അക്ഷകുമാരന്‍
രാവണന്റെയും മണ്ഡോദരിയുടെയും ഇളയമകന്‍, ഇന്ദ്രജിത്തിന്റെ അനുജന്‍. അക്ഷന്‍, അക്ഷയന്‍, അക്ഷയകുമാരന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. വാല്മീകി രാമായണത്തില്‍ സുന്ദരകാണ്ഡത്തിലാണ് അക്ഷകുമാരനെപ്പറ്റിയുള്ള പരാമര്‍ശം ആദ്യമായിക്കാണുന്നത്. അശോകവനികയിലെത്തി സീതാദേവിയെക്കണ്ടശേഷം ഉദ്യാനഭഞ്ജനം ചെയ്തുകൊണ്ടിരുന്ന ഹനുമാനെ വധിക്കുന്നതിന് രാവണന്‍ അയച്ച പഞ്ചസേനാപതികളടക്കമുള്ള രാക്ഷസവീരന്‍മാര്‍ പോരില്‍ മരിച്ചപ്പോള്‍, ആ കപിവീരനെ എതിര്‍ക്കുവാന്‍ അക്ഷകുമാരന്‍ വളരെ ഉല്‍സാഹത്തോടുകൂടി പുറപ്പെട്ടതായി ആദികവി വര്‍ണിച്ചിട്ടുണ്ട്. എട്ടു കുതിരകളെ പൂട്ടിയ തേരില്‍ക്കയറി, വില്ലും ധരിച്ചു ശബ്ദമുഖരമായ സൈന്യവുമൊത്തുചെന്ന്, അക്ഷകുമാരന്‍ ഹനുമാനോട് ഗംഭീരമായി യുദ്ധം ചെയ്ത് തന്റെ പരാക്രമം പ്രകടമാക്കി.
'മുഴങ്ങിമന്നര്‍ക്കനുമുഷ്ണ രശ്മിയായ്,
മരുത്തു വീശീല വിറച്ചുപോയ് ഗിരി,
കുമാരനും കീശനുമിട്ടപോരുക-
ണ്ടിരമ്പിവാനങ്ങു, കലങ്ങിയാഴിയും.'
എന്നിങ്ങനെയുള്ള യുദ്ധവര്‍ണനയില്‍ അത് വ്യക്തമാണ്. യുദ്ധവേളയില്‍ മായാവിദ്യകൊണ്ട് ആകാശത്തേക്കുയര്‍ന്ന അക്ഷകുമാരനെ ഹനുമാന്‍ കൈത്തലംകൊണ്ട് അടിച്ചു കൊന്ന് ഭൂമിയിലേക്ക് വലിച്ചെറിഞ്ഞു. ഇന്ദ്രാദി ദേവഗണങ്ങളെയും യക്ഷപന്നഗ ഭൂതാദികളെയും മറ്റും പരാക്രമംകൊണ്ട് വിസ്മയിപ്പിച്ച അക്ഷകുമാരനെ ഇന്ദ്രപുത്രനായ ജയന്തനോടാണ് വാല്മീകി ഉപമിച്ചിട്ടുള്ളത്.
No comments:
Post a Comment