ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 February 2020

ജ്യോതിഷത്തിൽ രാശി എന്നാൽ എന്താണ്?

ജ്യോതിഷത്തിൽ രാശി എന്നാൽ എന്താണ്?

ഭൂമി സൂര്യനെ ചുറ്റുന്നതു കൊണ്ടാണ് രാശി എന്ന സങ്കല്‍പ്പം ഉണ്ടായത്. ഒരു രാശിയെ 30 ഭാഗങ്ങളായാണ് തിരിക്കുന്നത്, ഇതിലൊരു ഭാഗമാണ് ഒരു ദിവസം.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സൂര്യന്‍ ഒരു രാശിയില്‍ തന്നെ സ്ഥിതിചെയ്യുന്ന കാലയളവാണ് ഒരു മാസം.

ഒരു ദിവസമെന്നാല്‍ സൂര്യന്‍ ഒരു രാശിയുടെ മുപ്പതില്‍ ഒരു ഭാഗം സഞ്ചരിക്കാന്‍ എടുക്കുന്ന സമയമാണ്.

ഭൂമിക്ക് സൂര്യനെ വലം വയ്ക്കാന്‍ ഒരു വര്‍ഷം അല്ലെങ്കില്‍ 365 1/4 ദിവസം വേണ്ടിവരുന്നതുപോലെ മറ്റ് ഗ്രഹങ്ങളും സൂര്യനെ ചുറ്റുന്നത് വ്യത്യസ്ത സമയ ക്രമത്തിലാണ്.

സൂര്യനെ പ്രദക്ഷിണം ചെയ്യാന്‍ അല്ലെങ്കില്‍ രാശിമണ്ഡലം ചുറ്റിക്കറങ്ങി വരാന്‍ വ്യാഴത്തിന് 11 വര്‍ഷവും 10 മാസവും 12 ദിവസവും വേണം. അതായത് ഏതാണ്ട് 12 വര്‍ഷം. ഇതിനെ വ്യാഴവട്ടം എന്നാണ് പറയുക.

ഇതനുസരിച്ച് വ്യാഴത്തിന് ഒരു രാശി കടക്കണമെങ്കില്‍ ഏതാണ്ട് ഒരു വര്‍ഷം വേണം - 365 ദിവസം. സൂര്യനില്‍ നിന്നും ഏറ്റവും അകലെയുള്ള ശനിക്ക് 29 വര്‍ഷവും 5 1/2 മാസവും എടുത്തേ സൂര്യനെ വലം വച്ച് വരാനാവൂ. - ഏതാണ്ട് 30 വര്‍ഷം. അതുകൊണ്ട് ശനിക്ക് ഒരു രാശി താണ്ടാന്‍ രണ്ടര വര്‍ഷം വേണ്ടിവരും.

ചൊവ്വ ഒന്നര വര്‍ഷം കൊണ്ട് സൂര്യനെ ചുറ്റുന്നു. ഒന്നരമാസം ഒരു രാശിയില്‍ നില്‍ക്കുന്നു. ബുധനാകട്ടെ കേവലം 88 ദിവസം കൊണ്ട് സൂര്യനെ ചുറ്റുന്നു. ബുധന് ഒരു രാശി കടക്കാന്‍ ഒരാഴ്ച മതി. ശുക്രന്‍ രാശി മണ്ഡലം പ്രദക്ഷിണം ചെയ്യാനായി 225 ദിവസം എടുക്കുന്നു.

ജ്യോതിഷത്തിൽ ആകെ രാശികൾ 12.  മേടം, ഇടവം, മിഥുനം, കർക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം ഇങ്ങനെ. ഈ 12 രാശികളെ പലതരത്തിൽ നാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

രാശികളുടെ  ആകൃതി

മേടം – ആട്
ഇടവം – കാള
മിഥുനം – ഇണ (സ്ത്രീപുരുഷൻ)
കർക്കടകം – ഞണ്ട്
ചിങ്ങം – സിംഹം
കന്നി – കന്യക
തുലാം – കച്ചവടക്കാരൻ
വൃശ്ചികം – തേൾ
ധനു – വില്ലാളിയും കുതിരയും
മകരം – മാനും മുതലയും
കുംഭം – കുടം
മീനം – മത്സ്യം

രാശികളുടെ നിറം

മേടം – ചുവപ്പ്
ഇടവം – വെളുപ്പ്
മിഥുനം – തത്തയുടെ ശരീരം പോലെ പച്ച
കർക്കടകം – വെളുപ്പ് കലർന്ന ചുവപ്പ്
ചിങ്ങം – കടുംചുവപ്പു ഇടകലർന്ന വെളുപ്പ്
കന്നി – നാനാവർണം
തുലാം – കറുപ്പ്
വൃശ്ചികം – സ്വര്‍ണനിറം
ധനു – മഞ്ഞ
മകരം – പാരാവത വർണം, വെളുപ്പ് കലർന്ന ചുവപ്പ്
കുംഭം – കീരിയുടെ നിറം
മീനം – മത്സ്യത്തിന്റെ നിറം

ദിക്കുകൾ

മേടം, ചിങ്ങം, ധനു – കിഴക്ക്

ഇടവം, കന്നി, മകരം – തെക്ക്

മിഥുനം, തുലാം, കുംഭം – പടിഞ്ഞാറ്

കർക്കടകം, വൃശ്ചികം, മീനം – വടക്ക് ദിക്കുകൾക്ക് ആധിപത്യമുള്ളതായി കൽപിച്ചിരിക്കുന്നു.

ഒരാൾ  ജനിച്ച  സമയരാശി – ലഗ്നം

അവരവരുടെ നക്ഷത്രം സ്ഥിതി ചെയ്യുന്ന രാശി ജന്മരാശി അഥവാ കൂറ്. ഗ്രഹനിലയിൽ ‘ല’ എന്നെഴുതിയിരിക്കുന്നത് ഗ്രഹനിലയിലെ ഒന്നാംഭാവം. അതുമുതൽ വലത്തോട്ടുള്ള ഓരോ രാശിയും രണ്ട്, മൂന്ന് തുടങ്ങി ‘ല’ യുടെ പിറകിലുള്ളത് 12–ാം രാശി – ഭാവം.

 ‘ ച’ എന്നെഴുതിയിരിക്കുന്നത് – ചന്ദ്രലഗ്നം. ജന്മരാശി. ഇത് വച്ചാണ് വാരഫലവും ഗോചരഫലവും, വിഷുഫലവും കണക്കാക്കുന്നത്.

ജാതകാപഗ്രഥനത്തിൽ ‘ല’ കേന്ദ്രീകരിച്ച് ആദ്യം അപഗ്രഥനം, തുടർന്ന് ‘ച’ കേന്ദ്രീകരിച്ചും. തുടർന്ന് അംശകം കേന്ദ്രീകരിച്ചും, തുടർന്ന് അഷ്ടവർഗ്ഗം അടിസ്ഥാനമാക്കിയും, തുടർന്ന് ദശാപരമായും, തുടർന്ന് ഗോചരമായും, അപഹാരകാലവും ചിന്തിച്ചാണ് ഫലപ്രവചനം നടത്തുന്നത്.

ഉദാഹരണത്തിന് 7–ാം ഭാവം ഭാര്യാസ്ഥാനമാണ്. വിവാഹസ്ഥാനം ‘ല’ മുതൽ 7–ാം രാശി 7–ാം ഭാവം ഇങ്ങനെ ഓരോന്നും.

ലഗ്നത്തിൽ നിന്നോ ചന്ദ്രലഗ്നത്തിൽ നിന്നോ മൂന്ന്, ആറ്, പത്ത്, പതിനൊന്ന് രാശികൾ ‘ഉപചയരാശികൾ’. ബാക്കിയുള്ളത് അപചയരാശികൾ.

പഞ്ചഭൂതവും  രാശികളും

മേടം, ചിങ്ങം, വൃശ്ചികം – അഗ്നി ഭൂതവും 

ഇടവം, കർക്കടകം, തുലാം – ജല ഭൂതവും

മിഥുനം, കന്നി – ഭൂമി ഭൂതവും 

ധനു, മീനം – ആകാശ ഭൂതവും 

മകരം, കുംഭം - വായു ഭൂതവും.

രാശികളും ഗുണങ്ങളും

കർക്കടകം, ചിങ്ങം, ധനു, മീനം – സത്വഗുണരാശികൾ

ഇടവം, മിഥുനം, കന്നി, തുലാം – രജോഗുണ രാശികൾ

മേടം, വൃശ്ചികം, മകരം, കുംഭം – തമോഗുണ രാശികൾ

ഓജയുഗ്മരാശികൾ

12 രാശികളെയും ഓജരാശികളായും യുഗ്മരാശികളായും തരംതിരിച്ചിട്ടുണ്ട്. ഓജരാശിയെന്നാൽ പുരുഷരാശികൾ.
മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ ആറ് രാശികളും പുരുഷരാശികളും (ഓജരാശികളും)

യുഗ്മരാശി
 യുഗ്മരാശിയെന്നാൽ പെൺ രാശികൾ.
ഇടവം, കർക്കടകം, കന്നി, വൃശ്ചികം, മകരം, മീനം എന്നീ ആറ് രാശികൾ പെൺരാശികൾ – യുഗ്മരാശികളുമാണ്.

No comments:

Post a Comment