സംരക്ഷകനായ അയ്യന്
ധര്‍മ്മശാസ്താവിന്റെ വ്യത്യസ്ത നാമങ്ങളായി ദ്രാവിഡ ഭാഷകളില്‍ പ്രചുരപ്രചാരം നേടിയ നാമങ്ങളാണ് അയ്യന്, അയ്യനാര്, അയ്യപ്പന് എന്നിവ. അയ്യന്, അയ്യനാര് എന്നീ നാമങ്ങള്‍ തമിഴകത്തും, അയ്യപ്പന് എന്ന നാമം കേരളത്തിലും പ്രയോഗിച്ചു വരുന്നു.
”ആര്യ” എന്ന സംസ്കൃത ശബ്ദത്തില്‍ നിന്നാണ് പ്രാകൃതഭാഷയിലെ ”അയ്യ” ശബ്ദം രൂപം കൊണ്ടതെന്ന് കരുതപ്പെടുന്നു (മറിച്ചാണെന്ന് വാദമുണ്ട്). ശ്രേഷ്ഠന്, പ്രഭു എന്നിങ്ങനെയാണ് ആര്യ, അയ്യ ശബ്ദങ്ങളുടെ അര്‍ത്ഥം.
ശബരിമല ക്ഷേത്രം പുനരുദ്ധരിക്കുവാന്‍ ധര്‍മ്മശാസ്താവ് കൈക്കൊണ്ട അവതാരമാണ് പന്തളകുമാരനായ അയ്യപ്പന്. കൊള്ളക്കാരെ അമര്‍ച്ച ചെയ്ത് ശബരിമല ക്ഷേത്രം പുനഃനിര്‍മ്മിച്ച ശേഷം ശാസ്താവിഗ്രഹത്തില്‍ വലയം പ്രാപിച്ച വീരപുരുഷന് എന്ന സങ്കല്പവും അയ്യപ്പനുമായി ബന്ധപ്പെടുത്തി പറയപ്പെടുന്നു.
ഏ.ഡി. മൂന്നാം നൂറ്റാണ്ടു മുതലുള്ള അയ്യനാര് വിഗ്രഹങ്ങള്‍ ലഭ്യമാണ്. ഗജാരൂഢനായും അശ്വാരൂഢനായും ഇരുപത്നിമാരോടു കൂടിയവനായും അയ്യനാര് ആരാധിക്കപ്പെടുന്നു. ശാസ്താ സങ്കല്പവും ഇതേ പ്രകാരം തന്നെ. ഗ്രാമത്തിന്റെ സംരക്ഷക ദേവനായാണ് തമിഴകത്ത് അയ്യനാര് ആരാധിക്കപ്പെടുന്നത്. അതിനാല്‍ തന്നെ ഗ്രാമാതിര്ത്തികളിലായിരുന്നു അയ്യനാര് ആരാധനാകേന്ദ്രങ്ങള്.
ഗ്രാമസംരക്ഷകന്‍ എന്ന പദവി കേരളത്തില്‍ ശാസ്താവിനാണ് കല്പിച്ചു നല്‍കിയിരിക്കുന്നത്. പ്രസിദ്ധമായ പെരുവനം ഗ്രാമത്തിന്റെ നാല് അതിര്‍ത്തികളും കാക്കുന്നത് ശാസ്താവാണ് എന്ന് പ്രസിദ്ധമാണ്. തെക്ക് ഊഴത്ത് കാവിലും, വടക്ക് അകമലയിലും, പടിഞ്ഞാറ് എടത്തിരുത്തിയിലും, കിഴക്ക് കുതിരാന്‍ മലയിലും നിലകൊള്ളുന്ന ശാസ്താ ക്ഷേത്രങ്ങളാണ് വിസ്തൃതമായ പെരുവനം ഗ്രാമത്തിന്റെ അതിര്‍ത്തികള്‍.
സംരക്ഷകന്‍, കാവല്‍ദൈവം എന്നീ സ്ഥാനം കേരളത്തിലെ പല ക്ഷേത്രങ്ങളിലും പ്രത്യേകിച്ച് ഭഗവതി ക്ഷേത്രങ്ങളില്‍ ശാസ്താവിനു ലഭിച്ചിട്ടുണ്ട്. അയ്യന് എന്നതിന് സഹോദരന് എന്ന അര്‍ത്ഥവും സ്വീകരിക്കാം. അതിനാല്‍ കന്യകമാരായ ഭഗവതി എന്ന സങ്കല്പമുള്ള കേരളത്തിലെ ദേവീക്ഷേത്രങ്ങളിലെല്ലാം മുഖ്യ ഉപദേവതാ സ്ഥാനം ശാസ്താവിനാണ്. അരികന്നിയൂര് ഹരികന്യകാ ഭഗവതിയും ചോറ്റാനിക്കര ഭഗവതിയും ഉത്സവത്തിനു എഴുന്നള്ളുമ്പോള്‍ അകമ്പടിയായി ശാസ്താവും ഉണ്ടാകും. അതേപോലെ ആറാട്ടുപുഴ പൂരത്തിലും മറ്റ് പൂരങ്ങളിലും ഭഗവതിമാരോടൊപ്പം എഴുന്നള്ളുന്ന ദേവനും ശാസ്താവു തന്നെ.
ശാസ്താവും ഭഗവതിയും നാഗവും വാണിരുന്ന കാവുകളായിരുന്നു പുരാതനകേരളത്തിലെ മുഖ്യ ആരാധനാകേന്ദ്രങ്ങള് എന്നതും ശ്രദ്ധേയമാണ്. വൃക്ഷച്ചുവടുകളിലാണ് അയ്യനാര്, അയ്യന് ആരാധനാകേന്ദ്രങ്ങളും. കേരളത്തിലെ പ്രാചീനശാസ്താക്ഷേത്രങ്ങളെല്ലാം കാവുകള്‍ പരിണമിച്ച് ഉണ്ടായതാണ് എന്ന് അയ്യപ്പന് പാട്ടുകളിലെ നൂറ്റെട്ട് ശാസ്താംകാവുകളുടെ പേരുകളില്‍ നിന്നും വ്യക്തമാണ്. കേരളരക്ഷയ്ക്കായി നൂറ്റെട്ട് ശാസ്താലയങ്ങളില് ദേവപ്രതിഷ്ഠ നടത്തിയത് പരശുരാമനാണ് എന്നും ഐതിഹ്യങ്ങള്‍.
No comments:
Post a Comment