ശ്രീകൃഷ്ണന്റെ കിരീടം
ഭാസുരാംഗന്’ എന്നൊരാള്‍ ജീവനപുരി എന്ന നാട്ടില്‍ താമസിച്ചിരുന്നു. ആ പേരിന്റെ അര്‍ത്ഥമെന്തെന്നോ? ‘സുന്ദരമായ ശരീരമുള്ളവന്’ എന്ന്. പക്ഷേ, നമ്മുടെ ഭാസുരാംഗന് ആളൊരു കള്ളനായിരുന്നു!
ഒരുദിവസം അവന് ഒരമ്പലത്തില് ചെന്നു. അതിനുള്ളില്‍ ഒരു ഭക്തന് ശ്രീകൃഷ്ണന്റെ കഥകള്‍ പറയുകയായിരുന്നു. അദ്ദേഹം ശ്രീകൃഷ്ണന്റെ കിരീടത്തെക്കുറിച്ച് വര്‍ണിച്ചു. കിരീടത്തില്‍ നവരത്നങ്ങള്‍ പതിച്ചിട്ടുണ്ടെന്നും തനിത്തങ്കത്തില്ത്തീര്ത്തതാണെന്നും അദ്ദേഹം പറഞ്ഞു. അതു കേട്ടപ്പോള്‍ ഭാസുരാംഗന് വലിയ കൊതി തോന്നി. ഭക്തന് കഥപറച്ചില്‍ കഴിഞ്ഞ് അമ്പലത്തിനു പുറത്തു കടന്നുപോകാന്‍ ഭാവിച്ചു. അപ്പോള്‍ ഭാസുരാംഗന് അദ്ദേഹത്തോട് ചോദിച്ചു: ”അങ്ങ് വര്‍ണിച്ച കിരീടം ആരുടേതാണ്?”
ഭക്തന് ചിരിച്ചു: ”കിരീടത്തിന്റെ കാര്യം മാത്രമേ നിന്റെ മനസ്സില്‍ പതിഞ്ഞുള്ളൂ, അല്ലേ? കൃഷ്ണന്റെ കിരീടമാണത്.”
ഭാസുരാംഗന് ഉടന്‍ ചോദിച്ചു: ”ഇപ്പറഞ്ഞ കൃഷ്ണന് എവിടെയാണ് താമസം?”
ഭക്തന് വീണ്ടും ചിരിച്ചു: ”ദ്വാരക എന്ന സ്ഥലത്താണ് കൃഷ്ണന്റെ താമസം.”
ഭാസുരാംഗന് വിട്ടില്ല. ”ദ്വാരക എവിടെയാണ്?,
അതു കൂടി പറഞ്ഞുതരൂ.”
ഭക്തന് പറഞ്ഞുകൊടുത്തു: ”കുറച്ചുകൂടി വടക്കോട്ടു പോയാല്‍ ദ്വാരകയിലെത്തും!”
ദ്വാരകയില്‍ എങ്ങനെയെങ്കിലും ചെന്നെത്തി കിരീടം മോഷ്ടിക്കണമെന്ന് അവന് നിശ്ചയിച്ചു. അവന് മറക്കാതിരിക്കാന്‍വേണ്ടി ‘കൃഷ്ണന്, ദ്വാരക’ എന്നിങ്ങനെ ഉരുവിട്ടുകൊണ്ട് വടക്കോട്ടു നടന്നു. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും അവന് ആ രണ്ടു വാക്കുകള്‍ മാത്രം ഇടവിടാതെ ഉരുവിട്ടു.
കുറെക്കാലമായി തന്റെ പേരും ഉരുവിട്ടുനടക്കുന്ന ഭാസുരാംഗനെ അനുഗ്രഹിക്കാന്‍ ശ്രീകൃഷ്ണന് നിശ്ചയിച്ചു. അദ്ദേഹം അവനെ കാത്ത് ദ്വാരകയുടെ പടിക്കല്‍ നിന്നു. അവന് അന്വേഷിച്ചന്വേഷിച്ച് ദ്വാരകയിലെത്തിയപ്പോള്‍ കൃഷ്ണന് കിരീടവും കൈയില്‍ പിടിച്ചുനില്‍ക്കുന്നതാണ് കണ്ടത്.
ഭഗവാന് അവനോട് പറഞ്ഞു: ”ചങ്ങാതീ, ഞാന്‍ തീര്‍ഥയാത്രയ്ക്ക് പുറപ്പെട്ടുനില്ക്കുകയാണ്. ഈ കിരീടം ആരെയാണ് സൂക്ഷിക്കാനേല്പിക്കേണ്ടതെന്നറിയുന്നില്ല. താങ്കളോട് എനിക്ക് വളരെ സ്നേഹവും വിശ്വാസവും തോന്നുന്നു. താങ്കള്‍ ഈ കിരീടം കാത്തുസൂക്ഷിക്കുമോ?”, കൃഷ്ണന് കിരീടം ഭാസുരാംഗന്റെ കൈയില്‍ കൊടുത്തു.
മോഷ്ടിക്കണമെന്നു വിചാരിച്ച കിരീടം യാതൊരു പ്രയാസവും കൂടാതെ കൈയില്‍ കിട്ടിയപ്പോള്‍ ഭാസുരാംഗന് അതില്‍ ഭ്രമം തോന്നിയില്ല! വളരെക്കാലമായി കൃഷ്ണനാമം ഇടവിടാതെ ജപിച്ചുകൊണ്ടിരുന്നതിനാല്‍ അവന് ലോക സുഖങ്ങളില്‍ ഉള്ള താത്പര്യം നശിച്ചുപോയിരുന്നു. അവന് കിരീടത്തിലേക്ക് നോക്കിയപ്പോള്‍ കൃഷ്ണന്റെ പുഞ്ചിരിതൂകുന്ന മുഖമാണ് കണ്ടത്.
അവന് ഭഗവാന്റെ കാല്ക്കല് വീണ് നമസ്കരിച്ചു. ആ കിടപ്പില്‍ത്തന്നെ മരിച്ച് വൈകുണ്ഠലോകത്തില്‍ എത്തി മോക്ഷം നേടുകയും ചെയ്തു.
No comments:
Post a Comment