പമ്പ വിശേഷം
പമ്പ സ്നാനം
പെരിയാറും ഭാരത പുഴയും കഴിഞ്ഞാൽ കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദിയാണ് പമ്പാനദി. ശബരി മലയുടെ സാന്നിധ്യം മൂലം പുണ്യ നദിയായി അറിയപ്പെടുന്ന പമ്പയെ ദക്ഷിണ ഗംഗയെന്നും വിളിക്കുന്നു. പമ്പാ നദിയുടെ ഉത്ഭവം സമുദ്രനിരപ്പിൽ നിന്നും 1650 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പീരുമേടിലെ പുളച്ചി മലയിലാണ്. പിന്നീടത് 176 കിലോമീറ്റർ ഒഴുകി അവസാനം വേമ്പനാട്ട് കായലിൽ പതിക്കുന്നു. നീലക്കൊടുവേലി മുതലായ ഔഷധസസ്യങ്ങൾ
നിറഞ്ഞ കാട്ടിലൂടെ ഒഴുകി വരുന്ന പമ്പ സർവ രോഗ സംഹാരി കൂടിയാണ്. എരുമേലി മുതൽ പമ്പ വരെയുള്ള പരമ്പരാഗത കാനന പാതയിലൂടെ ഉള്ള എത്ര കടുത്ത ക്ഷിണവും നിമിഷങ്ങൾക്കകം പമ്പ സ്നാനത്തില്ലുടെ മാറ്റിയെടുക്കാം.
പമ്പയിൽ അരുതാത്തത്
1. പമ്പ സ്നാനം നടത്തുമ്പോൾ ആഴം കൂടിയ ഭാഗത്ത് പോകരുത്. സുരക്ഷാ മൂന്നാറിയിപ്പ് ശ്രദ്ധിക്കണം.
2. പമ്പ മണൽപ്പുറത്ത് പാചക വാതകം തുടങ്ങിയ ഇന്ധനം ഉപയോഗിച്ച് പാചകം ചെയ്യാൻ പാടില്ല. അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യുന്നവര്‍ അതുകഴിഞ്ഞാല്‍ അടുപ്പിലെ തീ വെള്ളം തളിച്ച് കെടുത്തണം.
3. കുടിക്കുവാൻ ശുദ്ധ ജലം ഉപയോഗിക്കണം.
4. മല മൂത്ര വിസർജ്ജനത്തിന് സുചിമുറിതന്നെ ഉപയോഗിക്കണം.
5. പമ്പാനദിയില്‍ ഉടുത്ത വസ്ത്രങ്ങള്‍ പമ്പാനദിയില്‍ ഉപേക്ഷിക്കുന്നത് ആചാരമല്ല.
6. പമ്പ നദിയും പരിസരവും മലിനപ്പെടുത്താൻ പാടില്ല.
7. പമ്പസ്സദ്യക്കുശേഷം എച്ചിലിലകള്‍ പമ്പാനദിയില്‍ ഒഴുക്കുന്നത് ആചാരമല്ല.
8. ശബരിമലയില്‍ ഉത്സവത്തിന്‍െറ ഭാഗമായി പമ്പയില്‍ ആറാട്ടുനടക്കുന്ന ദിവസം പമ്പയിലും യൗവനയുക്തകളായ സ്ത്രീകള്‍ വരാന്‍ പാടില്ല.
പമ്പ ബലി തർപ്പണം
ശബരിമല യാത്രയില്‍ പിതൃക്കളെ മറക്കരുത്. പമ്പയിലെ പുണ്യ സ്നാനം കഴിഞ്ഞ് പമ്പാ ത്രിവേണിയില്‍ ബലിയിടാം. ബലി തറയും കർമ്മികളും സീസണ് മുഴുവന്‍ അവിടെ ഉണ്ടാവും (രാപകൽ ഭേദമന്യേ) മറവ പടയുമായുണ്ടായ യുദ്ധത്തില്‍ മരിച്ച സേനാംഗങ്ങള്‍ക്ക് അയ്യപ്പന് ത്രിവേണിയില്‍ ബലിയിട്ടു വെന്നാണ് ഐതിഹ്യം. അത് പോലെ ശബരിയ്ക്ക് മോക്ഷം കൊടുത്ത ശേഷം രാമ ലക്ഷ്മണന്മാരും ദശരഥനും ശബരിയ്ക്കും വേണ്ടി പമ്പ തീരത്ത് ബലി തർപ്പണം നടത്തിയെന്നും ഐതീഹ്യമുണ്ട്.
ജീവികളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പരിണാമത്തിന്റെ കോണിപ്പടിയിൽ ആലേഘനം ചെയ്യപ്പെടുകയും സാവകാശം വരും തലമുറയിലേക്ക് ഒഴുകി എത്തുകയും ചെയ്യുന്നു. ശരിക്കും പറഞ്ഞാൽ നമ്മുടെ നൂറോ ആയിരമോ അതിനുമൊക്കെ അപ്പുറമോ ആരൊക്കെയോ കണ്ട സ്വപ്നങ്ങളുടെ ഫലപ്രാപ്തിയാണ് ഇന്നത്തെ നാം ഓരോരുത്തരും. അപ്പോൾ നമ്മളുടെ ജിവിത രീതി, സ്വഭാവ വിശേഷങ്ങൾ, ആഗ്രങ്ങൾ സ്വപ്നങ്ങൾ... എല്ലാം നൂറ്റാണ്ടുകൾക്കപ്പുറം നമ്മുടെ തലമുറയുടെ രൂപ ഭാവമായി മാറുന്നു. ഇവരെ വർഷത്തിൽ ഒരിക്കലെങ്കിലും ഓർമ്മിക്കുക. ഇതാണ് നമ്മുക്ക് അവർക്ക് നൽക്കാൻ കഴിയുന്ന എറ്റവും വലിയ ആദരവ്.
മനുഷ്യന് ചെയ്യേണ്ട പഞ്ച മഹായജ്ഞങ്ങളില്‍ ഒന്ന് പിതൃ യജ്ഞമാണ്. പിതൃക്കള്‍ക്ക് പുണ്യത്തിന്റെ ബലിപിണ്ഡവുമായി ഒരു നാള്. ഇഹലോകവും സ്ഥൂല ശരീരവും ഉപേക്ഷിച്ച പിതൃക്കളുടെ സൂക്ഷ്മ ശരീരത്തിന് നല്കുന്ന ഭോജനമാണ് ഈ ബലി തർപ്പണം. ഇത് ദീര്‍ഘായുസ്സും ആരോഗ്യവും ഐശ്വര്യവും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം.
പാപനാശിനിയും പുണ്യതീർത്ഥവുമായ പമ്പയിൽ ബലികർമ്മം നടത്തിയാൽ മാത്രമേ ശബരിമല യാത്രയുടെ ഗുണഫലം ലഭിക്കുകയുള്ളു. [പംപാ (പമ്പ) എന്നത് തിരിച്ചെഴുതിയാൽ പാപം എന്നായി അഥവാ പാപത്തിന്റെ വിപരീതമാണ് പംപാ (പമ്പ) എന്നത്.
പമ്പ സദ്യയും പമ്പ വിളക്കും
മകരവിളക്കിന്റെ തലേദിവസമാണ് പമ്പാസദ്യയും പമ്പവിളക്കും പമ്പാതീരത്ത് ഒരുക്കുന്നത്. മറവ പടയ്ക്കുമേൽ വിജയം നേടിയ സൈനികർക്കാണ് ആദ്യം പമ്പസദ്യ ഒരുക്കിയത്. അതിൽ അയ്യപ്പനും പങ്കെടുത്തിരുന്നു. അതിന്റെ ഓർമ്മയ്ക്കാണ് ഇപ്പോഴും സദ്യ നടത്തുന്നത്. പമ്പാസദ്യയുണ്ണുന്നത് ഭഗവാനോപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന പുണ്യകർമ്മമാണ്. [അന്നദാന പ്രഭുവെ എന്നുള്ള ശരണ മന്ത്രം ഇവിടെ സ്മരികെണ്ടതാണ്] ഉച്ചനീചത്വം മറന്ന് സദ്യ നടത്തുമ്പോൾ സമഭാവനയുടെ ലോകത്തെവിടെയും കാണാൻ കഴിയാത്ത ഏകതാഭാവം പമ്പാസദ്യയിൽ ദർശിക്കുവാൻ സാധിക്കും. പമ്പാസദ്യ കഴിഞ്ഞ് സന്ധ്യയോടുകൂടിയാണ് പമ്പാവിളക്ക്. മറവ പടയ്ക്കുമേൽ അയ്യപ്പൻ തേടിയ വിജയത്തിന്റെ പ്രതികമായാണ് പമ്പാവിളക്ക് നടത്തുന്നത്. വാഴപ്പിണ്ടിയാൽ മൺചിരാതു കൊണ്ടും മരയോട്ടിക്കായ കൊണ്ടും കമുകിന് പോളയും മറ്റും കൊണ്ടുണ്ടാക്കിയ ചെറിയ ഓടങ്ങളില്‍ എണ്ണ വിളക്കുകള്‍ തെളിയിച്ച് പമ്പയിലൊഴുക്കി വിടുന്നതിനെയാണ് പമ്പാവിളക്ക് എന്ന് പറയുന്നത്.
No comments:
Post a Comment