ഏകാദശികള്‍ എങ്ങനെയൊക്കെ
ആഷാഢമാസത്തിലെ വെളുത്തപക്ഷ ഏകാദശി ശയനഏകാദശി ഉത്ഥാന ഏകാദശി എന്നും അറിയപ്പെടുന്നു. ഈ ഉത്ഥാന ഏകാദശി പരമപ്രധാനമായി കരുതിവരുന്നു. ഗുരുവായൂരില്‍ ഈ ദിവസം വളരെ വിശേഷ ചടങ്ങുകളോടെ ആചരിച്ചുവരുന്നു. ഗുരുവായൂരപ്പന്റെ ഭക്തരായിരുന്ന പൂന്താനം, മേല്‍പ്പുത്തൂര്‍, കുറൂരമ്മ എന്നിവര്‍ക്കെല്ലാം ഭഗവാന്റെ ദര്‍ശനം ഉണ്ടായിട്ടുള്ളത് ഈ ദിനത്തിലാണ്.
മുജ്ജന്മങ്ങളിലെ കര്‍മങ്ങളുടെ ശ്രേഷ്ഠത കൊണ്ടാണ് ജീവന് മനുഷ്യജന്മം ലഭ്യമാകുന്നതെന്നാണ് ഭാരതീയ വിശ്വാസം. മനനശേഷിയുള്ളവനാകയാല്‍ തന്റെ ജന്മകര്‍മങ്ങളെപ്പറ്റി ചിന്തിക്കുവാനും ജന്മസാഫല്യമെന്തെന്നതിനെ തേടുവാനും അവന് അവസരം ലഭ്യമാകുന്നു. എന്നാല്‍ ശരീരം എന്നു നഷ്ടമാകുമെന്ന് അറിയാനും കഴിവില്ല. അതിനാല്‍ അതിന്റെ പരമമായ ലക്ഷ്യത്തെ മുന്നില്‍ കണ്ട് ഈ സംസാരസാഗരം കടന്നുകയറണം. അതിന് ധര്‍മാധിഷ്ഠിതമായ ജീവിതക്രമം ആചാര്യന്മാര് വിധിച്ചിരിക്കുന്നു. നിത്യവും ചെയ്യേണ്ടവയും നൈമിത്തികമായി അനുഷ്ഠിക്കേണ്ടവയും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. നാമജപം നിത്യേന ചെയ്യേണ്ടതും വ്രതങ്ങള്‍ നൈമിത്തികവുമാണ്. കാലത്തെ അടിസ്ഥാനമാക്കിയാണ് വ്രതങ്ങള്‍ കണക്കാക്കപ്പെടുന്നത്.
ആഴ്ച, തിഥി, നക്ഷത്രം ഇവയെ അവലംബമാക്കിയാണ് വ്രതങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.
ധാര്‍മിക ജീവിതത്തിന് ആരോഗ്യവും മനശുദ്ധിയും അത്യാവശ്യമാണ്. വ്രതാനുഷ്ഠാനങ്ങളില്‍ ശരീരധര്‍മങ്ങളെ വെടിഞ്ഞ് ഈശ്വരോന്മുഖമാവുകയാണ് വേണ്ടത്. വ്രതമെന്നാല്‍ അനുഷ്ഠാനം, കര്‍മം, നിഷ്ഠ എന്നൊക്കെയാണ് അര്‍ത്ഥം. ശരീരം, വാക്ക്, മനസ്സ്, ഭക്ഷണം, വസ്ത്രം ഇവയില്‍ പല നിയന്ത്രണങ്ങളും വ്രതത്തിന്റെ പ്രത്യേകതകളാണ്. ആഹാരനിദ്രാദി ശരീരധര്‍മങ്ങളെ നിയന്ത്രിച്ച് ഈശ്വരോപാസനയിലേക്ക് തിരിയലാണ് വ്രതത്തില്‍ പ്രധാനമായും വേണ്ടത്. അതിനാല്‍ ഓരോ വ്രതത്തിനും ഓരോ രീതിയിലുള്ള നിഷ്ഠകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത് പാലിക്കപ്പെടേണ്ടതാണ്.
ശരീരശുദ്ധിയോടനുബന്ധിച്ച് ശൗചാദികള്‍ പ്രധാനമാണ്. പകലുറക്കം വര്‍ജ്യവും രാത്രിയുറക്കത്തിന് അതത് വ്രതങ്ങള്‍ക്കനുസരിച്ചുള്ള ക്രമീകരണങ്ങളുമാണ്. ആഹാരം സാത്വികമായവയാകണം. ശരീരമനസ്സുകളുടെ പോഷണം വര്‍ജ്യമാണ്. വിശേഷപ്പെട്ട വസ്ത്രങ്ങള്‍ ധരിക്കല്‍ സുഗന്ധദ്രവ്യങ്ങളുടെ ഉപയോഗം, സിനിമ, ടെലിവിഷന്‍ തുടങ്ങിയ കലാസ്വാദനം പാടില്ല. മനസ്സ് ഈശ്വരസ്മരണയില് ഉറപ്പിക്കുന്നതിന് ജപങ്ങളും സത്സംഗങ്ങളും സത്ഗ്രന്ഥ പാരായണങ്ങളും ആവശ്യമാണ്. ഇഹത്തില്‍ ശരീരമനസ്സുകളുടെ ആരോഗ്യവും ശാന്തിയും പരത്തില്‍ പരമപദപ്രാപ്തിയും വ്രതങ്ങളിലൂടെ നേടാന്‍ കഴിയണം.
ഓരോ വ്രതങ്ങള്‍ക്കും അതിന്റേതായ നിഷ്ഠകളുണ്ട്. കഠിനമായും സാമാന്യമായും വ്രതങ്ങള്‍ അനുഷ്ഠിക്കുന്നവരുണ്ട്. വ്രതങ്ങളില്‍ ഏകാദശി വ്രതം പരമശ്രേഷ്ഠമാണെന്നാണ് അഭിഞ്ജമതം. പുരാണങ്ങളില്‍ അംബരീഷന്റെയും രുഗ്മാംഗദന്റെയും കഥകള്‍കൊണ്ട് ഈ ശ്രേഷ്ഠത വ്യക്തമാക്കുന്നുണ്ട്. വാവു കഴിഞ്ഞുള്ള പതിനൊന്നാമത്തെ പക്കമാണ് (തിഥി) ഏകാദശി. അന്ന് ഉപവസിച്ച് വിഷ്ണുവിനെ ആരാധിക്കുന്നു.
ഏകാദശി വ്രതത്തിന് ഏകാദശി നോക്കുകയെന്നു പറഞ്ഞുവരാറുണ്ട്. ഏകാദശി എന്നതിന്റെ തത്ഭാവമാണ് ഏകാശി. ഏക + അശി അതായത് ഒരു നേരം കഴിക്കുകയെന്നര്‍ത്ഥം. ഒരു നേരവും കഴിക്കാതെയും അരിയാഹാരങ്ങള്‍ ഉപേക്ഷിച്ചും വ്രതം നോക്കുന്നുവരുണ്ട്. അന്നേ ദിവസം ഉപവാസം അനുഷ്ഠിക്കാറുമുണ്ട്. ഉപവാസം എന്നാല്‍ അടുത്ത് ഇരിക്കലാണ്. ”ഭഗവാന്റെ സമീപത്തെ വാസം.” ”പാപങ്ങളില്‍ നിന്ന് ഉപാവര്‍ത്തിച്ച് ഗുണങ്ങളോടുകൂടിയ വാസമാണ്” ഉപവാസം. രാമായണത്തില്‍ ഉപവാസത്തിന്റെ മാഹാത്മ്യം വിശദമാക്കുന്ന സന്ദര്‍ഭമുണ്ട്. സീതാന്വേഷണത്തിന് തെക്കു ദിശയിലേക്ക് പോയ വാനരസൈന്യം ദൗത്യം പരാജയമായെന്ന ചിന്തയില്‍ പരിതപിച്ചുകൊണ്ടു പറയുന്നു.
”ക്രുദ്ധനായുള്ള സുഗ്രീവന് വധിക്കയില്‍
നിത്യോപ വാസേന മൃത്യുഭവിച്ചതു
മുക്തിക്കു നല്ലൂ നമുക്ക് പാര്‍ത്തോളം.”
ദൗത്യം പരാജയപ്പെട്ടുചെന്നാല്‍ സുഗ്രീവന് കോപിച്ചു വധിക്കും. അതിനാല്‍ ഉപവാസത്തിലൂടെ മൃത്യുവരിക്കുന്നതാണ് മുക്തിക്കു ഗുണപ്രദമായി ഭവിക്കയെന്നാണ് ചിന്തപോയത്.
ഒരു മാസത്തില്‍ തന്നെ രണ്ട് ഏകാദശികളുണ്ട്, കറുത്ത പക്കത്തിലും വെളുത്ത പക്കത്തിലും. വാവു കഴിഞ്ഞുവരുന്ന പതിനൊന്നാമത്തെ തിഥി. ഏകാദശിയും ദ്വാദശിയും ചേരുന്ന നാളില്‍ ഭഗവാന് വിഷ്ണുവിന്റെ സാന്നിധ്യമുണ്ടാകുമെന്നതാണ് വിശ്വാസം. ‘ഹരിവാസരം’ എന്നുപറയുന്നതിന്റെ കാരണവും ഇതുതന്നെ. ആ പുണ്യവേളയിലെ ഈശ്വരസ്മരണയും സത്സംഗവും ജപാദി ഈശ്വരകര്‍മങ്ങളും ഭഗവല്‍ പ്രീതിക്ക് അതിപ്രധാനമെന്നാണ് കരുതുന്നത്. രണ്ട് ഏകാദശി ഒരു മാസത്തിലുള്ളതില്‍ വെളുത്തപക്ഷത്തിലെ ഏകാദശിയാണ് വിഷ്ണുപ്രീതിക്ക് ഏറെ ഉത്തമമായിട്ടുള്ളത്. കറുത്തവാവ് (അമാവാസി) ബലികര്‍മങ്ങള്‍ക്ക് പ്രധാനമാകുന്നതുപോലെതന്നെ കറുത്തപക്ഷത്തിലെ ഏകാദശിയും പിതൃകര്‍മങ്ങള്‍ക്ക് ശ്രേഷ്ഠമാണ്.
വര്‍ഷത്തില്‍ നാലുമാസം ഭഗവാന് വിഷ്ണു യോഗനിദ്രയിലാണ്. ഈ നാലുമാസം ചാതുര്‍മാസ വ്രതകാലമാണ്. മലയാളമാസക്കണക്കനുസരിച്ച് കര്‍ക്കടകം ഏതാണ്ട് പകുതി മുതല്‍ വൃശ്ചികമാസം പകുതിവരെയാണ് ഈ കാലയളവ്. ആഷാഢമാസത്തിലെ ശുക്ലപക്ഷ ദ്വാദശിവരെയാണ് ഈ വ്രതാനുഷ്ഠാനം നടത്തുക. ആഷാഢമാസത്തിലെ വെളുത്തപക്ഷ ഏകാദശി ശയനഏകാദശി, ഉത്ഥാന ഏകാദശി എന്നും അറിയപ്പെടുന്നു. ഈ ഉത്ഥാന ഏകാദശി പരമപ്രധാനമായി കരുതിവരുന്നു. ഗുരുവായൂരില്‍ ഈ ദിവസം വളരെ വിശേഷചടങ്ങുകളോടെ ആചരിച്ചുവരുന്നു.
ഗുരുവായൂരപ്പന്റെ ഭക്തരായിരുന്ന പൂന്താനം, മേല്‍പ്പുത്തൂര്‍, കുറൂരമ്മ എന്നിവര്‍ക്കെല്ലാം ഭഗവാന്റെ ദര്‍ശനം ഉണ്ടായിട്ടുള്ളത് ഈ ദിനത്തിലാണ്. ആദിശങ്കരന് ഗുരുവായൂരിലെത്തി ശയനപ്രദക്ഷിണം നടത്തി ഭഗവാനെ പ്രാര്‍ത്ഥിച്ചതും ഈ ഏകാദശി ദിനത്തില്‍ തന്നെയാണ്. മേല്‍പ്പുത്തൂര്‍ ഭട്ടതിരി നാരായണീയം രചിച്ച് ഭഗവാനു സമര്‍പ്പിക്കാന്‍ തിരഞ്ഞെടുത്തതും ഈ സുദിനംതന്നെ. ഗുരുവായൂരില്‍ ഏറ്റവും പ്രാധാന്യം നല്കി ആചരിക്കുന്ന ഉത്ഥാന ഏകാദശി ഇന്ന് ഗുരുവായൂര്‍ ഏകാദശിയെന്നും അറിയപ്പെടുന്നു. ദശമി ദിവസം മുതല്‍ ദ്വാദശി ദിവസം സമര്‍പ്പണംവരെ തുടര്‍ച്ചയായി ഗുരുവായൂരില്‍ നടതുറന്ന് ദര്‍ശനത്തിന് അവസരം നല്കിവരുന്നു. ഉത്ഥാന ഏകാദശി ദിവസമാണ് ഭഗവാന് ശ്രീകൃഷ്ണന് അര്ജ്ജുനന് ഗീതോപദേശം നല്‍കിയത് എന്നതും ശ്രദ്ധേയമാണ്. അതിനാല്‍ ഈ ദിവസം ഗീതാദിനമായും ആചരിച്ചുവരുന്നു.
വൃന്ദാവനത്തില്‍ ഇന്ദ്രന് പേമാരികൊണ്ട് ഗോവര്‍ദ്ധന പൂജ മുടക്കാന്‍ തുടങ്ങിയപ്പോള്‍, പര്‍വതത്തെ അടര്‍ത്തിയെടുത്ത് ഗോക്കളെയും മനുഷ്യരെയും ഭഗവാന് രക്ഷിച്ചതും ഈ ദിവസമാണെന്ന് വിശ്വസിക്കുന്നു. ഈ ഗോവര്‍ദ്ധനോദ്ധാരണം നടത്തിയ അവസരത്തില്‍ കാമധേനുവിന്റെ പാലുകൊണ്ടും ദേവമാതാവായ അദിതിയുടെ നിര്‍ദ്ദേശമനുസരിച്ച് ഐരാവതത്തിന്റെ തുമ്പിക്കൈയില്‍ കൊണ്ടുവന്ന ആകാശ ഗംഗാജലംകൊണ്ടും ഇന്ദ്രന് ശ്രീകൃഷ്ണനെ അഭിഷേകം ചെയ്യുകയും ‘ഗോവിന്ദന്’ എന്ന നാമത്താല്‍ കീര്‍ത്തിക്കുകയും ചെയ്തു. ഗോവിന്ദനെന്നാല്‍ ഗോക്കളെ പരിപാലിക്കുന്നവനെന്നും ഗോവിനെ-സ്വര്‍ണത്തെ-പരിപാലിക്കുന്നവെന്നും അര്‍ത്ഥമുണ്ട്.
ഇന്ദ്രന്റെ വര്‍ഷത്തെ (മഴയെ) ഗോവര്‍ദ്ധനംകൊണ്ട് ഭഗവാന് തടഞ്ഞതായാണ് പുരാണപ്രസിദ്ധമായ കഥ. ഇന്ദ്രന്റെ വര്‍ഷമെന്നത് ഇന്ദ്രിയങ്ങളുടെ വാസനയാണ്. ജ്ഞാനമാകുന്ന കുടക്കീഴിലാക്കിയാണ് ഭഗവാന് പ്രജാവാസികളെ രക്ഷിച്ചത്. അതായത് ഇന്ദ്രിയങ്ങളെ ജ്ഞാനംകൊണ്ട് നിയന്ത്രിച്ച കഥയാണിവിടെ വിവരിക്കുന്നത്. വ്രതങ്ങളുടെ ലക്ഷ്യവും അതുതന്നെയാണല്ലോ.
അംബരീഷ രാജാവും ഏകാദശി വ്രതവും
ഏകാദശി വ്രതത്തിന്റെ മാഹാത്മ്യം വ്യക്തമാക്കുന്നതിന് പ്രധാനമായും ഉദാഹരിക്കുന്നത് അംബരീഷ രാജാവിന്റെ കഥയാണ്. ഇക്ഷ്വാകു വംശത്തിലെ പ്രസിദ്ധനായ രാജാവാണ് അംബരീഷന്. അദ്ദേഹം ഏകാദശിവ്രതം അനുഷ്ഠിക്കുകയും പ്രജകളെ വ്രതാനുഷ്ഠാനത്തിനായി പ്രേരിപ്പിക്കുകയും ചെയ്തു. ഒരിക്കല്‍ രാജാവ് രാജഭരണം മന്ത്രിയെ ഏല്‍പ്പിച്ചിച്ച് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഏകാദശീ വ്രതം ആരംഭിച്ചു. വ്രതത്തിന്റെ ഫലപ്രാപ്തിയെ ഇന്ദ്രന് ഭയന്നു. തന്റെ ഇന്ദ്രപദം തട്ടിയെടുക്കുവാന്‍ സാധ്യതയുള്ള ഈ വ്രതാനുഷ്ഠാനം എങ്ങനെയും മുടക്കണം. ആ ചുമതല ഇന്ദ്രന് ഏല്‍പ്പിച്ചത് ക്ഷിപ്രകോപിയായ ദുര്‍വ്വാസാവിനെയാണ്.
വ്രതം അനുഷ്ഠിക്കേണ്ട ദ്വാദശി നാളില്‍ ദുര്‍വ്വാസാവ് അംബരീഷന്റെ അതിഥിയായി എത്തി. രാജാവിന് സന്തോഷമായി. മഹര്‍ഷിക്ക് ഭോജനം നല്കി സന്തുഷ്ടനാക്കാനൊരവസരം ലഭിച്ചുവല്ലോ എന്നു രാജാവ് കരുതി. കുളിച്ച് ഭക്ഷണത്തിനെത്തുവാന്‍ രാജാവ് മഹര്‍ഷിയോട് പറഞ്ഞു.
വ്രതം അവസാനിപ്പിക്കേണ്ടത് ദ്വാദശി തീരുംമുന്‍പാണ്. എന്നാല്‍ വ്രതഭംഗം വരുത്തുവാനെത്തിയ ദുര്‍വ്വാസാവ് മനഃപൂര്‍വം ദ്വാദശി സമയം കഴിയുവോളം എത്തിയില്ല. മഹര്‍ഷിയെ കാത്തിരുന്നു മടുത്ത രാജാവ് ദ്വാദശി തീരുന്നതിന് അരനിമിഷംകൂടി ബാക്കിനില്ക്കുന്ന നേരത്ത് പാരണ വീടി വ്രതം അവസാനിപ്പിച്ചു. ഹവിര്‍ഭാഗം ദേവന്മാരെ ഊട്ടി. മഹര്‍ഷിക്കുള്ളത് മാറ്റിവച്ചു.
സമയം കഴിഞ്ഞെത്തിയ ദുര്‍വാസാവ്, വ്രതാനുഷ്ഠാനം കഴിഞ്ഞതറിഞ്ഞ് കോപിച്ചു. രാജാവ് പാരണ വീടിയിരിക്കുന്നു. ഇനി ഇരിക്കുന്ന ഉച്ഛിഷ്ടം തനിക്ക് വേണ്ട. കോപിച്ച മഹര്‍ഷി രാജാവിന് നേരെ തിരിഞ്ഞു. മഹര്‍ഷി ആഭിചാര കര്‍മത്തിലൂടെ ഒരു രാക്ഷസരൂപത്തെ സൃഷ്ടിച്ചു-കൃത്യ. കൃത്യ രാജാവിനെ ആക്രമിക്കാനൊരുമ്പെട്ടു. രാജാവ് വിഷ്ണുഭഗവാനെ സ്മരിച്ചു. ഏകാദശി അനുഷ്ഠിച്ച ഭക്തന്റെ രക്ഷയ്ക്കായി സുദര്‍ശന ചക്രം അവിടെയെത്തി കൃത്യയെ വധിച്ചു. അതിനുശേഷം സുദര്‍ശനം മഹര്‍ഷിക്കുനേരെ തിരിഞ്ഞു. മഹര്‍ഷി പ്രാണരക്ഷാര്‍ത്ഥം ഓടി. ഇന്ദ്രന്, ബ്രഹ്മാവ്, ശിവന്, വിഷ്ണു എന്നിവരെ ശരണംപ്രാപിച്ചിട്ടും രക്ഷയില്ലാതെ ഒടുവില്‍ അംബരീക്ഷന്റെ തന്നെ കാലില്‍ വീണ് രക്ഷ യാചിക്കുകയും രാജാവ് രക്ഷിക്കുകയും ചെയ്തു.
രുഗ്മാംഗദ ചരിതം
അയോദ്ധ്യയിലെ പ്രസിദ്ധനായ രാജാവായിരുന്നു രുഗ്മാംഗദന്. കഴിവുറ്റ ഭരണാധിപനാകയാല്‍ രാജ്യം സമ്പദ്സമൃദ്ധവും സുരക്ഷിതവുമായിരുന്നു. രാജാവിന് ഏറെ പ്രിയപ്പെട്ട ഒരു ഉദ്യാനം കൊട്ടാരത്തിനോട് ചേര്‍ന്ന് ഉണ്ടായിരുന്നു. വിവിധ ഇനത്തില്‍പ്പെട്ട പുഷ്പങ്ങള്‍ നിറഞ്ഞ മലര്‍വാടിയില്‍ കടക്കുവാനോ പൂക്കള്‍ ഇറുക്കുവാനോ ആര്ക്കുംഅനുവാദമുണ്ടായിരുന്നില്ല. ശക്തമായ കാവലും ഉദ്യാനത്തിന് ഏര്‍പ്പെടുത്തിയിരുന്നു. എന്നിട്ടും രാത്രികാലങ്ങളില്‍ പൂക്കള്‍ നഷ്ടപ്പെടുന്നതായി രാജാവ് കണ്ടെത്തി. കാവല്‍ക്കാര്‍ക്ക് കള്ളനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഒരു രാത്രിയില്‍ രാജാവ് തന്നെ ആരുമറിയാതെ ഉദ്യാനത്തില്‍ പതുങ്ങിയിരുന്നു. സമയം അര്‍ദ്ധരാത്രിയായി. ഒരു വിമാനം ഉദ്യാനത്തില്‍ പറന്നിറങ്ങി. കുറച്ചു സ്ത്രീകള്‍ അതില്‍നിന്നും പുറത്തിറങ്ങി പൂക്കളിറുത്തു. ആവശ്യത്തിന് പൂക്കള്‍ ശേഖരിച്ച അവര്‍ യാത്രക്കായി വിമാനത്തില്‍ കയറിയ തക്കത്തില്‍ രാജാവ് ചെന്ന് വിമാനം തടഞ്ഞു.
മനുഷ്യ സ്പര്‍ശമേറ്റ വിമാനം അനങ്ങാതെയായി. അപ്സരസുകളായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അവര്‍ക്ക് തിരിച്ച് സ്വര്‍ഗ്ഗലോകത്തെത്തണം. പക്ഷേ വിമാനം ചലിക്കുന്നില്ല. അപ്സരസുകള്‍ രാജാവിനെ ശപിക്കുവാന്‍ തുടങ്ങി. രാജാവ് തന്റെ നിജസ്ഥിതി അവരെ ബോധ്യപ്പെടുത്തി. ജീവിതകാലമത്രയും മുടങ്ങാതെ ഏകാദശി നോറ്റ പുണ്യാത്മാക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ വന്നുതൊട്ടാല്‍ വിമാനം പറന്നുയരുമെന്ന് അപ്സരസുകള്‍ അറിയിച്ചു. അപ്രകാരം ഉള്ള ഒരാളിനുവേണ്ടി അന്വേഷിക്കാന്‍ രാജാവ് ഭടന്മാരെ ഏര്‍പ്പാടാക്കി. അവര്‍ രാജ്യം മുഴുവന്‍ തിരക്കി.
ഒടുവില്‍ അന്വേഷണം വിജയിച്ചു. ജീവിതകാലത്തിലൊരിക്കലും ഏകാദശീവ്രതം മുടക്കാത്ത വൃദ്ധമാതാവിനെ കണ്ടെത്താന്‍ കഴിഞ്ഞു. അവര്‍ വന്ന് തൊട്ടയുടനെ വിമാനം പറന്നുയര്‍ന്നു. ഏകാദശീ വ്രതത്തിന്റെ മഹത്വം മനസ്സിലാക്കിയ രാജാവ് വ്രതം അനുഷ്ഠിക്കുവാന്‍ തുടങ്ങുകയും തന്റെ പ്രജകളെ അതിനായി പ്രേരിപ്പിക്കുകയും ചെയ്തു.
No comments:
Post a Comment