൂപം വിചാരിച്ചതറിഞ്ഞ്, ദേഹത്തെ ശോഷിപ്പിക്കുന്നതും ദ്വൈതത്തെ ഉണ്ടാക്കുന്നതുമായ അജ്ഞാനത്തെ ജ്ഞാനം കൊണ്ട് നിശ്ശേഷം നശിപ്പിക്കണം. ദ്വൈതം നിശിച്ച് നീ സ്വരൂപത്തിലേക്ക് മടങ്ങണം . ഈ ഉപദേശം കേട്ട രുക്മിണിക്ക് എല്ല സംശയങ്ങളും ദുഃഖങ്ങളും നശിച്ച് തത്ത്വബോധമുണ്ടായി. ഈശ്വരപ്രാപ്തിക്കുള്ള രണ്ടാമത്തെ പടവായ മനനത്തിൽ എത്തി. .
അടുത്ത പടവായ നിദ്യധ്യാസനം ആണ്.-- രുക്മിണിയുടെ വാക്കുകൾ കേട്ടാൽ അറിയാം രുക്മിണി എത്തി ചേർന്നിരിക്കുന്നു എന്ന് -- മഹാനായ ഒരു ഗുരു തന്റെ ശിഷ്യനെ എങ്ങനെയൊക്കെയാണ് പരീക്ഷിക്കുന്നത് എന്ന് പ്രവചിക്കാൻ സാധ്യമല്ല. കൃഷ്ണൻ രുക്മിണിയെ ചെറുതായി ഒന്നു കളിയാക്കി അല്പം ഗൗരവത്തോടെ പറഞ്ഞു. രുക്മിണിക്ക് ഇഷ്ട്മുള്ളവരെ വിവാഹം കഴിച്ചുകൊള്ളൂ എന്ന് . കൂട്ടത്തിൽ തന്റെ അയോഗ്യതകളും അക്കമിട്ട് പറഞ്ഞുകൊടുത്തു. അതിനു രുക്മിണി മറുപടിപറയുമ്പോഴാണ് രുക്മിണി എത്തിചേർന്ന അത്യുന്നതമായ ആദ്ധ്യാത്മികതലം നമ്മുക്ക് മനസ്സിലാക്കുന്നത്. രുക്മിണിയുടെ അഭിപ്രായത്തിൽ ഭഗവാന്റെ മാഹാത്മ്യം സ്വാനുഭൂതിസമ്പന്നന്മാരായ മഹർഷിമാർക്കു പോലും വ്യക്തമല്ല. ആ സ്ഥിതിക്ക് സാധാരണക്കരുടെ കാര്യം പറയേണ്ടതില്ലല്ലോ..-- കൃഷ്ണനാണ് പരമതത്ത്വം , ആ പരമതത്ത്വത്തെയാണ് രുക്മിണി വരിച്ചിരിക്കുന്നത്. ധർമ്മം അർത്ഥം കാമം ഇവ മൂന്നും ഒരു ഭർത്തവിന് സാധിച്ചു കൊടുക്കുവാൻ കഴിഞ്ഞേക്കാം. പക്ഷേ പരമപുരുഷാർത്ഥമായ മോക്ഷം ഈശ്വരപ്രാപ്തിയാലേ ഉള്ളൂ. അതു പൂർണമായി മനസ്സിലാക്കികൊണ്ടാണ് എല്ലാവരുടെയും ആത്മാവും , എല്ലാവർക്കും ആത്മാവു നൽക്കുന്നതുമായ പരംപെരുളിനെ രുക്മിണി വരിച്ചിരിക്കുന്നത്. എല്ലാത്തിനേയും ഉപേക്ഷിച്ചു ഞാൻ അവിടുത്തെ തന്നെ സ്വീകരിക്കാൻ കാരണം അവിടുന്ന് ഏകവും അദ്വിതീയവുമായ ബ്രഹ്മമാണെന്ന അറിവുകൊണ്ടാണ് ശിശുപാലാദികളായ ജീവച്ഛവങ്ങളെ ഞാൻ എന്നേ ഉപേക്ഷിച്ചു കഴിഞ്ഞു. ഇങ്ങനെ പോകുന്നു രുക്മിണിയുടെ വാദമുഖങ്ങൾ . ... ഇതാണ് ഏഴാം ദിവസം മരണം പ്രതിക്ഷിച്ചിരിക്കുന്ന പരീക്ഷിത് മഹാരാജാവിന് പറഞ്ഞ കൊടുത്ത രുക്മിണിസ്വയംവരത്തിലെ ആദ്ധ്യാത്മികതലം....
മോക്ഷമാണ് ഭഗവതത്തിലെ ഏകവിഷയം .
No comments:
Post a Comment