കറുപ്പ് ഉടുക്കുന്നത് എന്തിന്?
വ്രതത്തിൽ പ്രധാനപ്പെട്ടതാണ് കറുപ്പ് വസ്ത്ര ധാരണം. കലികാലത്തിലെ ദുരിതങ്ങൾക്ക് കാരണഭൂതനായ ശനി ദേവന് ഏറ്റവും പ്രിയങ്കരമാണ് കറുത്ത വസ്ത്രം. ആ ശനിശ്വരന്റെ ഉടയാട ധരിച്ചു ചെല്ലുന്ന ഭക്തനെ ശനിദേവൻ അതിവേഗം അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. ശനിപ്രീതിക്ക് കടും നീലനിറമോ കറുപ്പു നിറമോ ഉളള വസ്ത്രങ്ങളാണ് ഉത്തമം.
കറുപ്പ് ഉടുക്കുന്നത് എന്തിന് ?
എല്ലാ അയ്യപ്പന്മാരും ഒന്നുകില്‍ കറുപ്പ് അല്ലെങ്കില്‍ നീലനിറത്തോടുകൂടിയ വസ്ത്രങ്ങള്‍ ഉപയോഗിക്കും.
എന്തിനാണ് ഈ കറുപ്പും നീലയും ഒക്കെ ഉപയോഗിക്കുന്നത്?
എന്താണ് ഈ നിറങ്ങളുടെ പ്രത്യേകത?
നമ്മള് ഇത് വളരെ ഗൗരവത്തോടുകൂടി ചിന്തിക്കേണ്ട കാര്യമാണ്. പലപ്പോഴും നമ്മള് പലതും അനുഷ്ഠിക്കുമ്പോള്‍ എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് ചിന്തിക്കാറില്ല. വളരെ ഗൗരവത്തോടുകൂടി ചിന്തിച്ച് ഞാന്‍ ഇന്നതുകൊണ്ട് ഇന്നത് ചെയ്യുന്നു എന്ന് ചിന്തിച്ചു ചെയ്താലേ ഗുണം ലഭിക്കൂ. വേദങ്ങളില്‍ ഏറ്റവും കൂടുതല്‍ ശക്തമായി പറയുന്നത് അഗ്നിയെക്കുറിച്ചാണ്. അഗ്നി ഈശ്വരന്റെ പര്യായമാണ്.
അഗ്രണിര്‍ ഭവതി ഇതി അഗ്നി'
എന്ന് അഗ്നിയുടെ നിഷ്പത്തി. ഈശ്വരനാമമാണത്, ഈശ്വരന്റെ പര്യായമാണത്, 'തീ' യല്ല. ആ അഗ്നിയെ സ്മരിച്ചു കൊണ്ടാണ് നമ്മള് നിലവിളക്കു കത്തിക്കുന്നത്. അപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ആ അഗ്നി നമ്മുടെ ജീവിതത്തില്‍ ഏതൊക്കെ തരത്തില്‍ പ്രാധാന്യത്തോടു കൂടി പ്രവര്‍ത്തിക്കുന്നുവെന്ന് ഋഷിമാര്‍ പറഞ്ഞുെവച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രസ്താവന നീലഗ്രീവന്‍, ആഗ്നേയതത്ത്വത്തിന്റെ പ്രാധാന്യത്തോടുകൂടിയതാണ് എന്നതാണ്.
'നീല ഗ്രീവാ ആഗ്നേയാ'
എന്നൊരു പ്രസ്താവനയുണ്ട് വേദങ്ങളില്‍. നീലഗ്രീവയില്‍ അഗ്നിതത്ത്വം കൂടുതലുണ്ട്. നീലനിറം അഥവാ കറുപ്പു നിറമുള്ളതിനു കാരണം അഗ്നിതത്ത്വമാണ്. അപ്പോള്‍ നീലനിറവും കറുപ്പു നിറവും അഗ്നിതത്ത്വത്തിന്റെ പ്രതിരൂപമാണ്. അഗ്നിയുടെ വര്‍ണഭേദത്തെക്കുറിച്ച് ഗവേഷണം നടത്തിയ നമ്മുടെ പ്രാചീന ഋഷിമാര്‍ അഗ്നി തന്നെയാണ് കറുപ്പുനിറം എന്ന നിഗമനത്തിലാണ് ചെന്നെത്തിയത്. അഗ്നി തന്നെയാണ് നീലനിറവും. അപ്പോള്‍ അയ്യപ്പഭക്തന് ശബരിമലയാത്രക്ക് തയ്യാറെടുക്കുമ്പോള്‍ അഗ്നിവര്‍ണമായ കറുപ്പിനെ എടുത്താണ് അണിയുന്നത്. എന്നു പറഞ്ഞാല്‍ താന്‍ ഈശ്വരതുല്യനായി മാറിക്കൊണ്ടിരിക്കുന്നുവെന്നര്‍ഥം. ഭാരതത്തില്‍ ഋഷിമാര്‍ എല്ലാവരും പറഞ്ഞിട്ടുള്ളത് നിങ്ങള്‍ ഈശ്വരീയതയെ സാക്ഷാത്കരിക്കണം എന്നാണ്.
നമ്മുടെ എല്ലാ വ്രതങ്ങളുടെയും അടിസ്ഥാനം ഈശ്വരീയമായ ഭാവത്തിലേക്ക് ചെന്നെത്തുക എന്നു തന്നെയാണ്. അഗ്നിവര്‍ണമായ കറുപ്പിനെ എടുത്ത് അണിയുന്നതിലൂടെ താന്‍ സ്വയം അഗ്നി ആവാന്‍ ശ്രമിക്കുകയാണ്. സ്വയം ആഗ്നേയതത്ത്വത്തിലേക്ക് കടന്നുവരികയാണ്. അങ്ങനെ അഗ്നിതത്ത്വത്തെ സാക്ഷാത്കരിക്കുന്നതിലൂടെ അയ്യപ്പന് തന്റെ വസ്ത്രങ്ങളില്‍ പ്പോലും അഗ്നി സ്വന്തമാക്കി മാറ്റുന്നു. അങ്ങനെ വസ്ത്രത്തില്‍ അഗ്നി വരുന്നതോടുകൂടി ഒരു സാധകനായി അയ്യപ്പന് മാറുന്നു. ഇതിനുവേണ്ടിയാണ് വസ്ത്രങ്ങളുടെ നിറംപോലും നമ്മുടെ ഋഷിമാര്‍ ഭംഗിയായി ചിന്തിച്ചു സ്വീകരിച്ചത്. കാരണം, നാം കാണുന്നതൊക്കെ ഭദ്രമായിരിക്കണം എന്നു വേദങ്ങളില്‍ പറയുന്നുണ്ട്. ഒന്നാമതായി കാണുന്നത് വസ്ത്രം തന്നെയാണ്. നമ്മുടെ ശരീരത്തില്‍ അണിഞ്ഞിരിക്കുന്ന വസ്ത്രം നമ്മുടെ മനസ്സില്‍ മാറ്റം വരുത്തും. നാം ഏതു നിറത്തിലുള്ള വസ്ത്രം ധരിക്കുന്നുവോ ആ വസ്ത്രത്തിന്റെ നിറം നമ്മുടെ മനസ്സിനെ സ്വാധീനിക്കുമെന്ന് വര്‍ണശാസ്ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നാം ധരിക്കുന്ന വസ്ത്രങ്ങള്‍ ഏതു തരത്തിലുള്ളതായിരിക്കണം എന്നു വളരെ കൃത്യമായി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അയ്യപ്പഭക്തന് കറുപ്പു നിറത്തിലുള്ള വസ്ത്രം ധരിക്കണം എന്നു പറയുന്നത്. ഗൗരവത്തോടുകൂടി ചിന്തിച്ചു കഴിഞ്ഞാല്‍ ഒരു സാധകനെ സംബന്ധിച്ചിടത്തോളം ഉയര്‍ന്നുപോകാനുള്ള ആദ്യപടിയാണ് ഇതെന്നു കാണാന്‍ സാധിക്കും. കാരണം, ഒരു സാധകന്റെ വളര്‍ച്ചയില്‍ നിരവധി ഘട്ടങ്ങളുണ്ട്. ഓരോ ഘട്ടങ്ങളിലും മാറ്റങ്ങള്‍ വരണം. ആഹാരതലത്തിലെന്നപോലെത്തന്നെ നാവിന്റെ ഉച്ചാരണത്തില്‍ മാറ്റം വരുന്നു,വസ്ത്രത്തില്‍ മാറ്റം വരുന്നു, അങ്ങനെ കറുപ്പു നിറത്തിലൂടെ സ്വയം ശരീരത്തിനു മാറ്റം വരുത്തി, മനസ്സിന് മാറ്റം വരുത്തി,അയ്യപ്പനായി സ്വയം മാറാനുള്ള വഴിയാണ് കറുപ്പുടുക്കല്‍.
മറ്റോരു വിശ്വാസം 41 ദിവസത്തെ വ്രതശുദ്ധിയോടെ ശബരിമലക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുന്ന ഭക്തന് കറുപ്പ് ധരിച്ച് മാലയിടുന്നത് ”താന്‍ സ്വാമിയായി” എന്ന് അറിയിക്കുന്ന ഒരു നിശബ്ദ വിളംബരമാണ്. അയ്യപ്പന് ബ്രഹ്മചാരിയായതുകൊണ്ട് ഈ സമയത്ത് രജസ്വലകളായ സ്ത്രീകള്‍ സ്വാമിമാരെ തിരിച്ചറിയാനുള്ള ഒരു അടയാളമാണ് കറുത്തവസ്ത്രം ധരിക്കല്‍.
പണ്ടുകാലത്ത് കൊടും കാട്ടിലൂടെ നടന്നുവേണം മല കയറാന്‍. അവിടുത്തെ കൊടുംതണുപ്പിനെ നേരിടാന്‍ കറുപ്പിനേ കഴിയൂ എന്ന തിരിച്ചറിവാണ് കറുത്തവസ്ത്രം ധരിക്കല്‍ എന്നും വിശ്വസ്സിക്കുന്നു.
No comments:
Post a Comment