ശാപങ്ങളും പരിഹാരങ്ങളും
എന്താണ് ശാപം...?
മറ്റൊരു ജീവിക്ക് ഏതെങ്കിലും വിധത്തിൽ ദ്രോഹം ചെയ്യുമ്പോൾ ആ ജീവിയുടെ മനസ്സിൽ ഉയരുന്ന വേദന ആണ് ശാപം. അതായത് മനപ്പൂർവമോ മറ്റൊരാളുടെ പ്രേരണയാലോ നാം ചെയ്യുന്ന പാപകര്‍മ്മങ്ങളുടെ ഫലങ്ങള്‍ ആണ് ശാപം ആയി ഭവിക്കുന്നത്.
മറ്റൊരാളെ ദ്രോഹിക്കുമ്പോൾ ആ വേദനിക്കുന്ന മനസ്സുകളിൽ ഉയരുന്ന സങ്കടം വേദന പ്രാർത്ഥന ഇവയൊക്കെ ശാപ വചനങ്ങളായി മാറും.
ആ ശാപം നമ്മെ ബാധിക്കും അതിനെയാണ് ശാപം ഏൽക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
ശാരീരികമായോ, മാനസികമയോ
ബലവാൻ ആയ ഒരുവൻ അതില്ലാത്തവനെ ആക്രമിക്കുമ്പോള്‍ സ്വയം പ്രതികരിയ്ക്കാനോ പ്രതിരോധിക്കാനോ കഴിയാത്ത അവസ്ഥയില്‍ അവന്റെ മനസ്സില്‍ അതിയായ ദുഃഖം ഉരുത്തിരിയുന്നു. കീഴ്പ്പെടുന്ന വ്യക്തിയുടെ മനസ്സിലെ ക്രോധവും താപവും അവന് സ്വയം ഉളളില്‍ ഒതുക്കുമ്പോൾ അതിന്റെ ബഹിർ സ്പുരണമെന്ന രീതിയിൽ കണ്ണീരായി പ്രത്യക്ഷത്തിൽ ഒഴുകുന്നു. ആ വേദന ആണ് ജയിച്ചു എന്നഹങ്കരിക്കുന്നവന്റെ മേൽ ശാപമായി പതിക്കുന്നത്.
ശാപങ്ങൾ ഒരു തരത്തിൽ പ്രവചനങ്ങളാണെന്നാണ് ഒരു കൂട്ടം വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ചില ശാപങ്ങളിൽ ചില നന്മയും ഒളിഞ്ഞിരിക്കുന്നുണ്ടാകും എന്നുമാണ് വിശ്വാസം. വരാനിരിക്കുന്ന കാര്യങ്ങൾ ശാപങ്ങളായി വരും എന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്.
ശാപങ്ങൾ പല തരത്തിലുണ്ട്.
സർപ്പ ശാപം, നാരീ ശാപം, ബ്രാഹ്മണ ശാപം, കന്യകാ ശാപം, പിതൃ ശാപം, മാതൃശാപം, ഗുരുശാപം, അങ്ങനെ ഒരുപാട് ശാപങ്ങൾ ഉണ്ടെങ്കിലും സർപ്പ ശാപം ആണ് പ്രമുഖം .
സർപ്പശാപം:
ഭൂമിയുടെ അവകാശികളായ നാഗങ്ങൾക്കോ അവരുടെ വാസസ്ഥാനത്തിനോ നാശം വരുത്തുന്ന പ്രവർത്തിയാണ് സർപ്പശാപത്തിനു കാരണം. സർപ്പക്കാവ് വെട്ടി തെളിക്കുക സർപ്പത്തിന്റെ മുട്ട നശിപ്പിക്കുക, സര്‍പ്പക്കാവ് അശുദ്ധമാക്കുക തുടങ്ങിയ കാരണങ്ങളാല്‍ സർപ്പ ദോഷം ഉണ്ടാകും.
കുടുംബശ്രേയസ്സിന് ഒരിയ്ക്കല്‍ കാരണഭൂതരായിരുന്ന നാഗങ്ങളെ വേണ്ട രീതിയില്‍ ആചരിയ്ക്കാതെയും കാവുകള്‍ വെട്ടി തെളിച്ചും വീടുകള്‍ നിര്‍മ്മിയ്ക്കുമ്പോഴും, എന്തിന് സര്‍പ്പക്കാവിലെ കരിയില അടിച്ചു കൂട്ടി തീയിട്ടാല്‍ പോലും ഈ നാഗങ്ങള്‍ നശിയ്ക്കാനിടവരും. അവരെ കൊല്ലുകയോ, മുറിവേല്‍പ്പിക്കുകയോ ചെയ്യുക, പാരമ്പര്യമായി ആരാധിച്ചു വരുന്ന നാഗബിംബങ്ങള്‍ നശിപ്പിക്കുകയോ, ആരാധന മുടക്കുകയോ ചെയ്യുക, വേണ്ട രീതിയില്‍ പൂജിക്കാതിരിക്കുക തുടങ്ങിയവ നാഗകോപത്തിന് കാരണമാകുന്നു. വ്യക്തികള്‍ അറിയാതെ അവന്റെ തലമുറയിലേയ്ക്ക് കടന്നു വരുന്നതാണ് ഈ ദോഷം.
നാഗങ്ങളുടെ മുട്ടകള്‍ നശിയ്ക്കാനിടയായാല് ആ കുടുംബത്തില്‍ സന്തതിനാശം ഉണ്ടാകും. ജന്മാന്തരങ്ങള് കൊണ്ടനുഭവിച്ചാലും തീരാത്ത പ്രയാസങ്ങള്‍ നാഗകോപത്താല് ഉണ്ടാകുമെന്നാണ് വിശ്വാസം. അല്പായുസ്സ്, വംശനാശം, മഹാരോഗം, ദാരിദ്ര്യം , ഭ്രാന്ത്, ത്വക്ക് രോഗങ്ങൾ, സന്താനമില്ലായ്മ.... എന്നിവ നാഗകോപത്താല് സംഭവിക്കുന്നു.
സർപ്പദോഷ നിവാരണങ്ങള്‍:
സർപ്പപ്രീതികരങ്ങളായ വഴിപാടുകൾ നടത്തുക കഴിയുന്ന കാവുകൾ സംരക്ഷിക്കുക എന്നിവയാണ് ദോഷനിവാരത്തിന് ഉതകുന്ന പ്രതിവിധികൾ. നാഗക്ഷേത്രങ്ങളിലോ കാവുകളിലോ സർപ്പബലി നടത്തുക, നൂറും പാലും നിവേദിക്കുക, സർപ്പ വിഗ്രഹം, പുറ്റ്, മുട്ട എന്നിവ നടയില്‍ സമർപ്പിക്കുക, പാല്, ഇളനീര്, എണ്ണ തുടങ്ങിയവ കൊണ്ട് അഭിഷേകം നടത്തുക എന്നിവയൊക്കെ ആണ് വഴിപാടുകൾ. സത്പുത്ര സന്താന ജനനത്തിനും, രോഗശാന്തിക്കും, സർപ്പ പൂജകള്‍ നടത്തുന്നത് ഉത്തമമാണ്. എരിക്കിണ് പൂവും , കൂവളത്തിലയും ചേർത്ത് കെട്ടിയ മാല നഗരാജാവിനും, വെളുത്ത ചെമ്പകപ്പൂക്കളും മഞ്ഞ അരളിയും ചേർത്ത് കെട്ടിയ മാല നാഗയക്ഷിക്കും കവുങ്ങിന് പൂക്കുലയും ചെത്തിപൂവും ചേർത്ത് കെട്ടിയ മാലകള്‍ വൈഷ്ണവ സാന്നിദ്ധ്യമുള്ള നാഗദേവതകൾക്കും നല്കിയാല് നാഗശാപം ഒഴിവായി കിട്ടുമെന്നാണ് വിശ്വാസം.
മനുഷ്യജീവിതത്തെ ദുഃഖദുരിതങ്ങളിലാഴ്ത്തുന്ന ഒന്നാണ് ശാപങ്ങളും ഓരോന്നിന്റെയും ദോഷഫലങ്ങളും ഇങ്ങനെ:
നാരീശാപം:
സ്ത്രീകളെ വഞ്ചിക്കുക, സഹോദരിമാരെ സ്നേഹിക്കാതിരിക്കുക, അവരെ മനസ്സുകൊണ്ട് വിഷമിപ്പിക്കുക, ഭാര്യയെ സംരക്ഷിക്കാതെ ഉപേക്ഷിക്കുക തുടങ്ങിയ പ്രവർത്തികൾ കൊണ്ട് സ്ത്രീക്ക് ദോഷം ഉണ്ടാകുന്നുവോ അവളുടെ കണ്ണീർ ശാപം ആയി ഭവിക്കുന്നു, അതാണ് നാരീ ശാപം. ഈ ശാപം നിമിത്തം വംശനാശം ഫലം.
മാതൃശാപം:
മാതാപിതാക്കളോട് പരിധി വിട്ട് പെരുമാറുക, അവരെ ഉപേക്ഷിക്കുക, ശാരീരികമായും മാനസ്സികമായും വേദനിപ്പിക്കുക, ഇതൊക്കെമൂലം ഉണ്ടാകുന്ന ശാപമാണ് മാതാപിതാക്കളുടെ ശാപം. നമ്മള് മാതാപിതാക്കളോട് ഇടപഴകുന്നതു കണ്ടാണ് കുട്ടികളും പഠിക്കുന്നത്. മാതാപിതാക്കളോട് സഭ്യമായി പെരുമാറുക. മനഃസ്ഥാപം എന്നാല്‍ മഹാശാപത്തിന് തുല്ല്യമെന്നാണ്. തെറ്റ് തെറ്റാണെന്ന് മനസ്സിലാക്കി പ്രായച്ഛിത്തം ചെയ്യുക.
ഗുരുശാപം (ബ്രഹ്മശാപം):
ഗുരുത്വമില്ലാത്ത സംസാരത്തിലൂടെയോ, പ്രവര്‍ത്തനത്തിലൂടെയോ, ഗുരുവിന്റെ മനസ്സ് വേദനിച്ചാല്‍ അതുമൂലമുണ്ടാകുന്ന ശാപമാണ് ഗുരുശാപം.
നമുക്ക് വിദ്യ അഭ്യസിച്ചുതന്ന ഗുരുവിനെ മറക്കുക, പഠിച്ച വിദ്യ തെറ്റായ രീതിയില്‍ ഉപയോഗിക്കുക, മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാതെ ഒരു വിദ്യയെ ഒളിപ്പിച്ചുവയ്ക്കുക ഇത്യാദി കാരണങ്ങളാല്‍ ഗുരു ശാപമുണ്ടാക്കും.
വിദ്യാ നഷ്ടം അഥവാ അഭ്യസിച്ച വിദ്യ കൊണ്ട് ഉപയോഗം ഇല്ലാതാവുക എന്നതൊക്കെ ഫലം
പിതൃദോഷം:
വിധിയാംവണ്ണം ദഹനം, സഞ്ചയനം, വര്‍ഷിക കര്‍മ്മം, ചിതാഭസ്മ നിമജ്ഞനം, പിതൃ ആവാഹനം, പിതൃശുദ്ധി, പിതൃമുക്തി ഇവ ചെയ്യാതിരിക്കുക, മുമ്പേയുള്ള പിതൃക്കളെ ഇരുത്താതിരിക്കുക, കര്‍മ്മം ശരിയാകാതെ വരിക ഇതിലൂടെയൊക്കെ പിതൃശാപം ഉണ്ടാകും.
പിതൃക്കള്‍ക്ക് ചെയ്യേണ്ട തിഥികര്‍മ്മങ്ങള്‍, ധര്മ്മകാര്യങ്ങള് ചെയ്യാന്‍ മറക്കുന്നതും മുത്തച്ഛന്, മുത്തശ്ശി എന്നിവരെ ഉദാസീനപ്പെടുത്തുന്നതും അവഗണിക്കുന്നതും പിതൃശാപമുണ്ടാക്കും.
പിതൃശാപം വലിയ വിപത്താണ്. അവരില്ലെങ്കില്‍ നമ്മളില്ല. കര്‍മ്മം യഥാവിധി അനുഷ്ഠിക്കുക. പിതൃശാപം ബാലാരിഷ്ടശാപം കൂടിയുണ്ടാക്കി വംശത്തില്‍ ആണ് സന്താനങ്ങളില്ലാതെയാക്കും. കുട്ടികളുടെ അകാലമരണം എന്നിവ ഫലം.
പ്രേതശാപം:
മരിച്ച മനുഷ്യന്റെ ശരീരത്തെ കിടത്തിക്കൊണ്ട് അയാളെ അവഹേളിച്ചും തരംതാഴ്ത്തി സംസാരിക്കുന്നതും മൃതശരീരം കവച്ചുവച്ച് നടക്കുന്നതും ശവസംസ്കാരം നടത്താന്‍ അനുവദിക്കാതെ തടയുന്നതും മരിച്ചവരെ കാണാന്‍ അവര്‍ക്കുവേണ്ടപ്പെട്ടവരെ അനുവദിക്കാതിരിക്കുന്നതും പ്രേതശാപത്തിന് കാരണമാവുന്നു. ഈ ശാപം മൂലം ആയുസ് കുറയുന്നു.
ഗോശാപം:
പശുവിനെ കൊല്ലുക, കറവ വറ്റാത്ത പശുവിനെ വെട്ടാന്‍ കൊടുക്കുക, കന്നിനേയും പശുവിനേയും വേര്‍പിരിക്കുക, പശു ദാഹംകൊണ്ടു വിഷമിക്കുമ്പോള്‍ വെള്ളം കൊടുക്കാതിരിക്കുക എന്നീ കാരണങ്ങളാല്‍ ഗോശാപമുണ്ടാവുന്നു. അതുകാരണം കുടുംബത്തിലോ വംശത്തിലോ പുരോഗതിയില്ലാതാവുന്നു.
ഭൂമിശാപം:
ദേഷ്യത്തോട് ഭൂമിയെ ചവിട്ടിമെതിച്ചുകൊണ്ട് നടക്കുന്നതും ഭൂമിയെ പാഴാക്കുന്നതും ഭൂമിയില്‍ അനാവശ്യമായി കുഴികളുണ്ടാക്കുന്നതും മറ്റുള്ളവരുടെ ഭൂമിയെ അപഹരിക്കുന്നത് ഭൂമിശാപത്തിന് കാരണമാകും. ഭൂമിശാപം നരകവേദനയേകുന്ന ഒന്നാണ്.
ഭൂമിയിൽ എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് ഭൂമിദേവിയുടെ അനുവാദം ചോദിച്ചു ഭൂമി പൂജ നടത്തുന്നത് ഈ ശാപമുക്തിക്കു വേണ്ടി ആണ്.
ഗംഗാശാപം:
പലര്‍ക്കും കുടിക്കാന്‍ ഉപകാരപ്പെടുന്ന വെള്ളം പാഴാക്കുക, ഒഴുകുന്ന നദി, കുളം, കിണറ്, എന്നിവ അശുദ്ധമാക്കുക എന്നീ കാരണങ്ങളാല്‍ ഗംഗാശാപമുണ്ടാവുന്നു. ഗാംഗാശാപം കാരണം എത്ര കുഴിച്ചാലും വെള്ളം കിട്ടുകയില്ല.
വൃക്ഷശാപം:
പച്ചമരം വെട്ടുന്നതും കായ്ച്ചുനില്ക്കുന്ന മരം ഉണങ്ങാന്‍ കാരണമാവുന്നതും മരം കത്തിക്കുന്നതും മരങ്ങള്‍ ഇടതിങ്ങിനില്‍ക്കുന്ന സ്ഥലത്തെ മരങ്ങള്‍ വെട്ടിതെളിച്ച് വീടു പണിക്കുള്ള സ്ഥലമാക്കുന്നതും വൃക്ഷശാപമുണ്ടാക്കും. വൃക്ഷശാപത്താല് കടവും രോഗവും ഫലം.
ഏതൊരു ജീവിയേയും കൊല്ലാൻ ഉള്ള അവകാശമില്ല എന്ന സത്യം അംഗീകരിച്ചു കൊണ്ട് അത്യാവശ്യ കാര്യങ്ങൾക്കു മരം മുറിക്കണ്ടി വന്നാൽ വൃക്ഷത്തോട് അനുവാദം ചോദിക്കുന്ന ഒരു ചടങ്ങ് ഇതിനാൽ ആണ് നടത്തിയിരുന്നത്. പകരം അതേ വൃക്ഷത്തിന്റെ രണ്ടു തൈ നട്ടു വളർത്തുകയും ചെയ്യുമായിരുന്നു.
ദേവശാപം:
ദൈവങ്ങളുടെ പൂജ പകുതിക്ക് വച്ച് നിര്‍ത്തുക, ദൈവങ്ങളെ നിന്ദിക്കുക എന്നീ കാരണങ്ങളാല്‍ ദേവശാപമുണ്ടാവുന്നു. ദേവശാപത്താല് ബന്ധുക്കളുമായി അകല്‍ച്ചയാണ് ഫലം.
ഋഷിശാപം:
ഈ കലിയുഗത്തില്‍ ആചാര്യപുരുഷന്മാരേയും യഥാര്ത്ഥഭക്തരേയും അവഹേളിക്കുന്നതുമൂലമുണ്ടാവുന്ന വംശനാശമാണ് ഫലം.
മുനിശാപം:
കാവല്‍ ദൈവങ്ങള്‍, ഉപദേവതകള്‍ എന്നിവര്‍ക്കുനല്‍കേണ്ട ബഹുമാനവും പൂജകളും ചെയ്യാന്‍ മറക്കുന്നത് മുനിശാപത്തിന് കാരണമാവുന്നു.
കുലദൈവശാപം:
മാതാപിതാക്കള്‍ക്ക് തുല്ല്യരായി മറ്റാരുമില്ല എന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് കുടുംബദേവതമാര്. അവരെക്കുറിച്ച് പലരും ഓര്‍ക്കുന്നത് കഷ്ടപ്പാടുകള്‍ ഉണ്ടാകുമ്പോഴാണ്.
നമ്മുടെ പൂര്‍വ്വികര്‍/കാരണവന്മാര് പൂജിച്ചുപോന്ന ദൈവത്തെ മറന്ന് അവര്‍ക്ക് പൂജാദികര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുന്നത് കുലദൈവശാപത്തിന് കാരണമാവുന്നു
കുടുംബദേവതമാര് അരിഷ്ടതയില്‍ ആണെങ്കില്‍ അതുമൂലമുണ്ടാകുന്ന ശാപം വളരെ വലുതാണ്. കുലദൈവശാപം കാരണം കുടുംബത്തില്‍ ഒരിക്കലും സന്തോഷമില്ലാതെ ഒരുതരം ദുഃഖം നിഴലിച്ചുകൊണ്ടിരിക്കും.
നമുക്കൊരു പ്രശ്നമുണ്ടായാല്‍ വിളിച്ചു കാട്ടുന്നത് കുടുംബദേവതമാരാണ്. മറ്റ് ക്ഷേത്രങ്ങളില്‍ പോകുന്നത് തെറ്റല്ല. അതുപോലെ ഒരുപേക്ഷ, അതിനേക്കാളും പ്രധാന്യമര്‍ഹിക്കുന്ന ഒന്നാണ് കുടുംബക്ഷേത്രം.
കുടുംബക്ഷേത്രത്തിലേക്ക് പോകാതിരിക്കുക, തന്മൂലം കുടുംബക്ഷേത്രത്തിന് അഥവാ കാവിന് ഉയര്ച്ചയുണ്ടാവാതിരിക്കുക, നേര്‍ച്ച കൊടുക്കാതിരിക്കുക തുടങ്ങിയവ മൂലമാണ് കുടുംബദേവതമാര് കോപത്തിലാവുന്നത്. അത് നോക്കി പരിഹാരമാരായുക
മേല്‍പ്പറഞ്ഞ ശാപങ്ങള്‍ നല്ലവരെ നശിപ്പിക്കില്ല. എന്നാല്‍ ദുഷ്ടരെ നിഗ്രഹിക്കും. അതുകൊണ്ട് കഴിയുന്നതും മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുകില്‍ ഈ ശാപദോഷങ്ങളുടെ കാഠിന്യം കുറയും..
പുരാണങ്ങളിൽ ശാപങ്ങളെ കുറിച്ചു പറയുന്നുണ്ട്.
രാമായണത്തിലെ ബ്രഹ്മണശാപം ആണ് ദശരഥ മഹാരാജാവിനു പുത്ര ദുഖത്താൽ ജീവൻ വെടിയേണ്ടി വന്നത്. നായാട്ടിനിറങ്ങിയ ദശരഥമഹാരാജാവ് അരുവിയില്‍ നി്ന്നു ജലം മണ്കുടത്തില് പകരുന്ന ശബ്ദത്തെ ഏതോ മൃഗങ്ങൾ വെള്ളം കുടിക്കുകയാണെന്ന തെറ്റിധാരണയിൽമുനികുമാരനെ അമ്പെയ്തു വീഴ്ത്തിയത്.അറിയാതെ ചെയ്ത അപരാധമാണെങ്കിലും രാജാവിന് അന്ധരായ ആ മുനികുമാരന്റെ മാതാപിതാക്കളുടെ ശാപം ഏൽക്കേണ്ടി വന്നു, തത്ഫലമായി തന്റെ പ്രിയ പുത്രനായ ശ്രീരാമന്റെ വിരഹത്തിലൂടെയും തദ്വാരായുണ്ടായ മരണത്തിലൂടെയും ദശരഥമഹാരാജാവിനു അനുഭവിയ്ക്കേണ്ടി വന്നത്.
ശ്രീരാമൻ തന്റെ വനവാസകാലത്ത്, സീതാ ദേവിയെ രാവണൻ കടത്തിക്കൊണ്ടു പോയ സമയം, രാവണനോടു യുദ്ധം ചെയ്യാൻ വാനര സൈന്യത്തിന്റെ പിന്‍ബലം തേടിയ സാഹചര്യത്തിൽ ബാലി സുഗ്രീവൻ യുദ്ധത്തിൽ ധര്‍മ്മ സംസ്ഥാപനത്തിനായി, തന്റെ അകമഴിഞ്ഞ ഭക്തനായ ബാലിയെ, ഒളിയമ്പെയ്ത് കൊല്ലേണ്ടി വന്നു. തത് അവസരത്തിൽ ഏൽക്കേണ്ടി വന്ന നാരീ ശാപം മൂലം പിൽക്കാലത്ത് ശ്രീകൃഷ്ണനായി രാമൻ പുനരവതരിക്കുകയും ശാപത്തിന്റെ പിടിയില്‍ നി്ന്നു മുക്തനാകാന്‍ തന്റെ സ്വന്തം കുലം പോലും നശിക്കുന്നതിനു കാരണമായി തീരുകയും ചെയ്തു. ഗാന്ധാരി ശാപവും യാദവ കുല നാശത്തിനു കാരണമാണ്.
നായാട്ടിനിറങ്ങിയ പരീക്ഷിത്ത് മഹാരാജാവ് വന മദ്ധ്യത്തില്‍ തപസ്സു ചെയ്തിരുന്ന മുനി, തന്നെ ബഹുമാനിയ്ക്കാത്തതിനാല് അതൃപ്തി തോന്നി, അമ്പിന്റെ കരവിരുതാല്‍ ആ മുനിയുടെ കഴുത്തില്‍ ചുറ്റിയിട്ട മൃതനായ പാമ്പ്, തക്ഷകനെന്ന ഉഗ്രമൂര്‍ത്തിയായി അദ്ദേഹത്തെ തന്നെ ഗ്രസിച്ചത് മുനി ശാപത്തിനു ഉദാഹരണം
പിന്നീട് അദ്ദേഹത്തിന്റെ പുത്രനായ ജനമേജയ മഹാരാജാവു അച്ഛന്റെ മരണത്തിന് കാരണക്കാരനായ തക്ഷകനെ ഹിംസിയ്ക്കാന് കരുതിക്കൂട്ടി ചെയ്ത സര്‍പ്പ സത്രത്തിന്റെ പരിണത ഫലം എന്തായിരുന്നു. തക്ഷകന് വധിയ്ക്കപ്പെട്ടില്ല, പകരം മഹാവ്യാധിയാല് ഉഴലുന്ന ജനമേജയ മഹാരാജാവിനെയാണ് പിന്നീട് ലോകം കണ്ടത്. സര്‍പ്പ ശാപത്തിന്റെ പരിണിതഫലം അതിദാരുണവും ഭയാനകവും ക്രൂരവും വാക്കുകള്ക്കതീതവുമാണ്.
പാണ്ഡുവിന്റെ ശാപം
കുന്തിയോടും മാദ്രിയോടും അളവിലേറെ സ്നേഹം ഉള്ള പാണ്ഡു അവരുമൊപ്പം അത്യധികം ഉല്ലാസത്തോടെ കാനനത്തില്‍ വിനോദയാത്രയ്ക്കായി പോകുന്നു. അവിടെ വച്ച് ഇണചേര്‍ന്നുകൊണ്ടിരുന്ന രണ്ട് മാനുകളെ അമ്പെയ്ത് വീഴുത്തുന്നു. അത് മാനിന്റെ വേഷത്തില്‍ ഇണചേര്‍ന്നു രമിച്ചുകൊണ്ടിരുന്ന ഖിണ്ഡിം മഹര്‍ഷിയും ഭാര്യയും ആയിരുന്നു. മഹര്‍ഷി മരിക്കും മുന്‍പ്, 'ഇണചേര്‍ന്നുകൊണ്ടിരിക്കുന്ന അവസരത്തില്‍ ഒരു പ്രാണികളേയും കൊല്ലരുത് ' എന്ന മര്യാദ ലംഘിച്ച് അതിക്രൂരത കാട്ടിയ പാണ്ഡുവിനെ 'ഇനിമേല്‍ പാണ്ഡുവും സ്ത്രീസംഗമം നടത്തിയാല്‍ ഉടന്‍ തന്നെ മരിച്ചുപോകട്ടെ' എന്നു ശപിക്കുന്നു.
അഹല്യയുടെ കഥ, രാവണന് കിട്ടിയ ശാപങ്ങൾ തുടങ്ങി എത്ര എത്ര ഉദാഹരണങ്ങൾ പുരാണങ്ങളിൽ നമുക്ക് കാണാം.
ശാപം എന്നത് നിസ്സഹായനായ ജീവികളുടെ മനസ്സിലെ വിഷമവും കോപവും അതെല്പ്പിക്കുന്ന ആളിന്റെ മേൽ പതിക്കുന്നതാണ്. നാവു കൊണ്ട് പറയുന്ന ശാപവും ഫലിക്കും.
പ്രായശ്ചിത്തവും പരിഹാരങ്ങളും ചെയ്യുന്നതിലൂടെ ശാപങ്ങളിൽ നിന്നും മോചനം ലഭിക്കണമെന്നാണ് ജ്യോതിഷം പറയുന്നത്
സഹജീവികളോട് കരുണയും സ്നേഹവും പ്രകടിപ്പിക്കുക, സ്വയം അറിഞ്ഞു ചെയ്യുന്ന തെറ്റുകൾ സ്വയം തിരുത്തുക ഈശ്വര ഭജനം. ഇതൊക്കെ ഒരു പരിധി വരെ മനസ്സിന്റെ ചാപല്യങ്ങളെ മാറ്റി നിർത്തും.
ശാപം ഫലിക്കുമോ?
ഈ ചോദ്യം ആരോടെങ്കിലും ചോദിച്ചാല്‍ വ്യത്യസ്ത അഭിപ്രായങ്ങളായിരിക്കും ഉയരുക. പുരാണത്തിലും ചരിത്രത്തിലുമൊക്കെ ശാപഫലങ്ങള്‍ അനുഭവിക്കേണ്ടി വന്ന നിരവധി പേരുടെ കഥകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ ആധുനിക കാലത്തും ശാപം പേറുന്ന ചിലരെപ്പറ്റി ആളുകള്‍ പറയാറുണ്ട്. ഒരു വ്യക്തി തെറ്റുചെയ്താല്‍ അയാളുടെ മുഖത്തു നോക്കി ആരെങ്കിലും ശാപവചനങ്ങള്‍ പറയുമ്പോള്‍, പ്രസ്തുത വ്യക്തി മനസ്സിന് ഉറപ്പില്ലാത്തവനാണെങ്കില്‍ ആ ശാപവാക്കുകള്‍ അയാളുടെ മനസ്സില്‍ ആഘാതമേല്‍പ്പിക്കുമെന്ന് മനശാസ്ത്രജ്ഞന്മാര് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് ക്രമേണ മനസ്സില്‍ കിടന്ന്, തെറ്റ് ചെയ്ത കുറ്റബോധം വളര്‍ന്ന് നേരിയ തോതിലുള്ള മാനസിക വിഭ്രാന്തിയിലേക്കും അതുവഴി ശാരീരികാസ്വാസ്ഥ്യങ്ങളിലേക്കും കൊണ്ടെത്തിക്കാനുമുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
പരിഹാരമാർഗ്ഗങ്ങൾ കുറച്ചു കൂടി വിശദീകരണം നൽകണം
ReplyDeleteകന്യകാ ശാപത്തിൻ്റെ വിശദീകരണം കണ്ടില്ല: ,പ്രതിവിധിയും
ReplyDelete