ഇന്ന് വയ്ക്കോൽ മേൽക്കൂരയുള്ള ഭാരതത്തിലെ ഒരേയൊരു ക്ഷേത്രമാണ് അവണൂർമന നരസിംഹമൂർത്തി ക്ഷേത്രം, അത്യപൂർവ്വങ്ങളിൽ അപൂർവ്വമാണ് അവണൂർ ക്ഷേത്രം, ഇരുനില വട്ട ശ്രീകോവിലായ അവണൂർക്ഷേത്രം കേരളത്തിൻ്റെ തനതായ ഹൈന്ദവക്ഷേത്ര വാസ്തു ശൈലിയുടെ മകുടോദാഹരണമാണ്, കേരളത്തിൻ്റെ പൈതൃകം വിളിച്ചോതുന്ന ക്ഷേത്രം കണ്ണുകൾക്ക് ദൃശ്യവിരുന്നൊരുക്കും.. പുതുതലമുറ കണ്ടിട്ടില്ലാത്ത ആ പഴയ നിർമ്മാണ ശൈലി ഏവരെയും ആകർഷിപ്പിക്കുന്നതാണ്,
പഴയ കാലഘട്ടങ്ങളിൽ ക്ഷേത്രങ്ങൾ വയ്ക്കോൽ മേഞ്ഞതോ 'ചെമ്പ് മേഞ്ഞതോ ആയിരിക്കും, ഓടുകൾ വന്നശേഷം എല്ലാ ക്ഷേത്രങ്ങളും വയ്ക്കോൽ മാറ്റി ഓട് പതിപ്പിച്ചു, എന്നാൽ അവണൂർ ക്ഷേത്രം ഇന്നും വയ്ക്കോൽ തന്നെയാണ് എന്നുള്ളത് ക്ഷേത്രത്തെ മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നു, വ്യത്യസ്ത കാണിക്കുന്നു, ചിലപ്പോൾ ഇന്ന് ലോകത്തിലെഒരേയൊരു ക്ഷേത്രവും ഇതാവാൻ സാധ്യതയുണ്ട്,
വർഷങ്ങൾക്ക് മുമ്പ് അവണൂർമനയിലെ കാരണവർ മറ്റ് ക്ഷേത്രങ്ങളെ പോലെ ഈ ക്ഷേത്രവും ഓട് മേയാൻ തീരുമാനിച്ചു, അതിനുള്ള ഒരുക്കങ്ങൾ നടുത്തുന്നതിനിടയിൽ അദ്ദേഹം മരണപ്പെട്ടു, അത് ദുർനിമിത്തമായി കണ്ട് ക്ഷേത്രം ഓട് മേയുന്നത് നിർത്തിവെച്ചു, ഭഗവാൻ വയ്ക്കോൽ പുരയിൽ ഇരിക്കാനാണ് ഇഷ്ടപ്പെടുന്നത് എന്ന സങ്കല്പത്തിൽ ക്ഷേത്രം ഇന്നും പഴയ പ്രൗഡിയിൽ ആചാരവിശ്വാസത്തിൽ വയ്ക്കോൽ മേൽക്കൂരയിൽ ശോഭിച്ചു നില്ക്കുന്നു, എല്ലാ വർഷം മേടമാസത്തിൽ വയ്ക്കോൽ മാറ്റി മേയുന്നു,
കൃത്യമായ കാലഘണന ക്ഷേത്രത്തിനും മനയ്ക്കും കുറിച്ചു വെച്ചിട്ടില്ല. എന്നാലും പുരാതന ശൈലിയിലുള്ള നിർമാണ ശൈലി ആയിരത്തിനടുത്ത് വർഷം പഴക്കം കാണിക്കുന്നു, പത്ത് തലമുറയുടെ ചരിത്രം വ്യക്തമാണെന്നും എന്നാൽ അതിനു മുമ്പുള്ള മനയുടെ ഐതീഹ്യം, ക്ഷേത്രത്തിൻ്റെ ചരിത്രമൊന്നും അറിവില്ലന്ന് മനയിലെ അംഗങ്ങൾ പറയുന്നു.
ബ്രീട്ടീഷ് ഭരണകാലത്ത് ആനമങ്ങാട് ദേശം "അധികാരി' സ്ഥാനം ഉണ്ടായിരുന്നവരാണ് അവണൂർ മനക്കാർ.
1789 ൽടിപ്പുവിൻ്റെ ഒന്നാം പടയോട്ടത്തിൽ ക്ഷേത്രത്തിലെ വിഗ്രഹം തകർക്കപ്പെട്ടു, ചതുർബാഹുവായ നരസിംഹമൂർത്തിയുടെ കരങ്ങൾ വെട്ടിയിട്ട നിലയിലാണ്, വിഗ്രഹത്തിന് കാര്യമായ കേടുപാടുണ്ടായി, ശ്രികോവിൽ വാതിൽ തകർത്താണ് ടിപ്പു അകത്ത് കടന്ന് വിഗ്രഹത്തെ വെട്ടി നുറുക്കിയത്, പിന്നീട് എപ്പോഴോ മരകഷണങ്ങൾ കൊണ്ട് നിർമ്മിച്ച പുതിയ വാതിലാണ് ഇപ്പോൾ കാണുന്നത്,
ക്ഷേത്രത്തിൽ നിത്യപൂജയുണ്ട്, ഇത് ഒരു പൊതു ക്ഷേത്രമല്ല. കുടുംബക്ഷേത്രമാണ്, അതു കൊണ്ട് തന്നെ അവണൂർമനയിൽ നിന്ന് മുൻകൂട്ടി അനുവാദം വാങ്ങിച്ചതിനു ശേഷമെ ക്ഷേത്രം സന്ദർശിക്കാൻ കഴിയൂ,
ടിപ്പുവിനാൽ തകർക്കപ്പെട്ട ക്ഷേത്രമായിരിന്നിട്ടും അവണൂർമനക്കാർ തങ്ങളുടെ കുടുംബ പരദേവതയെ അതിൻ്റെ പൈതൃകവും ആചാരവും സംരക്ഷിച്ചു കൊണ്ട് പരിപാലിക്കുന്നത് മറ്റുള്ളവർക്ക് ഒരു പാഠവും കൂടിയാണ്, എത്രയോ കുടുംബ ക്ഷേത്രങ്ങൾ ആരും സംരക്ഷിക്കാതെ ഉപേക്ഷിക്കപ്പെട്ട് കാടുകയറി തകർന്ന് നശിച്ച്കിടക്കുന്നു, കുടുംബ പരദേവതമാര പട്ടിണിക്കിടുന്നവർ അവണൂർമനക്കാരെ
കണ്ട് പഠിക്കട്ടെ..
മലപ്പുറം ജില്ലയിലെ പെരുന്തൽമണ്ണ ടൗണിൽ നിന്ന് ആറ് കിലോമീറ്റർ ഉള്ളിലേക്ക് മാറിയാണ് ആനമങ്ങാട് ഗ്രാമം, കവലയിൽ നിന്ന് മണലായ എന്ന് റോഡ് വഴി ഉള്ളിലേക്ക് കുറച്ചു ദൂരം പോകുമ്പോൾ ലോഹശില്പി എന്ന് എഴുതിയ ഗേറ്റ് കാണാം, അവിടെ ഓഫിസും വാച്ച്മാനും ഉണ്ട്, മനക്കാരുടെ യന്ത്രനിർമ്മാണ കമ്പനിയുടെ പേരാണ് ലോഹശില്പി, കമ്പനി കഴിഞ്ഞ് കുറച്ച് ദൂരം ഉള്ളിലേക്ക് പോകുമ്പോൾ അവണൂർമന കാണാം, അവിടെ നിന്ന് നോക്കിയാൽ ദൂരെ വിശാലമായ പാടശേഖരത്തിൻ്റെ നടുവിലായി തലയുയർത്തി നില്ക്കുന്ന ക്ഷേത്രത്തെ കാണാം.
ക്ഷേത്രത്തിൻ്റെ ഇടതുഭാഗത്തായി കിണറും, വലതു ഭാഗത്ത് ക്ഷേത്രകുളവും ഓടുമേഞ്ഞ കുളപ്പുരയും ഉണ്ട്,
No comments:
Post a Comment