ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 November 2017

തച്ചുടക്കപ്പെട്ട ക്ഷേത്രങ്ങൾ

തച്ചുടക്കപ്പെട്ട ക്ഷേത്രങ്ങൾ

നമ്മുടെ സംസ്‌കൃതിയുടെ വീണ്ടെടുപ്പ് കൊതിച്ചുകൊണ്ട് നിരവധി ക്ഷേത്രങ്ങളാണ് ദേവഭൂമിയെന്ന വിളിപ്പേരുള്ള കശ്മീരിലുള്ളത്. ഇവിടുത്തെ പ്രശ്‌നങ്ങള്‍ക്ക് ക്ഷേത്രപുനരുദ്ധാരണത്തിലൂടെയെ ശാശ്വത പരിഹാരം കാണാന്‍ സാധിക്കൂവെന്ന് കശ്മീര്‍ പണ്ഡിറ്റുകളും വിശ്വസിക്കുന്നു. തച്ചുതകര്‍ക്കപ്പെട്ടിട്ടും ചൈതന്യം നിറഞ്ഞുനില്‍ക്കുന്ന കശ്മീരിലെ ക്ഷേത്രങ്ങളെക്കുറിച്ച്....

ഋഷി കശ്യപനില്‍ നിന്നാണ് കശ്മീര്‍ എന്ന പേര് ഉദ്ഭവിച്ചതെന്നാണ് വിശ്വാസം. കശ്യപ മഹര്‍ഷിയുടെ മക്കള്‍ ഇവിടെ താമസിക്കുകയും വിശ്വാസങ്ങളും മതാചാരങ്ങളും വ്യാപിപ്പിക്കുകയും ചെയ്തു. കശ്മീര്‍ താഴ്‌വരയിലെ മനോഹര പ്രദേശങ്ങളായ ഗുല്‍മാര്‍ഗ്ഗ്, പഹല്‍ഗാം, അനന്തനാഗ് എന്നിവിടങ്ങളില്‍ ഇനിയും നശിക്കാതെ വ്യാപിച്ചുകിടക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള നൂറുകണക്കിന് ക്ഷേത്രങ്ങളുടെ ഉദ്ഭവം കശ്യപ ഋഷിയില്‍ നിന്നാണെന്ന് കശ്മീരികള്‍ വിശ്വസിക്കുന്നു.

അതേ! ദേവഭൂമിയെന്നറിയപ്പെടുന്ന കശ്മീര്‍ താഴ്‌വര അക്ഷരാര്‍ത്ഥത്തില്‍ ക്ഷേത്രഭൂമിയാണ്. ഭീകരവാദം കൊടുമ്പിരികൊണ്ടകാലത്ത് തച്ചുടയ്ക്കപ്പെട്ട നിരവധി ക്ഷേത്രങ്ങള്‍. എങ്കിലും തകര്‍ന്ന ക്ഷേത്രങ്ങളെ പുനരുദ്ധരിക്കാനുള്ള പരിശ്രമങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ ശക്തമായിട്ടുണ്ട്. കശ്മീരി പണ്ഡിറ്റുകളും ഹൈന്ദവ സംഘടനകളും പ്രദേശവാസികളുടെ  സഹായത്തോടെയും സഹകരണത്തോടെയും താഴ്‌വരയിലാകെ ക്ഷേത്ര പുനരുദ്ധാരണത്തിനും തീര്‍ത്ഥാടനങ്ങള്‍ക്കും തുടക്കമിട്ടു കഴിഞ്ഞു. കേന്ദ്രസര്‍ക്കാരും ജമ്മുകശ്മീര്‍ സംസ്ഥാന സര്‍ക്കാരും നടപ്പാക്കുന്ന കശ്മീര്‍ താഴ്‌വരയിലേക്കുള്ള പണ്ഡിറ്റുകളുടെ പുനരധിവാസ പ്രക്രിയകൂടി പൂര്‍ണ്ണസജ്ജമാകുന്നതോടെ കശ്യപന്റെ താഴ്‌വര അതിന്റെ പൂര്‍വ്വപ്രതാപം വീണ്ടെടുക്കുമെന്നുറപ്പാണ്.

മഹാഭാരതത്തില്‍ കാംബോജത്തിന് കീഴിലുള്ള ഒരു സ്വതന്ത്രരാജ്യമായിരുന്നു കശ്മീര്‍. അന്നത്തെ തലസ്ഥാനം രാജപുരമായിരുന്നു. ഇന്നത്തെ രജൗറി. മൗര്യചക്രവര്‍ത്തി അശോകനാണ് ശ്രീനഗര്‍ സ്ഥാപിച്ചത്. അക്കാലത്ത് ബുദ്ധമതത്തിന്റെ കേന്ദ്രമായി താഴ്‌വര മാറി. പതിമൂന്നാം നൂറ്റാണ്ടോടെയാണ് കശ്മീരിലേക്ക് ഇസ്ലാംമതത്തിന്റെ വരവ്. നൂറ്റാണ്ടുകളോളം മുസ്ലിങ്ങളും ഹിന്ദുക്കളും സൗഹാര്‍ദ്ദത്തോടെ താമസിച്ച താഴ്‌വരയില്‍ സൂഫി ജീവിതരീതി പുലര്‍ത്തിയ മുസ്ലിങ്ങള്‍ പണ്ഡിറ്റുകളുടെ ഋഷിപാരമ്പര്യത്തോടൊത്ത് വസിച്ചു. എന്നാല്‍ 1389-1413 കാലത്ത് കശ്മീര്‍ കീഴടക്കിയ സിക്കന്ദര്‍ ഷാ, കശ്മീരിന്റെ ഇസ്ലാമികവല്‍ക്കരണത്തിന് തുടക്കമിട്ടു. ഹിന്ദുക്കളെ വ്യാപകമായി മതംമാറ്റിയും ക്ഷേത്രങ്ങള്‍ കൂട്ടത്തോടെ തച്ചുതകര്‍ത്തും സിക്കന്ദര്‍ഷായുടെ ഭരണം താഴ്‌വര കലാപഭൂമിയാക്കി. എങ്കിലും അതിനെയും കശ്മീരിലെ ജനങ്ങള്‍ അതിജീവിച്ചെങ്കിലും 1588ല്‍ അക്ബറുടെ ആക്രമണത്തോടെ കശ്മീരിന്റെ ഇന്നത്തെ സ്ഥിതിക്ക് തുടക്കമായി.

സൗഹാര്‍ദ്ദപരമായ അവസ്ഥകള്‍ പതുക്കെ പതുക്കെ ഇല്ലാതായി 19-ാം നൂറ്റാണ്ടായപ്പോഴേക്കും സാമുദായിക സംഘര്‍ഷങ്ങളുടെ ഭൂമിയായി കശ്യപനഗരം മാറി. ഒടുവില്‍ സ്വാതന്ത്ര്യലബ്ധിയോടെ ഒരിക്കലും അവസാനിക്കാത്ത സംഘര്‍ഷങ്ങള്‍ക്കും താഴ്‌വരയില്‍ തുടക്കമായി. ലക്ഷക്കണക്കിന് കശ്മീരി പണ്ഡിറ്റുകള്‍ക്ക് ഭീകരവാദത്തെ തുടര്‍ന്ന് സ്വത്തുവകകള്‍ ഉപേക്ഷിച്ച് ജീവനുമായി താഴ്‌വര വിടേണ്ടിവന്നപ്പോള്‍ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ കശ്മീരില്‍ തകര്‍ക്കപ്പെട്ടു. ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുന്ന കശ്മീര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം തങ്ങളുടെ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണമാണെന്ന് പണ്ഡിറ്റുകള്‍ വിശ്വസിക്കുന്നു.

അനന്തനാഗിലെ സൂര്യക്ഷേത്രം

കശ്മീര്‍ താഴ്‌വരയിലെ ഏറ്റവും സംഘര്‍ഷം നിറഞ്ഞ അനന്തനാഗിലാണ് മാര്‍ത്താണ്ഡ് സൂര്യക്ഷേത്രം. എട്ടാം നൂറ്റാണ്ടില്‍ കാര്‍കോട സാമ്രാജ്യത്തിലെ ലളിതാദിത്യ മുക്തപീഢ നിര്‍മ്മിച്ച സൂര്യക്ഷേത്രമാണിത്. ക്ഷേത്രഗോപുരത്തിന് മുകളില്‍ നിന്നും നോക്കിയാല്‍ കശ്മീര്‍ താഴ്‌വര മുഴുവനും കാണാന്‍ സാധിക്കുമായിരുന്നു.
എന്നാല്‍ പതിനാലാം നൂറ്റാണ്ടിന്റെ അവസാനം ആക്രമണകാരിയായ സിക്കന്ദര്‍ ഷായുടെ നിര്‍ദ്ദേശപ്രകാരം സൂര്യക്ഷേത്രം തകര്‍ക്കപ്പെട്ടു. ഒരു വര്‍ഷം കൊണ്ടാണ് ക്ഷേത്രം പൂര്‍ണ്ണമായും തകര്‍ക്കാന്‍ സിക്കന്ദറിനായത്.

കേന്ദ്രസര്‍ക്കാര്‍ നിലവില്‍ ക്ഷേത്രത്തിന്റെ സംരക്ഷണം ഏറ്റെടുത്തിട്ടുണ്ട്. പ്രധാനപ്പെട്ട ടൂറിസ്റ്റ് സൈറ്റായി മാര്‍ത്താണ്ഡ് ക്ഷേത്രത്തെ വികസിപ്പിക്കാനാണ് ലക്ഷ്യം. പ്രസിദ്ധ ഹിന്ദി സിനിമ ഹൈദറില്‍ ഒരു ഗാനപശ്ചാത്തലത്തില്‍ സൂര്യക്ഷേത്രം കാണിക്കുന്നുണ്ട്. പിശാചുക്കളുടെ നൃത്തം ചിത്രീകരിക്കുന്നതിനായി ക്ഷേത്രം തെരഞ്ഞെടുത്തതിന് സംവിധായകന്‍ വിമര്‍ശന വിധേയനായിരുന്നു...

ശ്രീനഗറിലെ ശങ്കരാചാര്യ ക്ഷേത്രം

ആദിശങ്കരന്‍ കശ്മീരില്‍ എത്തുകയും നിരവധി ക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ശങ്കരാചാര്യര്‍ക്കും കശ്മീരില്‍ ക്ഷേത്രമുണ്ട്. ശ്രീനഗര്‍ നഗരത്തിലെ ഗോപധാരി കുന്നിന്‍മുകളിലാണ് ശങ്കരാചാര്യ ക്ഷേത്രം. ബി.സി 2629-2564 കാലത്ത് സന്ധിമാന്‍ രാജാവിന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ട പാര്‍വ്വതി ക്ഷേത്രമാണ് ഇവിടെയുള്ളത്. എന്നാല്‍ പിന്നീട് ശങ്കരാചാര്യരുടെ വരവോടെ പ്രധാന്യം അദ്ദേഹത്തിന് കൈവന്നു. ശ്രീനഗര്‍ നഗരം മുഴുവനും വടക്കുപടിഞ്ഞാറ് ബാരാമുള്ള വരെയും കാണാന്‍ സാധിക്കുമെന്നതാണ് ക്ഷേത്രത്തിന്റെ പ്രത്യേകത. 1961ല്‍ ദ്വാരകാപീഠത്തിലെ ശങ്കരാചാര്യര്‍, ആദിശങ്കരന്റെ വെള്ളക്കല്‍ പ്രതിമ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരുടെ തിരക്ക് ക്രമാനുഗതമായി ഇവിടെ വര്‍ദ്ധിച്ചുവരുന്നു.

കീര്‍ഭവാനി ക്ഷേത്രം

ശ്രീനഗറില്‍ നിന്നും ഇരുപത് കിലോമീറ്ററുകള്‍ മാറി തുല്‍മുല്‍ ഗ്രാമത്തിലാണ് പ്രശസ്തമായ കീര്‍ഭവാനി ക്ഷേത്രം. ഭക്ഷ്യധാന്യങ്ങളുടെ ദേവതയെന്ന് കശ്മീരികള്‍ കീര്‍ ഭവാനിയെ വിശ്വസിക്കുന്നു. വയലറ്റ് നിറത്തിലുള്ള തീര്‍ത്ഥജലധാരയും ക്ഷേത്രത്തിലുണ്ട്. ഇന്ദിരാഗാന്ധിയുടെ വധം നടക്കുന്നതിന് മുമ്പും 1989 ലെ ഭീകരവാദം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പും ഈ ജലധാര ഇരുണ്ട് നിറംമാറിയെന്ന് കശ്മീരി പണ്ഡിറ്റുകള്‍ പറയുന്നു. ചുവപ്പ്, കാവി. പച്ച, നീല, വെള്ള, പിങ്ക് എന്നീ നിറങ്ങളായും ഈ ജലധാര മാറാറുണ്ട്.

സ്വാമി വിവേകാനന്ദന്റെ കശ്മീര്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹം കീര്‍ ഭവാനിക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ദേവിയെ വണങ്ങിയ ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു. ‘നൂറ്റാണ്ടുകളായി ദേവി ഇവിടെയുണ്ട്. എന്നാല്‍ മുഹമ്മദന്മാര്‍ ഇവെടെയെത്തി ദേവിയുടെ ക്ഷേത്രം നശിപ്പിച്ചു. ഇവിടുത്തെ ജനങ്ങള്‍ ദേവിയെ സംരക്ഷിക്കുന്നതിനായി യാതൊന്നും ചെയ്തില്ല. ഞാനിവിടെയുണ്ടായിരുന്നെങ്കില്‍ ഒറ്റയ്ക്കാണെങ്കിലും ദേവിയെ സംരക്ഷിക്കുമായിരുന്നു’.

അപ്പോള്‍ സ്വാമി വിവേകാനന്ദന്‍ ദേവിയുടെ വാക്കുകള്‍ ശ്രവിച്ചെന്നാണ് പറയുന്നത്. ”എന്റെ ഇച്ഛ പ്രകാരമാണ് മുഹമ്മദന്മാര്‍ ക്ഷേത്രം ആക്രമിച്ച് നശിപ്പിച്ചത്. ഒരു തകര്‍ക്കപ്പെട്ട ക്ഷേത്രത്തില്‍ താമസിക്കണമെന്നത് എന്റെ ഇച്ഛയാണ്. അല്ലെങ്കില്‍ ഇവിടെ ഒരു ഏഴ് നില സ്വര്‍ണ്ണക്ഷേത്രം ഉയര്‍ന്നേനെ. ഞാനെന്തു ചെയ്യണം. നിങ്ങളെ സംരക്ഷിക്കണമോ അതോ എന്നെ തന്നെ സംരക്ഷിക്കാന്‍ നോക്കണമായിരുന്നോ”, ദേവിയുടെ വാക്കുകള്‍ ഇപ്രകാരം മുഴങ്ങിയത്രേ!

പഹല്‍ഗാമിലെ മാമലേശ്വര്‍ ക്ഷേത്രം

പഹല്‍ഗാം നഗരത്തില്‍ നിന്നും ഒരു മൈല്‍ ദൂരെയാണ് പ്രശസ്തമായ മാമലേശ്വര ശിവക്ഷേത്രം. ഹിമാലയന്‍ മലനിരകളുടെ താഴ്‌വാരത്താണ് ക്ഷേത്രം. എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്നാണ് കരുതപ്പെടുന്നത്. അകത്തേക്ക് ആരെയും കയറ്റാതെ ശിവന്റെ തപസ്സിന് ഗണപതി കാവല്‍ നിന്ന പ്രദേശമാണിതെന്നും കരുതുന്നു. വേനല്‍ക്കാലത്ത് നിരവധി ഭക്തര്‍ ഇവെടെയെത്തുന്നുണ്ട്.

ശാരദാ ക്ഷേത്രം

പാക് അധീന കശ്മീരിലാണ് പ്രശസ്തമായ ശാരദാ ക്ഷേത്രം നിലകൊള്ളുന്നത്. കിഷന്‍ഗംഗ, മധുമതി നദികളുടെ തീരത്തുള്ള ശര്‍ദിഗ്രാമത്തിലാണ് ക്ഷേത്രം. പിഒകെയിലെ മുസഫറാബാദിന് സമീപത്താണ് ക്ഷേത്രം. സമ്പൂര്‍ണ്ണമായി തകര്‍ക്കപ്പെട്ട നിലയിലുള്ള ശാരദാ ക്ഷേത്രത്തെ പവിത്രമായി പണ്ഡിറ്റുകള്‍ കരുതുന്നു.

നാശോന്മുഖമായി കിടക്കുന്ന നൂറുകണക്കിന് ക്ഷേത്രങ്ങളാണ് കശ്മീര്‍ താഴ്‌വരയില്‍ അവശേഷിക്കുന്ന പണ്ഡിറ്റുകള്‍ പുനരുദ്ധാരണം നടത്തിക്കൊണ്ടിരിക്കുന്നത്. വിശേഷ ദിവസങ്ങളില്‍ ആഘോഷപരിപാടികളും ക്ഷേത്ര ചടങ്ങുകളും സംഘടിപ്പിക്കുന്നു. ജമ്മുവിലെ വൈഷ്‌ണോദേവി ക്ഷേത്രത്തേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന നിരവധി ക്ഷേത്രങ്ങളാണ് കശ്മീരിലുള്ളത്. വീണ്ടും വീണ്ടും തകര്‍ക്കപ്പെട്ടിട്ടും അവ ഇന്നും അവിടെ നിലകൊള്ളുന്നത് ഒരു സംസ്‌കൃതിയുടെ വീണ്ടെടുപ്പ് കൊതിച്ചു കൊണ്ടാണ്.

ഇനിയുമെത്രനാൾ കാത്തിരിക്കണം ഒരു ഉയർത്തെഴുന്നേൽപ്പിനായി....

No comments:

Post a Comment