ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 February 2020

മോക്ഷ ദായകിയായ ഗായത്രി മന്ത്രം

മോക്ഷ ദായകിയായ ഗായത്രി മന്ത്രം

മന്ത്രങ്ങളുടെ മാതാവാണ് ഗായത്രി .മനസ്സിനെ ത്രാണം ചെയ്യുന്ന മന്ത്രങ്ങള്‍ ശക്തിയുടെ ഉറവിടമാണ്‌. വിശ്വാമിത്ര മഹർഷിയാണു ഗായത്രീമന്ത്രത്തിന്റെ സ്രഷ്ടാവ്. 

മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ല. സൂര്യദേവനോടുളള പ്രാർഥനയാണിത്. "ഗാനം ചെയ്യുന്നവനെ ത്രാണനം" ചെയ്യുന്നത് എന്നാണു ഗായത്രി എന്ന ശബ്ദത്തിന്റെ അർഥം. ഗായത്രീമന്ത്രം ഉരുവിടുമ്പോൾ തേജസ്സ്‌, യശസ്സ്, വചസ്സ്‌ എന്നീ ശക്തികൾ നാം അറിയാതെ  തന്നെ നമ്മളിൽ നിറയുന്നു. അർഥം മനസ്സിലാക്കി ഗായത്രി ചെല്ലുന്നത് ഇരട്ടിഫലം നൽകും.

‘‘ഓം ഭൂർ ഭുവഃ സ്വഃ 
തത് സവിതുർ വരേണ്യം 
ഭർഗോ ദേവസ്യ ധീമഹി 
ധിയോ യോ നഃ പ്രചോദയാത് ’’

അർഥം  : ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ

ബുദ്ധിശക‌്തി വർധിപ്പിക്കുന്നതിനും തടസ്സങ്ങൾ നീങ്ങുന്നതിനും ആപത്‌ ഘട്ടങ്ങളിൽ നിന്നു സംരക്ഷിക്കുന്നതിനും അജ്ഞത നീക്കുന്നതിനും ചിന്തകളെ ശുദ്ധീകരിക്കുന്നതിനും ആശയവിനിമയപാടവം വർധിപ്പിക്കുന്നതിനും ദീർഘായുസ്സിനും അഭിവൃദ്ധിക്കും ഗായത്രി മന്ത്രോപാസന ഉത്തമമത്രേ.

ഗായത്രി മന്ത്രത്തിലെ ഓരോ വാക്കും ശരീരത്തിനു കൂടുതല്‍ ഊര്‍ജം നല്‍കുന്ന വിധത്തിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. ഈ മഹാമന്ത്രത്തിലെ 24 അക്ഷരങ്ങൾ മനു‌ഷ്യ ശരീരത്തിലെ 24 ഗ്രന്ഥികള‌െയും തമ്മിൽ ബന്ധിപ്പിക്കുന്നു. നിത്യവും ജപിക്കുന്നതു മോക്ഷദായകമാണ്. ഗ്രഹദോഷങ്ങൾ ബാധിക്കാതിരിക്കാൻ ഈ ജപം സഹായിക്കുന്നു.

വിശ്വാമിത്ര മഹർഷിയുടെ കാലശേഷം ഓരോദേവതയ്ക്കുമുള്ള ഗായത്രി മന്ത്രങ്ങള്‍ മറ്റു മഹര്‍ഷിമാരാൽ എഴുതപ്പെട്ടു. അവയില്‍ ഉത്തമഫലം നല്‍കുന്ന ഗായത്രി മന്ത്രങ്ങള്‍ അവരവരുടെ ഇഷ്ട ദൈവത്തെ ധ്യാനിച്ച് ജപിച്ചാൽ ഫലം സുനശ്ചിതമാണ്. ഓരോ ഗായത്രിയും കുറഞ്ഞത് പത്തു തവണയെങ്കിലും ജപിക്കുന്നത് അത്യുത്തമമാണ്

ജപരീതി

സാധാരണയായി രാവിലെയും സന്ധ്യയ്ക്കുമാണു ഗായത്രി ജപിക്കേണ്ടത്. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായും സന്ധ്യയ്ക്കു പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞും അല്ലാത്ത സമയങ്ങളിൽ വടക്കോട്ടു തിരിഞ്ഞും വേണം ഗായത്രി ജപിക്കാൻ. രാത്രി ജപം പാടില്ല. രാവിലെ നിന്നുകൊണ്ടും അല്ലാത്ത സമയം ചമ്രം പടിഞ്ഞ് ഇരുന്നു കൊണ്ടും വേണം ജപിക്കാൻ. നല്ലൊരു യോഗ മുറയായും ഗായത്രീജപത്തെ കാണാം. ഇത്ര തവണ ഗായത്രി ജപിച്ചാൽ അതിന്റേതായ സിദ്ധികൾ‌ ഉണ്ടാകുമെന്നാണു വിശ്വാസം.

ഗണപതി ഗായത്രികൾ

ഓം ഏക ദന്തായ വിദ് മഹേ 
വക്രതുണ്ഡായ ധീമഹി 
തന്നോ ദന്തി : പ്രാചോദയത്  (ഉദ്ദിഷ്ഠകാര്യ സിദ്ധിക്ക്)

ഓം ലംബോദരായ വിദ് മഹേ
വക്ര തുണ്ഡായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത് (വിഘ്‌നങ്ങൾ നീങ്ങാൻ )

ശിവ ഗായത്രികൾ

ഓം മഹാദേവായ വിദ് മഹേ
രൂദ്ര മൂര്‍ത്തിയേ ധീമഹി
തന്നോ ശിവ പ്രചോദയാത് (ആയുർ വർധനയ്ക്ക് )

ഓം ഗൗരീനാഥായ വിദ് മഹേ
മഹാദേവായ ധീമഹി
തന്നോ ശിവ പ്രചോദയാത് (ദുരിത ശാന്തിക്ക് )

സുബ്രമണ്യ ഗായത്രി

ഓം സനൽകുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്നോ സ്കന്ദ പ്രചോദയാത് (കുട്ടികളുടെ അഭിവൃദ്ധിക്ക് )

മഹാവിഷ്ണു ഗായത്രി

ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത് (സമ്പത്ത് വർധനയ്ക്ക്)

അയ്യപ്പ ഗായത്രി

ഓം ഭൂത നാഥായ വിദ്മഹേ
മഹാ ശാസ്തായ ധീമഹി
തന്നോ അയ്യപ്പ പ്രചോദയാത് (രോഗ മുക്തിക്ക്)

ആദ്യ കാലങ്ങളിൽ ബ്രാഹ്മണർ മാത്രം  ( ഹൈന്ദവ വിശ്വാസമനുസരിച്ച് ഉപനയന സമയത്ത് ഗുരുപദേശമായി മാത്രം ലഭിക്കുന്ന മന്ത്രമാണ് ഗായത്രിമന്ത്രം.) ഉപയോഗിച്ചിരുന്നതും, ഇപ്പോൾ കർമ്മം കൊണ്ട് ബ്രാഹ്മണനെ പോലെ ജീവിക്കുന്നതും ആയ ഏത് ഹൈന്ദവ വ്യക്തിക്കും ഈ മന്ത്രം ജപിക്കാം. 
ഹൈന്ദവമന്ത്രങ്ങളിൽ സർവശ്രേഷ്ഠമായി പരിഗണിക്കുന്ന ഒരു വൈദികമന്ത്രമാണ് ഗായത്രീമന്ത്രം. കാലം, ദേശം, അവസ്ഥ എന്നീ ഉപാധികളെ ലംഘിക്കാതെ ഏവർക്കും (ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും) അത് ജപിക്കുവാനുള്ള അവകാശം ഉണ്ട്. ബ്രഹ്മചാരിക്കും ഗൃഹസ്ഥനും വാനപ്രസ്ഥനും സന്യാസിക്കും ഈ മന്ത്രം ജപിക്കാനുള്ള അവകാശം ഉണ്ടെന്നതാണ് ഗായത്രിയുടെ സവിശേഷത. ഈ മഹാമന്ത്രത്തിന്റെ മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്.

സ്നാനാനന്തരം ജപിക്കുന്നത് അത്യുത്തമം. അല്ലാത്തപക്ഷം ദന്ത ശുദ്ധി വരുത്തി മുഖവും കൈ കാലുകളും കഴുകിയ ശേഷം ജപിക്കാം.ഈ മന്ത്രത്തെ വ്യക്തമായും തെറ്റ് കൂടാതെയും ജപിക്കണം. 

ഗായത്രി മന്ത്രം ജപിക്കുന്നത് അഷ്ടസിദ്ധികൾളും നേടിത്തരുമെന്നാണ് വിശ്വാസം. അണിമ, മഹിമ, ലഘിമ, ഗരിമ, ഈശിത്വം, വശിത്വം, പ്രാപ്തി, പ്രകാശ്യം എന്നിവയാണ് അഷ്ടസിദ്ധികൾ.


ആഗ്രഹം പോലെ ചെറുതാകാനുള്ള കഴിവാണ് അണിമ. ഇഷ്ടാനുസരണം വലുതാവാനുള്ള കഴിവാണ് മഹിമ. ഭാരമില്ലാത്തവനായി മാറാനുള്ള കഴിവാണ് ലഘിമ. ഏറെ ഭാരമുള്ളവനായി മാറാനുള്ള കഴിവാണ് ഗരിമ. ആരേയും തന്റെ ഇഷ്ടത്തിനനുസരിച്ചു കൊണ്ടുവരാനുള്ള പ്രത്യേക കഴിവാണ് ഈശിത്വം. എല്ലാവരേയും വശീകരിക്കാനുള്ള കഴിവാണ് വശിത്വം. പ്രാപ്തി എന്നാൽ മറ്റുള്ളവർക്ക് സ്പർശിക്കാൻ കഴിയാത്ത വസ്തുക്കളെ സ്പർശിക്കാൻ ഉള്ള കഴിവാണ്.

ഭൂമിയുടെ ഉള്ളിലേക്ക് അന്തർദ്ധാനംചെയ്യാനും അവിടെ നിന്ന് താനാഗ്രഹിക്കുമ്പോൾ പുറത്തേക്ക് വരാനും ഉള്ള കഴിവിനെയാണ് പ്രകാശ്യം എന്നുപറയുന്നത്.
ഗായത്രി ജപിക്കുന്ന എണ്ണത്തിനനുസരിച്ച് ഓരോരോ ഫലങ്ങളാണ് ലഭിക്കുക എന്നാണ് വിശ്വാസം. നിഷ്കാമ്യ ജപം എല്ലാ സിദ്ധികളും മോക്ഷവും നൽകുന്നു. 1008 ചുവന്ന മലർകളാൽ ഗായത്രി ഹോമം ചെയ്താൽ രാജകീയ പദവി തേടിയെത്തും. 1008 തവണ ഒഴുക്കുള്ള നദിയിൽ നിന്ന് ജപിച്ചാൽ സർവ്വ പാപങ്ങളും അകലും. 

ദിനംതോറും 1008 വീതം ഒരു വർഷം ജപിച്ചാൽ ത്രികാലജ്ഞാനം സിദ്ധിക്കും. രണ്ട് വർഷം ജപിച്ചാൽ അഷ്ടസിദ്ധികളും ലഭിക്കും. മൂന്ന് വർഷം ജപിച്ചാൽ പരകായ പ്രവേശം ചെയ്യാനുള്ള സിദ്ധി താനെ ഉണ്ടാകും. നാല് വർഷം ജപിച്ചാൽ ദേവജന്മം ലഭിക്കും.അഞ്ച് വർഷം ജപിച്ചാൽ ഇന്ദ്രനാവാം. ആറുവർഷം ജപിച്ചാൽ ബ്രഹ്മലോകവാസം ലഭിക്കും. ഏഴുവർഷം ജപിച്ചാൽ സൂര്യമണ്ഡലത്തിൽ ഗായത്രിദേവിക്ക് സമീപസ്ഥനായി കഴിയാം.

No comments:

Post a Comment