വടക്കുന്നാഥക്ഷേത്രം
***********************
തൃശ്ശൂർ നഗരത്തിലുള്ള വിസ്തൃതമായ, ചെറിയ കുന്നായ, തേക്കിൻകാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുന്നാഥക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീവടക്കുംനാഥൻ ക്ഷേത്രത്തിന് തൃശൂരുമായി വളരെ അധികം ചരിത്രപ്രധാനമായ ബന്ധമാണുള്ളത്. ശക്തൻ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ പുനർനിർമ്മിച്ചത്. ക്ഷേത്രം 20 ഏക്കർ വിസ്താരത്തിൽ തൃശൂർ നഗരത്തിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്നു. നാലുദിക്കുകളിലായി നാലു മഹാഗോപുരങ്ങൾ ഉണ്ട്. വടക്കുംനാഥന്റെ മഹാപ്രദക്ഷിണവഴിയാണ് സ്വരാജ് റൗണ്ട് എന്നറിയപ്പെടുന്നത്. 108 ശിവാലയ സ്തോത്രത്തിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന മഹാദേവക്ഷേത്രമാണിത്.
വടക്കുംനാഥക്ഷേത്ര നിർമ്മാണം പെരുന്തച്ചൻറെ കാലത്ത് നടന്നതാണെന്ന് പറയപ്പെടുന്നു. പെരുന്തച്ചൻറെ കാലം ഏഴാം നൂറ്റാണ്ടിലാകയാൽ ക്ഷേത്രത്തിനും കൂത്തമ്പലത്തിനും 1300 വർഷത്തെ പഴക്കം ഉണ്ടാകുമെന്ന് കരുതുന്നു. മുമ്പിൽ വലിയ നമസ്കാരമണ്ഡപങ്ങളുള്ള വലിയ വട്ട ശ്രീകോവിലിലാൺ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാട്ടഭിമുഖമായാൺ പ്രതിഷ്ഠ. ക്ഷേത്രത്തിലെ മൂന്ന് പ്രധാന പ്രതിഷ്ഠകളാണ് (പരമശിവൻ, ശങ്കരനാരായണൻ, ശ്രീരാമൻ) ഉള്ളത്. ശിവന്റെ പിറകിൽ കിഴക്കോട്ട് ദർശനമായി പാർവ്വതിയുമുണ്ട്. അതുമൂലം അനഭിമുഖമായ ഈ പ്രതിഷ്ഠകൽ അർദ്ധനാരീശ്വരസങ്കൽപ്പത്തിൽ കാണപ്പെടുന്നു. പിന്നെ ഗണപതിയും. ശിവൻ രൗദ്രഭാവത്തിലാണ് ഇവിടെ വാഴുന്നത്. അത് കുറയ്ക്കാനായി പടിഞ്ഞാറേച്ചിറ എന്നപേരിൽ ഭഗവാന്റെ രൗദ്രത കുറയ്ക്കാനായി ഒരു വലിയ ചിറ ഭഗവാന്റെ ദർശനവശമായ പടിഞ്ഞാറുഭാഗത്ത് നിർമ്മിച്ചിട്ടുണ്ട്.
ഇതും പോരാതെ വന്നപ്പോഴാണ് മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമനെ പ്രതിഷ്ഠിച്ചത്. ശൈവവൈഷ്ണവശക്തികൽ കൂടിച്ചേർന്ന് ശങ്കരനാരായണനുമുണ്ടായി. വട്ട ശ്രീകോവിലിൽ മൂന്നാമത്തെ അറയായ ഗർഭഗൃഹത്തിനുള്ളിൽ നെയ്യ് കൊണ്ട് മൂടി ജ്യോതിർലിംഗമായി ദർശനമരുളുന്നു. ജ്യോതിർലിംഗത്തിൽ ഏകദേശം എട്ടൊമ്പതടി ഉയരത്തിൽ 25 അടിയോളം ചുറ്റളവിൽ നെയ്മല സൃഷ്ഠിക്കപ്പെട്ടിരിക്കുകയാണ്. അന്തരീക്ഷത്തിലെ താപവും ദീപങ്ങളുടെ ചൂടും കൊണ്ടുപോലും ഇതിനു നാശം സംഭവിക്കുന്നില്ല. ശിവലിംഗം കാണാൻ കഴിയാത്ത ഏകക്ഷേത്രം കൂടിയാണ് വടക്കുംനാഥക്ഷേത്രം. നെയ്മലയിൽ ദർശനത്തിനുവേണ്ടി ചന്ദ്രക്കലകൾ ചാർത്തുന്നുണ്ട്. നെയ്മല ഇടിയുകയാണേങ്കിൽ ആ ഭാഗത്തുള്ള ദേശങ്ങൾക്ക് അനിഷ്ഠം സംഭവിക്കുമെന്നു് കരുതുന്നു.
ഉപദേവതകളായി ചുറ്റമ്പലത്തിനു പുറത്ത് വേട്ടേക്കരൻ, ശ്രീകൃഷ്ണൻ (ഗോശാലകൃഷ്ണൻ), പരശുരാമൻ, അയ്യപ്പൻ, നാഗദേവതകൾ, ശിവഭൂതഗണങ്ങളായ നന്തികേശ്വരൻ, ഋഷഭൻ,സിംഹോദരൻ എന്നിവരെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ക്ഷേത്രത്തിനകത്ത് ഒരു വലിയ കൂത്തമ്പലം ഉണ്ട്. ശ്രീ ശങ്കരാചാര്യരുടെ സമാധിയും പ്രതിഷ്ഠയും ക്ഷേത്രത്തിനകത്ത് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ മഹാവിഷ്ണുവിന്റെ ആയുധങ്ങളായ ശംഖചക്രങ്ങളുമുണ്ട്. വടക്കുകിഴക്കുഭാഗത്തായി അർജുനന്റെ വിൽക്കുഴി കാണാവുന്നതാണ്. വടക്കുഭാഗത്തായി ആന കൊട്ടിൽ സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിനുപുറത്തായി പടിഞ്ഞാറ് ഭാഗത്ത് നടുവിലാൽ ഗണപതിപ്രതിഷ്ഠയുണ്ട്, തെക്കുഭാഗത്തായി മണികണ്ഠനാലിൽ ഗണപതിയെയും സുബ്രഹ്മണ്യനെയും പ്രതിഷ്ഠിച്ചിരിക്കുന്നു. പിതാവായ മഹാദേവന് അഭിമുഖമായാണ് ഇരുവരും വാഴുന്നത്.
ക്ഷേത്രത്തിൻറെ പ്രദക്ഷിണവഴിയുടെ വടക്കുഭാഗത്ത് ഒരു വലിയ കൂത്തമ്പലം ഉണ്ട്. കേരളത്തിലെ ഏറ്റവും വലുതും ലക്ഷണമൊത്തതുമായ കൂത്തമ്പലമാണിത്. വടക്കുംനാഥന്റെ പ്രധാന വഴിപാടാണ് നെയ്യഭിഷേകം.
പരമശിവനും അർജുനനും തമ്മിൽ നടന്ന യുദ്ധത്തിൽ ശിവനുണ്ടായ ആഘാതത്തിൻ ധന്വന്തരമൂർത്തി വിധിച്ച ചികിത്സയാണ് നെയ്യഭിഷേകമെന്ന് ഐതിഹ്യമുണ്ട്. ഇവയെ കൂടാതെ ഗണപതിക്ക് ഒറ്റപ്പം നിവേദിക്കൽ, അയ്യപ്പന് പുഷ്പാഭിഷേകം എന്നിവയും വഴിപാടുകളിൽ വരും. കതിനവെടി മറ്റൊരു വഴിപാടാണ്. ഉത്സവമില്ലാത്ത ദേവനാണ് വടക്കുന്നാഥൻ. വടക്കുംനാഥൻ ക്ഷേത്രത്തിലെ ദേവന്മാർക്ക് ഉത്സവാഘോഷമോ പുരമോ ഇല്ല. പണ്ട് കാലത്ത് ഉത്സവമുണ്ടായിരുന്നെന്നും അത് പിന്നീട് മുടങ്ങിയെന്നും പറയുന്നു. ലക്ഷദീപങ്ങൾ തെളിയിച്ചും പുഷ്പങ്ങളാൽ അലങ്കരിച്ചും ആഘോഷിക്കുന്ന ശിവരാത്രി ഉത്സവമാണ് ഇവിടെ പ്രധാനം. ലോക പ്രസിദ്ധമായ തൃശൂർ പൂരം ശ്രീവടക്കുംനാഥന്റെസാനിധ്യത്തിലാണ് നടക്കുക. തൃശൂർ പൂരം നാളിൽ കൈലാസനാഥനെ കണ്ട് വന്ദിക്കാൻ ചുറ്റുവട്ടത്തിൽനിന്നു ദേവിദേവന്മാർ എഴുന്നള്ളിയെത്തും. തൃശൂർ പൂരമെന്നത് പല പല ക്ഷേത്രങ്ങളിൽ നിന്ന് എഴുന്നെള്ളിച്ച് വന്ന ക്ഷേത്രമൈതാനിയിലേക്ക് തിരിച്ചുപോകുന്നതിനെയാണ് സൂചിപ്പിക്കുന്നത്. അതിൽ തന്നെ പാറമേക്കാവ് പൂരം മാത്രമേ ക്ഷേത്രമതിൽക്കെട്ടിനകത്തേക്ക് പ്രവേശിക്കുന്നുള്ളൂ. വടക്കുന്നാഥൻ ഈ പൂരത്തിന്റെ സാക്ഷി മാത്രമാണ്.
തൊഴേണ്ട രീതികൾ
-------------------------------
ആദ്യം ശ്രീമൂലസ്ഥാനത്ത് തൊഴുക. പടിഞ്ഞാറേ ഗോപുരത്തിനുപുറത്ത് കിഴക്കോട്ട് ദർശനമായാണ് ശ്രീമൂലസ്ഥാനം. ഇവിടെയാണ് പരശുരാമൻ ശിവപ്രതിഷ്ഠ നടത്തിയതെന്ന് ഐതിഹ്യമുണ്ട്. അതിനാൽ ആ പേരുവന്നു, ഇവിടെ ദിവസവും വിളക്കുവയ്ക്കാറുണ്ട്. എന്നിട്ട് പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്തുകടന്ന് കൂത്തമ്പലത്തിനടുത്ത് കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ചിട്ടുള്ള ശ്രീകൃഷ്ണനെ വന്ദിക്കുക. എന്നിട്ട് പ്രദക്ഷിണമായി വടക്കേ നടയിലെത്തിയശേഷം അവിടെയുള്ള ഒരു ചെറിയ കോവിലിൽ കാണപ്പെടുന്ന ശിവഭൃത്യനായ ഋഷഭനെ തൊഴുക. ഋഷഭൻ സദാ ധ്യാനനിമഗ്നനാണ്.ഋഷഭൻ നഗ്നനുമാണെന്നാണ് സങ്കൽപ്പം. അതിനാൽ നമ്മുടെ വസ്ത്രത്തിൽ നിന്നും ഒരു നൂലെടുത്തുവച്ച്, കൈകൊട്ടി ഉണർത്തിയശേഷം മാത്രമേ വന്ദിക്കാവൂ.
തുടർന്ന് വടക്കുവശത്തുള്ള ഓവിനരികിലൂടെ വടക്കുന്നാഥനുമുന്നിലെത്തുക. വടക്കുന്നാഥനെ ദർശിച്ചശേഷം പടിഞ്ഞാറേ നാലമ്പലക്കെട്ടിൽ കാണപ്പെടുന്ന അനന്തപത്മനാഭനെയും ശിവന്റെ വാഹനമായ നന്തികേശ്വരനെയും വന്ദിക്കുക. തുടർന്ന് വീണ്ടും നാലമ്പലത്തിനകത്തുകടന്ന് വടക്കുന്നാഥനെ വന്ദിച്ചശേഷം കിഴക്കേ നടയിൽ പ്രതിഷ്ഠിച്ചിട്ടുള്ള പാർവതിയെയും തെക്കുപടിഞ്ഞാറുഭാഗത്ത് പ്രതിഷ്ഠിച്ചിട്ടുള്ള ഗണപതിയെയും വന്ദിക്കുക. പിന്നീട് ശങ്കരനാരായണനെയും ശ്രീരാമനെയും വന്ദിച്ചുകഴിഞ്ഞാൽ കിഴക്കോട്ട് തിരിഞ്ഞുനിന്ന് സൂര്യനമസ്കാരം നടത്തേണ്ടതുമുണ്ട്. പിന്നെയും പലരീതിയിലും വന്ദനം നടത്തേണ്ടതുണ്ട്.
നാലമ്പലത്തിനുപുറത്തുകടന്നാൾ വടക്കുകിഴക്കേമൂലയിൽ പടിഞ്ഞാട്ട് ദർശനമായി വാഴുന്ന പരശുരാമനെയാണ് ആദ്യം വന്ദിക്കേണ്ടത്. പിന്നീട് വടക്കുന്നാഥനുപിന്നിൽ പടിഞ്ഞാട്ട് ദർശനമായി വാഴുന്ന ശിവഭൃത്യനായ സിംഹോദരനെ വന്ദിക്കുക. സിംഹത്തിന്റേതുപോലുള്ള വയറോടുകൂടിയവൻ എന്നാണ് സിംഹോദരൻ എന്ന വാക്കിന്റെ അർത്ഥം. ഈ പ്രതിഷ്ഠയ്ക്കുപിന്നിൽ ഒരു ഐതിഹ്യമുണ്ട്.
സിംഹോദരൻ പെട്ടെന്ന് ശിവപുരത്തെ (ഇന്നത്തെ തൃശ്ശൂർ തന്നെ!) ഋഷഭാദ്രിയിലേക്ക് പോയ വിവരമറിഞ്ഞ് ശിവനും പാർവതിയും അവിടേക്ക് പുറപ്പെട്ടു. വഴിയരികിൽ അവർ വിശ്രമിച്ച സ്ഥലത്താണ് ഇന്ന് പൂങ്കുന്നം ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഋഷഭാദ്രിയിലെത്തിയപ്പോഴേക്കും അവിടെ സിംഹോദരൻ ഉറച്ചുകഴിഞ്ഞിരുന്നു. ഒടുവിൽ ശിവപാർവതിമാരും അവിടെ ഉറച്ചു.
ഇവിടെനിന്നും ഒരല്പം വടക്കുപടിഞ്ഞാറുമാറി നാലമ്പലച്ചുവരിൽ ഒരു വലിയ ദ്വാരമുണ്ട്. ഇതിലൂടെ വടക്കുന്നാഥനെ ദർശിച്ചശേഷം വടക്കുകിഴക്കോട്ട് തിരിഞ്ഞുനിന്ന് ക്ഷേത്രേശനെ കാശീവിശ്വനാഥനായി സങ്കല്പിച്ചുകൊണ്ട് തൊഴുക. അവിടെത്തന്നെ തെക്കുകിഴക്കോട്ട് തിരിഞ്ഞുനിന്നുകൊണ്ട് ചിദംബരനാഥനായ നടരാജമൂർത്തിയെയും വന്ദിക്കുക.
പിന്നീട് തെക്കുപടിഞ്ഞാറുഭാഗത്തെത്തിയാൽ ഒരു ആൽത്തറയിൽ കയറിനിന്ന് കൂടൽമാണിക്യസ്വാമിയെയും കൊടുങ്ങല്ലൂരമ്മയെയും ഊരകത്തമ്മയെയും വന്ദിക്കുക. അവിടെത്തന്നെ വടക്കോട്ട് തിരിഞ്ഞുനിന്ന് മുഖ്യപ്രതിഷ്ഠകളെ വന്ദിക്കുക. ഇതിന് പടിഞ്ഞാറുള്ള ആൽത്തറയിൽ മഹാഭാരതകർത്താവായ വേദവ്യാസനെ തൊഴുത് 'ഓം ഹരിശ്രീ ഗണപതയേ നമഃ' എന്ന മന്ത്രം എഴുതുക.ശ്രീ അയ്യപ്പനേയും സങ്കൽപ്പ ഹനുമാനേയും തൊഴണം. പിന്നീട് തെക്കുപടിഞ്ഞാറേമൂലയിലാണ്, മൃതസഞ്ജീവനിത്തറ. രാമരാവണയുദ്ധത്തിനിടയിൽ രാവണപുത്രനായ ഇന്ദ്രജിത്തിൽനിന്നും പ്രഹരമേറ്റുവാങ്ങിയ ലക്ഷ്മണനെ രക്ഷിക്കാൻ മൃതസഞ്ജീവനിയുമായി ഹനുമാൻ ഹിമാലയത്തിൽനിന്നും ലങ്കയിലേക്കുപോകുന്ന വഴിയിൽ മലയുടെ ഒരുഭാഗം ഇവിടെ അടർന്നുവീണുവെന്നും അങ്ങനെയാണ് ഇതുണ്ടായതെന്നും പറയപ്പെടുന്നു. അതിനാൽ ഇവിടെ ഹനുമാനെ സങ്കല്പിച്ച് വിളക്കുവെപ്പുണ്ട്. ഇവിടത്തെ പുല്ല് പറിച്ച് തലയിൽതൊട്ടാൽ ഒരുവർഷത്തേക്ക് തൊടുന്നയാളുടെ ബന്ധുക്കളാരും മരിക്കില്ലെന്ന് വിശ്വസിക്കപ്പെടുന്നു.
അയ്യപ്പനെയും സങ്കല്പഹനുമാനെയും വന്ദിച്ചശേഷം ഇതിനും തെക്കുപടിഞ്ഞാറ് കാണപ്പെടുന്ന വേട്ടയ്ക്കൊരുമകനെ വന്ദിക്കുക. വേട്ടേക്കരൻ എന്നും ഇതിനെ പറയാറുണ്ട്. കിരാതമൂർത്തിയായ പരമശിവനാണെന്നും അതല്ല അയ്യപ്പനാണെന്നും അതുമല്ല ശിവപുത്രനാണെന്നും വേട്ടയ്ക്കൊരുമകനെപ്പറ്റി വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. എന്തിരുന്നാലും ശിവലിംഗം പോലെയാണ് ഈ നടയിലെ വിഗ്രഹം. കിഴക്കോട്ടാണ് ദർശനം.
2005 വരെ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് വടക്കുവശത്ത് തെക്കോട്ട് ദർശനമായാണ് വേട്ടയ്ക്കൊരുമകനെ പ്രതിഷ്ഠിച്ചിരുന്നത്. എന്നാൽ ആ സ്ഥാനം ശരിയല്ലെന്ന് 2005-ലെ ദേവപ്രശ്നത്തിൽ പറഞ്ഞിരുന്നു. അതുമൂലമാണ് പുതിയ ശ്രീകോവിൽ പണിതത്. ഇന്ന് അവിടെവച്ചാണ് ക്ഷേത്രത്തിലെ നിവേദ്യവസ്തുക്കളായ അപ്പം, പായസം തുടങ്ങിയവ വിതരണം ചെയ്യപ്പെടുന്നത്.
ഇതിന് വടക്കുവശത്ത് നാഗദേവതകളെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇവിടെ കന്നിമാസത്തിലെ ആയില്യം നാളിൽ സർപ്പബലി നടത്താറുണ്ട്. ഇതിന് വടക്കുകിഴക്കുഭാഗത്ത് മഹാവിഷ്ണുവിന്റെ തിരുവായുധങ്ങളായ ശംഖചക്രങ്ങളുടെ രൂപങ്ങൾ കാണാം. രണ്ടുസ്ഥലങ്ങളിലും വന്ദിച്ചശേഷം ശങ്കരാചാര്യരെ വന്ദിക്കുക. അദ്ദേഹം ഇവിടെവച്ചാണ് സമാധിയായതെന്ന് പറയപ്പെടുന്നു. ആ സ്ഥാനത്താണ് പ്രതിഷ്ഠ.
ഇങ്ങനെ ക്രമപ്രകാരം വന്ദിച്ചാൽ ദർശനം പൂർണമായി. 3 കിലോമീറ്ററാണ് മൊത്തം പ്രദക്ഷിണം.
No comments:
Post a Comment