പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ...
രാജഗൃഹത്തിലെ അവസാനത്തെ രാത്രി ഭരതന് ദുഃസ്വപ്നങ്ങളുടേതായിരുന്നു.
ശരീരമാസകലം തൈലാഭിഷിക്തനായി മുണ്ഡിത ശിരസ്കനായ പിതാവ്,
അഗാധമായ ഒരു ചാണകക്കുഴിയിലേക്ക് വീണുപോകുന്നതയാൾ കണ്ടു.
കഴുതകൾ വലിക്കുന്ന തേരിൽ ഇരുത്തി ഒരു രക്ഷോ രൂപം ദശരഥനെ തെക്കോട്ടു കൊണ്ടു പോകുന്നു. രാജകുമാരൻ്റെ ഉണർവ്വിനും ഉന്മേഷത്തിനുമായി നടത്തപ്പെട്ട ആട്ടവും പാട്ടുമൊന്നും ഭരതനെ സന്തോഷിപ്പിച്ചില്ല. താനോ ലക്ഷ്മണനോ അച്ഛൻ തന്നെയുമോ മരണപ്പെട്ടേക്കാമെന്ന് ഭരതൻ ഭയന്നു.
അയോദ്ധ്യയിൽ നിന്നെത്തിയ ദൂതൻമാരൊത്ത് തിരിച്ചെത്തുമ്പോഴാണ് ഭർത്താവുമരിച്ചിട്ടും സന്തോഷിക്കുന്ന അമ്മയെ അയാൾ കാണുന്നത്.
പുത്രവാത്സല്യം കെടുത്തിക്കളഞ്ഞ ഭർതൃവിയോഗത്തിൻ്റെ ശോകാഗ്നിക്കിടയിലൂടെ കൈകേയി, ഒരിറ്റു രക്തം ചിന്താതെ കൗശലത്തിൻ്റെ തേരോടിച്ച് താൻ നേടിയെടുത്ത സാമ്രാജ്യം മകനു വെച്ചു നീട്ടി.
ക്ഷത്രിയന് രാജ്യ ലാഭം തന്നെയാണ് വലുത്. യുദ്ധം ചെയ്യുന്നതും, കണ്ണിൽച്ചോരയില്ലാതെ ചോരപ്പുഴകൾ നീന്തിക്കയറുന്നതും അതിനായിട്ടാണ്, പക്ഷെ എന്നിട്ടും ഭരതൻ സന്തോഷിച്ചില്ല. ‘ഹൃദയം നഷ്ടപ്പെടുത്തിയിട്ട് ലോകം നേടിയിട്ടെന്തിന്?’ എന്നയാളും ചിന്തിച്ചിട്ടുണ്ടാവും.
പിതാവിന്റെ ചിതയെരിഞ്ഞടങ്ങിയിട്ടും
തീയണയാത്ത ഹൃദയവുമായാണ് ഭരതൻ,
ജ്യേഷ്ഠനെ രാജാവായി അഭിഷേകം ചെയ്യാൻ തിരികെ വിളിച്ച് അയോദ്ധ്യയുടെ സിംഹാനത്തിലിരുത്താൻ, വനത്തിലേക്ക് ഇറങ്ങി പുറപ്പെട്ടത്.
നദി കടന്ന് ചിത്രകൂടത്തിൻ്റെ താഴ്വാരത്തിൽ മരവുരിയുടുത്ത് നിൽക്കുന്ന ജ്യേഷ്ഠനെ കണ്ടപ്പോൾ കൈകേയിക്കു കൂടി വേണ്ടി ഭരതൻ ആ കാലുകളിൽ വീണു കരഞ്ഞു.
“രാജ്യമാകെ, വരണ്ട ഭൂമിയിൽ വർഷമേഘങ്ങളെ കാത്തിരിക്കുന്ന കാർഷകനെപ്പോലെ അങ്ങയെ മാത്രം കാത്തിരിക്കുന്നു..”
(“ത്വമേവ പ്രതീക്ഷന്തേ പർജന്യം ഇവ കർഷകാ :”) തിരികെ വരാൻ ഭരതൻ യാചിച്ചു.
താതവിയോഗത്തിൻ്റെ തീവ്രദുഃഖം തളർത്തിയിരുന്നു എങ്കിലും മന്ദാകിനിയിലിറങ്ങി ഉദകക്രിയ പൂർത്തിയാക്കിയ രാമൻ ഭരതനോടു പറഞ്ഞു..
“ലക്ഷ്മിചന്ദ്രാത് അപേയാത് വാ ഹിമവാൻ വ ഹിമം ത്യജേത്
അതീയത് സാഗരോ വേലാം
ന പ്രതിജ്ഞാം അഹ പിതു:”.....
നിലാവ് ചന്ദ്രനെ വിട്ടു പോയേക്കാം,
ഹിമവാൻ അതിൻ്റെ ഹിമമാകെ ഉപേക്ഷിച്ചെന്നിരിക്കാം, കടൽ അതിൻ്റെ കരയെ കവർന്നെടുത്തേക്കാം എന്തു വന്നാലും അച്ഛനു നൽകിയ എൻ്റെ വാക്കുകൾ ഇളകുകയില്ല.
കണ്ണുനീരിനും വിലാപങ്ങൾക്കും യാചനകൾക്കും വഴങ്ങാത്ത സത്യ വ്രതങ്ങൾക്കു മുന്നിൽ തോറ്റവരിൽ ഭരതനായിരുന്നു മുന്നിൽ.
ആ തോൽവി കൊണ്ടയാൾ രാമനേക്കൂടി ജയിച്ചു കളഞ്ഞു..
രാമ പാദങ്ങളിൽ വീണ് പാദുകം യാചിക്കുമ്പോൾ ഭരതൻ രാമനോടു പറഞ്ഞു..
“അധിരേഹ ആര്യ പാദാഭ്യാം
പാദുകേ ഹേമഭൂഷിതേ
ഏതേഹി സർവ്വ ലോകസ്യ
യോഗക്ഷേമം വിധാസ്യത:”
“ഈ പാദുകങ്ങൾ ഇനി രാജ്യം ഭരിക്കും”
കാലിലിടേണ്ട പാദുകങ്ങൾ തലയിലേറ്റി മടങ്ങും മുമ്പ്, പതിനാലു വർഷം തികയുന്ന അന്ന് മടങ്ങി വന്നില്ലെങ്കിൽ “ഞാൻ തീയിൽ ദഹിക്കും” എന്ന് പ്രതിജ്ഞ ചൊല്ലി പറയാനും ഭരതൻ മറന്നില്ല. പിന്നീടുള്ള പതിനാലു വർഷങ്ങൾ രാമപാദുകങ്ങളാണ് രാജ്യം ഭരിച്ചത്.
ചെങ്കോലെടുക്കാതെ, കിരീടം ധരിക്കാതെ, അമൃതേത്ത് ഭുജിക്കാതെ, ജഡാവൽക്കലങ്ങളുടെ കൃശരീരവുമായി ഭരതൻ കാത്തിരുന്നു. അച്ഛൻറെ ചിതജ്വലിപ്പിച്ച അഗ്നിയെരിച്ച അതേ ഹൃദയവുമായി. ഒടുവിൽ രാമൻ വരും വരെ...
രാജമോഹങ്ങളുടെ കുതന്ത്രങ്ങളിൽ നിന്നു വേറിട്ട ഭരതൻ ഒറ്റയ്ക്കൊരിതിഹാസമാണ്.
വെറുമൊരു ഹൃദയത്തിനു വേണ്ടി സിംഹാസനമുപേക്ഷിക്കുന്ന ഉജ്ജ്വല ത്യാഗമാണ് ഭരതൻ.
ധർമ്മം സഞ്ചരിച്ച രണ്ടു ചെരിപ്പുകൾക്കുപോലും രാജ്യം ഭരിക്കാൻ യോഗ്യതയുണ്ടെന്നയാൾ കാട്ടിക്കൊടുത്തു.
രാജാവല്ല, ധാർമ്മിക ശക്തിയാണ് രാജ്യം ഭരിക്കേണ്ടതെന്നും. അതുകൊണ്ടാകാം രാമൻ ഹനുമാനേ ഇറുകെപ്പുണർന്ന്
“നീ എനിക്ക് ഭരതനേപ്പോലെയാണ്”എന്നു പറഞ്ഞത്
രാമനെ വനത്തിനയച്ചതിനു മാത്രമല്ല, ഭരതനെ പ്രസവിച്ചതിനും ലോകം കൈകേയിയോടു കടപ്പെട്ടിരിക്കുന്നു.
No comments:
Post a Comment