ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 November 2022

ശാശ്വതസുഖം

ശാശ്വതസുഖം

നല്ലതിനെ തിരിച്ചറിഞ്ഞു പ്രവർത്തിക്കാനുള്ള കഴിവ് എല്ലാ മനുഷ്യനുമുണ്ട്. ഒരു പ്രവൃത്തി നല്ലതാകണമെങ്കിൽ ആ പ്രവർത്തിയിൽ അഹന്താമമതാദികൾ നിഴലിക്കാനവസരം കൊടുത്തുപോകരുത്. എല്ലാകർമ്മങ്ങളും ഈശ്വരാർപ്പണമായിട്ടുചെയ്യാൻ അഭ്യസിച്ചുകൊണ്ടിരിക്കണം. അങ്ങനെയായാൽ ഏതുകർമ്മവും കർമ്മയോഗമായി ചെയ്യാൻ കഴിയും. കർമ്മയോഗം മനസ്സിനെ ശുദ്ധമാക്കി വികസിപ്പിക്കും. മനസ്സ് സങ്കോചിക്കുമ്പോഴാണ് ദുഃഖമുണ്ടാകുന്നത്. സ്വാർത്ഥത വളരുമ്പോഴാണ് മനസ്സ് ചുരുങ്ങി ചെറുതാകുന്നത്. മനസ്സ് ചെറുതാകുന്നതിനനുസരിച്ച് ഞാനും എന്റേതെന്നുമുള്ള ഭാവന വലുതായിവലുതായിവരും. ഞാനും എന്റേതുമെന്നുള്ള ഭാവനകളാണ് അഹങ്കാരത്തിന്റെ മുളകൾ. അവയുള്ളിടത്തോളംകാലം ആർക്കും സമാധാനമുണ്ടാവുകയില്ല. സമാധാനത്തിന് അഹങ്കാരം നശിക്കുകതന്നെവേണം. അഹങ്കാരത്തെ നശിപ്പിക്കാൻ ഏറ്റവും നല്ലമാർഗ്ഗം ഈശ്വരനിൽ ഭക്തി വളർത്തുകയാണ്. ഭക്തി വളർന്നാൽ എല്ലായിടത്തും ഒരേ ഈശ്വരനെ കാണാറാകും. മാതാപിതാക്കന്മാരെയും മറ്റുഗുരുജനങ്ങളേയും ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്നതാണ് ഭക്തി വളർത്താനുള്ള ആദ്യസാധനകൾ. അതിനുള്ള ശിക്ഷണം മാതാപിതാക്കന്മാരും ഗുരുജനങ്ങളും കുട്ടികൾക്ക് ബാല്യകാലം തൊട്ട് കൊടുത്തിരിക്കണം. അന്യരെ സഹായിക്കാൻ കുട്ടികളെ പഠിപ്പിക്കണം. എല്ലാവർക്കും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ അന്യരെ സഹായിക്കാൻ കഴിവുണ്ട്. ആ കഴിവുകൾ എല്ലാം അതിന്റെ നിലയിൾ ഉത്കൃഷ്ടങ്ങൽ തന്നെയാണ്. എല്ലാവരും അന്യരിൽ നിന്ന് സ്‌നേഹം പ്രതീക്ഷിക്കുന്നുണ്ട്. അതിന് വേണ്ടത് നമ്മളെകൊണ്ട് കഴിവുള്ള സഹായങ്ങൾ അന്യർക്കു ചെയ്തുകൊടുക്കുകയാണ്. ആരെ സഹായിച്ചുവോ അവരിൽനിന്ന് ഒന്നും പ്രതീക്ഷിക്കരുത്. അങ്ങനെ പ്രത്യുപകാരം പ്രതീക്ഷിക്കുന്നവർ നിരാശരാകാനാണ് കൂടുതൾ സാദ്ധ്യത. പ്രത്യുപകാരം ഇഛിച്ചുകൊണ്ടു ചെയ്യുന്ന സഹായങ്ങൾ സഹായങ്ങളല്ല കച്ചവട ഇടപാടാണ്. ഒരുവനിലെ ജീവൻ ഈശ്വരാംശമാണ്. അതുകൊണ്ടതു നശിക്കുന്നതല്ല. നശിക്കുന്നവസ്തുക്കളോട് ചേരുന്നതു കൊണ്ടാണ് ജീവന് നാശഭയം വന്നുചേർന്നത്. ശരീരമുള്‍പ്പെടെ ഈ ലോകത്തിലുള്ള സർവവസ്തുക്കളും ഉണ്ടായവകളും നശിക്കുന്നവയുമാണ്. നാശം വേഗത്തി ലുമാകാം സാവധാനത്തിലുമാകാം. ഭയം പോകണമെങ്കിൽ ലോകത്തെ മുഴുവനായും വിട്ട് ഭഗവാനോടു ചേരാൻ ശ്രമിക്കണം. എല്ലാവരും എവിടെയും ഭഗവാനിൽ തന്നെയാണ് നില നില്ക്കുന്നത്. ആ ബോധം എപ്പോഴും ഇല്ലാത്തതുകൊണ്ടാണ് മരണഭയം അലട്ടികൊണ്ടിരിക്കുന്നത്. അതുപോകാൻ ഭഗവാനെ ശരണം പ്രാപിക്കണം.

No comments:

Post a Comment