ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 November 2022

ഭഗവാന്റെ പാദപത്മങ്ങൾ

ഭഗവാന്റെ പാദപത്മങ്ങൾ

എല്ലാ ശ്രീകൃഷ്ണ ഭക്തരുടെയും ആഗ്രഹമാണ് - ഭഗവാൻ്റെ പാദപത്മങ്ങൾ ദർശിക്കണം, പാഞ്ചാലിയെപ്പോലെ ആ പാദങ്ങൾ ഭക്തിയുടെയും സ്നേഹത്തിൻ്റെയും കണ്ണീർ കൊണ്ട് കഴുകണം, അവസാനം ആ പാദങ്ങളിൽ വിലയം പ്രാപിക്കണം. എന്താണ് ഭഗവാൻ്റെ പാദങ്ങളുടെ പ്രത്യേകതകൾ ? എന്തുകൊണ്ടാണ് ഭക്തർ അതിനെ പാദപത്മങ്ങൾ എന്ന് വിളിക്കുന്നത്?

ഭഗവാൻ കൃഷ്ണന്റെ പത്മപാദങ്ങൾ 19 മഹത്തായ ഐശ്വര്യങ്ങളാൽ സമ്പന്നമാണ്. ഇടത് പാദത്തിൽ - അർദ്ധചന്ദ്രൻ, ജലപാത്രം, ത്രികോണം, വില്ല്, ആകാശം, പശുവിന്റെ കുളമ്പ്, മത്സ്യം, ശംഖ്: വലത് പാദത്തിൽ - എട്ട് പോയിന്റുള്ള നക്ഷത്രം, സ്വസ്തിക, ചക്രം, കുട, യവം, ആനക്കൊമ്പ്, പതാക, ഇടിമിന്നൽ, ഞാവൽപ്പഴം, ഊർധ്വവരേഖ, താമര എന്നിവ. 

ഭഗവാൻ കൃഷ്ണന്റെ ഈ പാദചിഹ്നങ്ങൾ പ്രതീകാത്മകങ്ങളാണ്. അവ ഭക്തർക്ക് - നിർഭയത്വം, ഭൗതിക ദുരിതങ്ങളിൽ നിന്ന് മോചനം, ഭൗതിക ലോകത്തിലെ ഐശ്വര്യം, ഭക്തമനസ്സുകൾ ഭഗവദ് പാദങ്ങളിലേക്ക് ആകർഷിക്കപ്പെടുകയും അവ മുറുകെ പിടിക്കപ്പെടുകയും ചെയ്യുന്നു. ദുരിതങ്ങളെ നശിപ്പിക്കുന്നു, വളരെ എളുപ്പത്തിൽ ഭഗവാനിൽ ഭക്തി നൽകുന്നു, ജ്ഞാനവും വൈരാഗ്യവും, സർവ്വ മംഗളം, ആറ് ശത്രുക്കളെയും (കാമം, അത്യാഗ്രഹം, ക്രോധം, മിഥ്യാധാരണ, അഹങ്കാരം, അസൂയ) വെട്ടിമുറിക്കുന്നു, ഹൃദയത്തെ ശുദ്ധീകരിക്കുന്നു, ഭൗതിക പ്രകൃതിയുടെ മൂന്ന് രീതികളെ മറികടക്കാൻ ഒരാളെ പ്രേരിപ്പിക്കുന്നു.

ജ്ഞാനികളും ശ്രീകൃഷ്ണ ഭക്തന്മാരും ഭഗവാൻ്റെ പന്മപാദങ്ങളെ ധ്യാനിക്കുകയും കൃഷ്ണന്റെ പാദകമലങ്ങളുടെ നിത്യസേവനത്തിനായി ആഗ്രഹിക്കുകയും ചെയ്യുന്നു. കൃഷ്ണന്റെ പാദങ്ങളിൽ മുറുകെ പിടിക്കുന്ന ഒരാൾക്ക് ഈ സംസാരത്തിൽ നിന്ന് മോചനം ലഭിക്കും.

ഭഗവാൻ കൃഷ്ണൻ വൃന്ദാവനത്തിൽ താമസിക്കുമ്പോൾ, ഗോപ ബാലന്മാരോടൊപ്പം രാവിലെ പശുക്കളുമായി കാട്ടിൽ പോകുമ്പോഴും വൈകുന്നേരങ്ങളിൽ തിരിച്ചെത്തുമ്പോഴും കൃഷ്ണന്റെ പാദമുദ്രകളിൽ നിന്ന് ഗോപികമാർ പൊടിയെടുക്കാറുണ്ടായിരുന്നു. കൃഷ്ണനെയും ബലരാമനെയും മഥുരയിലേക്ക് കൊണ്ടു പോകാനെത്തിയ അക്രൂരൻ വൃന്ദാവനത്തിന്റെ പ്രാന്തപ്രദേശത്ത് എത്തിയപ്പോൾ, ഭഗവാൻ കൃഷ്ണന്റെ പാദചിഹ്നങ്ങൾ കണ്ട് രഥത്തിൽ നിന്ന് ചാടിയിറങ്ങി ആ പാദചിഹ്നങ്ങളിൽ ഭക്തിപൂർവ്വം കിടന്നുരുണ്ടതായി ഭാഗവതം പറയുന്നു.  

വത്സസ്തേയത്തിൽ ബ്രഹ്മാവ് കൃഷ്ണനെ പരീക്ഷിക്കാനായി പശുക്കളെയും കൃഷ്ണന്റെ ഗോപാലസുഹൃത്തുക്കളെയും കൂട്ടിക്കൊണ്ടുപോയി ഒരു വർഷം ഗുഹകളിൽ പാർപ്പിച്ചു. ഈ സമയത്ത്, കൃഷ്ണൻ സ്വയം പശുക്കളും സുഹൃത്തുക്കളുമായി അവരുടെ യതൊരു മാറ്റവുമില്ലാത്ത രൂപങ്ങൾ പ്രാപിച്ച് ഒരു വർഷം കഴിയുന്നു. തൻ്റെ തെറ്റ് മനസ്സിലാക്കിയ ബ്രഹ്മാവ് താൻ ഗുഹയിൽ സൂക്ഷിച്ച പശുക്കളെയും ഗോപബാലന്മാരെയും തിരികെ നൽകി. എപ്പോഴും കൃഷ്ണനുമായി കളിക്കുകയും തിന്നുകയും പാടുകയും സല്ലപിക്കുകയും ഭഗവാൻ്റെ പാദത്തിലെ പൊടി സ്വന്തം ശരീരങ്ങളിൽ പുരളാന്നും ഭാഗ്യം ചെയ്ത കൃഷ്ണന്റെ ഗോപാല സുഹൃത്തുക്കളെ അപേക്ഷിച്ച് ബ്രഹ്മാവിന്റെ സ്ഥാനം പോലും നിസ്സാരമാണെന്ന് കൃഷ്ണനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

നമ്മൾ എല്ലാവരുടെയും മനസ്സും ഹൃദയവും എപ്പോഴും ഭഗവാൻ കൃഷ്ണന്റെ പാദപത്മങ്ങളിൽ നിർല്ലീനമായിരിക്കട്ടെ. ഭഗവാൻ്റെ കൃപയാൽ നാം ചെയ്യുന്ന സത്പ്രവൃത്തികൾ, കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം, നാം എവിടെയായിരുന്നാലും, ഏത് സാഹചര്യങ്ങളിലായാലും, ഏത് ജന്മങ്ങളിലായാലും, ഭഗവാൻ്റ പാദപത്മങ്ങളോടുള്ള അചഞ്ചലമായ സ്നേഹവും ഭക്തിയും പ്രദാനം ചെയ്യട്ടെ. 


No comments:

Post a Comment