ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 November 2017

ലളിതാപുത്രനും ഭൂതനാഥോപാഖ്യാനവും

സ്വാമിയേ ശരണമയ്യപ്പ

ഭാഗം - 17

ലളിതാപുത്രനും ഭൂതനാഥോപാഖ്യാനവും

ബ്രഹ്മാണ്ഡപുരാണം ഉത്തരഭാഗം പതിനാലാം അദ്ധ്യായത്തിലും മുപ്പത്തിയൊന്‍പതാം അദ്ധ്യായത്തിലും ശാസ്താവിനേക്കുറിച്ച് പരാമര്‍ശമുണ്ട്.

ഭണ്ഡാസുര നിഗ്രഹത്തിന് അഗ്നികുണ്ഡത്തില്‍ നിന്നും ഉയര്‍ന്നുവന്ന ലളിതാദേവിയെ ദര്‍ശിക്കാന്‍ വന്ന ദേവീദേവന്മാരില്‍ ഭൈരവന്‍, ക്ഷേത്രപാലന്‍, മഹാഗണേശ്വരന്‍, സ്‌കന്ദന്‍, ബടുകന്‍, വീരഭദ്രന്‍ എന്നിവരോടൊപ്പം മഹാശാസ്താവും ഉണ്ടായിരുന്നു.

ഭൈരവാഃ ക്ഷേത്രപാലാശ്ചമഹാശാസ്താഗണാഗ്രണീഃ
മഹാഗണേശ്വരഃസ്‌കന്ദോ ബടുകോ വീരഭദ്രകഃ
ആഗത്യതേമഹാദേവീംതുഷ്ടുവുഃ പ്രണതാസ്തഥാ
(ബ്രഹ്മാണ്ഡപുരാണംഉത്തരഭാഗം 14:7,8)

കാഞ്ചിയില്‍ കാമാക്ഷീരൂപമാര്‍ന്നു വാഴുന്ന ലളിതാംബികയെ സ്തുതിക്കുവാന്‍ ആഗതരായ ദേവതമാരുടെഗണത്തിലും മഹാശാസ്താവിനെ കാണാം.

ഗണാഗ്രണീര്‍മഹാശാസ്താദുര്‍ഗാദ്യാശ്‌ചൈവമാതരഃ
യായാസ്തുദേവതാഃ പ്രോക്താസ്താഃസര്‍വാഃ പരമേശ്വരീം
(ബ്രഹ്മാണ്ഡപുരാണംഉത്തരഭാഗം 39:57)

രണ്ടിടത്തും ഗണാഗ്രണീ (ഗണങ്ങളുടെ നായകന്‍) എന്നാണു ശാസ്താവിനു വിശേഷണം.

ശാസ്താവിന്റെ അവതാരകഥ പരാമര്‍ശിക്കപ്പെടുന്ന സ്‌കന്ദപുരാണത്തിലെ ശങ്കരസംഹിതയും ബ്രഹ്മാണ്ഡപുരാണത്തിലെ ലളിതോ പാഖ്യാനവും രചിക്കപ്പെട്ടത് കാഞ്ചിയിലാണ് എന്നു കരുതപ്പെടുന്നു. കന്തപുരാണ കര്‍ത്താവായ കാച്ചിയപ്പ ശിവാചാര്യരും കാഞ്ചിയില്‍ വളരെക്കാലം വസിച്ചിരുന്നു. ധര്‍മ്മശാസ്താവിന്റെ ഉത്ഭവകഥയെക്കുറിച്ച് പറയുന്ന രണ്ട് ഗ്രന്ഥങ്ങള്‍ക്കും കാഞ്ചിയും കാമാക്ഷീദേവിയും (ലളിതാദേവിയും) തമ്മിലുള്ള ബന്ധം പ്രകടമാണ്. കാമാക്ഷീ ക്ഷേത്രത്തില്‍ കാമാക്ഷീ ശ്രീകോവിലിനു സമീപം ലളിതാപുത്രന്‍ എന്നു ഭക്തര്‍ പുകഴ്ത്തുന്ന പൂര്‍ണ്ണാ പുഷ്‌കലാസമേതനായ  ശാസ്താവിന്റെ (അയ്യനാരുടെ) പ്രതിഷ്ഠയുണ്ട്. കാഞ്ചി കാമാക്ഷീ ക്ഷേത്രത്തിലെ മഹാശാസ്താവിനെ ആരാധിച്ചാണു കരികാലചോഴന്‍ (ഏ. ഡി രണ്ടാം നൂറ്റാണ്ട്) യുദ്ധങ്ങളില്‍ വിജയിച്ചത് എന്ന തമിഴകത്തെ ഐതിഹ്യവും ശ്രദ്ധേയം. ലളിതാസ്വരൂപമാര്‍ന്ന വിഷ്ണുവിന്റെ (മോഹിനിയുടെ) പുത്രന്‍ എന്ന സങ്കല്‍പ്പം കാലക്രമത്തില്‍ ഹരിഹരപുത്രന്‍ എന്ന സങ്കല്‍പ്പമായി പ്രസിദ്ധമായി എന്നു അനുമാനിക്കാം.

ശാസ്താവിന്റെ ഉത്ഭവത്തേക്കുറിച്ചു പരാമര്‍ശിക്കുന്ന മൂന്നാം ഗ്രന്ഥം ഭൂതനാഥോ പാഖ്യാനമാണ്. ഭൂതനാഥപുരാണം എന്നും വിളിക്കപ്പെടുന്ന ഈ കൃതി ബ്രഹ്മാണ്ഡ പുരാണത്തിലെ മദ്ധ്യമഭാഗം കേരളഖണ്ഡത്തിന്റെ ഭാഗമാണെന്നുള്ള വാദം നിരര്‍ത്ഥകമാണ് എന്ന് ഇതിന്റെ ആഖ്യാനശൈലിയിലും ഭാഷയിലും നിന്ന്‌വ്യക്തമാകുന്നു. ഇന്നു ലഭ്യമാകുന്ന ബ്രഹ്മാണ്ഡപുരാണം മൂലകൃതിയില്‍ കേരളഖണ്ഡമോ ഭൂതനാഥോപാഖ്യാനമോ കാണാനാവില്ല.

ശാസ്താവിനേയും അയ്യപ്പനേയും മഹിഷിയേയും പന്തളരാജ്യത്തേയും ശബരിമലക്ഷേത്ര നിര്‍മ്മാണത്തേയും എല്ലാം പരാമര്‍ശിക്കുന്ന ഭൂതനാഥോപാഖ്യാനമാണ് ഇന്ന് പ്രചരിക്കുന്ന ശാസ്താ/അയ്യപ്പ കഥകളുടെയെല്ലാം പ്രഭവകേന്ദ്രം. ഭൂതനാഥോപാഖ്യാനത്തിന്റെ പാഠഭേദങ്ങളേക്കുറിച്ച് ശ്രീഭൂതനാഥസര്‍വ്വസ്വം എന്ന കൃതിയില്‍ വിദ്വാന്‍ കുറുമുള്ളൂര്‍ നാരായണപിള്ള വിശദമാക്കുന്നുണ്ട്.

ഭൂതനാഥോപാഖ്യാനത്തെ ആലുവാതോട്ടുംമുഖം ശ്രീകല്ലറയ്ക്കല്‍ കൃഷ്ണന്‍ കര്‍ത്താവ് കിളിപ്പാട്ടു രൂപത്തില്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. ഭൂതനാഥ ഉപാഖ്യാനം കിളിപ്പാട്ട് എന്ന പേരില്‍ ശ്രീ പ്ലാവട കൃഷ്ണന്‍ നായര്‍ കൊല്ല വര്‍ഷം 1104ല്‍ (1929ല്‍) ഈ കൃതി പ്രസിദ്ധീകരിച്ചു. (കറുകച്ചാല്‍ അഖിലഭാരതീയ അയ്യപ്പ ധര്‍മ്മ പ്രചാരണ സഭയിലെ ശ്രീ മധു മണിമല ഈ ഗ്രന്ഥം 2011ല്‍ പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്)

ഭൂതനാഥ ഉപാഖ്യാനം കിളിപ്പാട്ടിന്റെ പ്രാരംഭത്തില്‍ ഗണപതിയേയും സരസ്വതിയേയും സ്തുതിച്ചശേഷം ഗുരുവായ ഗോമതീ ദാസശാസ്ത്രികളേയും, ആലുക്കല്‍ ഭഗവതിയേയും, ആലുവാമഹാദേവനെയും, ദണ്ഡനാശിനിയായ ലളിതാദേവിയേയും കുഞ്ഞിക്കൃഷ്ണന്‍ കര്‍ത്താവ് സ്മരിക്കുന്നുണ്ട്. ഗോമതീദാസനെന്നു പ്രഖ്യാതനായ ശ്രീഇലത്തൂര്‍ രാമസ്വാമി ശാസ്ത്രികള്‍ തിരുവിതാംകൂറിലെ പ്രമുഖ ലളിതോപാസകനായിരുന്നു. അദ്ദേഹത്തില്‍ നിന്നും ശ്രീവിദ്യാദീക്ഷ ലഭിച്ചവരില്‍ ചട്ടമ്പിസ്വാമികളും, കേരളവര്‍മ്മവലിയകോയിത്തമ്പുരാനും, കണ്ടിയൂര്‍ മഹാദേവ ശാസ്ത്രികളും ഒക്കെ ഉള്‍പ്പെടുന്നു എന്നാണു കേട്ടുകേള്‍വി. ലളിതോപാസനയും, അഗസ്ത്യനും, തമിഴ് സിദ്ധപരമ്പരയും, ശാസ്താവില്‍ വിലയം പ്രാപിച്ച പന്തളരാജകുമാരനും സിദ്ധനുമായ അയ്യപ്പനും, ശാസ്താസങ്കല്‍പ്പവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ കാണാം. ഇവയെല്ലാം ശാസ്താവിനെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ക്കുള്ള വഴിതുറക്കുകയാണ്.

നൈമിശാരണ്യത്തില്‍ വെച്ച് സൂതന്‍ മുനിമാരോടു ഭൂതനാഥകഥ പറഞ്ഞു കൊടുക്കുന്ന വിധത്തിലാണു ഭൂതനാഥോപാഖ്യാനത്തിന്റെ ഘടന. പതിനഞ്ച് അദ്ധ്യായങ്ങളാണു ഈ ഗ്രന്ഥത്തിലുള്ളത്. മഹിഷിയുടെ വരപ്രാപ്തി, അമൃതമഥനം, ശാസ്താവിന്റെ ജനനം, പന്തളരാജാവിനു ശിശുവായശാസ്താവിനെ ലഭിക്കുന്നത്, സ്വാമിയുടെ വിദ്യാഭ്യാസം, പുലിപ്പാലിനായുള്ളയാത്ര, മഹിഷീനിഗ്രഹം, പന്തളരാജാവിനു സ്വാമി നല്‍കുന്ന ധര്‍മ്മോപദേശങ്ങളടങ്ങിയ ഭൂതനാഥഗീത, ശബരിഗിരി യാത്രാവിധി, അഗസ്ത്യന്റെ ആഗമനം, യുഗധര്‍മ്മം ബ്രാഹ്മണധര്‍മ്മം എന്നിവയുടെ വര്‍ണ്ണനകള്‍, ധര്‍മ്മശാസ്താവിന്റെ വിശ്വരൂപം, പമ്പയുടെ മാഹാത്മ്യം, ശാസ്താപൂജാവിധി, ശബരിമല ക്ഷേത്രപ്രതിഷ്ഠ എന്നിവയാണു ഭൂതനാഥോപാഖ്യാനത്തിലെ ഉള്ളടക്കം

No comments:

Post a Comment