കര്‍ണവേധ സംസ്കാരം
പുരാതനകാലത്ത് തന്നെ മനുഷ്യര്‍ക്ക് ആഭരണങ്ങള്‍ അണിയാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. ചെവിയില്‍ ദ്വാരമുണ്ടാക്കുന്നത് നല്ലതാണെന്നുള്ള അറിവ് മനുഷ്യനുണ്ടായി. ആയുര്‍വേദാചാര്യനായ ശുശ്രുതന്‍ കുട്ടിയുടെ ആരോഗ്യത്തിനും അലങ്കാരത്തിനും കാതുകളില്‍ ദ്വാരമുണ്ടാക്കുന്നത് നല്ലതാണെന്ന് അഭിപ്രായപ്പെട്ടു. മാത്രമല്ല, ചെവി തുളയ്ക്കുന്നതുകൊണ്ട് ഹൈഡ്രോസില്‍, ഹെര്‍ണിയ തുടങ്ങിയ രോഗങ്ങള്‍ വരാതിരിക്കാന്‍ ഉപകരിക്കുന്നുവെന്നുകൂടി ശുശ്രുതന്‍ അഭിപ്രായപ്പെട്ടു. പരാസ്കര ഗൃഹ്യസൂത്രത്തിലും, അഥര്‍വവേദത്തിലും കര്ണവേധത്തെപ്പറ്റി പരാമര്‍ശമുണ്ട്. ശിശു ജനിച്ചതിന് ശേഷം 10, 12, 16 എന്നീ ദിവസങ്ങളില്‍ കര്‍ണവേധ സംസ്കാരം നടത്തണമെന്ന് ബൃഹസ്പതി നിര്‍ദ്ദേശിക്കുന്നു. പക്ഷേ, ഗര്ഗാചാര്യനാകട്ടെ 6, 7, 8, 12 മാസങ്ങളിലാണ് നടത്തേണ്ടതെന്ന് പറയുന്നു. ചില ആചാര്യന്മാര് മൂന്നാമത്തെയോ, അഞ്ചാമത്തെയോ വയസ്സില്‍ ഈ ഈ സംസ്കാരം നടത്തിയാല്‍ മതിയെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. കുട്ടിക്ക് പല്ലുമുളച്ചതിന് ശേഷം ഈ സംസ്കാരം നടത്തിയാല്‍ മതിയെന്ന് ശ്രീപതി അഭിപ്രായപ്പെടുന്നു. കര്ണവേധത്തിനുള്ള സമയം നിശ്ചയിക്കേണ്ടത് പ്രധാനമായും കുട്ടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തതിന് ശേഷം ജ്യോതിഷപണ്ഡിതന്മാരുടെ അഭിപ്രായമുള്ള മുഹൂര്ത്തത്തിലാകുന്നാണ് നല്ലത്. ഇപ്പോള്‍ പല സ്ഥലത്തും ചൂഡാകര്‍മ്മവും, കര്ണവേധനവും ഉപനയനം സംസ്കാരത്തോടനുബന്ധിച്ച് നടത്തിവരുന്നു.
അച്ഛനാണ് ഈ ചടങ്ങിന്റെ കാര്‍മ്മികത്വം വഹിക്കേണ്ടത് എന്ന് ഗൃഹ്യസൂത്രങ്ങള്‍ പറയുന്നു. പക്ഷേ, കാത് തുളയ്ക്കേണ്ടത് പരിചയ സമ്പന്നനായ ഏതെങ്കിലും വ്യക്തികളായിരിക്കണം. ശ്രീപതിയുടെ അഭിപ്രായത്തില്‍ സൂചി നിര്‍മ്മിക്കുന്ന വ്യക്തിയോ, ലോഹപ്പണിക്കാരനോ ആയിരിക്കണം കുട്ടിയുടെ കാത് തുളയ്ക്കേണ്ടതെന്നാണ്. പക്ഷേ, ശുശ്രുതന്റെ അഭിപ്രായത്തില്‍ ശസ്ത്രക്രിയാ വിദഗ്ധനെക്കൊണ്ടുവേണം കര്‍ണവേധം നടത്തേണ്ടതെന്നാണ്. പക്ഷേ, പാരമ്പര്യമായി സ്വര്ണപണി നടത്തുന്നവരെയാണ് അധികവും ഈ കര്മ്മത്തിന് ക്ഷണിച്ചുവരുന്നത്. സ്വര്‍ണം, വെള്ളി, ചെമ്പ് എന്നിവ കൊണ്ടുണ്ടാക്കിയ ഏതെങ്കിലുമൊരു സൂചികൊണ്ടുവേണം ചെവി തുളയ്ക്കാന്. ചെവികളുടെ ദ്വാരത്തിലൂടെ സൂര്യരശ്മികള്‍ കടന്നുപോകുന്നത് ആരോഗ്യത്തിനും യശസ്സിനും നല്ലതാണെന്ന വിശ്വാസവും നിലവിലുണ്ട്. നല്ല മുഹൂര്‍ത്തത്തില്‍ ഉച്ചയ്ക്ക് മുന്‍പ് കര്‍ണവേധം നടത്തണമെന്നാണ് പറയുന്നത്. നിലവിളക്കിന്റെ പടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് നോക്കി കുട്ടിയെ മടിയിലിരുത്തി അമ്മ ഇരിക്കണം. അതിനുശേഷം ചെവി തുളയ്ക്കാനെത്തിയ വ്യക്തി, ആദ്യമായി കുട്ടിയുടെ വലത്തെ ചെവി പിടിച്ച് ലോഹസൂചികൊണ്ട് ദ്വാരമുണ്ടാക്കുന്നു. ഈ സമയത്ത് മംഗളകരമായ കാര്യങ്ങള്‍ ചെവിയിലൂടെ കേള്‍ക്കട്ടെ എന്ന് ആശംസിക്കുന്നു. പിന്നീട് ഇടത്തേ ചെവിയിലും ദ്വാരമുണ്ടാക്കുന്നു. അതിനുശേഷം ചെവിയില്‍ എണ്ണ പുരട്ടുക. ഈ സംസ്കാരത്തിന് ശേഷം എല്ലാവര്ക്കും ഭക്ഷണം നല്കി ഗൃഹനാഥന് സന്തോഷപൂര്‍വം അതിഥികളെ യാത്രയയ്ക്കണമെന്നാണ് പറയുന്നത്.
No comments:
Post a Comment