കര്‍മ്മഫലം
ആത്യന്തികമായ ആത്മതത്വത്തെ കുറിയ്ക്കുന്ന ഭാഗത്ത് ദര്‍ശനങ്ങള്‍ തമ്മില്‍ ഭിന്നാഭിപ്രായം ഉണ്ടെങ്കിലും, നിലനില്‍ക്കുന്ന, നാം ഇന്ദ്രിയങ്ങള്‍ കൊണ്ടനുഭവിക്കുന്ന ജഗത്തിനെ പറ്റിയുള്ള വിവരണം വലിയ വ്യത്യാസമില്ല.
ആദ്യം ഒരു ദ്രവ്യം എന്ന അവസ്ഥയിലുള്ള, ഇന്ദ്രിയവേദ്യമായ ഒരു വസ്തു ഉണ്ടായിക്കഴിഞ്ഞാല്‍ അതിന്റെ ഭാവി എങ്ങനെ ആയിരിക്കും? അല്ലെങ്കില്‍ ആയിരിക്കാം?
ഇന്ദ്രിയവേദ്യമായ രൂപമാണ് ഒരു വസ്തുവിന്റെ ശരീരം
ഏതൊരു വസ്തുവും അനുസ്യൂതമായി പരിണമിച്ചുകൊണ്ടിരിക്കുന്നു. ഒരു പച്ച മാങ്ങ കുറച്ചു ദിവസം വച്ചിരുന്നാല്‍ അത് ക്രമേണ പഴുത്ത് പഴുത്ത മാങ്ങയാകുന്നു. പുളിയുള്ള പച്ച നിറമുള്ള കടൂത്ത ദ്രവ്യം മധുരമുള്ള മഞ്ഞ നിറമുള്ള, മൃദുവായ ഒരു ദ്രവ്യമാകുന്നു. ഒരേ ദിവസം തന്നെ അടുത്തടുത്ത സമയങ്ങളില്‍ നോക്കിയാല്‍ മങ്ങയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് വിഷയമല്ല - അവ നമുക്ക് മനസ്സിലാകുന്നില്ല , എന്നാല്‍ സമയദൈര്‍ഘ്യം കൂടുന്നതിനനുസ്സരിച്ച് വ്യത്യാസം മനസ്സിലാക്കത്തക്കവണ്ണം വെളിപ്പെടുന്നു. ഇതിനര്‍ത്ഥം പരിണാമം എന്നത് സൂഷ്മരൂപത്തില്‍ അനുനിമിഷം നടക്കുന്നു എന്നല്ലേ?
(ശരീരം എന്ന വാക്കിന്റെ നിഷ്പത്തി - "ശീര്യതെ ഇതി ശരീരം " = നശിക്കുന്നത് ശരീരം- അനുനിമിഷം നശിക്കുന്നത് എന്നര്‍ത്ഥം)
അതായത് ഒരു നിമിഷത്തില്‍ നാം മനസ്സിലാക്കുന്ന വസ്തു അടുത്ത നിമിഷത്തില്‍ നമുക്കു മനസ്സിലാകുന്നില്ല എങ്കില്‍ കൂടി മുന്‍പിലത്തേതില്‍ നിന്നും വ്യത്യസ്ഥമാണ് എന്ന് അല്ലേ?
ക്രമമായി ഇങ്ങനെ പരിണാമം നടക്കുന്നതു കൊണ്ടാണ് മാങ്ങ പഴുക്കുന്നത് - അല്ലെങ്കില്‍ അതു പച്ചയായി തന്നെ ഇരുന്നേനേ അല്ലേ?
ഇനി ഈ പരിണാമത്തിന്റെ നിയന്താവ് ആരാണ്?
അതായത് ഈ പരിണാമത്തിനെ നിയന്ത്രിക്കുന്ന എന്തെങ്കിലും നിയമങ്ങള്‍ ഉണ്ടോ?
ഉണ്ടായിരിക്കണം.
ഇല്ലെങ്കിലോ?
മാങ്ങ പഴുക്കുമ്പോള്‍ പഴുത്ത ചക്ക ഉണ്ടായേക്കാം. അങ്ങനെ എന്തു കൊണ്ട് സംഭവിക്കുന്നില്ല?
അതായത് സധാരണഗതിയില്‍ ഒരു മാങ്ങ വച്ചിരുന്നാല്‍ അത് ഇത്ര ദിവസത്തിനുള്ളില്‍ പഴുത്ത് പഴുത്ത മാങ്ങയാകും എന്ന ഒരു നിയമം ഏതു മാങ്ങയ്ക്കും ഉണ്ട്. സാഹചര്യം അനുസരിച്ച് അതിന് അല്‍പസ്വല്‍പം വ്യത്യാസം വരാം
ഉദാഹരണത്തിന് വയ്ക്കോല്‍ കൂട്ടി അതിനകത്തു വച്ചാലോ പുകച്ചാലോ പെട്ടെന്നു പഴുക്കും, ഫ്രിഡ്ജില്‍ വച്ചാല്‍ താമസിച്ചേ പഴുക്കൂ ഇത്യാദി - എന്നല്ലാതെ ഒരിക്കലും മാങ്ങ പഴുത്താല്‍ തേങ്ങയോ ചക്കയോ ഒന്നും ആവുകയില്ല. അത് നിയമം ആണ്.
ഈ നിയമം മാങ്ങയ്ക്കു മാത്രമേ ഉള്ളോ?
അല്ല പ്രപഞ്ചത്തില്‍ ഉള്ള എല്ലാ വസ്തുക്കള്‍ക്കും ബാധകം ആണ്.
അപ്പോള്‍ പരിണാമം നിശ്ചിതം ആണ്. അതിന്റെ നിയമങ്ങളും നിശ്ചിതമാണ് - സാഹചര്യത്തിന് പങ്കുണ്ടെന്നു മാത്രം.
ആ നിശ്ചിതമായ പരിണാമത്തെ നമുക്ക് നിയന്ത്രിക്കുവാന്‍ നമ്മുടെ കയ്യിലുള്ള ഒരേ ഒരായുധം ആണ് നമ്മുടെ സാഹചര്യങ്ങളെ നിയന്ത്രിക്കുക ഏന്നത് - ചുരുക്കത്തില്‍ നമ്മുടെ കര്‍മ്മങ്ങള്‍. നമ്മുടെ പരിണാമത്തെ നിയന്ത്രിക്കുന്നത് നമ്മുടെ കര്‍മ്മങ്ങള്‍ ആയിരിക്കും എന്ന് പൂര്‍വികര്‍ പറഞ്ഞു.
ആ വാക്കാണ് കര്‍മ്മഫലം
No comments:
Post a Comment