ശിവലിംഗത്തിന്റെ അര്‍ദ്ധപ്രദക്ഷിണം
ക്ഷേത്ര നിയമത്തില്‍ ശിവലിംഗത്തിന്റെ വലതുവശത്തെ ഓവ് (സോമസൂത്രം) മുറിച്ചുകടക്കാന്‍ പാടില്ല. (കിഴക്കോട്ടല്ലാതെ വരുന്ന ലിംഗത്തിനും ഓവ് വടക്കുവശത്തുതന്നെയായിട്ടാണ് കാണപ്പെടുന്നത്) ഇതിലൂടെ ഗംഗയുടെ പ്രവാഹം ഉണ്ടെന്നും ആകയാലാണ് അതു മുറിച്ചു കടക്കാന്‍ പാടില്ലാത്തത് എന്നും ഒരു സങ്കല്പം. ഭഗീരഥനുമായി ബന്ധപ്പെട്ട കഥയില്‍ ലോകം മുഴുവന്‍ അലഞ്ഞ ഭഗീരഥന് ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവന്നെങ്കിലും, ശിവജഡയില്‍ അത് അപ്രത്യക്ഷമായി പിന്നീട് ശിവന് വടക്കുവശത്തുകൂടി ഗംഗയെ ഒഴുക്കി എന്നാണ് പറയപ്പെടുന്നത്. ഗംഗയെ ലഭിച്ചുകഴിഞ്ഞ ഭഗീരഥന് പിന്നീട് മുന്നോട്ടുപോയിരിക്കയില്ലല്ലോ. ആ ചിന്ത അനുസരിച്ച് ശിവക്ഷേത്രത്തിലെ ഓവ് മുറിച്ചു കടക്കുന്നില്ല.
ശിവനെ ആരാധിക്കുന്നത് ലിംഗ രൂപത്തിലാണ്. ലിംഗം എന്നാല്‍ രൂപമില്ലാത്തരൂപം. പരമാത്മസ്വരൂപമാണിത്. പരമാത്മാവ് അരുപിയായത് അത് സര്‍വ്വത്ര പരന്നു കിടക്കുന്നതുകൊണ്ടാണ്. ആകാശത്തിനും വായുവിനും ഒന്നും ആകൃതി പറയാന്‍ പറ്റുകയില്ലാത്തതു പോലെ ആത്മാവിനും ആകൃതിയില്ല. എന്നാല്‍ അതിന്റെ പൂര്ണതയെക്കുറിക്കുകയും വേണം. അതിനായി സ്വീകരിച്ചതാണ് രൂപമില്ലാത്ത ഒരു രൂപം അഥവാ ലിംഗരൂപം. ഉരുണ്ട് മുട്ടയുടെ ആകൃതിയിലുള്ള ഒരു കല്ല് എന്നേ ലിംഗരൂപം കൊണ്ടു ഉദ്ദേശിക്കാവൂ. ഇത് ബ്രഹ്മാണ്ഡ പ്രതീകം കൂടിയാണ്. ദക്ഷിണ ഭാരതരീതിയില് ശിവലിംഗം സ്തംഭരൂപമാണ്. ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും സംശയം തീര്‍ക്കാന്‍ ശങ്കരന് അവര്‍ക്കിടയില്‍ ഒരു വലിയ സ്തംഭരൂപിയായ ലിംഗമായി പ്രകടമായതിനെ പ്രതിയാണ് ഈ ആകൃതി. എന്തായാലും ആത്മാവും, ബ്രഹ്മാണ്ഡവും ജ്യോതിഃസ്തംഭവും ഒന്നുംതന്നെ നമുക്ക് അളന്നു തീര്ക്കുവാനാവുകയില്ല. അത്രയേറെ വിശാലമാണത്. അതിനെ അനുസ്മരിപ്പിക്കാനാണ് ലിംഗരൂപത്തിന്റെ മുക്കാല്‍ മാത്രം പ്രദക്ഷിണം വച്ചിട്ട് തിരികെ വരുന്നത്. മാത്രമല്ല പ്രദക്ഷിണവും അപ്രദക്ഷിണവും ലിംഗാരാധനയില്‍ നിറവേറ്റുന്നു. ശിവസങ്കല്പങ്ങള് ധര്‍മ്മാധര്‍മ്മങ്ങള്‍ക്കും സത്യാസത്യങ്ങള്‍ക്കും ഉപരിയാണെന്ന കാര്യവും ഇതിലുണ്ട്. മാത്രമല്ല, പ്രദക്ഷിണ രൂപിയായ ധര്‍മ്മമാര്‍ഗവും അപ്രദക്ഷിണ രൂപിയായ അധര്മ്മമാര്ഗവും യോഗവിദ്യയും ഭോഗവിദ്യയും രണ്ടും പരമേശ്വരങ്കല്‍ നിന്നാവിര്‍ഭവിച്ചു എന്നും ഇതര്ത്ഥമാകുന്നു.
No comments:
Post a Comment