ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 November 2017

'അ' എന്ന അക്ഷരത്തിന്‍റെ മഹത്വം ?

'അ' എന്ന അക്ഷരത്തിന്‍റെ മഹത്വം ?

'അ' എന്ന അക്ഷരത്തിന് ബ്രഹ്മതുല്യമായ സ്ഥാനമാണ് നമ്മുടെ ഋഷിമാര്‍ നല്‍കിയിരുന്നത്. അത് എന്തുകൊണ്ടാണെന്നറിയാമോ?

ഈ ലോകത്തിലെ എല്ലാ ജീവജാലങ്ങളും ചൈതന്യവത്തായി കാണപ്പെടുന്നത് അവയ്ക്കുള്ളിലുള്ള പരമാത്മ സാന്നിദ്ധ്യം കൊണ്ടാണ്. ഞാനും നിങ്ങളും ഇന്ന് കൈകാലുകളുയര്‍ത്തി പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അത് ആ പരമചൈതന്യം നമ്മുടെ ഉള്ളില്‍ കുടികൊള്ളൊന്നതുകൊണ്ട് മാത്രമാണ്. എന്ന് ആ ചൈതന്യം നഷ്ടപ്പെടുന്നുവോ അന്ന് ഈ ശരീരം ജഢമാകുന്നു. ശാസത്രജ്ഞന്മാരിതിനെ ഊര്‍ജ്ജമെന്നോ, മഹര്‍ഷിമാര്‍ ഇതിനെ ആത്മാവെന്നോ വിളിച്ചുകൊള്ളട്ടെ. നമ്മുടെ ജീവിതവും, ശരീരവും പൂര്‍ണ്ണത കൈവരിക്കുന്നത് ഈ ചൈതന്യം നമുക്കുള്ളിലുള്ളതുകൊണ്ടാണ്.

ഇതുപോലെ 'അ' എന്ന അക്ഷരം ചേരുമ്പോഴാണ് എല്ലാ അക്ഷരങ്ങളും പൂര്‍ണ്ണമാകുന്നത്. ഉദാഹരണത്തിന്,

ക്+ അ =ക
പ്+അ =പ
ത്+അ =ത

പരമാത്മ ചൈതന്യം ജഢവസ്തുക്കള്‍ക്കെന്ന പോലെ വ്യഞ്ജനാക്ഷരങ്ങള്‍ക്കൊക്കെ ചൈതന്യം പകര്‍ന്നു നില്ക്കുന്നതിനാല്‍ 'അ' എന്ന അക്ഷരം പരബ്രഹ്മത്തെ സൂചിപ്പിക്കാനാണ് മഹര്‍ഷിമാര്‍ ഉപയോഗിച്ചത്.

ആദിമ തമിഴ് കൃതിയായ, മഹര്‍ഷി തിരുവള്ളുവര്‍ എഴുതിയ 'തിരുക്കറല്‍' ആരംഭിക്കുന്നതുതന്നെ 'അ' എന്ന ആദ്യാക്ഷരത്തിന്‍റെ ആദ്ധ്യാത്മികതയെ അറിയിച്ചുകൊണ്ടാണ്.

அதிகாரம்: அறத்துப்பால்
முதல் பகுதி: கடவுள் வாழ்த்து

குறள்: 1
அகர முதல எழுத்தெல்லாம் ஆதி
பகவன் முதற்றே உலகு.

பொருள்:
அகரம் எழுத்துக்களுக்கு முதன்மை.
ஆதிபகவன்(கடவுள்) உலகில் வாழும் உயிர்களுக்கு முதன்மை..

"അകര മുതല എഴുത്തെല്ലാം ആദിഭഗവന്‍ മുതട്രേ ഉലക്."

അര്‍ത്ഥം ഇങ്ങനെയാണ്.
തിരുക്കുറല്‍ 1 : " അ" അക്ഷരങ്ങളില്‍ ഒന്നാമത്.. ആദിഭഗവാന്‍ (ദൈവം) ഉലകത്തിലുള്ള ജീവികള്‍ക്ക് ഒന്നാമത്..

അക്ഷരമാല തുടങ്ങുന്നത് “അ” യി ല്‍ നിന്നാണ്. അ യില്‍ നിന്ന് ആരംഭിച്ച് 'അ' യുടെ സാമീപ്യംകൊണ്ട് നിലനില്ക്കുകയാണ് അക്ഷരങ്ങള്‍. പരബ്രഹ്മസ്വരൂപത്തില്‍ നിന്നും ആവിര്‍ഭവിച്ച് പരബ്രഹ്മചൈതന്യം കൊണ്ട് നിലനിന്നുപോകുന്ന ജഗത്ത് കണക്കെയാണത്.

ഭഗവദ്ഗീതയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഇങ്ങനെ പറയുന്നു.

അക്ഷരാണാമകാരോഽസ്മി
ദ്വന്ദ്വഃ സാമാസികസ്യ ച
അഹമേവാക്ഷയഃ കാലഃ
ധാതാഹം വിശ്വതോമുഖഃ

"അക്ഷരങ്ങളുടെ ഇടയില്‍ അകാരവും സമാസങ്ങളുടെ ഇടയില്‍ ദ്വന്ദസമാസവും ഞാനാകുന്നു." (ഭഗവദ്ഗീത - 10:33)

ഗീതാധ്യാന ശ്ലോകത്തി ല്‍, “യം ബ്രഹ്മ അ വരുണേന്ദ്രരുദ്രമരുത” എന്ന് “അ” പിരിച്ചു വായിക്കണമെന്ന് പറയുന്നു. എന്തെന്നാ ല്‍ “അ” എന്ന അക്ഷരം മഹാവിഷ്ണുവിനെ കുറിക്കുന്നതാണത്രേ..

ഓംകാര മന്ത്രവും തുടങ്ങുന്നത് അകാരത്തിലാണ്. യഥാക്രമം അകാരം, ഉകാരം, മകാരം എന്നിവ ചേര്‍ന്നതാണ് ഓംകാരം.

അകാരോ വിഷ്ണുരുദ്ദിഷ്ട ഉകാരസ്തു മഹേശ്വരഃ
മകാരസ്തു സ്മൃതോ ബ്രഹ്മ പ്രണവസ്തു ത്രയാത്മകഃ എന്ന് പറഞ്ഞുകൊണ്ട് നാം ഓംകാരത്തെ ത്രിമൂര്ത്തിസങ്കല്പമായും സ്വീകരിക്കുന്നു.

ഇവിടേയും അകാരം സൃഷ്ടി-സ്ഥിതി-സംഹാരത്തിലെ സ്ഥിതിയെ (നിലനില്പ്പിനെ) സൂചിപ്പിക്കുന്ന വിഷ്ണുവുമായി താരതമ്യം ചെയ്തിരിക്കുന്നു. 'അ' കൂടെയില്ലെങ്കില്‍ ഒരക്ഷരത്തിനും നിലനില്പ്പില്ലതന്നെ.

ഭാരതത്തിലെ ഭാഷകളൊക്കെത്തന്നെ “അ” യി ല്‍ തുടങ്ങുന്നതാണ്. യാദൃശ്ചികമെന്നവണ്ണം നമ്മുടെ മലയാളത്തില്‍ ദൈവതുല്യരായവരെ കുറിയ്ക്കാന്‍ നാം വിളിക്കുന്ന പേരുകളൊക്കെ 'അ' യിലാണ് തുടങ്ങുന്നത്. അമ്മ, അച്ഛന്‍, ആചാര്യന്‍ ഇന്നിങ്ങനെ ദൈവത്തേക്കാള്‍ മുകളിലെന്ന് ഭാരതീയ സംസ്കാരം പഠിപ്പിക്കുന്ന മൂന്നുപേരേയും 'അ' യില്‍ തുടങ്ങുന്ന പേരുകളിലാണ് മധുരമലയാളം വിളിക്കുന്നതെന്നത് മഹത്തരംതന്നെ.

നിങ്ങളുടെ കുഞ്ഞിന്‍റെ കൈപിടിച്ച് ആദ്യമായി അവനെക്കൊണ്ട് “അ” എന്ന് അരിയില്‍ എഴുതിയ്ക്കുമ്പോള്‍ നിങ്ങളെപ്പോഴെങ്കിലും അറിഞ്ഞിട്ടുണ്ടോ സാക്ഷാല്‍ പരബ്രഹ്മസ്വരൂപത്തെയാണ് തന്‍റെ പുത്രനോ പുത്രിയ്ക്കോ കൈ പിടിച്ച് കാണിച്ച്കൊടുക്കുന്നതെന്ന്.

നമ്മുടെ ഭാഷകളിലെ ഈ ദൈവീകതയറിയാതെ, മാതൃഭാഷയുടെ മഹത്വമറിയാതെ, അമ്മയെ മമ്മിയെന്നും, അച്ഛനെ ഡാഡിയെന്നും വിളിക്കുന്ന തലമുകളുണ്ടായി.

ഒരു പ്രയോജനവുമില്ലാത്ത ഈ കപടപരിഷ്കാരങ്ങളൊക്കെ ദൂരെ വലിച്ചെറിഞ്ഞാലും.

ഇനിമുതല്‍ സ്വന്തം മാതാവിനെ "അമ്മേ"യെന്നും പിതാവിനെ "അച്ഛാ" എന്നും ഓരോവട്ടവും സ്നേഹത്തോടെ നീട്ടിവിളിക്കുമ്പോഴും മനസ്സിലാക്കുക, നമുക്ക് ഈ ഭൂമിയില്‍ ജനിയ്ക്കാന്‍ അവസരംതന്ന പരബ്രഹ്മസ്വരൂപത്തെത്തന്നെയാണ് നാം വിളിക്കുന്നതെന്ന്..

മാതാപിതാക്കളെ മമ്മിതുല്യം (ജഢതുല്യം) കാണുന്ന സംസ്കാരം മാറട്ടെ.. നമ്മുടെ നാട്ടില്‍ വൃദ്ധസദനങ്ങള്‍ കുറയട്ടെ..

No comments:

Post a Comment