ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 December 2016

ആചാര വിചാരങ്ങള്‍:

ആചാര വിചാരങ്ങള്‍:

ഭാരതീയമായ ജീവിത ചര്യ തന്നെ ആണ് ഹിന്ദു ധര്‍മം. അതിനാല്‍ ഹിന്ദു മതമെന്ന പ്രയോഗത്തെക്കാള്‍ ഹിന്ദു ധര്‍മം എന്നതാണ് ശരി. ധര്‍മം ജീവിത രീതി ആയതിനാല്‍ അത് ഹിന്ദു ധര്‍മം എന്നറിയപ്പെടുന്നു.

ആചാരാത് പ്രഭവോ ധര്‍മ്മ: ധര്‍മസ്യ പ്രഭവോച്യുത:

ആചാരങ്ങളിലൂടെ ധര്‍മം ശോഭിക്കുന്നു. ധര്‍മ പന്ഥാവിലൂടെ ഈശ്വരന്‍ (നന്മകള്‍) വിളങ്ങുന്നു. ഹിന്ദു ധര്‍മം എന്നത് അനവധി ആചാരങ്ങളിലൂടെ ഉള്ള ജീവിത രീതിയാണ്. അതനുഷ്ടിക്കുന്നത് തന്നെ ആണ് ഈശ്വര സാക്ഷാത്കാര മാര്‍ഗവും എന്ന് വ്യക്തമാകുന്നു. രാഷ്ട്രം വ്യക്തികളുടെ ഏകീ ഭാവം ആകുന്നതു പോലെ, ധര്‍മം നന്മ നിറഞ്ഞ ആചാരങ്ങളുടെ അഥവാ സാദാചാരങ്ങളുടെ സമാഹാരമാണ്.

ആചാരങ്ങള്‍ മൂന്നു വിധം ഉണ്ട്.
1. സദാചാരം
2. അനാചാരം
3. ദുരാചാരം
എന്നിവ ആണ് അവ. ആധുനിക കാലഘത്തിലും ശാശ്വതമായ സദ്‌ ഫലങ്ങള്‍ ഉളവാക്കുന്ന ആചാരങ്ങള്‍ ആണ് സദാചാരങ്ങള്‍. അതാതു കാലത്തിനും, ദേശത്തിനും അനുയോജ്യമാല്ലാത്തതും അത് പോലെ സമൂഹത്തിനു ഒരു പ്രയോജനവും ഇല്ലാത്തതുമായ ആചാരങ്ങള്‍ പണ്ട് അനുഷ്ടിച്ചിരുന്നു എന്നാ ഒരു കാരണത്താല്‍ മാത്രം ആചരിച്ചു പോരുന്നു എങ്കില്‍ അവയെ അനാചാരങ്ങള്‍ എന്ന് പറയാം. താല്കാലികമായ നന്മ ഉണ്ടെങ്കില്‍ പോലും ശ്വാശ്വതമായ തിന്മ ഉളവാക്കുന്ന ആചാരങ്ങള്‍ ആണ് ദുരാചാരങ്ങള്‍.

വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമഗ്രമായ ആയുരാരോഗ്യ ഐശ്വര്യങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് സദാചാരങ്ങള്‍.

യദ്യദാചരതി ശ്രേഷ്ഠ തത്തദേവേതരോജനാ :
സ യാദ് പ്രമാണം കുരുതേ ലോകസ്തദനുവര്‍ത്തതേ

ശ്രേഷ്ഠന്മാര്‍ ആചരിക്കുന്നതെന്താണോ, അത് തന്നെ മറ്റു ജനങ്ങള്‍ അനുശാസിക്കുന്നു. ശ്രേഷ്ടന്മാര്‍ ഉണ്ടാക്കുന്ന പ്രമാനമാണ് ലോക ജനത അംഗീകരിക്കുന്നതും അനുഷ്ടിക്കുന്നതും. അതായത് ഗുരുക്കന്മാര്‍/ശ്രേഷ്ഠന്മാര്‍ മുതലായവര്‍ ജനങ്ങള്‍ക്ക്‌ ഉചിതമായ രീതിയില്‍ തന്നെ വേണം പെരുമാറാനും, പ്രതികരിക്കാനും, ജീവിക്കാനും.

ആചാരാത് ലഭതെഹ്യായു:
ആചാരാത് ലാഭത്തെ ധനമക്ഷയം
ആചാരത് ലാഭത്തെ സുപ്രജാ
ആരോഗ്യമുത്തമം ച ലാഭത്തെ

ആയുസും, ധനവും നല്ല സഹ പ്രവര്‍ത്തകരും ആരോഗ്യവും ലഭിക്കുന്നതിനു സദാചാരനുശാസനം സഹായിക്കുന്നു.

ആചാര്യന്മാര്‍:

ആചിനോതി ച ശാസ്ത്രാര്‍ത്താന്‍
ശിഷ്യാന്‍ സാധയാതെ സുധി
സ്വയമാചരതി ചൈവ
സ ആചാര്യ ഇതി സ്മൃത:

ശാസ്ത്രീയമായി അർത്ഥസാരങ്ങള്‍ ഗ്രഹിക്കുവാന്‍ കഴിവുള്ളവനും അത് ശിഷ്യന്മാര്‍ക്ക് എളുപ്പത്തില്‍ ഉപദേശിച്ചു കൊടുത്ത് പഠിപ്പിക്കുകയും സ്വയം ജീവിതത്തില്‍ ആചരിക്കുകയും ചെയ്യുന്ന വ്യക്തിയെ ആചാര്യനായി സ്മരിക്കപ്പെടുന്നു. അതായത് സ്വയം ആചരിച്ചു കാണിക്കുന്നവരെ മാത്രമേ പൂര്‍ണമായ തോതില്‍ ആചാര്യന്‍ എന്ന് വിളിക്കാന്‍ സാധിക്കൂ എന്നര്‍ത്ഥം.

ആചാര്യാത് പാദമാദത്തെ
പാദം ശിഷ്യ സ്വമേധയാ
പാദം സ ബ്രഹ്മചാരിഭ്യ
ശേഷം കാലക്രമേണ ച :

ആചാര്യനില്‍ നിന്ന് കാല്‍ ഭാഗവും ശിഷ്യന്‍ സ്വമേധയാ കാല്‍ ഭാഗവും ബാക്കി കാല്‍ ഭാഗം മറ്റുള്ളവരുമായി ചേര്‍ന്ന് ചര്‍ച്ച ചെയ്തും ഉള്‍ക്കൊള്ളേണ്ടതാണ് . അവസാനത്തെ കാല്‍ ഭാഗം കാലക്രമേണ ജീവിതാനുഭവത്തിലൂടെ കണ്ടും കെട്ടും മനസിലാക്കേണ്ടതാണ്.

എന്നാല്‍ ഇവയെല്ലാം എങ്ങനെ ആണ് ശാസ്ത്രീയമായി പഠിക്കുക?

സാക്ഷാത് അനുഭാവൈര്‍ ദൃഷ്ടോ
ന ശ്രുതോ ന ഗുരുദർശിതോ
ലോകാനാം ഉപകാരായ
ഏതത് സര്‍വം പ്രദര്‍ശിതം

സ്വന്തം അനുഭവത്തില്‍ നിന്നായിരിക്കണം പഠിച്ചറിയേണ്ടത്. കേട്ട് കേള്‍വിയോ, ഗുരു വചനങ്ങളോ അതെ പടി പകര്‍ത്തേണ്ടതില്ല.

സ്വ ഗ്രാമേ പൂര്‍ണമാചാരം
അന്യ ഗ്രാമേ തദര്‍ദ്ധകം
പട്ടണേ തു തത്പാദം
യാത്രെ ശൂദ്രാദാചരരേത്

സ്വ ഗ്രാമത്തില്‍ ആചാരങ്ങള്‍ പൂര്‍ണമായും അനുശാസിക്കേണ്ടതാണ്. മറ്റൊരു ഗ്രാമത്തില്‍ അതിന്റെ പകുതിയും, പട്ടണത്തില്‍ കാല്‍ ഭാഗവും, യാത്രാ വേളയില്‍ യുക്തിക്കനുസരിച്ചും ആചാരങ്ങള്‍ ഒഴിവാക്കാവുന്നതാണ്.

എപ്പോഴെങ്കിലും ആചാരത്തിന്റെ സാധുതയെ കുറിച്ച് സംശയം വരുക ആണെങ്കില്‍ ശാസ്ത്രം പ്രമാണം, എന്ന പ്രമാണവും, ശാസ്ത്ര വിവരണം ഇല്ലെങ്കില്‍ ആപ്തവാക്യം (ശ്രേഷ്ടന്മാരുടെ ഉപദേശം) അനുസരിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്.

അതിനാല്‍ ആചാരങ്ങളെ ഇങ്ങനെ ചുരുക്കാം:

സമൂഹത്തിന്റെ കെട്ടുറപ്പ്, കുടുംബത്തിന്റെ ഭദ്രത, ചിട്ടയായ ജീവിതം, വ്യക്തിക്കും ചുറ്റുപാടുകള്‍ക്കും ഇടയ്ക്കുള്ള സുദൃഢ ബന്ധം ഇവയെല്ലാം കണ്ടെത്താനുള്ള മാര്‍ഗം സ്വയം സൃഷ്ടിക്കുവാന്‍ പ്രകൃതി നല്‍കിയ പുരാതനവും ആധുനികവുമായ പന്ഥാവ് ആണ് ആചാരങ്ങളുടെ അനുശാസനത്തിലൂടെ ഉള്ള ധാര്‍മിക ജീവിത രീതി.

No comments:

Post a Comment