ഉത്തരകാണ്ഡത്തിന്റെ പെരുൾ
ഉത്തരകാണ്ഡത്തിൽ രാമൻ സീതയേയും ലക്ഷ്മണനെയും നിഷ്ക്കരുണം പരിത്യജിച്ച് ഒറ്റയ്ക്ക് സരയൂനദിയിൽ മറയുന്നതിനെയും വേദന്തതിന്റെ കണ്ണിലൂടെ നോക്കിക്കാണേണ്ടത് സീതപ്രകൃതി തന്നെയാണെന്ന് സിതോപനിഷത്തിൽ (മൂലപ്രകൃതിരൂപത്വാത് സാ സീതാ പ്രകൃതിച്യതേ) അടക്കം പലയിടങ്ങളിലും പരാമർശമുണ്ട് ഭൂമിയിൽ ജീവിച്ചുകൊണ്ട് മുക്തിക്ക് ശ്രമിക്കുവാൻ ഓരോരുത്തനും പ്രകൃതി അഥവാ ശരീരം ആവിശ്യമാണ് . എന്നാൽ അതു നേടുന്ന അവസ്ഥയിൽ പ്രകൃതി അപ്രസക്തമായി മാറുന്നു. രാവണവധം എന്ന ദൗത്യം പൂർത്തിയാക്കി മടങ്ങുമ്പോൾ അല്ലെങ്കിൽ മുക്തി നേടുന്ന മൂഹൂർത്തത്തിൽ രാനന് സീതയെ അഥവാ പ്രകൃതിയെ നിഷേധധിച്ചേ മതിയാകൂ...( ഭൂതപ്രകൃതി മോക്ഷം ച യേ വിദുർയാന്തി തേ പരം" - ഗീത -13-35) ഭാഗവതത്തിന്റെ ഉദ്ധവഗീതയുടെ സന്ദർഭത്തിൽ ശ്രീകൃഷ്ണനെ ഉദ്ധവർ "പ്രകൃതിവിലേക്ഷണൻ" എന്നു വിളിക്കുന്നതും ഇവിടെ ശ്രദ്ധേയമാണ്. അതുകൊണ്ടാണ് വിവിധതരം സാധനകളിലൂടെ സൂക്ഷ്മശരീരങ്ങളാകുന്ന പ്രകൃതിയെ കയ്യൊഴിയാൻ ഋഷിമാർ ഉപദേശിച്ചത്. രാമൻ ചെയ്യുന്നതും അതു തന്നെ. സിതനിരാസത്തിനു ശേഷം രാമൻ സന്യാസിയെപ്പോലെ ജീവിക്കുന്നതാണ് നാം കാണുന്നത്. ആ പരിണാമം പൂർത്തിയാകണമെങ്കിൽ പ്രകൃതിയും ശക്തിയുമായ സീതയെ വീണ്ടെടുത്താൽ മാത്രം പോരാ ഒടുവിൽ ഉപേക്ഷിക്കുകയും വേണം അപ്പോൾ മാത്രമാണ് മുക്തി എന്ന പുനർജ്ജന്മരഹിതമായ നില രാമനുപോലും കൈവരിക്കാനാകുന്നത്. ലക്ഷ്മണപരിത്യാഗത്തിലും ഇതേ തത്ത്വം തന്നെയാണ് പ്രവർത്തിക്കുന്നത്. പുതദാരാർത്ഥങ്ങളിൽ നിസ്നേഹത്വം കാട്ടണമെന്ന് പഞ്ചവടിയിവെച്ച് ലക്ഷ്മണനോട് രാമൻ ഉപദേശിക്കുന്നതും ഇവിടെ ഓർക്കാം . സ്ഥൂലശരീരങ്ങളെ വനജീവിതകാലത്ത് ഇല്ലായ്മ ചെയ്യുന്ന രാമൻ തന്നിലെ അനാദിയായ അവിദ്യയെ അഥവാ കാരണശരീരത്തെ കഥയുടെ ഒടുക്കം കൈവിടുന്നതും നാം കാണുന്നു . സരയൂവിൽ മുങ്ങി മറയുന്നതിനു തൊട്ടു മുമ്പ് വിഭീക്ഷണനെയും ഹനുമനെയും ചിരംജീവികളായി പ്രഖ്യാപിച്ച് അനുഗ്രഹിക്കുന്ന രാമൻ എല്ലാ ആവരണ വിക്ഷേപണങ്ങളിൽ നിന്നും മുക്തനായി സ്വയം ഈശ്വരനായി മാറുന്നു. അങ്ങനെ മുക്തിയുടെ മാർഗം മനുഷ്യരാശിയുടെ മുമ്പാകെ ജീവിച്ചു കണിക്കുന്ന മഹാപുരുഷനായി രാമൻ അദ്ധ്യാത്മരാമായണത്തിൽ പ്രത്യക്ഷപ്പെടുന്നു. സ്ഥൂലത്തിൽ നിന്നും സൂക്ഷ്മത്തിലേക്കുള്ള ബുദ്ധിയുടെ സഞ്ചാരത്തെയും, മനസ്സിൽ നിന്നും ഹൃദയത്തിലേക്കുള്ള ബോധത്തിന്റെ പരിണാമത്തെയും ആണ് രാമകഥ കാട്ടിതരുന്നത് . ചുട്ടെടുത്ത ഇഷ്ടിക വീണ്ടും സൃഷ്ടിക്ക് പ്രയോജനപ്പെടാത്തതു മാതിരി അസ്ഥിത്വം തിരച്ചറിഞ്ഞ ആത്മാവിനും വീണ്ടും ജ്ന്മമെടുക്കാനാവില്ല. ആഗ്രഹങ്ങൾ ബാക്കിനിന്ന പ്രാകൃതമായ ജീവിനാകട്ടെ പച്ചമണ്ണു പോലെ വീണ്ടും വീണ്ടും സൃഷ്ടിയുടെ ചക്രത്തിലേക്ക് എറിയപ്പെടുകയും ചെയ്യും. ഇതാണ്ണ് മോക്ഷത്തെ കുറിച്ച് വേദാന്തത്തിന്റെ ഭാഷയിൽ ഉപനിഷത്തുക്കൾ നമ്മളോട് പറയുന്നത്. അതു തന്നെയാണ്ണ് എഴുത്തച്ഛന്റെ രാമയണവും വ്യതിരിക്തമായി ഭാഷാവ്യാപാരത്തിലൂടെയും ഉത്തമഭക്തി കലർന്ന ഉപദേശങ്ങളിലൂടെയും സ്തുതികളിലൂടെയും പറയുന്നത്. ഭൗതികതലത്തിൽ നിലയുറപ്പിച്ചു കൊണ്ട് മാതൃകാപരമായ ജീവിതം നയിച്ച നരപതിയായ രാമന്റെ വഴി വാല്മീകിരാമായണം വരച്ചുകാട്ടുമ്പോൾ എഴുത്തച്ഛന്റെ രാമായണം ആത്മീയതലത്തിൽ നിലയുറപ്പിച്ചുകൊണ്ട് അസ്തിത്വകേന്ദ്രമായ ശ്രീരാമനിലേക്ക് എത്തിച്ചേരാനുള്ള വഴിയാണ് അവതരിപ്പിക്കുന്നത്. ആദ്ധ്യാത്മരാമായണത്തിലെങ്ങും ദൃശ്യമാകുന്ന ഈ ദർശനികതലം കൂടി മനസ്സിൽ വെച്ചുകൊണ്ട് വേണം അത് വായിക്കാൻ എങ്കിലേ രാമ ശബ്ദം ഓങ്കാരധ്വനിപോലെ ചിത്തശുദ്ധിക്ക് കാരണമായ അതിമാത്രയായി മാറുകയുള്ളൂ. അപ്പോൾ മാത്രമാണ് രാമൻ ശരിക്കും ലോകാഭിരാമനായി മാറുന്നത് എങ്ങനെയെന്ന് സ്വയം അനുഭവിക്കാൻ നമ്മുക്ക് കഴിയുകയുള്ളൂ.
No comments:
Post a Comment