വെറ്റില മുറുക്ക്
പഴയ കാലത്ത് വീടിന്റെ ഉമ്മറത്ത് വെറ്റിലചെല്ലവുമായി ഇരിക്കുന്ന മുത്തശ്ശിയേയും ചാരുകസേരയില്‍ കിടന്നു മുറുക്കി കോളാമ്പിയിലേയ്ക്ക് തുപ്പുന്ന മുത്തശ്ശനെയും ചിലരെങ്കിലും ഇപ്പോഴും ഓർക്കുന്നുണ്ടാകും..
മുറുക്കുന്നത് ഒരു കാലത്ത് ആഢ്യത്വത്തിന്റെ ഭാഗമായിരുന്നു. നാലും കൂട്ടി (വെറ്റില, ചുണ്ണാമ്പ്, പാക്ക്, പുകയില) മുറുക്കി ചുണ്ടൊന്നു ചുവപ്പിച്ച് നീട്ടിത്തുപ്പി നടക്കുന്നത് പുരുഷന്മാര് രസമായി കണ്ടപ്പോള്‍, സ്ത്രീകള്‍ അതിനെ സൗന്ദര്യവര്‍ദ്ധന നിലയിലാണ് കണക്കാക്കിയിരുന്നത്.
എന്നാല്‍ ചുണ്ട് ചുവപ്പിക്കാന്‍ സൗന്ദര്യവര്‍ദ്ധക രാസപദാര്‍ത്ഥങ്ങള്‍ വന്നതോടെ, വെറ്റില മുറുക്കുന്ന ശീലം ഇല്ലാതായി.
വെറ്റിലക്കൊടിയെ വളരെ പാവനമായാണ് പഴയ തലമുറ വീക്ഷിച്ചിരുന്നത്. ശുഭകര്യങ്ങള്ക്കായി ഗണപതി ഭഗവാനെ ഇരുത്തുമ്പോഴും, നിറപറ ഒരുക്കുമ്പോഴും, വെറ്റിലയും പാക്കും ഇന്നും അവിഭാജ്യഘടകം തന്നെ.
വെറ്റിലയെ സംബന്ധിച്ച് അനേകം വിശ്വാസങ്ങളും സങ്കല്‍പ്പങ്ങളും നിലവിലുണ്ട്. ആര്ത്തവനാളില് വെറ്റില നുള്ളുന്നതിനെ പോലും നിഷിദ്ധമായാണ് കണ്ടിരുന്നത്.
അഷ്ടമംഗല്യവസ്തുക്കളില് ദേവീ - ദേവന്മാരെ ഉള്‍ക്കൊള്ളുന്നതാണത്രെ വെറ്റില.
വെറ്റിലയുടെ തലയ്ക്കല്‍ മഹാലക്ഷ്മിയും മദ്ധ്യത്തില്‍ സരസ്വതിയും വസിക്കുന്നു എന്നാണ് സങ്കല്‍പ്പം. കൂടാതെ ഞെട്ടില്‍ ജ്യേഷ്ഠ ഭഗവതിയും ഇടതുവശത്ത് പാര്‍വ്വതിയും വലതുഭാഗത്ത് ഭൂദേവതയും അന്തര്‍ഭാഗത്ത് വിഷ്ണുവും പുറത്ത് ശിവനും അധിവസിക്കുന്നു. കൂടാതെ ശുക്രന്, ദേവേന്ദ്രന്, സൂര്യന്, കാമദേവന് എന്നിവരേയും ശുദ്ധമായ വെറ്റില ഉള്കൊള്ളുന്നതായാണ് വിശ്വാസം.
വെറ്റില ഉപയോഗത്തെപ്പറ്റിയും വിധിയുണ്ട്. രണ്ടായി നെടുകെ മുറിഞ്ഞ വെറ്റില ഉപയോഗിക്കുന്നത് വളരെ ദോഷകരമായതിനാല്‍ അങ്ങനെ ചെയ്യാന്‍ പാടില്ല.
കൂടാതെ ദ്വാരമുള്ള വെറ്റില, ഉണങ്ങിയ വെറ്റില, എരിവുള്ള വെറ്റില തുടങ്ങിയവയും ഉപയോഗിക്കരുത്. വ്രതദിവസങ്ങളില്‍ മുറുക്കരുതെന്ന് വിധിയുണ്ടെങ്കിലും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും മുറുക്കുന്നത് ഐശ്വര്യപ്രദമത്രേ.
എന്നാല്‍ മുറുക്കാന്റെ ചേരുവകളില്‍ നിന്ന് പുകയില ഒഴിവാക്കിയാല്‍ നന്നെന്ന് ആധുനിക ലോകം കണ്ടെത്തിയിട്ടുണ്ട്.
No comments:
Post a Comment