ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 June 2016

നവജാതശിശു ചിരിച്ചാല്‍ അമ്മയുടെ മുടി കൊഴിയുമോ?

നവജാതശിശു ചിരിച്ചാല്‍ അമ്മയുടെ മുടി കൊഴിയുമോ?

  നവജാതശിശു മാതാവിന്‍റെ മുഖത്തു നോക്കി ചിരിച്ചാല്‍ അമ്മയുടെ മുടികൊഴിയുമെന്ന വിശ്വാസത്തിന് ഏറെ പഴക്കമുണ്ട്. മാത്രമല്ല, പല സ്ഥലത്തും ഇന്നും ഇത് പ്രചാരത്തിലിരിക്കുകയും ചെയ്യുന്നു.

  തന്‍റെ മുഖത്തുനോക്കി ചിരിക്കുന്ന സ്വന്തം കുഞ്ഞിനെ മാനസികവിക്ഷോഭത്തോടെയാണെങ്കിലും, തലമുടി കൊഴിഞ്ഞുപോകുമല്ലോ എന്നോര്‍ത്ത് നിലത്തുകിടത്തുകയോ മറ്റാരുടെയെങ്കിലും കൈയിലേയ്ക്ക് മാറ്റുകയോ ചെയ്യുന്ന മാതാക്കളും കുറവല്ല.

  സ്ത്രീസൗന്ദര്യത്തിന് തലമുടി അന്ത്യന്താപേക്ഷിതമായിരിക്കെ സ്വന്തം മുടി കൊഴിഞ്ഞുപോകുന്നത് ഏത് മാതാവിനാണ് സഹിക്കാന്‍ കഴിയുക.

  തീരെ ചെറിയ കുഞ്ഞുങ്ങള്‍ ദൈവത്തിന്‍റെ വരദാനമാണെന്നും അതുകൊണ്ടവര്‍ക്ക് ദിവ്യശക്തി ഉണ്ടായിരിക്കുമെന്നും; അതിനാലാണ് കുഞ്ഞ് മാതാവിന്‍റെ മുഖത്തുനോക്കി ചിരിക്കുന്നതോടെ മുടികൊഴിഞ്ഞു തുടങ്ങുന്നതെന്നും കരുതപ്പെട്ടിരിന്നു. സ്വമാതാവിന്‍റെതല്ലാതെ കുഞ്ഞ് ആരുടെ മുഖത്തുനോക്കി ചിരിച്ചാലും അവരുടെ മുടി കൊഴിയാറില്ലന്നും വിശ്വസിക്കപ്പെട്ടിരുന്നു.

  യഥാര്‍ത്ഥത്തില്‍ വിശ്വസിക്കപ്പെട്ടിരുന്നു എന്നല്ല വിശ്വസിക്കപ്പെടുന്നു എന്നാണ് പറയേണ്ടത്. കാരണം, കുഞ്ഞ് മാതാവിന്‍റെ മുഖത്തുനോക്കി ചിരിക്കാന്‍ തുടങ്ങുമ്പോള്‍ മാതാവിന്‍റെ മുടി കൊഴിയാന്‍ തുടങ്ങും എന്നത് വെറും അന്ധവിശ്വാസമല്ല; മറിച്ച് യാഥാര്‍ത്ഥ്യമാണ്.

  ഗര്‍ഭകാലത്തുള്ള അമിതമായ ഹോര്‍മോണ്‍ പ്രവര്‍ത്തനം മൂലം സ്ത്രീയുടെ മറ്റു പല ശരീര ഭാഗങ്ങളുമെന്ന പോലെ തലമുടിയുടെ വളര്‍ച്ചയിലും വര്‍ദ്ധന കാണുന്നുണ്ട്. പ്രസവശേഷവും കുറച്ച് കാലത്തേയ്ക്ക് മുടി വളര്‍ച്ച തുടരും.

  എന്നാല്‍ പ്രസവം കഴിഞ്ഞ് ഏതാണ്ട് മൂന്നുമാസം ആകുന്നതോടെ ഹോര്‍മോണ്‍ പ്രവര്‍ത്തനം പഴയ രീതിയില്‍ ആയി മാറും. ഇതോടെ കൂടുതല്‍ വളര്‍ന്ന മുടി കൊഴിഞ്ഞു തുടങ്ങുകയും ചെയ്യുന്നു. കുഞ്ഞ് ചിരിക്കാന്‍ തുടങ്ങുന്നതും മൂന്ന് മാസം പ്രായമാകുന്നതോടെയാണെന്ന യാഥാര്‍ത്ഥ്യം ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്.

  ഇതുകൊണ്ടാണ് കുഞ്ഞ് മാതാവിന്‍റെ മുഖത്തുനോക്കി ചിരിക്കാന്‍ തുടങ്ങുമ്പോള്‍ അമ്മയുടെ മുടി കൊഴിഞ്ഞു തുടങ്ങുമെന്ന വിശ്വാസം അരക്കിട്ടുറപ്പിച്ചത്.

No comments:

Post a Comment